ജനാധിപത്യം സംരക്ഷിക്കാനും ബിജെപിയെ താഴെയിറക്കാനും ഒന്നിച്ചു നിൽക്കണം; കോണ്‍ഗ്രസില്‍ ഐക്യം പ്രധാനമെന്ന് നേതാക്കളോട് ഖാർഗെ

ജനാധിപത്യം സംരക്ഷിക്കാനും ബിജെപിയെ താഴെയിറക്കാനും ഒന്നിച്ചു നിൽക്കണം; കോണ്‍ഗ്രസില്‍ ഐക്യം പ്രധാനമെന്ന് നേതാക്കളോട് ഖാർഗെ

വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് രാജ്യത്ത് ഒരു ബദൽ സർക്കാർ രൂപീകരിക്കുന്നതിനായി പ്രവർത്തിക്കണമെന്ന് ഖാർഗെ

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനും മുന്നോടിയായി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുന്നതിന് രണ്ടാം ഘട്ട ചർച്ചകൾ നടത്തി കോൺഗ്രസ്. ജനാധിപത്യം സംരക്ഷിക്കാനും ഏകാധിപത്യ സർക്കാരിനെ താഴെയിറക്കാനും ഒന്നിച്ചു നിൽക്കണമെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ നേതാക്കളോട് ആവശ്യപ്പെട്ടു.

വിജയം ഉറപ്പാക്കാൻ വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് രാജ്യത്ത് ഒരു ബദൽ സർക്കാർ രൂപീകരിക്കുന്നതിനായി പ്രവർത്തിക്കണമെന്നും സിഡബ്ല്യുസി യോഗത്തിന്റെ രണ്ടാം ദിവസം നടത്തിയ പ്രസംഗത്തില്‍ ഖാർഗെ പറഞ്ഞു. 2024 ലെ പൊതുതിരഞ്ഞെടുപ്പിലും വരാനിരിക്കുന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിയെ പരാജയപ്പെടുത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇതിനായി വേണ്ട രീതിയില്‍ പ്രവർത്തിക്കാൻ സിഡബ്ല്യുസി അംഗങ്ങൾ, സംസ്ഥാന യൂണിറ്റ് പ്രസിഡന്റുമാർ, കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സിഎൽപി) നേതാക്കൾ എന്നിവരോട് ഖാർഗെ ആവശ്യപ്പെട്ടു. ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ അതിന് തയ്യാറെടുക്കണമെന്നും അദ്ദേഹം നിർദേശം നല്‍കി.

വ്യക്തിപരമായ താല്പര്യങ്ങൾ മാറ്റിവച്ച് പാർട്ടിയുടെ വിജയത്തിന് മുൻഗണന നൽകണമെന്നും കോൺഗ്രസിന്റെ താൽപ്പര്യങ്ങൾക്ക് കോട്ടം തട്ടാതിരിക്കാൻ ആത്മസംയമനം പാലിക്കണമെന്നും ഖാർഗെ നേതാക്കള്‍ക്ക് നിർദേശം നല്‍കി

അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുകയാണ് നരേന്ദ്ര മോദി സർക്കാർ ചെയ്യുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു. മുംബൈയിൽ പ്രതിപക്ഷ സഖ്യം യോഗം ചേർന്ന ദിവസം മോദി സർക്കാർ 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' അജണ്ട നടപ്പാക്കുന്നതിന് പ്രത്യേക പാനൽ രൂപീകരിച്ചതായും കീഴ്വഴക്കങ്ങൾ ലംഘിച്ചുകൊണ്ട് അതിന്റെ അജണ്ട നിറവേറ്റാൻ മുൻ രാഷ്ട്രപതിയെ ചുമതലപ്പെടുത്തിയതായും ഖാർഗെ പറഞ്ഞു. ഇത്തരം സർക്കാരിൽ നിന്ന് ജനങ്ങൾ ഒരു ബദൽ തേടുകയാണെന്നും ഹിമാചൽ പ്രദേശ്, കർണാടക തിരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ വിജയം ഇതിന്റെ വ്യക്തമായ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

