'മമത'യില്ലാതെ മമത, നീതി കാട്ടാതെ നിതീഷ്‌; ഓര്‍മയാകുമോ ഒരു 'ഇന്ത്യ'ന്‍ മുന്നണിഗാഥ

'മമത'യില്ലാതെ മമത, നീതി കാട്ടാതെ നിതീഷ്‌; ഓര്‍മയാകുമോ ഒരു 'ഇന്ത്യ'ന്‍ മുന്നണിഗാഥ

ലാലു പ്രസാദ് യാദവുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നുമായിരുന്നു ആ യാത്രയുടെ തുടക്കം

ഇന്ത്യ മുന്നണിയുടെ 'നെടുംതൂണായിരുന്നു' ഏതാനും മണിക്കൂറുകള്‍ മുന്‍പുവരെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വീണ്ടും എന്‍ഡിഎ ക്യാമ്പിലേക്ക് നിതീഷ് കുമാര്‍ തിരിച്ചു പോകുന്നു എന്ന് ഉറപ്പിച്ചാൽ കളം മാറി ചാടി ശീലിച്ച നിതീഷിന്റെ സ്വഭാവം അറിയാവുന്നവര്‍ക്ക് അത്ഭുതമൊന്നുമില്ല. ബംഗാളില്‍ സഖ്യത്തിനില്ലെന്ന് മമത കൂടി പ്രഖ്യാപിച്ചതോടെ കലങ്ങിമറിഞ്ഞ അവസ്ഥയിലാണ് ' ഇന്ത്യ' മുന്നണി.

പ്രതിപക്ഷ മുന്നണി കെട്ടിപ്പടുക്കുന്നതില്‍ മുന്നില്‍ നിന്ന നേതാവായിരുന്നു നിതീഷ് കുമാര്‍. കോണ്‍ഗ്രസിന്റെ അടിക്കടിയുള്ള വീഴ്ചയും ശക്തനായ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയില്ലെന്ന പ്രചാരണവുമാണ് നിതീഷിനെ ഡല്‍ഹി മോഹങ്ങള്‍ക്ക് പിന്നാലെ പോകാനും മുന്നണി രൂപീകരണത്തിന് ചുക്കാന്‍ പിടിക്കാനും പ്രേരിപ്പിച്ചത്.

മുന്നണിയുണ്ടാക്കാന്‍ ഓടിനടന്നു, ഒടുവില്‍ പാലം വലിച്ചു

ലാലു പ്രസാദ് യാദവുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നുമായിരുന്നു ആ യാത്രയുടെ തുടക്കം. ശരദ് പവാര്‍, മമത ബാനര്‍ജി, സീതാറാം യെച്ചൂരി, ഡി രാജ, എം കെ സ്റ്റാലിന്‍, അഖിലേഷ് യാദവ്, ഉദ്ധവ് താക്കറെ, അങ്ങനെ ഓരോ നേതാക്കളുമായും നിതീഷ് ചര്‍ച്ച നടത്തി. പ്രതിപക്ഷ സഖ്യം യാഥാര്‍ത്ഥ്യമാക്കാന്‍ കോണ്‍ഗ്രസിനെ കൂട്ടാതെ സാധിക്കില്ലെന്ന വിലയിരുത്തലില്‍ ഒടുവില്‍ കോണ്‍ഗ്രസ് നേതാക്കളുമായി സഹകരിക്കാനും അദ്ദേഹം തയാറായി.

മുഖ്യപ്രതിപക്ഷ മുഖമായി കോണ്‍ഗ്രസ് എത്തില്ലെന്ന ധാരണ നിതീഷിനുണ്ടായിരുന്നു. എന്നാല്‍, പട്‌നയിലെ ആദ്യ യോഗത്തോടെ തന്നെ ചിത്രം വ്യക്തമായി. കോണ്‍ഗ്രസ് പതിയെ കളംപിടിച്ചു. മുന്നണിയുടെ പേരിന് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം അംഗീകരിക്കുക കൂടി ചെയ്തതോടെ നിതീഷ് അസ്വസ്ഥത പരസ്യമാക്കി. 'ഇന്ത്യ' എന്ന പേരുവേണ്ടിയിരുന്നില്ലെന്ന് നിതീഷ് എതിര്‍പ്പറിയിച്ചു. പിന്നീട്, നടന്ന യോഗങ്ങളിലും ഇന്ത്യ മുന്നണിയുടെ പരിപാടികളിലും പതിഞ്ഞ താളമായിരുന്നു ബിഹാര്‍ മുഖ്യമന്ത്രിക്ക്. മുന്നണി കണ്‍വീനര്‍ സ്ഥാനത്തേക്ക് നിതീഷിന്റെ പേര് നിര്‍ദേശിച്ചെങ്കിലും അത് ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. കോണ്‍ഗ്രസിന് ബിഹാറില്‍ വിരലിലെണ്ണാവുന്ന സീറ്റ് മാത്രം നല്‍കുമെന്ന് കടുംപിടിത്തും പിടിച്ചു. മുന്നണിക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മുഖമില്ലെന്ന് ആവര്‍ത്തിച്ചുപറഞ്ഞു.

