'സനാതന ധര്‍മ്മത്തെ തകര്‍ക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം'; ആര്‍ക്കും ഉന്മൂലനം ചെയ്യാനാകില്ലെന്നും പ്രധാനമന്ത്രി

'സനാതന ധര്‍മ്മത്തെ തകര്‍ക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം'; ആര്‍ക്കും ഉന്മൂലനം ചെയ്യാനാകില്ലെന്നും പ്രധാനമന്ത്രി

ആദ്യമായാണ് സനാതനധര്‍മ വിവാദത്തില്‍ മോദി പ്രതികരിക്കുന്നത്

സനാതന ധര്‍മ വിവാദത്തില്‍ ഇന്ത്യ സഖ്യത്തിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സനാതന ധര്‍മത്തെ തകര്‍ക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഹിന്ദുവിരുദ്ധരാണ് ഇന്ത്യ സഖ്യത്തിലുള്ള പാര്‍ട്ടികളെന്നും ഈ സഖ്യത്തിനെതിരെ ഭാരതീയര്‍ ജാഗ്രത പാലിക്കണമെന്നും മോദിയുടെ ആഹ്വാനം ചെയ്തു. ആദ്യമായാണ് സനാതന ധര്‍മവിവാദത്തില്‍ മോദി പ്രതികരിക്കുന്നത്. സനാതന ധര്‍മത്തെ ആര്‍ക്കും ഉന്മൂലനം ചെയ്യാന്‍ സാധിക്കില്ലെന്നും മോദി പറഞ്ഞു. സനാതന ധര്‍മത്തില്‍ ശക്തമായ പ്രതികരിക്കണമെന്ന് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മോദിയുടെ ഈ പരാമര്‍ശം.

സനാതന ധര്‍മം അവസാനിപ്പിച്ച് രാജ്യത്തെ ആയിരം വര്‍ഷം മുന്‍പുള്ള അടിമത്തത്തിലേക്ക് തള്ളിവിടുകയാണ് ഇന്ത്യ സഖ്യത്തിന്റെ ലക്ഷ്യമെന്നും വിമർശിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി

മധ്യപ്രദേശിലെ ഒരു ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. യഥാര്‍ഥ വീക്ഷണമോ നേതൃത്വമോ ഇല്ലാതെ വിഭജന രാഷ്ട്രീയത്തിലൂന്നിയാണ് ഇന്ത്യ സഖ്യം വളരുന്നതെന്നും മോദി വിമര്‍ശനമുന്നയിച്ചു. സനാതന ധര്‍മം അവസാനിപ്പിച്ച് രാജ്യത്തെ ആയിരം വര്‍ഷം മുന്‍പുള്ള അടിമത്തത്തിലേക്ക് തള്ളിവിടുകയാണ് ഇന്ത്യ സഖ്യത്തിന്റെ ലക്ഷ്യമെന്നും വിമർശിച്ചു.

സനാതന ധര്‍മത്തിനെതിരായ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തില്‍ കൃത്യമായ മറുപടി നല്‍കണമെന്ന് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേന്ദ്ര മന്ത്രിസഭയുടെ വിശാലയോഗത്തിനിടെ മന്ത്രിമാരുമായുള്ള അനൗദ്യോഗിക സംഭാഷണത്തിലായിരുന്നു നിര്‍ദേശം.

സനാതന പാരമ്പര്യത്തെ തകര്‍ക്കാനുള്ള ഇന്ത്യന്‍ സഖ്യത്തിന്റെ നീക്കം അപകടകരമാണെന്നും മറ്റു പലര്‍ക്കും ഇത് ഒരു പ്രചോദനമാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യാനുള്ള ആഹ്വാനം പരിധി കടന്നെന്നും അത് ചര്‍ച്ച ചെയ്യപ്പെടാതെ പോകരുതെന്നും മോദി വിമര്‍ശിച്ചു.

രാജ്യത്തുടനീളമുള്ള എല്ലാ സനാതനന്മാരും നമ്മുടെ രാജ്യത്തെ സ്‌നേഹിക്കുന്ന ജനങ്ങളും ജാഗ്രത പാലിക്കണം

പ്രധാനമന്ത്രി നരേന്ദ്ര മോദി

'ഇന്ന് അവര്‍ പരസ്യമായി സനാതനയെ ലക്ഷ്യമിടുന്നു. നാളെ അവര്‍ നമുക്ക് നേരെയും തിരിയും. രാജ്യത്തുടനീളമുള്ള എല്ലാ സനാതനന്മാരും നമ്മുടെ രാജ്യത്തെ സ്‌നേഹിക്കുന്ന ജനങ്ങളും ജാഗ്രത പാലിക്കണം. അത്തരക്കാരെ തടയേണ്ടത് അനിവാര്യമാണ്'. നരേന്ദ്രമോദി പറഞ്ഞു.

സനാതന ധര്‍മത്തില്‍ ബിജെപി രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണെന്ന് വിമര്‍ശനമുന്നയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ആ തന്ത്രങ്ങളില്‍ ഇരയാകരുതെന്നും സ്റ്റാലിന്‍ നിര്‍ദേശം നല്‍കി. ബിജെപി നടത്തുന്ന അഴിമതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അത് പുറത്തുകൊണ്ടുവരാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

'സനാതന ധര്‍മ്മത്തെ തകര്‍ക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം'; ആര്‍ക്കും ഉന്മൂലനം ചെയ്യാനാകില്ലെന്നും പ്രധാനമന്ത്രി
തൊഴിലാളിയെ മറന്ന ജി 20 പരാജയം

സനാതന ധർമം സാമൂഹ്യനീതിക്ക് എതിരാണെന്നും അത് ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് ഉദയനിധിയുടെ പ്രസ്താവനയാണ് വിവാദമായത്. സനാതന ധർമത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി താരതമ്യം ചെയ്ത് സെപ്റ്റംബർ 2ന് ചെന്നൈയിൽ നടന്ന ഒരു ചടങ്ങിലായിരുന്നു ഉദയനിധിയുടെ വിവാദ പരാമർശം. ഇതേ തുടർന്ന് വിമർശനങ്ങളുമായി ഒട്ടേറെ ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in