മണിപ്പൂര്‍ അവിശ്വാസ പ്രമേയം: പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി മോദി പ്രശംസയും ആഗോള പ്രതിച്ഛായയും, ഇന്നും ചര്‍ച്ച

മണിപ്പൂര്‍ അവിശ്വാസ പ്രമേയം: പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി മോദി പ്രശംസയും ആഗോള പ്രതിച്ഛായയും, ഇന്നും ചര്‍ച്ച

മണിപ്പൂരില്‍ നടക്കുന്ന കലാപത്തെ ആയുധമാക്കിയാണ് പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ബിജെപിയെ കടന്നാക്രമിക്കുന്നത്

മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ ഇന്നും ചര്‍ച്ച തുടരും. ചൊവ്വാഴ്ച ആരംഭിച്ച ചര്‍ച്ചയുടെ രണ്ടാം ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സഭയിലെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ന് ലോക്സഭയില്‍ സംസാരിക്കും. വൈകീട്ട് അഞ്ച് മണിയ്ക്കാണ് അമിത് ഷാ സംസാരിക്കുക.

മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്ന ആവശ്യമാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുന്നത്. അക്രമം തടയുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിച്ച് സംസാരിച്ച ഭരണ പക്ഷ എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേട്ടങ്ങൾ എണ്ണിപ്പറയാനാണ് അവിശ്വാസ പ്രമേയ ചർച്ച ഉപയോഗിച്ചത്. ആഗോളതലത്തിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍, ക്ഷേമപദ്ധതികള്‍ എന്നിവയും ഭരണപക്ഷം ചൂണ്ടിക്കാട്ടുന്നു.

വിവിധ വിഷയങ്ങളിലെല്ലാം ചര്‍ച്ച നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സഭയിലുണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്

മണിപ്പൂരിനെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചയെങ്കിലും വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പാണ് ചര്‍ച്ചകളുടെ പ്രധാന ലക്ഷ്യം. 2024 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെ പ്രയോഗിക്കേണ്ട എല്ലാ വിഷയങ്ങളും പാര്‍ലമെന്റിൽ ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് ഈ സമ്മേളനത്തിന്റെ പ്രത്യേകത. പ്രതിപക്ഷത്തിന്റെ പ്രതിരോധ നീക്കങ്ങളും സര്‍ക്കാരിന്റെ അപചയങ്ങളും തിരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ചൈനയുമായുള്ള പരിഹരിക്കപ്പെടാത്ത അതിര്‍ത്തി തര്‍ക്കം, വിലക്കയറ്റം, തൊഴിലില്ലായ്മ, അന്വേഷണ ഏജന്‍സികളെ ദുരൂപയോഗം ചെയ്യല്‍, ഫെഡറലിസത്തിനെതിരെയുള്ള അക്രമം, സ്ത്രീസുരക്ഷ, ഗുസ്തി താരങ്ങളുടെ പ്രതിഷേധം, കര്‍ഷക സമരം എന്നീ വിഷയങ്ങളിലെല്ലാം ജനശ്രദ്ധ കൊണ്ടുവരാന്‍ പ്രതിപക്ഷം പാര്‍ലമെന്റിനെ പരമാവധി ഉപയോഗിക്കുകയാണ്. എന്നാല്‍ വിവിധ വിഷയങ്ങളിലെല്ലാം ചര്‍ച്ച നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സഭയിലുണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.

അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുകയും പ്രമേയത്തില്‍ ചര്‍ച്ച ആരംഭിക്കുകയും ചെയ്ത കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് ശക്തമായാണ് മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, സമാജ് വാദി എന്നീ പാര്‍ട്ടികളടക്കം ബിജെപിയെ കടന്നാക്രമിക്കുമ്പോഴും പ്രധാനമന്ത്രി മൗനം വെടിഞ്ഞിട്ടില്ല. എന്‍ ബിരേന്‍ സിങ് സര്‍ക്കാരിനെ എന്തുകൊണ്ട് പുറത്താക്കുന്നില്ല, പ്രധാനമന്ത്രി എന്തുകൊണ്ട് മണിപ്പൂര്‍ സന്ദര്‍ശിക്കുന്നില്ല എന്നിങ്ങനെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന ചോദ്യങ്ങളാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

തെറ്റുകള്‍ അംഗീകരിക്കാന്‍ ഇഷ്ടപ്പെടാത്തതിനാലാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നതെന്നായിരുന്നു അവിശ്വാസ പ്രമേയത്തിനിടെ ഗൗരവ് ഗൊഗോയ് പറഞ്ഞത്

