ജയിലിൽ വിഐപി പരിഗണന; ശശികലയ്ക്കും ഇളവരശിക്കും
കർണാടക ലോകായുക്ത കോടതിയുടെ അറസ്റ്റ് വാറന്റ്

ജയിലിൽ വിഐപി പരിഗണന; ശശികലയ്ക്കും ഇളവരശിക്കും കർണാടക ലോകായുക്ത കോടതിയുടെ അറസ്റ്റ് വാറന്റ്

നിരവധി തവണ സമൻസ് അയച്ചിട്ടും ഹാജരാകാതായതോടെയാണ് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

അനധികൃത സ്വത്തുസമ്പാദന കേസിൽ പ്രതികളായിരുന്ന വി കെ ശശികലയ്ക്കും ബന്ധു ഇളവരശിക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് കർണാടക ലോകായുകത കോടതി. അനധികൃത സ്വത്തുസമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയവേ ജയിൽ മേധാവിക്ക് കൈക്കൂലി നൽകി വിഐപി പരിഗണന അനുഭവിച്ച കേസിലാണ് ജാമ്യമില്ലാ അറസ്റ്റുവാറന്റ്.

ജയിലിൽ വിഐപി പരിഗണന; ശശികലയ്ക്കും ഇളവരശിക്കും
കർണാടക ലോകായുക്ത കോടതിയുടെ അറസ്റ്റ് വാറന്റ്
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹര്‍ജി: വിധി പറയുന്നത് മാറ്റി സുപ്രീം കോടതി

ഒക്ടോബർ അഞ്ചിന് ശശികലയും  ഇളവരശിയും കോടതിയിൽ നേരിട്ട് ഹാജരാകണം. കർണാടക സർക്കാരിന് കീഴിലുള്ള അഴിമതി വിരുദ്ധ ബ്യുറോ അന്വേഷിച്ച കേസാണ് ജയിലിലെ വിഐപി പരിഗണന. 2017 ൽ ആയിരുന്നു അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട ശശികലയും ഇളവരശിയും ജയലളിതയുടെ ദത്തുപുത്രൻ സുധാകറും പരപ്പന അഗ്രഹാര ജയിലിൽ അടക്കപ്പെട്ടത്.

അന്നത്തെ ജയിൽ സൂപ്രണ്ട് ഉൾപ്പടെയുള്ള മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് രണ്ട് കോടി രൂപ കൈക്കൂലി നൽകി ശശികല വിഐപി പരിഗണന ലഭിച്ചെന്ന് കണ്ടെത്തിയത് ജയിൽ ഡി ഐ ജി ആയിരുന്ന ഡി രൂപ ഐപിഎസ് ആയിരുന്നു. ശശികലയും ഇളവരശിയും ജയിലിന് പുറത്ത് പോകുന്നതും അകത്ത് എല്ലാ സൗകര്യങ്ങളുമുള്ള മുറിയിൽ കഴിയുന്നതുമായ ഫോട്ടോകളും ദൃശ്യങ്ങളും തെളിവായി നൽകിയായിരുന്നു രൂപ ഐപിഎസ് ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകിയത്. ഇതേ തുടർന്നായിരുന്നു അഴിമതി വിരുദ്ധ ബ്യുറോ കേസ് അന്വേഷിച്ചതും ലോകായുക്ത കോടതിയിൽ കേസെത്തിയതും.

ശശികല കൈക്കൂലി നൽകിയെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്കെതിരെയുള്ള കേസ് കഴിഞ്ഞ മെയ് മാസം കർണാടക ഹൈ കോടതി റദ്ദാക്കിയിരുന്നു. ഇതേതുടർന്ന് ശശികല ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് റദ്ദാക്കാൻ കോടതി വിസമ്മതിച്ചു. ലോകായുക്ത കോടതി നിരവധി തവണ ഹാജരാകാൻ സമൻസ് അയച്ചെങ്കിലും ശശികല നോട്ടീസിന് മറുപടി നൽകുകയോ കോടതിയിൽ ഹാജരാകുകയോ ചെയ്തിരുന്നില്ല.

logo
The Fourth
www.thefourthnews.in