ആന്റി മൈക്രോബിയല്‍ റെസിസ്റ്റൻസ് എന്ന നിശബ്ദ മഹാമാരി; സൂപ്പര്‍ബഗ്ഗുകൾ പ്രതിവര്‍ഷം കവരുന്നത് ഏഴരലക്ഷം മനുഷ്യജീവൻ

ആന്റി മൈക്രോബിയല്‍ റെസിസ്റ്റൻസ് എന്ന നിശബ്ദ മഹാമാരി; സൂപ്പര്‍ബഗ്ഗുകൾ പ്രതിവര്‍ഷം കവരുന്നത് ഏഴരലക്ഷം മനുഷ്യജീവൻ

എച്ച്‌ഐവി, മലേറിയ, ടിബി എന്നിവ ബാധിച്ച് മരിക്കുന്നവരേക്കാള്‍ വളരെ കൂടുതലാണ് സൂപ്പര്‍ബഗ്ഗുകള്‍ കാരണമുണ്ടാകുന്ന രോഗങ്ങള്‍ കാരണമുള്ള മരണമെന്ന് പഠനം

ആന്റി മൈക്രോബിയല്‍ റെസിസ്റ്റൻസ് (എഎംആർ) ആര്‍ജിച്ച സൂക്ഷ്മജീവികളായ സൂപ്പര്‍ബഗ്ഗുകൾ കാരണം ലോകത്ത് പ്രതിവര്‍ഷം മരിക്കുന്നത് 7.5 ലക്ഷം പേർ. ശുദ്ധജലം ഉറപ്പാക്കൽ, അണുബാധ തടയല്‍, കുട്ടിക്കാലം മുതൽ എടുക്കുന്ന വാക്‌സിനേഷനുകള്‍ എന്നിവയിലൂടെ ഇത്തരം മരണങ്ങൾ തടയാനാകുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.

അതിസൂക്ഷ്മ ജീവികളായ ബാക്ടീരിയകളും വൈറസുകളും ഫംഗസ് ബാധയും പരാദങ്ങളും ജീവകോശങ്ങളെ ആക്രമിക്കുമ്പോഴാണ് ജീവജാലങ്ങളില്‍ രോഗങ്ങളുണ്ടാവുന്നത്. ഇവയെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന മാർഗമാണ് ആന്റി മൈക്രോബിയൽ മരുന്നുകൾ (ആന്റിബയോട്ടിക്കുകള്‍, ആന്റിഫംഗലുകള്‍, ആന്റിബൈറല്‍സ്, ആന്റിമലേറിയ). ഈ മരുന്നുകളെ ചെറുക്കാനുള്ള കഴിവ് രോഗാണുക്കൾ കാലക്രമത്തിൽ ആർജിക്കുന്ന അവസ്ഥയാണ് എഎംആർ.

സൂപ്പര്‍ബഗ്ഗുകളുടെ പരിണാമം, അനുചിതമായ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ സൂപ്പർ ബഗ്ഗുകൾ കാരണമുള്ള മരണം വര്‍ധിക്കുന്നതിനുള്ള ഘടകമാണ്. എഎംആര്‍ പ്രതിരോധിച്ചില്ലെങ്കില്‍ മരണനിരക്ക് ഗണ്യമായി വര്‍ധിക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു. ശിശുക്കള്‍, പ്രായമായവര്‍, വിട്ടുമാറാത്ത രോഗങ്ങളള്ളവര്‍, ശസ്ത്രക്രിയയകള്‍ ആവശ്യമുള്ളവര്‍ എന്നിവര്‍ക്കാണ് ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ളത്.

