മോദിക്ക് മിണ്ടേണ്ടി വന്നു, മണിപ്പൂരിനെ കുറിച്ച്; പ്രതിപക്ഷത്തിന് മുന്നില്‍

മോദിക്ക് മിണ്ടേണ്ടി വന്നു, മണിപ്പൂരിനെ കുറിച്ച്; പ്രതിപക്ഷത്തിന് മുന്നില്‍

മണിപ്പൂര്‍ കലാപം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധ്യമായ എല്ലാം ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

മണിപ്പൂരിലെ വംശീയ സംഘര്‍ഷത്തെ കുറിച്ച് ഒടുവില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന് മുന്നില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2023 മെയ് മൂന്നിന് ആരംഭിച്ച വംശീയ സംഘര്‍ഷം ഒരുവര്‍ഷം പിന്നിടുമ്പോള്‍ വൈകിവന്ന പ്രധാനമന്ത്രിയുടെ പ്രതികരണം, പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിന്റെ നേട്ടമായി വിലയിരുത്തണം. കലാപം കൊടുമ്പിരി കൊണ്ട സമയത്തുള്‍പ്പെടെ വിഷയത്തില്‍ മൗനം പാലിച്ച പ്രധാനമന്ത്രി, ഒടുവില്‍ രാജ്യസഭയിലാണ് വിശദീകരണം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' രണ്ടാം മോദി സര്‍ക്കാരിനെതിരേ കൊണ്ടുവന്ന അവിശ്വാസ ചര്‍ച്ചയിന്മേല്‍ മറുപടി പ്രസംഗം നടത്തവെ പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍ ആദ്യമായി പാര്‍ലമെന്റില്‍ സംസാരിച്ചത്. അന്ന് പ്രതിപക്ഷം സഭവിട്ടിറങ്ങിയതിന് പിന്നാലെയായിരുന്നു പ്രധാന മന്ത്രിയുടെ പ്രതികരണം.

'മണിപ്പൂരിന് നീതി വേണം' എന്ന മുദ്രാവാക്യവുമായി നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയിരുന്നു

മണിപ്പൂര്‍ കലാപം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധ്യമായ എല്ലാം ചെയ്തിട്ടുണ്ടെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വ്യക്തമാക്കിയത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍, രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. കഴിഞ്ഞദിവസം, ലോക്‌സഭയില്‍ പ്രതിപക്ഷം മണിപ്പൂര്‍ വിഷയം ഉയര്‍ത്തി ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. 'മണിപ്പൂരിന് നീതി വേണം' എന്ന മുദ്രാവാക്യവുമായി നടത്തുളത്തിലിറങ്ങിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ്, ഇന്ന് മോദി രാജ്യസഭയില്‍ മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരണം നടത്തിയത്.

മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥയ്ക്ക് മാറ്റമുണ്ട്. ഭൂരിഭാഗം മേഖലകളിലും സ്‌കൂളുകള്‍ വീണ്ടും തുറന്നു. ക്രമസാമാധാനം സമ്പൂര്‍ണമായി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്, പ്രധാനമന്ത്രി പറഞ്ഞു. സംഘര്‍ഷങ്ങളില്‍ 11,000 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 500-ല്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തു. മണിപ്പൂര്‍ ജനത പ്രളയം മൂലമുണ്ടായ പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുകളെ ഇവിടെ നിയോഗിച്ചിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

മോദിക്ക് മിണ്ടേണ്ടി വന്നു, മണിപ്പൂരിനെ കുറിച്ച്; പ്രതിപക്ഷത്തിന് മുന്നില്‍
'ഭരണഘടനയുടെ ആത്മാവ് നശിപ്പിച്ചത് നെഹ്‌റു'; മോദിയുടെയും അനുരാഗ് താക്കൂറിന്റെയും ആരോപണത്തിന് പിന്നിലെ യാഥാർഥ്യം?

മണിപ്പൂര്‍ എന്ന വൈകാരികമായ വിഷയത്തെ പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണ്. ഒരുദിവസം മണിപ്പൂര്‍ നിങ്ങളെ പുറത്താക്കും, പ്രതിപക്ഷ വിമര്‍ശനങ്ങളോട് മോദി പ്രതികരിച്ചു. മണിപ്പൂരിന്റെ ചരിത്രം അറിയുന്നവര്‍ക്ക്, സാമൂഹിക സംഘര്‍ഷങ്ങളുടെ നീണ്ട ചരിത്രമുണ്ടെന്ന് അറിയാം. ഈ സാമൂഹിക സംഘര്‍ഷത്തിന്റെ വേരുകള്‍ വളരെ ആഴത്തിലുള്ളതാണെന്ന് ആര്‍ക്കും നിഷേധിക്കാനാവില്ല. ഇത്രയും ചെറിയ സംസ്ഥാനത്ത് 10 തവണ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടി വന്നത് കോണ്‍ഗ്രസുകാര്‍ മറക്കരുത്. അത് തന്റെ സര്‍ക്കാരിന്റെ കാലത്ത് നടന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

