ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സമ്പ്രദായം, അറിയേണ്ടതെല്ലാം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ പൊതുതിരഞ്ഞെടുപ്പിലേക്ക് ഇനി ദിവസങ്ങളുടെ ദൂരം മാത്രമേയുള്ളൂ. നിയമനിര്‍മാണസഭയിലേക്ക് പ്രതിനിധികളെ ജനം നേരിട്ട് തിരഞ്ഞെടുക്കുന്നതാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സമ്പ്രദായം. ജനാധിപത്യത്തിന്റെ കാതല്‍ തിരഞ്ഞെടുപ്പാണ്. പൊതുജനങ്ങള്‍ അവരുടെ നേതാക്കളെ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് നിര്‍ണയിക്കാന്‍ തിരഞ്ഞെടുപ്പ് സഹായിക്കുന്നു. ഒരു തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് വ്യത്യസ്തങ്ങളായ തിരഞ്ഞെടുപ്പുകളുണ്ടാവും.
ജനങ്ങള്‍ക്കുവേണ്ടി നിയമനിര്‍മാണമടക്കമുള്ള കാര്യങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ നടത്തും. ആര് സര്‍ക്കാര്‍ രൂപീകരിക്കണമെന്നും പ്രധാനതീരുമാനങ്ങള്‍ ഏടുക്കണമെന്നും തീരുമാനിക്കുന്നത് ജനങ്ങളാണ്. ഏത് രാഷ്ട്രീയപാര്‍ട്ടിയുടെ നയങ്ങളായിരിക്കണം സര്‍ക്കാരിലും നിയമനിര്‍മാണ പ്രക്രിയയിലും സ്വാധീനം ചെലുത്തേണ്ടതെന്നും ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.
ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സമ്പ്രദായം എങ്ങനെ?
ഓരോ അഞ്ച് വര്‍ഷത്തിലും ഇന്ത്യയില്‍ ലോക്സഭയിലേക്കും നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടത്തുന്നു. തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടെയും കാലാവധി അഞ്ച് വര്‍ഷത്തിനുള്ളില്‍ അവസാനിക്കും. ഒന്നുകില്‍ ഒരേ ദിവസമോ അല്ലെങ്കില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളിലോ ആയിട്ടായിരിക്കും ഓരോ സംസ്ഥാനങ്ങളിലെയും മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
പൊതുവായി അഞ്ച് വര്‍ഷം കൊണ്ട് ഉണ്ടാവുന്ന തിരഞ്ഞെടുപ്പിനെ പൊതുതിരഞ്ഞെടുപ്പ് എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ അഞ്ച് വര്‍ഷത്തെ കാലാവധിക്ക് മുമ്പായി
ഒരു അംഗത്തിന്റെ മരണമോ രാജിയോ മൂലമുണ്ടാകുന്ന തിരഞ്ഞെടുപ്പിനെ 'ഉപതെരഞ്ഞെടുപ്പ്' എന്നാണ് വിളിക്കപ്പെടുന്നത്.
മൂന്ന് തലങ്ങളിലേക്കാണ് ഇന്ത്യയില്‍ പ്രധാനമായും തിരഞ്ഞെടുപ്പ്.
പാര്‍ലമെന്റ് പൊതുതിരഞ്ഞെടുപ്പ് (ലോക്‌സഭ): ഇന്ത്യന്‍ പാര്‍ലിമെന്റിന്റെ അധോസഭയാണ് ലോക്‌സഭ. ഇന്ത്യയിലെ വോട്ടര്‍മാര്‍ വോട്ട് ചെയ്ത് തെരഞ്ഞെടുക്കുന്ന അംഗങ്ങളാണ് ലോക്‌സഭയില്‍ എത്തുന്നത്. പ്രായപൂര്‍ത്തിയായ ഓരോ ഇന്ത്യന്‍ പൗരനും അവര്‍ താമസിക്കുന്ന മണ്ഡലത്തില്‍ മാത്രമേ വോട്ട് ചെയ്യാന്‍ മാത്രമേ സാധിക്കുകയുള്ളൂ. 'പാര്‍ലമെന്റ് അംഗങ്ങള്‍' എന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് അഞ്ച് വര്‍ഷത്തേക്കോ അല്ലെങ്കില്‍ മന്ത്രിമാരുടെ കൗണ്‍സിലിന്റെ ഉപദേശപ്രകാരം രാഷ്ട്രപതി പിരിച്ചുവിടുന്നത് വരെയോ സ്ഥാനത്തിരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ അറിയപ്പെടുന്നത്.