ആന്റി മൈക്രോബിയല്‍ റെസിസ്റ്റൻസ് എന്ന നിശബ്ദ മഹാമാരി; സൂപ്പര്‍ബഗ്ഗുകൾ പ്രതിവര്‍ഷം കവരുന്നത് ഏഴരലക്ഷം മനുഷ്യജീവൻ
മരുന്നുകളെ നിര്‍വീര്യമാക്കുന്ന ബാക്ടീരിയകളും സൂപ്പര്‍ബഗുകളും ശക്തം; പഠനവുമായി ലാന്‍സെറ്റ്

എച്ച്‌ഐവി, മലേറിയ, ടിബി എന്നിവ ബാധിച്ച് മരിക്കുന്നവരേക്കാള്‍ വളരെ കൂടുതലാണ് സൂപ്പര്‍ബഗ്ഗുകള്‍ കാരണമുണ്ടാകുന്ന രോഗങ്ങള്‍ കാരണം മരിക്കുവരെന്ന് യുഎസിലെ പ്രിന്‍സെഷന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. രമണന്‍ ലക്ഷ്മിനാരായണന്‍ പറയുന്നു.

നിസ്സാരമായി കണക്കാക്കുന്ന അണുബാധകള്‍ പിന്നീട് അപകടകരമായ സാഹചര്യത്തിലേക്കു മാറാനുള്ള സാധ്യതയും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സിസേറിയന്‍, കാന്‍സര്‍ ചികിത്സകള്‍, അവയമാറ്റം എന്നിവയിലും ഈ സൂപ്പര്‍ബഗുകള്‍ കാരണം അപകടസാധ്യത വര്‍ധിപ്പിക്കുന്നു. 2019-ലെ കണക്കുകള്‍ പ്രകാരം, 45 ലക്ഷം മരണങ്ങള്‍ എഎംആറുമായി ബന്ധപ്പെട്ടിരിക്കുന്നു. 12.7 ലക്ഷം മരണങ്ങള്‍ എഎംആറുമായി നേരിട്ടുബന്ധമുള്ളവയാണ്.

അവികസിത, വികസ്വര രാജ്യങ്ങളിലാണ് ഇത്തരം മരണങ്ങള്‍ കൂടുതല്‍. ഇന്ത്യയിലും എഎംആര്‍ കാരണമുള്ള മരണനിരക്ക് വര്‍ധിക്കുകയാണെന്ന് കഴിഞ്ഞദിവസം ഐസിഎംആര്‍ വ്യക്തമാക്കിയിരുന്നു.

മൂന്നു പ്രധാന ഘട്ടങ്ങളിലൂടെ എഎംആര്‍ അനുബന്ധ മരണങ്ങള്‍ 18 ശതമാനം കുറയ്ക്കാന്‍ സാധിക്കുമെന്ന് ലക്ഷ്മിനാരായണനും സംഘവും മുന്നോട്ടുവെച്ച മോഡല്‍ വ്യക്തമാക്കുന്നു. ശുദ്ധജല ഉപയോഗത്തിലൂടെയും ശുചിത്വം പാലിക്കുന്നതിലൂടെയും 2,37,800 മരണങ്ങള്‍ തടയാന്‍ സാധിക്കും. മികച്ച രീതിയില്‍ അണുബാധ തടയുകയും ആരോഗ്യപരിപാലന രംഗത്തെ കൃത്യതയും എഎംആര്‍ കാരണമായുള്ള 3,37,000 മരണങ്ങള്‍ തടയാന്‍ സാധിക്കും. കുട്ടിക്കാലം മുതലെടുക്കുന്ന കൃത്യമായ പ്രതിരോധ കുത്തിവെപ്പുകളിലൂടെ 1,81,500 മരണങ്ങള്‍തടയാന്‍ സാധിക്കും.

