ഹിമന്തയും മിലിന്ദും കോൺഗ്രസ് വിടുന്നതായിരുന്നു എനിക്കും താല്പര്യം, മമതയുമായി സഖ്യം പിരിഞ്ഞിട്ടില്ല : രാഹുൽ ഗാന്ധി

ഹിമന്തയും മിലിന്ദും കോൺഗ്രസ് വിടുന്നതായിരുന്നു എനിക്കും താല്പര്യം, മമതയുമായി സഖ്യം പിരിഞ്ഞിട്ടില്ല : രാഹുൽ ഗാന്ധി

കോൺഗ്രസോ മമത ബാനർജിയോ സഖ്യം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചിട്ടില്ലെന്ന് രാഹുൽ

ഹിമന്ത ബിശ്വ ശർമയെ പോലെയും മിലിന്ദ് ദിയോറയെയും പോലുള്ളവർ കോൺഗ്രസ് വിടുന്നതായിരുന്നു തനിക്കും താൽപര്യമെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോടോ ന്യായ് യാത്രയുടെ ഭാഗമായി സമൂഹമാധ്യമങ്ങളിൽ സജീവമായ ചെറുപ്പക്കാരുടെ സംഘവുമായി ബംഗാളിൽ വച്ച് നടത്തിയ സംവാദത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന. ദേശീയതലത്തിൽ കോൺഗ്രസ് നേരിടുന്ന തിരിച്ചടികളുമായി ബന്ധപ്പെട്ടും ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമായി ബന്ധപ്പെട്ടുമുയർന്ന ചോദ്യത്തിന് മറുപടിയായാണ് രാഹുൽ ഈ മറുപടി പറഞ്ഞത്. ഹിമന്ത ബിശ്വ ശർമ്മ പ്രതിനിധീകരിക്കുന്നത് ഒരു പ്രത്യേക തരം രാഷ്ട്രീയമാണ്. അത് കോൺഗ്രസിന്റെ രാഷ്ട്രീയമല്ല എന്നും പറഞ്ഞ രാഹുൽ ഗാന്ധി "ഹിമന്ത മുസ്ലിങ്ങളെ കുറിച്ച് പറഞ്ഞത് നിങ്ങൾ കണ്ടിരുന്നോ? അതിൽ ഒന്നും ചെയ്യാനില്ല, ഞാൻ ഉയർത്തിപ്പിടിക്കുന്ന ചില മൂല്യങ്ങളുണ്ട്" എന്ന് കൂട്ടിച്ചേർത്തു.

ഹിമന്തയും മിലിന്ദും കോൺഗ്രസ് വിടുന്നതായിരുന്നു എനിക്കും താല്പര്യം, മമതയുമായി സഖ്യം പിരിഞ്ഞിട്ടില്ല : രാഹുൽ ഗാന്ധി
'മമത ഏതുനിമിഷവും ഇറങ്ങിപ്പോകും', രാഹുലിനോട് സിപിഎം; ബംഗാളില്‍ പോര് മുറുകുന്നു

ഭാരത് ജോഡോ ന്യായ് യാത്ര അസമിലൂടെ കടന്നുപോയ സമയത്ത് രാഹുൽ ഗാന്ധിയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും തമ്മിൽ വലിയ വാഗ്‌വാദങ്ങളുണ്ടായിരുന്നു. രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന ജനുവരി 22ന് അസമിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു രാഹുൽ ഗാന്ധി എന്നായിരുന്നു ഹിമന്ത ബിശ്വ ശർമയുടെ ആരോപണം. ഇന്ത്യയിലെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്ത ബിശ്വ ശർമ്മ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി.

സമാനമായ രീതിയിൽ മിലിന്ദ് ദിയോറയെയും രാഹുൽ വിമർശിച്ചിരുന്നു. മഹാരാഷ്ട്രയിൽ നിന്ന് കോൺഗ്രസ് വിട്ട് ശിവസേന ഷിൻഡെ വിഭാഗത്തിനൊപ്പം ചേർന്നതിനു ശേഷമാണ് രാഹുൽ ശക്തമായ വിമർശനവുമായി രംഗത്തെത്തിയത്. പാർലമെന്റ് തിരഞ്ഞെടുപ്പിലേക്കുള്ള മഹാരാഷ്ട്രയിലെ സീറ്റ് വിഭജന ചർച്ചകളിൽ അതൃപ്തിയുണ്ടായതിനെ തുടർന്നാണ് മിലിന്ദ് ദിയോറ കോൺഗ്രസ് വിടുന്നത്. 'ഇന്ത്യ' സഖ്യത്തിന്റെ ധാരണയനുസരിച്ച് മിലിന്ദ് ദിയോറ മത്സരിക്കാൻ ആഗ്രഹിച്ച മുംബൈ സൗത്ത് മണ്ഡലം ഉദ്ദവ് താക്കറെയുടെ ശിവസേനയ്ക്കായിരിക്കും ലഭിക്കുക. ഇതിൽ മിലിന്ദ് അതൃപ്തനായിരുന്നു.

നിതീഷ് കുമാർ എൻഡിഎയിലേക്ക് തിരിച്ചു പോയതിനെ കുറിച്ച് ചോദ്യം വന്നപ്പോൾ, ''സമ്മർദ്ദമൊന്നുമില്ലാതെ നിതീഷ് തിരിച്ചുപോകില്ല'' എന്നായിരുന്നു രാഹുലിന്റെ മറുപടി. ഝാർഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ത് സോറൻ അറസ്റ്റു ചെയ്യപ്പെടുന്നതിനു മുമ്പാണ് ഈ സംവാദം നടന്നത്. "ലാലു ജിയെ ചോദ്യം ചെയ്തു, തേജസ്വിയെ ചോദ്യം ചെയ്തു, ഹേമന്ത് സോറനെ ചോദ്യം ചെയ്തു, എന്നെ 55 മണിക്കൂർ ചോദ്യം ചെയ്തു. നിങ്ങൾക്ക് തോന്നുന്നുണ്ടോ നിതീഷ് ജി പ്രത്യേകിച്ച് സമ്മർദ്ദമൊന്നുമില്ലാതെ 'ഇന്ത്യ' വിടും എന്ന്?" -രാഹുൽ ഗാന്ധി ചോദിച്ചു.

ഹിമന്തയും മിലിന്ദും കോൺഗ്രസ് വിടുന്നതായിരുന്നു എനിക്കും താല്പര്യം, മമതയുമായി സഖ്യം പിരിഞ്ഞിട്ടില്ല : രാഹുൽ ഗാന്ധി
കശ്മീർ മുതല്‍ കേരളം വരെ; ഇ ഡി കണ്ണിലെ മുഖ്യമന്ത്രിമാരും മുന്‍ മുഖ്യമന്ത്രിമാരും

മമത ബാനർജിയും തൃണമൂൽ കോൺഗ്രസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ, കോൺഗ്രസോ മമത ബാനർജിയോ സഖ്യം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചിട്ടില്ല എന്നായിരുന്നു രാഹുലിന്റെ മറുപടി. സഖ്യത്തിന്റെ ഭാഗമാണ് എന്ന് തന്നെയാണ് മമത പറഞ്ഞത്. നിലവിലുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നീക്കുപോക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാം പരിഹരിക്കും." -രാഹുൽ ഗാന്ധി പറഞ്ഞു. തൃണമൂൽ കോൺഗ്രസ് ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നായിരുന്നു മമത ബാനർജി നേരത്തെ പറഞ്ഞത്.

logo
The Fourth
www.thefourthnews.in