'മമത'യില്ലാതെ മമത, നീതി കാട്ടാതെ നിതീഷ്‌; ഓര്‍മയാകുമോ ഒരു 'ഇന്ത്യ'ന്‍ മുന്നണിഗാഥ
മമതയെ തോല്‍പ്പിക്കാന്‍ സിപിഎമ്മിനോടുള്ള പക മറന്ന അധിര്‍ രഞ്ജന്‍ ചൗധരി; 'ഇന്ത്യയുടെ' വഴിമുടക്കിയ ശത്രുതയുടെ കഥ

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയിലേക്ക് പ്രതിനിധിയെ അയക്കുമെന്ന് വ്യക്തമാക്കി. ആര്‍ജെഡിയെ ലക്ഷ്യംവെച്ച് കുടുംബാധിപത്യ രാഷ്ട്രീയത്തിന് എതിരെ പ്രസ്താവനയിറക്കി. ഇതോടെ, നിതീഷ് നിലപാട് മാറ്റുകയാണെന്ന് രാഷ്ട്രീയ വൃത്തങ്ങളില്‍ പ്രതീതി നിറഞ്ഞു. ഇതിന് പിന്നാലെ, ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ജാതി വിവേചനത്തിന് എതിരെ പോരാടിയ സോഷ്യലിസ്റ്റ് നേതാവുമായ കര്‍പ്പൂരി ഠാക്കൂറിന് കേന്ദ്രസര്‍ക്കാര്‍ മരണാനന്തര ബഹുമതിയായി ഭാരത് രത്‌ന നല്‍കുകകൂടി ചെയ്തതോടെ നിതീഷ് കുമാര്‍ എന്‍ഡിഎയിലേക്കാണെന്ന് മാധ്യമങ്ങളും രാഷ്ട്രീയ വൃത്തങ്ങളും ഉറപ്പിച്ചു. കര്‍പ്പൂരി ഠാക്കൂറിന് ഭാരത രത്‌ന നല്‍കണമെന്നത് ജെഡിയുവിന്റെ കാലങ്ങളായുള്ള ആവശ്യമായിരുന്നു. തന്റെ ആവശ്യം യാഥാര്‍ത്ഥ്യമാക്കിയതിന് മോദിയോടും ബിജെപിയോടും നന്ദിയുണ്ടെന്നും നിതീഷ് വ്യക്തമാക്കി.

സ്ഥാപകനേതാവ് തന്നെ മുന്നണി വിടുന്നതോടെ, ഇന്ത്യ മുന്നണിയുടെ നില കൂടുതല്‍ പരുങ്ങലിലാകും. ബംഗാളില്‍ മമത ബാനര്‍ജി ഉടക്കിനില്‍ക്കുകയാണ്. കോണ്‍ഗ്രുമായി സഖ്യത്തിനില്ലെന്ന് മമത പ്രഖ്യാപിച്ചു കഴിഞ്ഞു. മഞ്ഞുരക്കലിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും അത് ലക്ഷ്യം കാണാന്‍ കോണ്‍ഗ്രസിന് വലിയ ത്യാഗങ്ങള്‍ സഹിക്കേണ്ടിവരും.

'മമത'യില്ലാതെ മമത, നീതി കാട്ടാതെ നിതീഷ്‌; ഓര്‍മയാകുമോ ഒരു 'ഇന്ത്യ'ന്‍ മുന്നണിഗാഥ
കോണ്‍ഗ്രസ് ബാന്ധവം അവസാനിപ്പിച്ചു; ജഗദീഷ് ഷെട്ടാർ വീണ്ടും ബിജെപിയിൽ

മമത ബാനര്‍ജി നല്‍കാമെന്ന് പറഞ്ഞ് രണ്ടു സീറ്റുകള്‍ മതിയെന്ന് സമ്മതിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന് ബംഗാളില്‍ സഖ്യവുമായി മുന്നോട്ടുപോകാന്‍ സാധിക്കുള്ളു. യുപിയും മഹാരാഷ്ട്രയും ബംഗാളും കഴിഞ്ഞാല്‍ നാലാം സ്ഥാനത്താണ് ലോക്‌സഭ സീറ്റുകളുടെ എണ്ണത്തില്‍ ബിഹാറിന്റെ സ്ഥാനം. ബിജെപിക്ക് പതിനേഴും ജെഡിയുവിന് പതിനാറും സീറ്റാണ് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ ലഭിച്ചത്. ഇത് മുന്നില്‍ക്കണ്ട് നിതീഷിന്റെ നീക്കങ്ങള്‍ക്ക് കുറച്ചുകൂടി പരിഗണന നല്‍കിയിരുന്നെങ്കില്‍ മുന്നണിയ്ക്ക് തകര്‍ച്ച ഒഴിവാക്കാമായിരുന്നു. പ്രാദേശികതലത്തില്‍ ഏറ്റവും കരുത്തരായ രണ്ടു നേതാക്കളെയാണ് സഖ്യത്തിന് നഷ്ടമാകാന്‍ പോകുന്നത്.