ആന്റി മൈക്രോബിയല്‍ റെസിസ്റ്റൻസ് എന്ന നിശബ്ദ മഹാമാരി; സൂപ്പര്‍ബഗ്ഗുകൾ പ്രതിവര്‍ഷം കവരുന്നത് ഏഴരലക്ഷം മനുഷ്യജീവൻ
മനുഷ്യ വൃഷണങ്ങളിലും മൈക്രോപ്ലാസ്റ്റിക്! പ്രത്യുല്‍പ്പാദന ആരോഗ്യത്തെ ദോഷകരമായി ബാധിക്കാമെന്ന് ഗവേഷകര്‍

നിലവിലുള്ള മരുന്നുകളെ പ്രതിരോധിക്കുന്ന അണുബാധകള്‍ തടയുന്നതിലൂടെ മാത്രമല്ല, ആന്റിബയോട്ടിക്കുകളുടെ അനുചിതമായ ഉപഭോഗം കുറയ്ക്കുന്നതിലൂടെയും ഇത് സാധ്യമാണ്. നാല് പ്രധാന ബാക്ടീരിയ അണുബാധകള്‍ക്കെതിരായ വാക്‌സിനുകളുടെ ഉപയോഗത്തിലൂടെ ഓരോ വര്‍ഷവും 15 വയസിന് താഴെയുള്ളവരില്‍ 95,400 മരണങ്ങള്‍ നേരിട്ട് ഒഴിവാക്കാനാകുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

''രോഗലക്ഷണങ്ങളുണ്ടാകുമ്പോള്‍ അത് വൈറസ് ആണോ ബാക്ടീരിയ ആണോയെന്ന് തിരിച്ചറിയാന്‍ ആളുകള്‍ക്ക് സാധിക്കില്ല. അതിനാല്‍ അവര്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നു. എന്നാല്‍, അവര്‍ ഡ്രഗ്‌സ് റസിസ്റ്റന്‍സ് സൃഷ്ടിക്കുകയാണ് ചെയ്യുന്നത്,''ലക്ഷ്മിനാരായണ്‍ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര ജേര്‍ണലായ ലാന്‍സെറ്റിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പ്രശ്‌നമാണ്, ഐസിഎംആറും പറയുന്നു

രക്തത്തിലെ അണുബാധക്കെതിരായ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളുടെ പ്രതിരോധം 2017 ജനുവരിക്കും 2022 ഡിസംബറിനും ഇടയില്‍ ഗണ്യമായി വര്‍ധിച്ചതായി ഐസിഎംആര്‍ നടത്തിയ പഠനത്തിലും വ്യക്തമാക്കിയിരുന്നു. ഐസിഎംആറിന്റെ കീഴിലുള്ള ഗവേഷകരുടെ നേതൃത്വത്തില്‍ ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് സര്‍വൈലന്‍സ് നെറ്റ്‌വര്‍ക്കിന്റെ ഭാഗമായ പതിനാല് സംസ്ഥാനങ്ങളിലെ 21 തൃതീയ പരിചണകേന്ദ്രങ്ങളില്‍നിന്ന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനം ഈ മാസം ലാന്‍സെറ്റ് ജേണലിലാണ് പ്രസിദ്ധീകരിച്ചത്.

ആന്റി മൈക്രോബിയല്‍ റെസിസ്റ്റൻസ് എന്ന നിശബ്ദ മഹാമാരി; സൂപ്പര്‍ബഗ്ഗുകൾ പ്രതിവര്‍ഷം കവരുന്നത് ഏഴരലക്ഷം മനുഷ്യജീവൻ
ഇന്ത്യയില്‍ 300 കടന്ന് കോവിഡ് ഫ്‌ളിര്‍ട്ട് കേസുകള്‍; ശ്രദ്ധിക്കാം ഈ അസാധാരണ ലക്ഷണങ്ങള്‍

