തൊഴിലാളിയെ മറന്ന ജി 20 പരാജയം

തൊഴിലാളിയെ മറന്ന ജി 20 പരാജയം

ഒരു അന്താരാഷ്ട്ര സമ്മേളനം തൊഴിലാളിയെക്കുറിച്ച് പറയാതെ പോയാല്‍ എങ്ങനെയാണ് ഐക്യരാഷ്ട്ര സഭ മുന്നോട്ടുവെച്ചിരിക്കുന്ന സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ 2030 ഓടെ കൈവരിക്കാന്‍ സാധിക്കുക.

ജി20 രാജ്യങ്ങളില്‍ 2.7 കോടി തൊഴിലാളികള്‍ ആധുനിക കാലഘട്ടത്തിലെ അടിമത്വത്തിലാണ്. അതില്‍ 1.1 കോടി ഇന്ത്യയിലും. ഇത് പരിഹരിച്ചില്ലെങ്കില്‍ അസമത്വത്തിനും സാമൂഹിക അനീതിയ്ക്കും വഴിവയ്ക്കും. അവ ജനാധിപത്യത്തിനും ലോകപുരോഗതിക്കും തടസ്സമാകും

സെപ്റ്റംബര്‍ 10ന് വൈകുന്നേരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 പ്രസിഡന്റ് പദം ബ്രസീല്‍ പ്രസിഡന്റ് ലുലാ ഡി സില്‍വയ്ക്കു കൈമാറി ഇന്ത്യയുടെ ഉത്തരവാദിത്വങ്ങള്‍ക്കു ഔദ്യോഗികമായി അന്ത്യം കുറിച്ചു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെക്കുറിച്ച് ശക്തമായ ഭാഷയിലുണ്ടായിരുന്ന കഴിഞ്ഞപ്രാവശ്യത്തെ ബാലിയിലെ ജി20 പ്രഖ്യാപനങ്ങളില്‍ വെള്ളം ചേര്‍ത്ത് റഷ്യയെക്കുറിച്ചുള്ള വാക്കുകളില്‍ മിതത്വം പാലിച്ചും യുക്രെയ്‌നെ വിളിക്കാതെയും ഇന്ത്യ ജി20 ന്യൂ ഡല്‍ഹി പ്രഖ്യാപനം നടത്തി.

വന്ന പ്രതിനിധികള്‍ കൈതട്ടി. മോദിയെ പുകഴ്ത്തി. പക്ഷേ ഇരയ്ക്കൊപ്പമുണ്ടെന്ന് തോന്നിപ്പിക്കുകയും വേട്ടക്കാരനോടൊപ്പം ഓടുകയും ചെയ്യുന്ന രീതിയാണ് മോദിയും ഇന്ത്യയും അവലംബിച്ചതെന്ന് ജി20 തുടക്കം മുതല്‍ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്നവര്‍ക്ക് മനസിലാവും. നയതന്ത്രരംഗത്ത് നേട്ടങ്ങളുണ്ടെന്ന് സമ്മതിക്കാം. നയതന്ത്രം അറിയാവുന്നവര്‍ക്ക് അറിയാം, അവയുടെ നേട്ടങ്ങള്‍ക്കായി കാത്തിരിക്കണം. പക്ഷേ ഇപ്പോള്‍ തന്നെ യുക്രെയ്ന്‍ നീരസം അറിയിച്ചിട്ടുണ്ട്. അമേരിക്കയുടെ ഫ്രാന്‍സിന്റെ ബ്രിട്ടന്റെ നാറ്റോയെ ഇല്ലാതാക്കാന്‍ യുക്രെയ്ന്‍ വഴി നോക്കുന്ന റഷ്യയെക്കുറിച്ചാണ് ഇന്ത്യയും അമേരിക്കയും ഉള്‍പ്പടെയുള്ള ഫ്രാന്‍സും ബ്രിട്ടനും ജി20 യില്‍ മിതത്വം പാലിച്ചിരിക്കുന്നത്. കാത്തിരുന്നു കാണേണ്ടി വരും. ചൈനയും വന്നില്ലെന്നതും ഓര്‍ക്കണം. അതവിടെ നില്‍ക്കട്ടെ.

