പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈക്കോടതി ജഡ്ജിമാരില്‍ 75 ശതമാനവും മുന്നാക്കവിഭാഗം; വനിതകള്‍ 13 ശതമാനം

അഞ്ചുവര്‍ഷത്തിനിടെ 650 ഹൈക്കോടതി ജഡ്ജിമാരാണ് നിയമിതരായത്. ഇതില്‍ 492പേരും ജനറല്‍ വിഭാഗത്തില്‍പ്പെട്ടവരാണ്

2018 മുതല്‍ 2023വരെ രാജ്യത്തെ ഹൈക്കോടതികളില്‍ നിയമിതരായ ജഡ്ജിമാരില്‍ 75.69 ശതമാനവും ജനറല്‍ വിഭാഗങ്ങളില്‍ നിന്നുള്ളവരെന്ന് കേന്ദ്ര നിയമ മന്ത്രാലയം. ഈ അഞ്ചുവര്‍ഷത്തിനിടെ 650 ഹൈക്കോടതി ജഡ്ജിമാരാണ് നിയമിതരായത്. ഇതില്‍ 492പേരും ജനറല്‍ വിഭാഗത്തില്‍പ്പെട്ടവരാണ്. 23പേര്‍ മാത്രമണ് പട്ടികവിഭാഗങ്ങളില്‍ നിന്നുള്ളത്. 10 പേര്‍ പട്ടിക വര്‍ഗത്തില്‍പ്പെട്ട ജഡ്ജിമാരും 76പേര്‍ മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരും 36പേര്‍ ന്യൂനപക്ഷങ്ങളില്‍ നിന്നുള്ളവരുമാണ്.

3.54 ശതമാനമാണ് പട്ടിക വിഭാഗം ജഡ്ജിമാരുള്ളത്. 1.54 ശതമാനമാണ് പട്ടികവര്‍ഗത്തില്‍ നിന്നുള്ള ജഡ്ജിമാര്‍. ഒബിസി വിഭാഗത്തിലുള്ള ജഡ്ജിമാരുടെ ശതമാനം 11.7 ആണ്. മതന്യൂനപക്ഷങ്ങളുടെ ശതമാന കണക്ക് 5.54 ആണ്. ഇവയെല്ലാം കൂടി ചേര്‍ത്ത് 22.4 ശതമാനമാണ് ആകെയുള്ളത്. 13 ജഡ്ജിമാരുടെ വിവരങ്ങള്‍ ലഭ്യമല്ലെന്നും കേന്ദ്രം പറയുന്നു.

പ്രതീകാത്മക ചിത്രം
ചോദ്യത്തിന് കോഴ ആരോപണം: മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍നിന്ന് പുറത്താക്കി

സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ മറുപടി നല്‍കിയത്. സുപ്രീംകോടതിയിലും ഹൈക്കോടതികളിലുമായി 824 ജഡ്ജിമാരാണുള്ളത്. ഇതില്‍ 111 പേര്‍ മാത്രമാണ് വനിതാ ജഡ്ജിമാര്‍. ആകെ ജഡ്ജിമാരുടെ 13.5 ശതമാനം മാത്രമാണ് വനിതാ ജഡ്ജിമാരുള്ളത്. സുപ്രീംകോടതിയില്‍ ആകെയുള്ള 34 ജഡ്ജിമാരില്‍ മൂന്നുപേര്‍ മാത്രമാണ് വനിതകള്‍. 108 വനിതാ ജഡ്ജിമാരാണ് ഹൈക്കോടതികളിലുള്ളത്. ഇതില്‍ അഞ്ച് വനിതാ ജഡ്ജിമാര്‍ കേരള ഹൈക്കോടതിയിലുണ്ട്.

ജഡ്ജി നിയമനങ്ങള്‍ക്കുള്ള പ്രൊപ്പോസലുകള്‍ അയയ്ക്കുമ്പോള്‍, പട്ടികജാതി, പട്ടികവര്‍ഗം, ഒബിസി, മതന്യൂനപക്ഷങ്ങള്‍, വനിതകള്‍ എന്നിവര്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് അര്‍ഹമായ പരിഗണന നല്‍കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോട് അഭ്യര്‍ഥിക്കുന്നതായും കേന്ദ്ര നിയമമന്ത്രി പറഞ്ഞു.

പ്രതീകാത്മക ചിത്രം
പ്രതിപക്ഷമായിരിക്കുമ്പോൾ എതിർപ്പ്, ഭരണം കിട്ടിയപ്പോൾ ഒളിച്ചുകളി; 'സവര്‍ക്കർ' കര്‍ണാടക നിയമസഭയിൽ തുടരും

ഉന്നത ജുഡീഷ്യറിയില്‍ ജഡ്ജി നിയമനങ്ങളില്‍ സാമൂഹിക വൈവിധ്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതികളിലേക്കും സുപ്രീംകോടതിയിലേക്കുമുള്ള ജഡ്ജിമാരുടെ നിയമനത്തില്‍, എസ്‌സി, എസ്ടി, ഒബിസി, സ്ത്രീ, ന്യൂനപക്ഷ സന്തുലിതാവസ്ഥ ഉറപ്പാക്കണമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ കൊളീജിയത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
ബിജെപിയെ പ്രകോപിപ്പിച്ച് മഹുവ മൊയ്ത്ര അദാനിക്കെതിരെ ഉയർത്തിയ ചോദ്യങ്ങൾ

2015ലെ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ജഡ്ജി നിയമനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനായി കൊളീജിയവുമായി ചേര്‍ന്ന് മെമ്മോറാണ്ടം ഓഫ് പ്രൊസീജിയര്‍(എംഒപി) പരിഷ്‌കരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കി. കോടതികളില്‍ സാമൂഹിക സന്തുലനം ഉറപ്പാക്കാന്‍ 2007, 2021, 2023 വര്‍ഷങ്ങളില്‍ എംഒപി പരിഷ്‌കരിക്കേണ്ട ആവശ്യകതയെ കുറിച്ച് സുപ്രീംകോടതിയെ അറിയിച്ചിരുന്നതായും കേന്ദ്രം വ്യക്തമാക്കി. ഹൈക്കോടതി ജഡ്ജി നിയമനം മെരിറ്റ് അടിസ്ഥാനത്തിലായിരിക്കുമെന്നും സ്ത്രീകള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കുമെന്നും സുപ്രീംകോടതി സമ്മതിച്ചിട്ടുള്ളതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in