'ഗ്രാമത്തലവനും നരേഷ്‌ ടിക്കായത്തും കേസ് പിൻവലിക്കാൻ സമ്മർദം ചെലുത്തി'; ഉത്തർപ്രദേശിൽ അപമാനിക്കപ്പെട്ട കുട്ടിയുടെ കുടുംബം

'ഗ്രാമത്തലവനും നരേഷ്‌ ടിക്കായത്തും കേസ് പിൻവലിക്കാൻ സമ്മർദം ചെലുത്തി'; ഉത്തർപ്രദേശിൽ അപമാനിക്കപ്പെട്ട കുട്ടിയുടെ കുടുംബം

ഗ്രാമത്തിൽ തുടർന്ന് താമസിക്കാനാകുമോയെന്ന് പോലും ഭയമുണ്ടെന്ന് കുടുംബം

ഉത്തർപ്രദേശിലെ മുസാഫര്‍ നഗറില്‍ ഏഴുവയസ്സുകാരനായ മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെ കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ അധ്യാപിക്കെതിരായ കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടെന്ന് കുട്ടിയുടെ പിതാവ്. ഗ്രാമത്തലവന്മാരും കർഷക നേതാവ് നരേഷ്‌ ടികായത്തും കേസ് പിൻവലിക്കാൻ നിരന്തരം സമ്മർദം ചെലുത്തുന്നുവെന്നാണ് പരാതി. ഗ്രാമത്തിൽ തുടർന്ന് താമസിക്കാനാകുമോയെന്ന് പോലും ഭയമുണ്ടെന്നും കുടുംബം പറയുന്നു.

പരാതിയില്ലെന്ന് പോലീസിനെ അറിയിക്കണമെന്നും മാധ്യമപ്രവർത്തകരുമായി സംസാരിക്കരുതെന്നും ഗ്രാമത്തലവൻ ആവശ്യപ്പെട്ടതായി കുടുംബം വ്യക്തമാക്കി. കേസ് പിൻവലിച്ചില്ലെങ്കിൽ അനന്തരഫലങ്ങള്‍ വലുതാകുമെന്നും ഭീഷണിപ്പെടുത്തി. ഒത്തുതീർപ്പിന്റെ പാതയിലേക്ക് കടക്കുന്നതാണ് നല്ലതെന്ന് കഴിഞ്ഞദിവസം നരേഷ്‌ ടിക്കായത്ത് നിർദേശിച്ചതായും അവർ പറയുന്നു.

'ഗ്രാമത്തലവനും നരേഷ്‌ ടിക്കായത്തും കേസ് പിൻവലിക്കാൻ സമ്മർദം ചെലുത്തി'; ഉത്തർപ്രദേശിൽ അപമാനിക്കപ്പെട്ട കുട്ടിയുടെ കുടുംബം
കുട്ടിയുടെ മുഖത്ത് സഹപാഠികളെ കൊണ്ട് അടിപ്പിച്ച സംഭവം: അധ്യാപികയ്‌ക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റം

കര്‍ഷക നേതാവ് നരേഷ്‌ ടികായത്ത് കഴിഞ്ഞ ദിവസം കുട്ടികളെ ഒരുമിച്ചിരുത്തി ഗ്രാമത്തിലെ കര്‍ഷകരുടെയും മുതിര്‍ന്നവരുടെയും സാന്നിധ്യത്തില്‍ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിരുന്നു. പരസ്പരം ചുംബിച്ചും കെട്ടിപ്പിടിച്ചും കുട്ടികള്‍ സ്‌നേഹം പങ്കുവയ്ക്കുന്ന വിഡീയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി. സമാധാന യോഗമെന്നാണ് നരേഷ്‌ ടിക്കായത്ത് യോഗത്തെ വിശേഷിപ്പിച്ചത്. കേസില്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് കുട്ടിയുടെ പിതാവിനോട് നരേഷ്‌ ടിക്കായത്തും ആവശ്യപ്പെട്ടിരുന്നു.

മകനെ അപമാനമുണ്ടായ സ്‌കൂളിലേക്ക് ഇനി അയയ്ക്കില്ലെന്നും കുട്ടിയെ തല്ലുന്ന വീഡിയോ ഒരുപാട് ഭയപ്പെടുത്തിയെന്നും പിതാവ്

സംഭവത്തില്‍ അധ്യാപികക്കെതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 323,504 വകുപ്പുകള്‍ പ്രകാരമാണ് കേസ്. പരാതിയുടേയും വിവാദങ്ങളുടേയും പിന്നാലെ പോകാൻ കഴിയില്ലെന്നായിരുന്നു മർദനമേറ്റ കുട്ടിയുടെ രക്ഷിതാക്കൾ ആദ്യം സ്വീകരിച്ച നിലപാട്. എന്നാൽ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

അപമാനമുണ്ടായ സ്‌കൂളിലേക്ക് മകനെ ഇനി അയയ്ക്കില്ലെന്നും കുട്ടിയെ തല്ലുന്ന വീഡിയോ ഒരുപാട് ഭയപ്പെടുത്തിയെന്നും പിതാവ് പറഞ്ഞിരുന്നു. വീഡിയോയില്‍ കാണുന്ന അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഫോറന്‍സിക് സംഘം വീഡിയോ പരിശോധിക്കുമെന്നും അതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നുമാണ് പോലീസ് നിലപാട്.

കുട്ടികള്‍ പലപ്പോഴും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നേരിടാറുണ്ടെന്ന് പല കുടുംബങ്ങളും ആരോപിക്കുന്നുണ്ട്

അധ്യാപികയുടെ ഉടമസ്ഥതയിലുള്ള നേഹ പബ്ലിക് സ്‌കൂള്‍ ഗ്രാമത്തിലെ ഏക സ്വകാര്യ സ്‌കൂളാണ്. ഉത്തര്‍പ്രദേശ് സംസ്ഥാന ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സ്‌കൂളിന് 2019ലാണ് അഫിലിയേഷന്‍ ലഭിക്കുന്നത്. സ്‌കൂളില്‍ നിര്‍മാണം നടക്കുന്നതിനാല്‍ വിദ്യാര്‍ഥികളെ വീട്ടിലിരുത്തിയാണ് പഠിപ്പിക്കുന്നത്. 60 ഓളം വിദ്യാര്‍ഥികളുള്ള ക്ലാസ്സില്‍ പകുതിയിലധികം പേരും മുസ്ലീം കുടുംബത്തില്‍ നിന്നുള്ളവരാണ്. കുട്ടികള്‍ പലപ്പോഴും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നേരിടാറുണ്ടെന്ന് പല കുടുംബങ്ങളും ആരോപിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in