'മണിക്കൂറിൽ 53 റോഡപകടങ്ങള്‍;' കഴിഞ്ഞ വർഷം രാജ്യത്തെ റോഡുകളിൽ പൊലിഞ്ഞത് 1,68,491 ജീവനുകൾ;

'മണിക്കൂറിൽ 53 റോഡപകടങ്ങള്‍;' കഴിഞ്ഞ വർഷം രാജ്യത്തെ റോഡുകളിൽ പൊലിഞ്ഞത് 1,68,491 ജീവനുകൾ;

2021നെ അപേക്ഷിച്ച് 2022-ൽ റോഡപകടങ്ങളുടെ എണ്ണം 11.9 ശതമാനത്തിന്റെയും മരണസംഖ്യയിൽ 9.4 ശതമാനത്തിന്റെയും വർധനയാണ് ഉണ്ടായത്

രാജ്യത്തുണ്ടാകുന്ന റോഡപകടങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നതായി ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. റിപ്പോർട്ട് പ്രകാരം, 2022ൽ ഇന്ത്യയിലെ റോഡുകളിൽ ഓരോ മണിക്കൂറിലും 53 അപകടങ്ങളും 19 അപകട മരണങ്ങളുമാണ് ഉണ്ടാകുന്നത്. അമിത വേഗതയാണ് മിക്ക അപകടങ്ങളുടെയും പ്രധാന കാരണം. റോഡുകളിൽ കൊല്ലപ്പെടുന്നവരിൽ ഭൂരിഭാഗവും 18-45 പ്രായപരിധിയിലുള്ളവരാണ്.കൂടാതെ കഴിഞ്ഞ വർഷം 9,528 കുട്ടികളുടെ ജീവൻ റോഡ് അപകടങ്ങളിൽ നഷ്ടമായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സേവ് ലൈഫ് ഫൗണ്ടേഷന്റെ വിശകലന റിപ്പോർട്ട് പ്രകാരം, ലോകത്ത് ഏറ്റവും തീവ്രതയേറിയ റോഡപകടങ്ങൾ നടക്കുന്ന 20 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ

രാജ്യത്തുണ്ടാകുന്ന റോഡപകട മരണങ്ങളിൽ 44 ശതമാനവും ഇരുചക്ര വാഹനങ്ങളിൽ അപകടത്തിൽ പെട്ടാണുണ്ടാകുന്നത്. ഏകദേശം 75000 ത്തോളം മരണങ്ങളാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഉണ്ടായത്. 32,825 കാൽനടയാത്രക്കാരും റോഡുകളിലെ അപകടങ്ങളിൽ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ, സുരക്ഷ ഉറപ്പുവരുത്തുന്നതിന് അടിയന്തരമായി പരിഹാരം കാണണമെന്ന് റോഡ് സുരക്ഷാ വിദഗ്ധർ ആവശ്യപ്പെട്ടിട്ടുണ്ട്.

2022ൽ, ഏകദേശം 1264 അപകടങ്ങൾ ദിനേന സംഭവിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഒരുവർഷം കൊണ്ട് രാജ്യത്തുടനീളം 4,61,312 റോഡപകടങ്ങളിൽ നിന്നായി 1,68,491 പേർക്കാണ് ജീവൻ നഷ്ടമായത്. 2021നെ അപേക്ഷിച്ച് 2022-ൽ റോഡപകടങ്ങളുടെ എണ്ണം 11.9 ശതമാനത്തിന്റെയും മരണസംഖ്യയിൽ 9.4 ശതമാനത്തിന്റെയും വർധനയാണ് ഉണ്ടായത്.

2012 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ റോഡപകടങ്ങളുടെ തീവ്രതയിലും വർധനവുണ്ടായതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഓരോ നൂറ് അപകടങ്ങളിലും കൊല്ലപ്പെടുന്നവരുടെ എണ്ണം പരിശോധിച്ചാണ് തീവ്രത കണക്കാക്കുന്നത്. 2002-12 കാലഘട്ടത്തിൽ 28.2 ശതമാനമായിരുന്ന അപകട തീവ്രത കഴിഞ്ഞ ദശാബ്ദത്തിൽ 36.5 ശതമാനായി വർധിച്ചിട്ടുണ്ട്. കോവിഡ് മഹാമാരി പടർന്നുപിടിച്ച 2020-21 കാലത്ത് അപകടങ്ങളുടെ എണ്ണത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും തീവ്രത 37 ശതമാനത്തിനും മുകളിലായിരുന്നു.

'മണിക്കൂറിൽ 53 റോഡപകടങ്ങള്‍;' കഴിഞ്ഞ വർഷം രാജ്യത്തെ റോഡുകളിൽ പൊലിഞ്ഞത് 1,68,491 ജീവനുകൾ;
ഗാസയിലെ ജബലിയ അഭയാർഥി ക്യാമ്പില്‍ തുടർ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 195 പേർ; യുദ്ധകുറ്റകൃത്യമെന്ന് യുഎൻ സംഘടന

മെച്ചപ്പെട്ട ട്രോമ കെയർ, അപകടത്തിന്റെ ആഘാതം കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള ട്രാഫിക് നടപടികളുടെ ആവശ്യകത എന്നിവ അടിവരയിടുന്നതാണ് അപകടത്തിലുണ്ടാകുന്ന മരണങ്ങളുടെ തോതിലെ വർധനയെന്ന് സർക്കാർ പറയുന്നു. സേവ് ലൈഫ് ഫൗണ്ടേഷന്റെ വിശകലന റിപ്പോർട്ട് പ്രകാരം, ലോകത്ത് ഏറ്റവും തീവ്രതയേറിയ റോഡപകടങ്ങൾ നടക്കുന്ന 20 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. ഇന്ത്യയിലെ 63.32 ലക്ഷം കിലോമീറ്റർ നീളമുള്ള റോഡ് ശൃംഖലയുടെ ആകെ 4.9 ശതമാനമാണ് വരുന്ന ദേശീയ-സംസ്ഥാന പാതകൾ. എന്നാൽ രാജ്യത്തെ റോഡപകടങ്ങളുടെ 56.1 (2,58,679) ശതമാനവും നടക്കുന്നത് ഈ റോഡുകളിലാണ്.

logo
The Fourth
www.thefourthnews.in