"ഇത് നമുക്ക് വിശ്രമിക്കാനുള്ള സമയമല്ല... ജനാധിപത്യം സംരക്ഷിക്കാൻ നമ്മൾ ഒന്നിക്കുകയും, സ്വേച്ഛാധിപത്യ സർക്കാരിനെ താഴെയിറക്കുകയും വേണം. അതിനായി വ്യക്തിപരമായ താല്പര്യങ്ങൾ മാറ്റിവച്ച് പാർട്ടിയുടെ വിജയത്തിന് മുൻഗണന നൽകണം. കോൺഗ്രസിന്റെ താൽപ്പര്യങ്ങൾക്ക് കോട്ടം തട്ടാതിരിക്കാൻ ആത്മസംയമനം പാലിക്കുകയും വിശ്രമമില്ലാതെ പ്രവർത്തിക്കുകയും വേണം. നേതാക്കൾക്കോ പാർട്ടിക്കോ എതിരായ പ്രസ്താവനകള്‍ മാധ്യമങ്ങളില്‍ നടത്തരുത്." ഖാർഗെ പറഞ്ഞു. സംഘടനാപരമായ ഐക്യം പരമപ്രധാനമാണെന്നും ഐക്യത്തിലൂടെയും അച്ചടക്കത്തിലൂടെയും മാത്രമേ എതിരാളികളെ പരാജയപ്പെടുത്താനാകൂവെന്നും കർണാടകയെ മുൻനിർത്തി അദ്ദേഹം വ്യക്തമാക്കി.

2024, മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ നൂറാം വാർഷികം കൂടിയാണെന്നും അദ്ദേഹത്തിന് ഏറ്റവും ഉചിതമായ ശ്രദ്ധാഞ്ജലി ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്നതായിരിക്കുമെന്നും ഖാർഗെ പറഞ്ഞു. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മിസോറം, രാജസ്ഥാൻ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിക്കുകയും ബിജെപിയുടെ ദുർഭരണത്തിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കുകയും വേണമെന്നും ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനില്പും ഭരണഘടനയുടെ സംരക്ഷണവും പോലും ആശങ്കയിലാണെന്നും അദ്ദേഹം ആവർത്തിച്ചു.

ജനാധിപത്യം സംരക്ഷിക്കാനും ബിജെപിയെ താഴെയിറക്കാനും ഒന്നിച്ചു നിൽക്കണം; കോണ്‍ഗ്രസില്‍ ഐക്യം പ്രധാനമെന്ന് നേതാക്കളോട് ഖാർഗെ
ജാതി സംവരണം തിരഞ്ഞെടുപ്പ് വിഷയമാക്കാനുറപ്പിച്ച് കോൺഗ്രസ്; ഉയർന്ന പരിധി കൂട്ടണമെന്ന് ആവശ്യം

ഖാർഗെയുടെ അധ്യക്ഷതയിൽ പുനഃസംഘടിപ്പിച്ച സിഡബ്ല്യുസിയുടെ ആദ്യ യോഗമായിരുന്നു ഇത്. സ്ഥിരം അംഗങ്ങൾ, സ്ഥിരം ക്ഷണിതാക്കൾ, പ്രത്യേക ക്ഷണിതാക്കൾ എന്നിവരെ കൂടാതെ സംസ്ഥാന പാർട്ടി മേധാവികൾ, സിഎൽപി നേതാക്കൾ, പാർലമെന്ററി പാർട്ടി ഭാരവാഹികൾ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങൾ എന്നിവരും പാർട്ടിയുടെ പരമോന്നത തീരുമാനമെടുക്കുന്ന സമിതിയുടെ വിപുലമായ യോഗത്തിൽ പങ്കെടുത്തു.1948ൽ ഹൈദരാബാദ് നാട്ടുരാജ്യം ഇന്ത്യൻ യൂണിയനിൽ ലയിച്ച ദിവസമായ തെലങ്കാന ദേശീയോദ്ഗ്രഥന ദിനത്തോടനുബന്ധിച്ച്, വൈകുന്നേരം ഹൈദരാബാദിനടുത്തുള്ള തുക്കുഗുഡയിൽ കോൺഗ്രസ് മെഗാ റാലി നടത്തും. റാലിയിൽ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആറ് ഉറപ്പുകൾ പാർട്ടി പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in