ലഭ്യമായിട്ടുള്ള മിക്ക ആന്റിബയോട്ടിക്കുകളെയും പ്രതിരോധിക്കുന്ന രോഗകാരികളായ സൂപ്പര്‍ബഗുകളുടെ വ്യാപനവും മരുന്നുകളുടെ ഫലം നിര്‍വീര്യമാക്കുന്ന ബാക്ടീരികളുടെ വര്‍ധനവും ഐസിഎംആര്‍ ഡേറ്റ സൂചിപ്പിക്കുന്നു. പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍ സെപ്സിസിലേക്കും ആശുപത്രിവാസത്തിലേക്കും നയിക്കുന്ന രക്തത്തിലെ അണുബാധ സംബന്ധിച്ച 85,000 വിവരങ്ങള്‍ പരിശോധിച്ചു. രക്തത്തിലുണ്ടാകുന്ന അണുബാധകള്‍ ആഗോള ആരോഗ്യത്തെയും സാമ്പത്തികാവസ്ഥയെയും ബാധിക്കുന്നുണ്ട്. 2017-ലെ കണക്കനുസരിച്ച് ലോകത്താകമാനം 4.9 കോടി സെപ്സിസ് രോഗികളുണ്ട്. ഇതില്‍ 1.1 കോടി പേർ മരിച്ചു. 41 ശതമാനം അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളെ ബാധിച്ചതായി പഠനം പറയുന്നു. ഇന്ത്യയില്‍ 1.1 കോടി വാര്‍ഷിക കേസുകളും 30 ലക്ഷം മരണവുമുണ്ടായിട്ടുണ്ട്.

ക്ലെബ്സിയല്ല, ഇ കോളി, അസിനെറ്റോബാക്ടര്‍ എന്നീ ബാക്ടീരിയകള്‍ രക്തത്തിലെ അണുബാധയ്ക്കു പ്രധാന കാരണങ്ങളാണ്. ശക്തമായ ബാക്ടീരിയല്‍ അണുബാധകളുടെ ചികിത്സയ്ക്കായി സാധാരണ ഉപയോഗിക്കുന്ന ഇമിപെനെം, മെറോപെനെം എന്നിവ കാര്‍ബപെനെ എന്ന ആന്റിബയോട്ടിക് ഗണത്തില്‍ പെടുന്നവയാണ്. ഈ ഗണത്തിലുള്ള ആന്റിബയോട്ടിക്കുകള്‍ മള്‍ട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയല്‍ അണുബാധ ചികിത്സയ്ക്കായി മാറ്റിവച്ചിരിക്കുന്നവയാണ്.

എന്നാല്‍ ക്ലെബ്സിയല്ല, അസിനെറ്റോബാക്ടര്‍ അണുബാധകള്‍ കാരണം ആശുപത്രിയിലെത്തിയതില്‍ കാര്‍ബെപെനെം പ്രതിരോധം കാണിക്കുന്നുണ്ടായിരുന്നു. ദേശീയതലത്തില്‍ നിരവധി ബാക്ടീരിയല്‍ അണുബാധകള്‍ ചികിത്സിക്കാനുപയോഗിക്കുന്ന സിഫോടാക്സിം ആന്റിബയോട്ടിക് കാര്‍ബെപെനം പ്രതിരോധത്തിന്റെ സൂചകമായി വരുന്നുണ്ട്.

ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് ആഗോള ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ പ്രതിരോധം കാരണം 2019-ല്‍ 0.495 കോടി മരണങ്ങളുണ്ടായിട്ടുണ്ട്. 2050ഓടെ വാര്‍ഷിക മരണങ്ങള്‍ ഒരു കോടിയുണ്ടാകുമെന്നും പഠനങ്ങള്‍ പറയുന്നു. താഴ്ന്ന- മധ്യ വരുമാനമുള്ള രാജ്യങ്ങളില്‍ ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് അപകടകരമാകാം. പകര്‍ച്ചവ്യാധികളുടെ ഉയര്‍ന്ന നിരക്ക്, ആന്റിബയോട്ടിക് ഉപയോഗത്തിലെ വര്‍ധനവ്, കോവിഡ്-19 എന്നിവ സ്ഥിതി കൂടുതല്‍ വഷളാക്കുന്നതായും പഠനം പറയുന്നു.

ഇന്ത്യയില്‍ നിര്‍ദേശിക്കപ്പെട്ട 57 ശതമാനം ആന്റിബയോട്ടിക്കുകളും ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് സാധ്യതയുള്ളതായി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പറയുന്നു.

logo
The Fourth
www.thefourthnews.in