കാനറ ബാങ്ക് തട്ടിപ്പ് കേസ്: നരേഷ് ഗോയലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

കാനറ ബാങ്ക് തട്ടിപ്പ് കേസ്: നരേഷ് ഗോയലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

സെപ്റ്റംബര്‍ ഒന്നിനാണ് നരേഷ് ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്

കാനറ ബാങ്കില്‍ 538 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രത്യേക പിഎംഎല്‍എ കോടതിയാണ് നരേഷ് ഗോയലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) സെപ്റ്റംബര്‍ ഒന്നിനാണ് നരേഷ് ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ സെന്‍ട്രല്‍ ഏജന്‍സി ഓഫീസിലെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.

കാനറ ബാങ്ക് തട്ടിപ്പ് കേസ്: നരേഷ് ഗോയലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
ഉമര്‍ ഖാലിദ് - അനീതിയുടെ ഇരുട്ടില്‍ മൂന്ന് വര്‍ഷം

ഇഡി റിമാന്‍ഡ് അവസാനിപ്പിച്ച് ഇന്ന് ഗോയലിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇഡി കൂടുതല്‍ റിമാന്‍ഡ് ആവശ്യപ്പെടാത്തതിനാല്‍ ഇദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. എന്നാല്‍ ഭാര്യ കാന്‍സര്‍ രോഗിയാണെന്നും ഇടയ്ക്ക് കീമോതെറാപ്പി ചെയ്യുന്നുണ്ടെന്നും പറഞ്ഞ ഗോയല്‍ തന്നെ തലോജ ജയിലിലേക്ക് അയക്കരുതെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഗോയലിന്റെ അഭ്യര്‍ത്ഥന മാനിച്ച അഡീഷണല്‍ പിഎംഎല്‍എ ജഡ്ജ് എംജി ദേശ്പാണ്ഡെ ഇദ്ദേഹത്തെ അണ്ടര്‍ ട്രയല്‍ ആര്‍തെര്‍ ജയിലിലേക്ക് മാറ്റും. ഗോയലിന്റെ ആരോഗ്യ സ്ഥിതി മാനിച്ച് കോടതി വീട്ടില്‍ പാകം ചെയ്ത ഭക്ഷണവും തലയണയും മെത്തയും അവശ്യമരുന്നുകളും അനുവദിച്ചിട്ടുണ്ട്.

ഗോയലിനെതിരെയും പങ്കാളി അനിതയ്ക്കും എയര്‍ലൈന്‍സിന്റെ മുന്‍ കമ്പനി എക്‌സിക്യൂട്ടീവുകളില്‍ ചിലര്‍ക്കെതിരെയും കാനറ ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ജെറ്റ് എയര്‍ലൈന്‍സ് ലിമിറ്റഡിന് 848.86 കോടി രൂപയുടെ വായ്പ അനുവദിച്ചിരുന്നുവെന്നും എന്നാല്‍ 538.62 കോടി രൂപ കുടിശ്ശികയുണ്ടെന്നുമുള്ള കാനറ ബാങ്കിന്റെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് മെയില്‍ സിബിഐയും ജൂണില്‍ ഇഡിയും നരേഷ് ഗോയലുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.

logo
The Fourth
www.thefourthnews.in