എല്ലാ ഇന്ത്യന്‍ പൗരന്മാരെയും ബാധിക്കുന്ന പുതിയ നിയമങ്ങള്‍ അവതരിപ്പിക്കല്‍, നിലവിലുള്ള നിയമങ്ങള്‍ റദ്ദാക്കല്‍, നിലവിലുള്ള നിയമങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ന്യൂഡല്‍ഹിയിലെ സന്‍സദ് ഭവനിലെ ലോക്സഭാ ചേംബറില്‍ സഭ സമ്മേളിക്കുന്നു. അഞ്ച് വര്‍ഷത്തിലൊരിക്കല്‍, ലോക്‌സഭയിലേക്ക് 543 ലോക്‌സഭാംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്നു.
നിയമസഭ തിരഞ്ഞെടുപ്പ്: ഒരു സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍നിന്ന് മത്സരിച്ച് വിജയിച്ച് എത്തുന്നവരാണ് നിയമസഭയിലുവുക. ഇന്ത്യന്‍ പൗരനായ പ്രായപൂര്‍ത്തിയായ വ്യക്തിക്ക് അവര്‍ താമസിക്കുന്ന മണ്ഡലത്തില്‍ വോട്ട് ചെയ്യാന്‍ സാധിക്കും. സംസ്ഥാന നിയമസഭകളില്‍ സീറ്റ് നേടുന്ന സ്ഥാനാര്‍ത്ഥികളെ 'മെമ്പേഴ്സ് ഓഫ് ലെജിസ്ലേറ്റീവ് അസംബ്ലി' (എംഎല്‍എ) എന്ന് വിളിക്കുന്നു, അഞ്ച് വര്‍ഷമോ ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിടുന്നത് വരെയോ ആയിരിക്കും ഇവരുടെ കാലാവധി. പുതിയ നിയമങ്ങളുടെ വികസനം, ആ സംസ്ഥാനത്തെ എല്ലാ പൗരന്മാരെയും ബാധിക്കുന്ന നിലവിലുള്ള നിയമങ്ങള്‍ റദ്ദാക്കല്‍ അല്ലെങ്കില്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഓരോ സംസ്ഥാനത്തെയും നിയമസഭകള്‍ ചര്‍ച്ച ചെയ്യും.
രാജ്യസഭാ തിരഞ്ഞെടുപ്പ്: കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്‌സ് എന്നറിയപ്പെടുന്ന രാജ്യസഭ, ഇന്ത്യയുടെ പാര്‍ലമെന്റിന്റെ ഉപരിസഭയാണ്. വോട്ടര്‍മാര്‍ക്ക് പകരം നിയമനിര്‍മാണ സഭകളിലെ അംഗങ്ങളാണ് രാജ്യസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. കല, സാഹിത്യം, ശാസ്ത്രം, സാമൂഹിക സേവനങ്ങള്‍ എന്നിവയ്ക്കുള്ള സംഭാവനകള്‍ക്കായി 12 ആളുകളെ വരെ ഇന്ത്യന്‍ രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാം.
രാജ്യസഭയിലെ അംഗങ്ങള്‍ക്ക് ആറ് വര്‍ഷത്തെ കാലാവധിയാണ് ഉള്ളത്. ഓരോ രണ്ട് വര്‍ഷത്തിലും ബോഡിയുടെ മൂന്നിലൊന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെടും. ഒരു ബില്‍ നിയമമാകുന്നതിന് മുമ്പ്, രാജ്യസഭ ഒരു രണ്ടാം തല അവലോകന സമിതിയായി പ്രവര്‍ത്തിക്കുന്നു. ഇന്ത്യയുടെ ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ അധ്യക്ഷന്‍. നിയമനിര്‍മ്മാണ നിര്‍ദ്ദേശങ്ങള്‍ (പുതിയ നിയമങ്ങള്‍ സൃഷ്ടിക്കല്‍, റദ്ദാക്കല്‍ അല്ലെങ്കില്‍ നിലവിലുള്ള നിയമങ്ങള്‍ക്ക് അധിക വ്യവസ്ഥകള്‍ ചേര്‍ക്കല്‍) ഒരു ബില്ലിന്റെ രൂപത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിക്കും.
തിരഞ്ഞെടുപ്പ് പ്രചാരണം
'തിരഞ്ഞെടുപ്പ് പ്രചാരണം' എന്ന സംജ്ഞ തങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ പാലിക്കാന്‍ ഉദ്ദേശിക്കുന്ന നയങ്ങള്‍, വോട്ടര്‍മാര്‍ക്കുള്ള വാഗ്ദാനങ്ങള്‍ എന്നിവ സ്ഥാനാര്‍ത്ഥികള്‍ പ്രചരിപ്പിക്കുന്നതിനെ സൂചിപ്പിക്കുന്നു. അതുവഴി ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വോട്ടര്‍മാര്‍ക്ക് തീരുമാനിക്കാനാവും. അവര്‍ പിന്തുണയ്ക്കുന്ന നയങ്ങള്‍ക്കായി വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടു്ത്താം. ഇന്ത്യയില്‍ പോളിങ് തീയതിക്കും സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിക്കുന്നതിനമിടയില്‍ രണ്ടാഴ്ച തിരഞ്ഞെടുപ്പ് പ്രചാരണം ഔദ്യോഗികമായി നീണ്ടുനില്‍ക്കുക. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയനേതാക്കളും വോട്ടര്‍മാരെ ബന്ധപ്പെടുകയും തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ അെവരെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു. ഈ സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ അനുയായികളെ അണിനിരത്തുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളും സംവാദങ്ങളും ടെലിവിഷന്‍ വാര്‍ത്തകളിലും പ്രസിദ്ധീകരണങ്ങളിലും ആധിപത്യം പുലര്‍ത്തുന്ന കാലമാണിത്.
