നിതീഷ് കുമാര്‍
നിതീഷ് കുമാര്‍

ജെഡിയു ദേശീയ അധ്യക്ഷ പദവി ഏറ്റെടുത്ത് നിതീഷ്; ലക്ഷ്യം പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം?

2016 മുതല്‍ 2020വരെ ജെഡിയുവിന്റെ ദേശീയ അധ്യക്ഷനായിരുന്നു നിതീഷ്

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ജെഡിയു അധ്യക്ഷനായി തിരഞ്ഞെടുത്തു. ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് നിതീഷിനെ പാര്‍ട്ടി അധ്യക്ഷനായി ഐകകണ്‌ഠേന തിരഞ്ഞെടുത്തത്. നിലവിലെ പ്രസിഡന്റ് രാജീവ് രഞ്ജന്‍ സിങ് സ്ഥാനം ഒഴിഞ്ഞു. രാജീവ് രഞ്ജന്‍ സിങ് ആര്‍ജെഡിയുമായി അടുക്കുന്നെന്ന വാര്‍ത്തകള്‍ക്കിടെയാണ് ജെഡിയു അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി, നിതീഷ് കുമാര്‍ തന്നെ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. 2016 മുതല്‍ 2020വരെ ജെഡിയുവിന്റെ ദേശീയ അധ്യക്ഷനായിരുന്നു നിതീഷ്.

ദേശീയ രാഷ്ട്രീയ നീക്കങ്ങള്‍ സജീവമാക്കുന്നതിനിടെയാണ് നിതീഷ് പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടുമെത്തിയിരിക്കുന്നത്. 2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ യോഗ്യതയുണ്ടെന്ന് ജെഡിയു നേതാക്കള്‍ ആവര്‍ത്തിക്കുന്നുണ്ട്. പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് പ്രതിപക്ഷ ഐക്യ ശ്രമങ്ങള്‍ക്ക് നിതീഷ് മുന്നിട്ടിറങ്ങിയത്. എന്നാല്‍, പ്രതിപക്ഷ മുഖമായി നിലനില്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളും മമത ബാനര്‍ജി അടക്കമുള്ള മറ്റു നേതാക്കളുടെ താത്പര്യങ്ങളും നിതീഷിന് മുന്നിലുള്ള വെല്ലുവിളികളാണ്.

നിതീഷ് കുമാര്‍
രാജ്യത്തിനുചുറ്റും ചാരക്കണ്ണുകൾ ശക്തമാക്കാൻ ഇന്ത്യ; അഞ്ച് വർഷത്തിനുള്ളിൽ ഐഎസ്ആർഒ വിക്ഷേപിക്കുക 50 ഉപഗ്രഹം

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ മുന്നണിയില്‍ മമത ബാനര്‍ജി രംഗത്തുവന്നിരുന്നു. എന്നാല്‍, തനിക്ക് പ്രധാനമന്ത്രി സ്ഥാന മോഹമില്ലെന്നും ബിജെപിക്ക് എതിരെ പ്രതിപക്ഷ ഐക്യം ഉറപ്പിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നുമാണ് നിതീഷ് പറയുന്നത്.

ലാലന്‍ സിങ് എന്നറിയപ്പെടുന്ന ലോക്‌സഭ എംപി കൂടിയായ രാജീവ് രഞ്ജന്‍ സിങ് 2021ലാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തെത്തുന്നത്. നിതീഷുമായി പോര് നടത്തിയ ചരിത്രമുള്ള ലാലന്‍ സിങ് 2010ല്‍ പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞിരുന്നു. രാജീവ് രഞ്ജന്‍ സിങിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ജെഡിയു ആവശ്യപ്പെട്ടെങ്കിലും 2013ല്‍ നിതീഷ് കുമാറുമായി വീണ്ടും അടുത്തതോടെ, ഈ നീക്കത്തില്‍ നിന്ന് പാര്‍ട്ടി പിന്‍മാറി.

നിലവില്‍ തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണ് എന്നായിരുന്നു രാജീവ് രഞ്ജന്റെ ആരോപണം. തന്റെ രാജിയുടെ ഡ്രാഫ്റ്റ് ബിജെപി ഓഫീസില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് ലഭിക്കുമെന്നും ബിജെപി പ്രചരിപ്പിക്കുന്ന അജണ്ടയ്ക്കനുസരിച്ച് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുകയാണെന്നും സിങ് ആരോപിച്ചിരുന്നു. ദേശീയ എക്‌സിക്യൂട്ടീവിന് മുന്‍പായിരുന്നു സിങിന്റെ വിവാദ പരാമര്‍ശം.

logo
The Fourth
www.thefourthnews.in