ജി20 രാജ്യങ്ങളില്‍ തന്നെ 2.7 കോടി തൊഴിലാളികള്‍ ആധുനിക കാലഘട്ടത്തില്‍ അടിമത്തത്തിലാണ്. അതില്‍ 1.1 കോടി ഇന്ത്യയിലും. ഈ കണക്കില്‍ മലയാളികള്‍ക്ക് അത്ഭുതം തോന്നാം. കാരണം അടിമത്തമെന്ന് പറയുമ്പോള്‍ ചങ്ങലയില്‍ ബന്ധിതനായ തൊഴിലാളിയെ ഓര്‍ക്കുന്നതുകൊണ്ടാണ്

നിര്‍ഭാഗ്യവശാല്‍ യൂറോപ്യന്‍ യൂണിയന്‍, ഇപ്പോള്‍ ചേര്‍ന്ന ആഫ്രിക്കന്‍ യൂണിയന്‍ ഉള്‍പ്പടെയുള്ള 20 രാജ്യങ്ങളിലെ ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നമായ തൊഴിലിനെക്കുറിച്ചോ പുതിയ തൊഴില്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചോ തൊഴിലുണ്ടെങ്കില്‍ തന്നെ അത് മാന്യമായി ചെയ്യാന്‍ സാധിക്കുന്ന സാഹചര്യത്തെക്കുറിച്ചോ അടിമപ്പണി ഇല്ലാതാക്കുന്നതിനെക്കുറിച്ചോ ശമ്പളതുല്യതയെക്കുറിച്ചോ സാമൂഹിക സുരക്ഷാ പദ്ധതികളെക്കുറിച്ചോ കമാന്നൊരക്ഷരം പറയാതെയാണ് ജി20 അവസാനിപ്പിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു അന്താരാഷ്ട്ര സമ്മേളനം തൊഴിലാളിയെക്കുറിച്ച് പറയാതെ പോയാല്‍ എങ്ങനെയാണ് ഐക്യരാഷ്ട്ര സഭ മുന്നോട്ടുവെച്ചിരിക്കുന്ന സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ 2030 ഓടെ കൈവരിക്കാന്‍ സാധിക്കുക.

തൊഴിലാളിയെ മറന്ന ജി 20 പരാജയം
ജി 20: ഇന്ത്യ ഡൽഹി പ്രഖ്യാപനം സാധ്യമാക്കിയത് എങ്ങനെ?

സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഒന്നാമത്തെ തന്നെ ദാരിദ്ര്യനിര്‍മാര്‍ജനത്തെക്കുറിച്ചാണ്. തൊഴില്‍, അതും മാന്യമായി ചെയ്യാന്‍ അടിമത്വവും ചൂഷണവുമില്ലാതെയുള്ള സാഹചര്യമുണ്ടെങ്കില്‍ മാത്രമേ ന്യായമായ വേതനം ഉണ്ടാവുകയുള്ളൂ. എങ്കിലല്ലേ ദാരിദ്ര്യം മാറുകയുള്ളൂ. 2030 ഓടെ ലോകത്ത് 57 കോടി മാന്യമായ തൊഴില്‍ അവസരങ്ങളുണ്ടാകണമെന്നാണ് ആഗോള സമ്പദ്വ്യവസ്ഥയുടെ പ്രതീക്ഷ. ഒപ്പം 100 കോടി സ്ഥിരം തൊഴില്‍ ഉണ്ടാകണമെന്നും ലോകരാജ്യങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനുവേണ്ടി അതാത് രാജ്യങ്ങള്‍ അവരുടെ വ്യവസായനയങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. അങ്ങനെയൊക്കെ സംഭവിക്കണമുണ്ടെങ്കില്‍ ജി20 പോലുള്ള ഒരു വേദി അതിനു അവസരമാകേണ്ടതല്ലേ? ആകണം. അങ്ങനെയാകാതെ പോയത് നഷ്ടം തന്നെയാണ്.