തിരഞ്ഞെടുപ്പ് നടക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണം തുടങ്ങും. തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ചില പ്രധാന വിഷയങ്ങളില്‍ ജനശ്രദ്ധ കേന്ദ്രീകരിപ്പിപ്പിച്ച് വോട്ട് നേടാനാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കുക.
ഇന്ത്യയിലെ ജനാധിപത്യ തിരഞ്ഞെടുപ്പ്
ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളുടെ ജനാധിപത്യ സ്വഭാവത്തിന് പല വേരിയബിളുകളും സംഭാവന നല്‍കുന്നു. അവ ഇവയാണ്:
സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍
നമ്മുടെ രാജ്യത്തെ തിരഞ്ഞെടുപ്പുകള്‍ സ്വതന്ത്രവും ശക്തവുമായ ഒരു തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇ സി) ആണ് മേല്‍നോട്ടം വഹിക്കുന്നത്. ജുഡീഷ്യറിയുടെ അതേ അളവിലുള്ള സ്വയംഭരണാധികാരുെമുള്ള സംവിധാനമാണിത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ (സി ഇ സി) നിയമിക്കുന്നത് രാഷ്ട്രപതിയാണ്. നിയമിതമായിക്കഴിഞ്ഞാല്‍ സി ഇ സിക്ക് രാഷ്ട്രപതിയോടോ സര്‍ക്കാരിനോടോ ബാധ്യതയില്ല.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങള്‍
തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റവും നിയന്ത്രണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും തീരുമാനങ്ങളെടുക്കുന്നു.
പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിനും അത് ലംഘിക്കുന്ന ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെയോ രാഷ്ട്രീയ പാര്‍ട്ടിയെയോ ശിക്ഷിക്കുന്നതിനുമുള്ള ചുമതല
തിരഞ്ഞെടുപ്പ് കാലയളവിലുടനീളം ചില മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സര്‍ക്കാരിനോട് ഉത്തരവിടാനുള്ള അധികാരം.
തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിനോ ചില സര്‍ക്കാര്‍ ജീവനക്കാരെ സ്ഥലം മാറ്റാനോ സര്‍ക്കാര്‍ അധികാരത്തിന്റെ ഉപയോഗവും ദുരുപയോഗവും തടയാനുള്ള അധികാരം
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ചുമതല സര്‍ക്കാരിനല്ല, മറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനാണ്.
ചില ബൂത്തുകളിലോ അല്ലെങ്കില്‍ ഒരു മണ്ഡലം മുഴുവനായി തന്നെയോ വോട്ടെടുപ്പ് നീതിനിയുക്തമല്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയാല്‍ വീണ്ടും പോളിങ് നടത്താനുള്ള അധികാരം
ജനകീയ പങ്കാളിത്തം
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഗുണനിലവാരം വിലയിരുത്തുന്നതിനുള്ള മറ്റൊരു സാധ്യത ഈ രീതി ഉപയോഗിക്കുക എന്നതാണ്. തെരഞ്ഞെടുപ്പു പ്രക്രിയ സ്വതന്ത്രവും നീതിയുക്തവുമല്ലെങ്കില്‍ ജനം തുടര്‍ന്നും അതില്‍ പങ്കാളികളാവില്ല. ജനങ്ങളുടെ തിരഞ്ഞെടുപ്പ് പങ്കാളിത്തം മനസിലാക്കുന്നതിനുള്ള സാധാരണ രീതിയാണ് വോട്ടിങ് ശതമാനം. വോട്ട് ചെയ്യുന്ന യോഗ്യരായ വോട്ടര്‍മാരുടെ ശതമാനം പോളിങ് എന്നറിയപ്പെടുന്നു. ഇന്ത്യയില്‍, കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ വോട്ടര്‍മാരുടെ എണ്ണം സ്ഥിരമായി തുടരുകയോ വര്‍ധിക്കുകയോ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ദരിദ്രരും നിരക്ഷരരും അധഃസ്ഥിതരുമാണ് സമ്പന്നരേക്കാളും സവിശേഷാവകാശങ്ങളുള്ളവരേക്കാളും കൂടുതലായി വോട്ട് ചെയ്യുന്നത്.