മോദിക്ക് മിണ്ടേണ്ടി വന്നു, മണിപ്പൂരിനെ കുറിച്ച്; പ്രതിപക്ഷത്തിന് മുന്നില്‍
ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുക! രാഹുലിന്റെ ചോദ്യങ്ങള്‍ക്ക് മോദിയുടെ ഉണ്ടയില്ലാ വെടികള്‍

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിലും മണിപ്പൂര്‍ വിഷയം ഉന്നയിച്ചിരുന്നു. മണിപ്പൂര്‍ കലാപത്തെ കുറിച്ച് പ്രതികരിക്കാന്‍ ബിജെപിക്ക് ഭയമാണെന്നും കലാപം അടിച്ചമര്‍ത്താന്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ഒന്നുംതന്നെ ചെയ്തില്ലെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയും തന്റെ പ്രസംഗത്തില്‍ മണിപ്പൂരിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. വരൂ ഈ തെരുവുകളിലെ രക്തം കാണൂ എന്ന നെരൂദ കവിത ഓര്‍മ്മിച്ചുകൊണ്ടായിരുന്നു മഹുവയുടെ പ്രസംഗം.

മോദിക്ക് മിണ്ടേണ്ടി വന്നു, മണിപ്പൂരിനെ കുറിച്ച്; പ്രതിപക്ഷത്തിന് മുന്നില്‍
ഒടുവില്‍ മൗനംവെടിഞ്ഞ് മോദി; 'മണിപ്പൂരിലെ പെൺമക്കൾക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകില്ല'

ഓഗസ്റ്റ് പത്തിന് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് മറുപടിയിയിട്ടായിരുന്നു പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തെ കുറിച്ച് പാര്‍ലമെന്റില്‍ ആദ്യം സംസാരിച്ചത്. എന്നാല്‍ അന്ന് പ്രതിപക്ഷം സഭയില്‍ നിന്നും വാക്കൗട്ട് നടത്തിയതിന് പിന്നാലെയായിരുന്നു പ്രതികരണം. സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കുമെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ക്ഷമിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഉറപ്പുനല്‍കിയിരുന്നു.

രാജ്യം മണിപ്പൂരിനൊപ്പമുണ്ടെന്നും വികസന വഴിയിലേക്ക് സംസ്ഥാനം ഉടന്‍ തിരിച്ചെത്തുമെന്നും മോദി പറഞ്ഞു. ''മണിപ്പൂരില്‍ ഉടന്‍ സമാധാനത്തിന്റെ സൂര്യനുദിക്കും. സമാധാനം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കും. കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കുറ്റക്കാരെ വെറുതെ വിടില്ല. രാജ്യം മണിപ്പൂരിലെ അമ്മമാര്‍ക്കൊപ്പമാണ്''- എന്നും പ്രധാനമന്ത്രി ലോക്സഭയില്‍ പറഞ്ഞിരുന്നു.

മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ടു സ്ത്രീകള്‍ക്കെതിരെ നടന്ന ആള്‍ക്കൂട്ട ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രധാമന്ത്രി ആദ്യമായി വിഷയത്തില്‍ പ്രതികരിച്ചത്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെണ്‍കുട്ടികള്‍ക്ക് എതിരായ ആക്രമണത്തിന് പിന്നിലുള്ള ഒരു വ്യക്തിയും രക്ഷപ്പെടില്ലെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. മണിപ്പൂരില്‍ തുടരുന്ന അക്രമങ്ങള്‍ രണ്ട് മാസത്തോളം പിന്നിട്ടപ്പോഴായിരുന്നു ഈ പ്രതികരണം.

2023 മെയില്‍ ആരംഭിച്ച വംശീയ കലാപത്തില്‍ 220 പേര്‍ കൊല്ലപ്പെട്ടു എന്നാണ് സര്‍ക്കാര്‍ കണക്ക്. അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നാണ് ജനങ്ങള്‍ ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയത്. മണിപ്പൂരിലെ രണ്ട് സീറ്റുകളിലും ബിജെപി പരാജയപ്പെട്ടിരുന്നു. രണ്ട് സീറ്റുകളും കോണ്‍ഗ്രസാണ് നേടിയത്.

logo
The Fourth
www.thefourthnews.in