അപകീര്‍ത്തി കേസിൽ മേധ പട്കര്‍ കുറ്റക്കാരി; ഡൽഹി കോടതി വിധി ലെഫ്. ഗവര്‍ണർ വി കെ സക്സേനയുടെ ഹർജിയിൽ

അപകീര്‍ത്തി കേസിൽ മേധ പട്കര്‍ കുറ്റക്കാരി; ഡൽഹി കോടതി വിധി ലെഫ്. ഗവര്‍ണർ വി കെ സക്സേനയുടെ ഹർജിയിൽ

2001-ലാണ് വി കെ സക്‌സേന മേധ പട്കർക്കെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്

ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന നല്‍കിയ അപകീര്‍ത്തി കേസില്‍ പ്രമുഖ പരിസ്ഥിതി, മനുഷ്യാവകാശ പ്രവര്‍ത്തക മേധാ പട്കര്‍ കുറ്റക്കാരിയെന്നു ഡല്‍ഹി കോടതി. 2001ൽ ഫയൽ ചെയ്ത കേസിലാണ് സാകേത് കോടതി മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് രാഘവ് ശർമയുടെ ഉത്തരവ്. ശിക്ഷാവിധി സംബന്ധിച്ച് കോടതി 30നു വാദം കേൾക്കും. രണ്ടുവര്‍ഷം തടവോ പിഴയോ രണ്ടും കൂടിയോ മേധയ്ക്കു ശിക്ഷയായി ലഭിച്ചേക്കാം.

നർമദ ബചാവോ ആന്ദോളൻ നേതാവായ മേധാ പട്കറെ 1860-ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 500-ാം വകുപ്പ് പ്രകാരമാണ് ക്രിമിനൽ അപകീർത്തിക്കു കുറ്റക്കാരിയാണെന്നു കണ്ടെത്തിയിരിക്കുന്നത്.

അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ അധ്യക്ഷനായിരുന്ന സമയത്താണ് വി കെ സക്‌സേനയും മേധ പട്കറും തമ്മിലുള്ള നിയമപോരാട്ടത്തിന്റെ തുടക്കം. തനിക്കും നര്‍മ്മദ ബചാവോ ആന്ദോളനുമെതിരെ പരസ്യം നൽകിയെന്നു ചൂണ്ടിക്കാട്ടി മേധയാണ് ആദ്യം കോടതിയ സമീപിച്ചത്. തുടര്‍ന്ന്, തനിക്കെതിരെ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപിച്ച് സക്‌സേന കോടതിയെ സമീപിക്കുകയായിരുന്നു.

അപകീര്‍ത്തി കേസിൽ മേധ പട്കര്‍ കുറ്റക്കാരി; ഡൽഹി കോടതി വിധി ലെഫ്. ഗവര്‍ണർ വി കെ സക്സേനയുടെ ഹർജിയിൽ
തൊഴിലും വേതനവുമില്ല, ഒപ്പം ദാരിദ്ര്യവും വിലക്കയറ്റവും; ബിജെപി ഭരിക്കുന്ന ഹരിയാനയില്‍ നരകിക്കുന്നത് ഒമ്പത് ലക്ഷം പേര്‍

'ദേശസ്നേഹിയുടെ യഥാർത്ഥ മുഖം' എന്ന തലക്കെട്ടിൽ 2000 നവംബർ 25-നു മേധ പട്കർ പുറപ്പെടുവിച്ച പത്രക്കുറിപ്പിനെതിരെയാണ് സക്സേന ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. സക്‌സേന ഭീരുവാണെന്നും രാജ്യസ്‌നേഹിയല്ലെന്നും ഹവാല ഇടപാട് നടത്തിയ ആളാണെന്നും കുറിപ്പിൽ മേധ ആരോപിച്ചിരുന്നു.

“ഹവാല ഇടപാടുകളിൽ ആരോപണവിധയേനായ വികെ സക്സേന മലേഗാവിൽ വന്ന് നര്‍മ്മദ ബചാവോ ആന്ദോളനെ പ്രശംസിക്കുകയും 40,000 രൂപയുടെ ചെക്ക് നൽകുകയും ചെയ്തു. ഇതിന് ലോക് സമിതി ഉടനടി തന്നെ രസീത് നൽകുകയും കത്ത് അയയ്ക്കുകയും ചെയ്തു. എന്നാൽ ചെക്ക് പണമാക്കാൻ കഴിയാതെ ബാങ്കിൽനിന്ന് മടങ്ങി. അങ്ങനെയൊരു അക്കൗണ്ട് നിലവിലില്ലെന്നാണ് ബാങ്ക് അറിയിച്ചത്,'' എന്നും കുറിപ്പിൽ മേധ ആരോപിച്ചിരുന്നു.

മേധയുടെ പ്രവൃത്തി കരുതിക്കൂട്ടിയുള്ളതും ദുരുദ്ദേശ്യപരവുമാണെന്നും സക്സേനയുടെ സൽപ്പേരിനു കളങ്കം വരുത്താൻ ലക്ഷ്യംവെച്ചുള്ളതുമാണെന്ന് ജഡ്ജി വിധിന്യായത്തിൽ പറഞ്ഞു.

പരാതിക്കാരനെ രാജ്യസ്‌നേഹിയല്ലാത്തയാളെന്നും ഭീരുവെന്നും വിളിക്കുകയും ഹവാല ഇടപാടുകളില്‍ പങ്കാളിയാണെന്ന് ആരോപിക്കുകയും ചെയ്തത് അപകീര്‍ത്തികരം മാത്രമല്ല, തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും കോടതി വിലയിരുത്തി. സക്‌സേനയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കാനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ മേധയ്ക്കു സാധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അപകീര്‍ത്തി കേസിൽ മേധ പട്കര്‍ കുറ്റക്കാരി; ഡൽഹി കോടതി വിധി ലെഫ്. ഗവര്‍ണർ വി കെ സക്സേനയുടെ ഹർജിയിൽ
ആന്റി മൈക്രോബിയല്‍ റെസിസ്റ്റൻസ് എന്ന നിശബ്ദ മഹാമാരി; സൂപ്പര്‍ബഗ്ഗുകൾ പ്രതിവര്‍ഷം കവരുന്നത് ഏഴരലക്ഷം മനുഷ്യജീവൻ

സക്‌സേനയുടെ പരാതിയിൽ അഹമ്മദബാദ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി 2001-ല്‍ മേധയ്‌ക്കെതിരെ ഐപിസി 500-ാം വകുപ്പ് പ്രകാരമുള്ള കുറ്റം ചുമത്തിയിരുന്നു. 2003-ല്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം കേസ് ഡല്‍ഹിയിലെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലേക്കു മാറ്റി. 2011-ല്‍ താന്‍ കുറ്റക്കാരിയല്ലെന്ന് വാദിച്ച മേധ, വിചാരണ ആവശ്യപ്പെടുകയായിരുന്നു.

logo
The Fourth
www.thefourthnews.in