വംശീയ കലാപം നാശം വിതച്ച മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സുപ്രീംകോടതി മൂന്നംഗ സമിതിയെ രൂപീകരിച്ചതും സര്‍ക്കാരിന്റെ അപചയമായാണ് പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയത്. ബിജെപിയുടെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ എന്ന അവകാശവാദത്തെ തകര്‍ക്കുകയും പരാജയം ഉയര്‍ത്തിക്കാട്ടുകയുമായിരുന്നു പ്രതിപക്ഷത്തിന്റെ ലക്ഷ്യം. തെറ്റുകള്‍ അംഗീകരിക്കാന്‍ ഇഷ്ടപ്പെടാത്തതിനാലാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നതെന്നായിരുന്നു അവിശ്വാസ പ്രമേയത്തിനിടെ ഗൗരവ് ഗൊഗോയ് പറഞ്ഞത്. മണിപ്പൂരില്‍ ഡബിള്‍ എന്‍ജിന്‍ പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ചൈനയുടെ അതിര്‍ത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും, പുല്‍വാമ ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരിലെ മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സത്യപാല്‍ മാലിക് നടത്തിയ വെളിപ്പെടുത്തലിനെപ്പറ്റി ചോദിച്ചപ്പോഴും പ്രധാനമന്ത്രി മൗനം പാലിക്കുകയായിരുന്നുവെന്ന് ഗൊഗോയ് പറഞ്ഞു.

മണിപ്പൂര്‍ അവിശ്വാസ പ്രമേയം: പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി മോദി പ്രശംസയും ആഗോള പ്രതിച്ഛായയും, ഇന്നും ചര്‍ച്ച
മണിപ്പൂര്‍: സാഹചര്യം നേരിട്ട് വിലയിരുത്താന്‍ സുപ്രീംകോടതി, ഹൈക്കോടതി മുൻ ജഡ്ജിമാർ ഉൾപ്പെട്ട സമിതി പരിഗണനയില്‍

കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ ദേശീയ സുരക്ഷ, സാമ്പത്തിക വികസനം, സാമുദായിക സൗഹാര്‍ദം, വിദേശനയം എന്നിവയിലെല്ലാം സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പാര്‍ലമെന്റില്‍ മനീഷ് തിവാരി ഓര്‍മിപ്പിച്ചു. ഹരിയാനയിലെ വര്‍ഗ്ഗീയ കലാപത്തെക്കുറിച്ചും കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ധ്രൂവീകരണ രാഷ്ട്രീയവും പാര്‍ലമെന്റില്‍ ചര്‍ച്ചയായി. ഫെഡറലിസത്തെ തകര്‍ക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുകയാണെന്നും ന്യൂനപക്ഷ സമുദായങ്ങള്‍ മാത്രം രാജ്യത്ത് വേട്ടയാടുന്നവെന്നും വിമര്‍ശനം ഉയര്‍ന്നു.

ഒമ്പത് വര്‍ഷത്തിനിടെ ഒമ്പത് സംസ്ഥാന സര്‍ക്കാരുകളെയാണ് ബിജെപി അധികാരത്തില്‍ നിന്ന് താഴെയിറക്കിയതെന്നായിരുന്നു എന്‍സിപി എംപി സുപ്രിയ സുലെയുടെ വിമര്‍ശനം. സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കുക, വിലക്കയറ്റം, സ്ഥാപനങ്ങളുടെ തകര്‍ച്ച, അന്താരാഷ്ട്ര സൂചികകളിലെ ഇടിവ്, മണിപ്പൂരിലെ വംശീയ കലാപം എന്നിവ മാത്രമാണ് സര്‍ക്കാരിന്റെ നേട്ടങ്ങളെന്നും അവര്‍ പറഞ്ഞു. ഓരോ മൂന്ന് മണിക്കൂറിലും ഒരു സ്ത്രീ ഉത്തര്‍പ്രദേശില്‍ ശാരീരിക പീഡനം നേരിടുന്നതായി എന്‍സിആര്‍ബി ഡാറ്റയില്‍ സൂചിപ്പിക്കുന്നുണ്ടെന്ന് എംപി ഡിപിള്‍ യാദവ് ചൂണ്ടിക്കാട്ടി. ഇരട്ട സര്‍ക്കാര്‍ വാദം ഉന്നയിക്കുന്ന ഇവര്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം.

logo
The Fourth
www.thefourthnews.in