ആര്‍ജെഡിയെ സംശയം

കോണ്‍ഗ്രസിന്റെ മുന്നണിയിലേക്കുള്ള വരവും കളം പിടിക്കലും മാത്രമല്ല നിതീഷിനെ എന്‍ഡിഎ ക്യാമ്പിലേക്ക് ചാടാന്‍ വീണ്ടും പ്രേരിപ്പിച്ചത്. ആര്‍ജെഡിയുമായുള്ള സൗന്ദര്യപിണക്കങ്ങളും ഒരു പ്രധാന ഘടകമാണ്. പൊതുവേദികളില്‍ കളിച്ചു ചിരിച്ചു സൗഹൃദം കാണിക്കുന്നുണ്ടെങ്കിലും നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേതജസ്വി യാദവും തമ്മിലുള്ള ബന്ധം അത്ര നല്ലതല്ല. ജെഡിയു നേതാക്കളെ അടര്‍ത്തിയെടുക്കാന്‍ ആര്‍ജെഡി ശ്രമിക്കുന്നുണ്ടെന്ന സംശയം നിതീഷിനുണ്ട്.

തന്റെ ക്യാമ്പില്‍ ആര്‍ജെഡിക്ക് സ്വാധീനം വര്‍ധിച്ചുവരുന്നത് തടയിടാനായി, പാര്‍ട്ടിയില്‍ സമഗ്രമായ അഴിച്ചുപണി നടത്തിയിരുന്നു നിതീഷ് കുമാര്‍. ഇതിന്റെ ഭാഗമായി ആദ്യം ചെയ്തത് രാജീവ് രഞ്ജന്‍ സിങിനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നു നീക്കി ആ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. സിങിന് ആര്‍ജെഡിയുമായി അടുത്ത ബന്ധമുണ്ടെന്ന ചിന്തയാണ് ഇതിന് നിതീഷിനെ പ്രേരിപ്പിച്ചത്.

നിതീഷിന് എതിരെ ആര്‍ ജെ ഡിയിലും വിമര്‍ശനം ശക്തമാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്ന നിതീഷിനെ സഹിക്കേണ്ടിവരുന്നതിലെ അസ്വസ്ഥത പലപ്പോഴായി ആര്‍ ജെ ഡി നേതാക്കള്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. ആര്‍ജെഡി-ജെഡിയു മന്ത്രിമാര്‍ തമ്മിലും പോര് രൂക്ഷമാണ്. അപ്പോഴെല്ലാം മഞ്ഞുരുക്കലിന്റെ ഭാഗമായി ലാലു പ്രസാദ് യാദവ് ഇരു പാര്‍ട്ടികള്‍ക്കുമിടയില്‍ 'പ്രത്യക്ഷപ്പെടാറുമുണ്ട്'. എന്നാല്‍, ഇത്തവണത്തെ മുന്നണി മാറ്റ നീക്കത്തെ ചെറുക്കാന്‍ ആര്‍ജെഡി വേണ്ടവിധം ഇടപെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാകുന്നത്.

പകരം, നിതീഷ് പോയാല്‍ മറ്റു പാര്‍ട്ടികളില്‍ നിന്ന് എംഎല്‍എമാരെ കൂടെനിര്‍ത്തി ഭരണം നിലനിര്‍ത്താനാണ് ആര്‍ജെഡി ശ്രമിക്കുന്നത്. ആര്‍ജെഡിക്ക് 75 എംഎല്‍എമാരാണ് നിലവിലുള്ളത്. ജെഡിയുവിന് 43പേര്‍. ബിജെപിക്ക് 74. കോണ്‍ഗ്രസ് 19, സിപിഐ എംഎല്‍ 12, എഐഎംഐഎമ്മിന് 5, സിപിഐക്കും സിപിഎമ്മിനും രണ്ട് വീതവും എംഎല്‍എമാരുണ്ട്. ജെഡിയു പോയാല്‍ ഭരണം നിലനിര്‍ത്താന്‍ ആര്‍ജെഡി മുന്നണിക്ക് എട്ട് എംഎല്‍എമാരുടെ പിന്തുണകൂടി വേണം. 212 അംഗ നിയമസഭയില്‍ 122 ആണ് കേവലഭൂരിപക്ഷം വേണ്ടത്. ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയുടെ നാല് എംഎല്‍എമാരുമായി ആര്‍ജെഡി നേതൃത്വം ചര്‍ച്ച നടത്തുന്നുണ്ട്. എഐഎംഐഎം എംഎല്‍എമാരും ചില സ്വതന്ത്രരും ആര്‍ജെഡിക്കൊപ്പം നില്‍ക്കുമെന്നും സൂചനയുണ്ട്.

logo
The Fourth
www.thefourthnews.in