അടുത്തിടെ തൊഴിലിടത്തെ അടിമത്വത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ആഗോളസംഘടനയായ വാക്ക് ഫ്രീ ഫൗണ്ടേഷന്റെ കണക്കനുസരിച്ച് ജി20 രാജ്യങ്ങളില്‍ തന്നെ 2.7 കോടി തൊഴിലാളികള്‍ ആധുനിക കാലഘട്ടത്തില്‍ അടിമത്വത്തിലാണ്. അതില്‍ 1.1 കോടി ഇന്ത്യയിലും. ഈ കണക്കില്‍ മലയാളികള്‍ക്ക് അത്ഭുതം തോന്നാം. കാരണം അടിമത്തമെന്ന് പറയുമ്പോള്‍ ചങ്ങലയില്‍ ബന്ധിതനായ തൊഴിലാളിയെ ഓര്‍ക്കുന്നതുകൊണ്ടാണ്. എന്നാല്‍ ആധുനികകാലഘട്ടത്തിലെ അടിമത്തമെന്താണെന്ന് 1929 ഇല്‍ ഐക്യരാഷ്ട്രസഭയ്ക്ക് മുന്നേ രൂപം കൊണ്ട ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഇപ്പോള്‍ ഐക്യരാഷ്ട്രസഭയുടെ ഭാഗം) കൃത്യമായി ആധുനിക കാലഘട്ടത്തിലെ അടിമത്വമെന്താണെന്ന് നിര്‍ബന്ധിത തൊഴില്‍ എന്ന നിര്‍വചനത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. കണ്‍വെന്‍ഷന്‍ 29 (സി 29) എന്ന ചുരുക്കപ്പേരിലാണ് ഇത് അറിയപ്പെടുന്നത്.

അമേരിക്കയുടെ ഫ്രാന്‍സിന്റെ ബ്രിട്ടന്റെ നാറ്റോയെ ഇല്ലാതാക്കാന്‍ യുക്രെയ്ന്‍ വഴി നോക്കുന്ന റഷ്യയെക്കുറിച്ചാണ് ഇന്ത്യയും അമേരിക്കയും ഉള്‍പ്പടെയുള്ള ഫ്രാന്‍സും ബ്രിട്ടനും ജി20 യില്‍ മിതത്വം പാലിച്ചിരിക്കുന്നത്

സി 29 അനുസരിച്ച് ആധുനിക കാലഘട്ടത്തിലെ അടിമത്തത്തിലേക്ക് നയിക്കുന്ന നിര്‍ബന്ധിത തൊഴില്‍ എന്താണ് വച്ചാല്‍ 'തൊഴിലാളി പൂര്‍ണമനസ്സോടെ ശിക്ഷ ഭയന്നോ, അടച്ചുതീര്‍ക്കാനുള്ള കടം കൊണ്ടോ, അവന്റെ രേഖകള്‍ പിടിച്ചുവച്ചിരിക്കുന്നത് കൊണ്ടോ ചെയ്യുന്ന തൊഴിലിനെയാണ് നിര്‍ബന്ധിത തൊഴില്‍ എന്ന് പറയുന്നത്. ലളിതമായി പറഞ്ഞാല്‍ നിങ്ങള്‍ ജോലി ചെയ്യുന്നത് ശിക്ഷ ഭയന്നിട്ടാണെങ്കില്‍, നിങ്ങള്‍ക്ക് കടം തീര്‍ക്കാന്‍ (തൊഴില്‍ ഉടമയോട് മുന്‍കൂറായി വാങ്ങിയ തുക) ഉള്ളത് കൊണ്ട് തൊഴില്‍ വിട്ടുപോകാന്‍ സാധിക്കാത്ത സഹചര്യമാണെങ്കില്‍ നിങ്ങളുടെ വിദ്യാഭ്യാസ രേഖ, പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ തൊഴിലുടമയുടെ കയ്യിലുള്ള സാഹചര്യത്തില്‍ തൊഴിലുടമയുടെ ഇഷ്ടാനിഷ്ടത്തിന് നിങ്ങള്‍ പണിയെടുക്കേണ്ടി വരുന്ന അവസ്ഥയെയാണ് നിര്‍ബന്ധിത തൊഴില്‍ എന്ന് പറയാന്‍ സാധിക്കും. ഈ നിര്‍ബന്ധിത തൊഴിലാണ് ആധുനിക കാലഘട്ടത്തിലെ അടിമത്തത്തിലേക്ക് നയിക്കുന്നത്.

