ബാബരി മസ്ജിദ് പൊളിച്ച കാലത്തെ കേസുകള്‍ പൊടിതട്ടിയെടുത്ത് കര്‍ണാടക പോലീസ്‌; 30 വര്‍ഷത്തിന് ശേഷം അറസ്റ്റ്

ബാബരി മസ്ജിദ് പൊളിച്ച കാലത്തെ കേസുകള്‍ പൊടിതട്ടിയെടുത്ത് കര്‍ണാടക പോലീസ്‌; 30 വര്‍ഷത്തിന് ശേഷം അറസ്റ്റ്

ഹുബ്ബള്ളിയിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. 1992-ൽ പള്ളി പൊളിച്ചതിനെ തുടർന്ന്  കർണാടകയിൽ നടന്ന വർഗീയ സംഘർഷത്തിൽ പ്രതി ചേർക്കപ്പെട്ടയാളാണ് അറസ്റ്റിലായത്

ബാബരി മസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്നുണ്ടായ വർഗീയ സംഘർഷത്തിൽ പ്രതികളായ  രണ്ടു ബിജെപി പ്രവർത്തകരെ 30 വർഷത്തിന് ശേഷം  അറസ്റ്റു ചെയ്തു കർണാടക പോലീസ്. ഹുബ്ബള്ളിയിൽ  ഭിന്ന മതവിശ്വാസിയുടെ  വ്യാപാര സ്ഥാപനം അടിച്ചു തകർക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്ത ശ്രീകാന്ത് പൂജാരിയാണ് അറസ്റ്റിലായത്. ഇയാളെ  ജുഡീഷ്യൽ കസ്റ്റഡിയിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

രാമക്ഷേത്രത്തിന്റെ ഉദ്‌ഘാടനം  മുന്നിൽ കണ്ടാണ് അറസ്റ്റെന്ന് ബിജെപി

അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ഉദ്‌ഘാടനം  മുന്നിൽ കണ്ടാണ് അറസ്റ്റെന്നു ബിജെപി ആരോപിച്ചു. രാമക്ഷേത്രത്തെയും ശ്രീരാമ ഭക്തരായ ഹിന്ദുക്കളെയും  കോൺഗ്രസിന് ഭയമാണ്, ശ്രീകാന്ത് പൂജാരിക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്നും  പ്രതിപക്ഷ നേതാവ് ആർ അശോക്  ആവശ്യപ്പെട്ടു. എന്നാൽ  അറസ്റ്റിൽ അസ്വാഭാവികതയില്ലെന്നു ആഭ്യന്തര  മന്ത്രി ജി പരമേശ്വര  പ്രതികരിച്ചു.

ബാബരി മസ്ജിദ് പൊളിച്ച കാലത്തെ കേസുകള്‍ പൊടിതട്ടിയെടുത്ത് കര്‍ണാടക പോലീസ്‌; 30 വര്‍ഷത്തിന് ശേഷം അറസ്റ്റ്
'രാമ ക്ഷേത്രത്തിനു പിന്തുണ, ക്ഷണം ലഭിച്ചാൽ പോകുന്ന കാര്യം പരിഗണനയിൽ'; മൃദു ഹിന്ദുത്വ നിലപാടെടുത്ത് സിദ്ധരാമയ്യയും

അതേസമയം, ആഭ്യന്തര വകുപ്പിന്റെ പ്രത്യേക  നിർദേശ പ്രകാരം പഴയ  വർഗീയ സംഘർഷ കേസുകൾ പോലീസ് പൊടി തട്ടിയെടുക്കുകയാണെന്നാണ് റിപ്പോർട്ട്‌  . ഇതിനായി  പ്രത്യേക സംഘത്തെ ചുമതലപെടുത്തിയതായാണ്‌ വിവരം. 1990-1996 കാലഘട്ടത്തിൽ നിരവധി വർഗീയ കലാപങ്ങൾ ഹുബ്ബള്ളിയിൽ അരങ്ങേറിയിരുന്നു. 1990 ലെ എൽ കെ അദ്വാനിയുടെ രഥ യാത്ര കടന്നു പോയപ്പോഴും 1992 ൽ ബാബരി മസ്ജിദ്  തകർക്കപ്പെട്ടപ്പോഴും  വ്യത്യസ്ത മതവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾക്ക് സാക്ഷിയായ ജില്ലയാണിത്. അന്നു സംഘർഷത്തിൽ പ്രതികളായ മിക്കവരും ഇന്ന് കർണാടക ബിജെപിയിലെ മുതിർന്ന നേതാക്കളാണ്. ഇവർക്കെതിരെയുള്ള കേസുകളിൽ ഉള്‍പ്പടെ 30 വർഷങ്ങൾക്കിപ്പുറം  തുടർ നടപടിക്ക് ഒരുങ്ങുകയാണ്  പോലീസ്‌.

300 പേരെ  പ്രതി ചേർത്തുള്ള പട്ടികയാണ്  പ്രത്യേക സംഘം  തയാറാക്കിയിരിക്കുന്നത്. 1992-ൽ  കേസിൽപ്പെട്ട പലരും  ഇന്ന് 70 വയസു പിന്നിട്ടവരാണ്. ചിലർ സർക്കാർ ഉദ്യോഗസ്ഥരാണ്, മറ്റു ചിലർ സംസ്ഥാനം വിട്ടു പോകുകയോ മരണമടയുകയോ ചെയ്തിട്ടുണ്ട്. ഇപ്പോൾ പഴയ കേസുകൾ  കുത്തിപ്പൊക്കി വീണ്ടും നാടിനെ നരകമാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന്  ഹിന്ദു സംഘടനകൾ ആരോപിച്ചു. ആഭ്യന്തര വകുപ്പിന്റെ നടപടിക്കെതിരെ ബിജെപി ഹുബ്ബള്ളിയിൽ വീട് കയറിയുളള പ്രചാരണം ആരംഭിച്ചു കഴിഞ്ഞൂ. അയോധ്യയിൽ രാമക്ഷേത്രമുയർന്നതിൽ  കോൺഗ്രസിനു  അതൃപ്തിയാണെന്ന്  പൊതു ജനങ്ങളെ ബോധ്യപ്പെടുത്താനാണു ശ്രമം. ഈ വിഷയം ആളിക്കത്തിച്ചു ലോക്സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള കരുനീക്കങ്ങൾ അണിയറയിൽ സജീവമായി കഴിഞ്ഞു .

logo
The Fourth
www.thefourthnews.in