'പരമാധികാരം കേന്ദ്രസർക്കാരിന്'; നിതാഷ കൗളിന് പ്രവേശനം നിഷേധിച്ചതിന്റെ കാരണം വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

'പരമാധികാരം കേന്ദ്രസർക്കാരിന്'; നിതാഷ കൗളിന് പ്രവേശനം നിഷേധിച്ചതിന്റെ കാരണം വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

ശരിയായ പാസ്‌പോർട്ടും ഒസിഐ കാർഡും ഉണ്ടായിരുന്നിട്ടും 24 മണിക്കൂർ പിടിച്ചുവെച്ച ശേഷം ലണ്ടനിലേക്ക് തിരിച്ചയച്ചെന്നാണ് നിതാഷ കൗള്‍ ഉന്നയിച്ച ആരോപണം

വിദേശ പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശനം നൽകുന്നത് സംബന്ധിച്ചുള്ള 'പരമാധികാരം കേന്ദ്രസർക്കാരിനാണെന്ന്' വ്യക്തമാക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ഇന്ത്യയിലെത്തിയെ വിദേശ എഴുത്തുകാരി നിതാഷ കൗളിനെ ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കാതെ തിരിച്ചയച്ചിരുന്നു. സംഭവത്തിൽ വ്യാപക വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് വിശദീകരണയുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്.

"ബ്രിട്ടൻ പൗരയായ (നിതാഷ കൗൾ) ഫെബ്രുവരി 22ന് ഇന്ത്യയിലെത്തിയിരുന്നു. നിങ്ങൾക്കറിയാവുന്നതുപോലെ, രാജ്യത്തേക്കുള്ള വിദേശ പൗരന്മാരുടെ പ്രവേശനം സംബന്ധിച്ചുള്ള പരമാധികാരം കേന്ദ്രസർക്കാരിനാണ്," വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവായ രന്ദിർ ജയ്‌സ്വാൾ പറഞ്ഞു.

'പരമാധികാരം കേന്ദ്രസർക്കാരിന്'; നിതാഷ കൗളിന് പ്രവേശനം നിഷേധിച്ചതിന്റെ കാരണം വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം
ആര്‍എസ്എസിന്റെ സ്ഥിരം വിമര്‍ശക; ആരാണ് മോദി സര്‍ക്കാര്‍ ലണ്ടനിലേക്ക് തിരിച്ചയച്ച നിതാഷ കൗള്‍

ലണ്ടനില്‍ താമസിക്കുന്ന കശ്മീര്‍ വംശജയായ എഴുത്തുകാരിയാണ് നിതാഷ കൗള്‍. കർണാടക സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് ഭരണഘടനാ ബോധവത്കരണ പരിപാടിയിൽ പങ്കെടുക്കാനാണ് നിതാഷ ഫെബ്രുവരി 23ന് ബെംഗളൂരുവിലെത്തിയത്. എന്നാല്‍ കാരണങ്ങളൊന്നും നിരത്താതെ, ഔദ്യോഗികമായ അറിയിപ്പുകളില്ലാതെ നിതാഷയെ വിമാനത്താവളത്തില്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. കേന്ദ്രത്തിന്റെ അറിയിപ്പാണെന്നായിരുന്നു വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ നിതാഷക്ക് നല്‍കിയ മറുപടി. പിന്നീട് ലണ്ടനിലേക്ക് നിതാഷയെ തിരിച്ചയക്കുകയും ചെയ്തു.

ശരിയായ പാസ്‌പോർട്ടും ഒസിഐ കാർഡും ഉണ്ടായിരുന്നിട്ടും 24 മണിക്കൂർ പിടിച്ചുവെച്ച ശേഷം ലണ്ടനിലേക്ക് തിരിച്ചയച്ചെന്നാണ് നിതാഷ കൗള്‍ ഉന്നയിച്ച ആരോപണം. ആർഎസ്എസിനെ വിമർശിക്കുന്നതിനാലാണ് ഇന്ത്യയിൽ പ്രവേശിക്കാൻ അനുവദിക്കാത്തതെന്ന് ഉദ്യോഗസ്ഥർ അനൗദ്യോഗികമായി പറഞ്ഞതായി നിതാഷ ആരോപിച്ചിരുന്നു. വിമാനത്താവളത്തിൽ അടിസ്ഥാനാവശ്യങ്ങൾപോലും അനുവദിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി.

'പരമാധികാരം കേന്ദ്രസർക്കാരിന്'; നിതാഷ കൗളിന് പ്രവേശനം നിഷേധിച്ചതിന്റെ കാരണം വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം
തുള്ളിമരുന്നിനാൽ തിമിരശമനം അടക്കം വ്യാജ വാഗ്ദാനങ്ങള്‍; പതഞ്ജലിക്ക് 'പൂട്ടിട്ടത്' മലയാളി ഡോക്ടറുടെ പോരാട്ടവിജയത്തിലൂടെ

നിതാഷ കൗളിൻ്റെ അവകാശവാദത്തിന് പിന്നാലെ കോൺഗ്രസും ബിജെപിയും തമ്മിൽ സമൂഹമാധ്യമങ്ങളിലൂടെയുള്ള വാക്പോര് ശക്തമായിരുന്നു. നിതാഷ കൗളിനെ 'പ്രമുഖ തീവ്രവാദ അനുഭാവി' എന്നാണ് ബിജെപി നേതാക്കൾ വിശേഷിപ്പിച്ചത്. 'ഇന്ത്യ വിരുദ്ധയെ' പിടികൂടിയതിന് ഇമിഗ്രേഷനിലെ സുരക്ഷാ ഏജൻസികൾക്ക് നന്ദി പറഞ്ഞുകൊണ്ട് കർണാടക ബിജെപി ഘടകവും രംഗത്തെത്തി. നിതാഷ കൗളിനെ ക്ഷണിച്ചതിൽ കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ ചോദ്യം ചെയ്ത് കർണാടക വിഎച്ച്പി നേതാവ് ഗിരീഷ് ഭരദ്വാജ് നിതാഷ കൗളിൻ്റെ ഒസിഐ കാർഡ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു. നിതാഷ കൗളിൻ്റെ നാടുകടത്തൽ ദൗർഭാഗ്യകരമാണെന്നും കർണാടക സംസ്ഥാനത്തിന് അപമാനം ആണെന്നുമാണ് കോൺഗ്രസ് പ്രതികരിച്ചത്.

logo
The Fourth
www.thefourthnews.in