തൊഴിലാളിയെ മറന്ന ജി 20 പരാജയം
ഏഷ്യൻ റിലേഷൻസ് കോൺഫറൻസ് മുതൽ ജി20 ഉച്ചകോടി വരെ; ഡൽഹിയുടെ മുഖഛായമാറ്റിയ അന്താരാഷ്ട്ര സമ്മേളനങ്ങൾ

ഇന്ത്യയില്‍ വസ്ത്രനിര്‍മാണ രംഗത്ത്, ചെങ്കല്‍ ചൂളയില്‍, മല്‍സ്യ സംഭരണ കേന്ദ്രങ്ങളില്‍, തേയില കാപ്പി തോട്ടങ്ങളില്‍, ഗള്‍ഫില്‍ കണ്‍സ്ട്രക്ഷന്‍ രംഗത്തു മലേഷ്യയില്‍ എണ്ണ പണ രംഗത്ത് റബ്ബര്‍ ഉല്‍പ്പന്ന രംഗത്ത് ഒക്കെ ഇത്തരം ആധുനിക കാലഘട്ടത്തിലെ അടിമത്തത്തിലേക്ക് നയിക്കുന്ന നിര്‍ബന്ധിത തൊഴില്‍ കാണാന്‍ സാധിക്കും.

നിങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തൊഴിലുടമ തടസ്സം വരുത്തുകയാണെങ്കില്‍ അതുപോലും നിര്‍ബന്ധിത തൊഴിലായി കണക്കാക്കാമെന്നാണ് സി29 പറയുന്നത്. പറഞ്ഞ കൂലി അല്ലെങ്കില്‍ സര്‍ക്കാര്‍ തീരുമാനിച്ച കുറഞ്ഞ കൂലി കൊടുക്കുന്നില്ലായെങ്കില്‍ പോലും നിര്‍ബന്ധിത തൊഴിലായി കണക്കാക്കാമെന്ന് സി 29 പറയുന്നു. താന്‍ ചെയ്യുന്ന തൊഴില്‍ നിര്‍ബന്ധിത തൊഴിലാണെന്നും താന്‍ ആധുനിക കാലഘട്ടത്തിലെ അടിമത്തത്തിനിരയാണെന്ന് അറിയാതെ നിലനില്‍പ്പിനുവേണ്ടി തൊഴില്‍ ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികളെ ഇവിടെയും ഗള്‍ഫിലും ഞാന്‍ കണ്ടിട്ടുണ്ട്, അഭിമുഖം എടുത്തിട്ടുണ്ട്, പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.

സാമൂഹിക അനീതി കൂടിവരികയാണ്. ഇവയെല്ലാം ജനാധിപത്യ അവസ്ഥയ്ക്കു ഭീഷണിയാണ്

ആധുനിക കാലഘട്ടത്തിലെ അടിമത്തത്തിലേക്ക് നയിക്കുന്ന നിര്‍ബന്ധിത തൊഴില്‍ ഇവിടെയുണ്ടെന്ന് നയരൂപീകരണ ഉദ്യോഗസ്ഥര്‍ക്കും ഭരണാധികാരികള്‍ക്കും അറിയാമെന്നതാണ് വസ്തുത. എന്നാല്‍ അവര്‍ അതിനുനേരെ കണ്ണടയ്ക്കും. കാരണം അത്തരം തൊഴിലാളികള്‍ ഉണ്ടെങ്കില്‍ മാത്രമേ ആഗോളവല്‍ക്കരണ കാലഘട്ടത്തിലെ ഉല്‍പ്പാദന പ്രക്രിയ കുറഞ്ഞകൂലിയില്‍ നിര്‍മിച്ചെടുക്കാന്‍ സാധിക്കൂ. അതിലൂടെ മാത്രമേ അമിത ലാഭവും ഉണ്ടാക്കാന്‍ സാധിക്കൂ.

