പ്രതിപക്ഷമായിരിക്കുമ്പോൾ എതിർപ്പ്, ഭരണം കിട്ടിയപ്പോൾ ഒളിച്ചുകളി; 'സവര്‍ക്കർ' കര്‍ണാടക
നിയമസഭയിൽ തുടരും

പ്രതിപക്ഷമായിരിക്കുമ്പോൾ എതിർപ്പ്, ഭരണം കിട്ടിയപ്പോൾ ഒളിച്ചുകളി; 'സവര്‍ക്കർ' കര്‍ണാടക നിയമസഭയിൽ തുടരും

ഛായാചിത്രം നീക്കണമെന്നാവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് സ്പീക്കര്‍ യു ടി ഖാദര്‍ പറഞ്ഞു

കര്‍ണാടക നിയമസഭാ മന്ദിരത്തില്‍ സ്ഥാപിച്ച ഹിന്ദുത്വ സൈദ്ധാന്തികന്‍ വി ഡി സവര്‍ക്കറുടെ ഛായാചിത്രം മാറ്റുന്നത് തത്കാലം നടക്കില്ല. ഛായാചിത്രം നീക്കണമെന്നാവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് സ്പീക്കര്‍ യു ടി ഖാദര്‍ പറഞ്ഞു. ബെലഗാവിയില്‍ സ്ഥിതി ചെയ്യുന്ന നിയമസഭ കെട്ടിടമായ സുവര്‍ണ വിധാന്‍ സൗധയിലാണ് വി ഡി സവര്‍ക്കറുടെ ഛായാചിത്രം സ്ഥാപിച്ചിരിക്കുന്നത്.

''പ്രതിപക്ഷവും ഭരണപക്ഷവും സ്പീക്കര്‍ക്ക് മുന്നില്‍ സമന്മാരാണ്. ഇവര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കുന്നതാണ് സ്പീക്കറുടെ രീതി. ഇതുവരെ കര്‍ണാടകയിലെ ഭരണപക്ഷമായ കോണ്‍ഗ്രസില്‍നിന്ന് സവര്‍ക്കറുടെ ചിത്രം നീക്കുന്നതുമായി ബന്ധപ്പെട്ട ഒരാവശ്യവും സ്പീക്കര്‍ക്ക് മുന്നില്‍ എത്തിയിട്ടില്ല,'' യു ടി ഖാദര്‍ വിശദീകരിച്ചു.

സഭയുടെ ശൈത്യകാല സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി സവര്‍ക്കര്‍ ചിത്രം നീക്കം ചെയ്‌തേക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ സഭാ സമ്മേളനം ഒരാഴ്ച പിന്നിട്ടിട്ടും ചിത്രത്തില്‍ തൊടാന്‍ ഭരണപക്ഷമായ കോണ്‍ഗ്രസ് തയാറായിട്ടില്ല.

ബിജെപി സര്‍ക്കാരിന്റെ കാലത്തായിരുന്നു പ്രമുഖ ദേശീയ നേതാക്കളുടെയും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെയും ചിത്രങ്ങള്‍ക്കൊപ്പം സര്‍വര്‍ക്കറിന്റെ ചിത്രവും നിയമസഭയുടെ ചുവരില്‍ തൂക്കിയത്. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. നിയമസഭയില്‍ ചിത്രം വെക്കാന്‍ മാത്രം സവര്‍ക്കറുടെ യോഗ്യത എന്തെന്നായിരുന്നു അന്ന് കോണ്‍ഗ്രസ് ഉയര്‍ത്തിയ ചോദ്യം. എന്നാല്‍ മാസങ്ങള്‍ക്കു ശേഷം കോണ്‍ഗ്രസ് അധികാരത്തിലെത്തിയിട്ടും സവര്‍ക്കരിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാനായില്ല.

പ്രതിപക്ഷമായിരിക്കുമ്പോൾ എതിർപ്പ്, ഭരണം കിട്ടിയപ്പോൾ ഒളിച്ചുകളി; 'സവര്‍ക്കർ' കര്‍ണാടക
നിയമസഭയിൽ തുടരും
നിയമസഭയിലെ സവര്‍ക്കര്‍ ചിത്രം നീക്കം ചെയ്യാന്‍ കോണ്‍ഗ്രസ്, നേരിടാന്‍ ബിജെപി; വീണ്ടും സവര്‍ക്കര്‍ പോരില്‍ കര്‍ണാടക

സവര്‍ക്കര്‍ ചിത്രം നീക്കം ചെയ്യാത്തത് എന്തെന്ന ചോദ്യത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമായ മറുപടി നല്‍കുന്നില്ല. വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സ്പീക്കര്‍ക്ക് വിട്ടെന്നുപറഞ്ഞ് കൈകഴുകുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. സവര്‍ക്കറിനെ നിയമസഭയില്‍ പ്രതിഷ്ഠിക്കാന്‍ മാത്രം അദ്ദേഹം ആരാണെന്നു ബിജെപി പൊതുജനങ്ങളോട് വിശദീകരിക്കട്ടേയെന്നാണ് ഐടി വകുപ്പ് മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ പ്രതികരണം. അതേസമയം സവര്‍ക്കറെ തൊട്ടാല്‍ കടുത്ത പ്രക്ഷോഭമെന്ന നിലപാടിലാണ് പ്രതിപക്ഷമായ ബിജെപി.

പ്രതിപക്ഷമായിരിക്കുമ്പോൾ എതിർപ്പ്, ഭരണം കിട്ടിയപ്പോൾ ഒളിച്ചുകളി; 'സവര്‍ക്കർ' കര്‍ണാടക
നിയമസഭയിൽ തുടരും
ഗാന്ധി വധ ഗൂഢാലോചന കേസില്‍നിന്ന് വി ഡി സവര്‍ക്കര്‍ രക്ഷപ്പെട്ടതെങ്ങനെ?

ഡിസംബര്‍ 15 വരെയാണ് ശൈത്യകാല സമ്മേളനം. അത് കഴിഞ്ഞാല്‍ അടുത്ത വര്‍ഷമാകും ഇനി ഇതേ നിയമസഭാ സമുച്ചയത്തില്‍ സമ്മേളനം നടക്കുക. സഭയുടെ മറ്റു സെഷനുകളെല്ലാം ബെംഗളൂരുവിലെ നിയമസഭയിലാണ് നടക്കുക.

Related Stories

No stories found.
logo
The Fourth
www.thefourthnews.in