വാക്ക് ഫ്രീ ഫൗണ്ടേഷന്റെ മറ്റൊരു കണക്കു അനുസരിച്ചു ഇന്ത്യ ഉള്‍പ്പടെയുള്ള ജി20 രാജ്യങ്ങള്‍ 2021 ഇല്‍ ആധുനിക കാലഘട്ടത്തിലെ അടിമത്തത്തിനിരയായ തൊഴിലാളികള്‍ നിര്‍മിച്ച 41 ലക്ഷം കോടിയുടെ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ജി20 തൊഴിലാളികളെക്കുറിച്ച് സംസാരിക്കാതെ സമ്മേളനം അവസാനിപ്പിക്കുക. അപ്പോള്‍ എല്ലാവരും എല്‍20 കാണിക്കും എന്നറിയാം. ജി 20 യുടെ ഭാഗമായി നടത്തുന്ന ലേബര്‍ സമ്മേളനം ആണ് എല്‍ 20. എല്‍20 രണ്ടു സമ്മേളനങ്ങള്‍ നടത്തി. രാജ്യത്തിന് പുറത്തുപോകുന്ന തൊഴിലാളികളെക്കുറിച്ച് (കുടിയേറ്റ തൊഴിലാളികളെ) സംസാരിച്ചു. അവര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ആ ഇന്‍ഷുറന്‍സ് രാജ്യം മാറിയാലും തുടരാനുള്ള അവസരത്തെക്കുറിച്ചും അതിനുവേണ്ടിയുള്ള കണക്കെടുപ്പിനെക്കുറിച്ചും സംസാരിച്ചു.

എന്നാല്‍ ആഭ്യന്തര തൊഴിലാളികള്‍ അല്ലെങ്കില്‍ കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങളായ അടിമത്തം, വേതനക്കൊള്ള, വേതന തുല്യത ഇല്ലാത്ത അവസ്ഥ, സാമൂഹിക സുരക്ഷാ പദ്ധതികള്‍ ഇല്ലാത്തത് എന്നിവയെക്കുറിച്ച് ഒരക്ഷരം പറയാതെയാണ് ജി20 അവസാനിപ്പിച്ചിരിക്കുന്നത്. എല്ലാത്തിനുമുപരി എങ്ങനെ തൊഴില്‍ അവസരങ്ങളുണ്ടാക്കും എന്നതിനെക്കുറിച്ചും ഒരക്ഷരം മിണ്ടിയിട്ടില്ല.

ലോകത്ത് തൊഴില്‍ ഇല്ലാത്തതു കൊണ്ടും തൊഴിലാളികള്‍ അമിതലാഭം മാത്രം പ്രതീക്ഷിക്കുന്ന കോര്‍പറേറ്റുകളുടെ ചട്ടങ്ങള്‍ക്കനുസരിച്ച് ആധുനിക കാലഘട്ടത്തിലെ അടിമത്തത്തിലേക്ക് നയിക്കുന്ന നിര്‍ബന്ധിത തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത് കൊണ്ടും അസമത്വം ഉച്ചസ്ഥായിലാണ്. സാമൂഹിക അനീതി കൂടിവരികയാണ്. ഇവയെല്ലാം ജനാധിപത്യ അവസ്ഥയ്ക്കു ഭീഷണിയാണ്. ഒപ്പം ആഗോള വളര്‍ച്ചയ്ക്കും. ഇതെല്ലാം ശരിയാക്കണമെങ്കില്‍ ജി20 ആഗോള മൂലധനത്തിനെ നിയന്ത്രിക്കണം. ഒപ്പം തൊഴിലാളിക്ക് മാന്യമായ തൊഴില്‍ സാഹചര്യമുണ്ടാക്കണം. സംഘടിത വിലപേശലിന് വഴിയൊരുക്കണം, തുല്യത ഉറപ്പാക്കണം, സാമൂഹിക നീതി ഉണ്ടാകണം. എങ്കില്‍ മാത്രമേ നല്ല നാളേയിലേക്ക് നമുക്ക് നീങ്ങാന്‍ സാധിക്കൂ. അതിനുള്ള അവസരമായിരുന്നു ഇന്ത്യക്ക് ലഭിച്ച ജി 20 പ്രസിഡന്റ് സ്ഥാനം. അത് നഷ്ടപ്പെടുത്തി എന്നേ ഞാന്‍ പറയൂ.

(ലേഖകന്‍ തൊഴിലാളി അവകാശ ഗവേഷകനും 'രേഖകള്‍ ഇല്ലാത്തവര്‍' എന്ന പുസ്തകത്തിന്റെ രചിയിതാവുമാണ്.)

logo
The Fourth
www.thefourthnews.in