സർവൈവല്‍ ഓഫ് ദ റിച്ചസ്റ്റ്; ഇന്ത്യയിലെ 70 കോടി ജനങ്ങളെക്കാള്‍ സമ്പത്ത് 21 കോടീശ്വരന്മാരുടെ പക്കല്‍

സർവൈവല്‍ ഓഫ് ദ റിച്ചസ്റ്റ്; ഇന്ത്യയിലെ 70 കോടി ജനങ്ങളെക്കാള്‍ സമ്പത്ത് 21 കോടീശ്വരന്മാരുടെ പക്കല്‍

കോവിഡ് ആരംഭിച്ച സമയം മുതൽ കഴിഞ്ഞ നവംബർ വരെ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ആസ്തിയില്‍ 121 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്

ഇന്ത്യയിലെ 21 കോടീശ്വരന്മാർ രാജ്യത്തെ 70 കോടി ജനങ്ങളെക്കാള്‍ സമ്പന്നരെന്ന് റിപ്പോർട്ട്. ഓക്സ്ഫാം ഇന്ത്യ പുറത്തുവിട്ട 'സർവൈവല്‍ ഓഫ് ദ റിച്ചസ്റ്റ്: ദ ഇന്ത്യ സ്റ്റോറി' എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. കോവിഡ് ആരംഭിച്ച സമയം മുതൽ കഴിഞ്ഞ നവംബർ വരെ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ആസ്തിയില്‍ 121 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. അതായത്, പ്രതിദിനം 3,608 കോടി രൂപയുടെ വർധനയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തിങ്കളാഴ്ച സ്വിറ്റ്സർലന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക്ക് ഫോറത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

2012 മുതൽ 2021 വരെ കാലയളവിൽ, രാജ്യത്തെ മൊത്തം സ്വത്തിൽ 40 ശതമാനവും സമ്പന്ന വിഭാഗത്തിനാണ് ലഭിച്ചത്. പകുതിയിലധികം വരുന്ന പട്ടിണിപ്പാവങ്ങൾക്ക് മൂന്ന് ശതമാനവും

2021ൽ രാജ്യത്തെ മൊത്തം സമ്പത്തിന്റെ 62 ശതമാനത്തിലധികം 5 ശതമാനം മാത്രം വരുന്ന സമ്പന്ന വിഭാഗം കൈവശം വച്ചിട്ടുണ്ട്. 2012 മുതൽ 2021 വരെ കാലയളവിൽ, രാജ്യത്തെ മൊത്തം സ്വത്തിൽ 40 ശതമാനവും സമ്പന്ന വിഭാഗത്തിനാണ് ലഭിച്ചത്. പകുതിയിലധികം വരുന്ന പട്ടിണിപ്പാവങ്ങൾക്ക് മൂന്ന് ശതമാനം മാത്രമാണ് ലഭിച്ചത്. മാത്രമല്ല, ഇന്ത്യയിലെ 100 സമ്പന്നരുടെ മൊത്തം സമ്പത്ത് 54.12 ലക്ഷം കോടി രൂപയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ശതകോടീശ്വരന്മാരുടെ എണ്ണം 2020ൽ 102ൽ നിന്ന് 2022ൽ 166 ആയി ഉയർന്നുവെന്നും വ്യക്തമാണ്.

15 കോടിയോളം വരുന്ന മൊത്തം നികുതിയുടെ 64 ശതമാനവും ദരിദ്രരിൽ നിന്നും മധ്യ വർഗത്തിൽ നിന്ന് 33 ശതമാനവും സമ്പന്നരിൽ നിന്ന് വെറും മൂന്ന് ശതമാനവുമാണ് കേന്ദ്രം ഈടാക്കുന്നത്

ഇന്ത്യയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനും സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അസമത്വത്തിനെതിരെ പോരാടുന്നതിനുമായി പ്രവർത്തിക്കുന്ന സംഘടനയാണ് ഓക്സ്ഫാം ഇന്ത്യ. റിപ്പോർട്ടിൽ പറയുന്ന സമ്പന്നർക്ക് 2 ശതമാനം നികുതി ചുമത്തിയാല്‍ ഭീമമായ തുക ലഭിക്കും. അടുത്ത മൂന്ന് വർഷത്തേക്ക് പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ആവശ്യമെന്ന് രാജ്യം വിലയിരുത്തുന്ന 40,423 കോടി രൂപ കണ്ടെത്താന്‍ ഇത് സഹായിക്കുമെന്നാണ് സംഘടനയുടെ വിലയിരുത്തല്‍. ഇതിന്റെ പശ്ചാത്തലത്തില്‍, വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ വെൽത്ത് ടാക്സ് പോലുള്ള നികുതി നടപടികൾ നടപ്പാക്കാൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോടും സംഘടന ആവശ്യപ്പെട്ടു.

സർവൈവല്‍ ഓഫ് ദ റിച്ചസ്റ്റ്; ഇന്ത്യയിലെ 70 കോടി ജനങ്ങളെക്കാള്‍ സമ്പത്ത് 21 കോടീശ്വരന്മാരുടെ പക്കല്‍
ആസ്തി 137.4 ബില്യണ്‍ ഡോളർ : ലോക സമ്പന്നരിൽ മൂന്നാമനായി അദാനി

സമ്പന്നരുമായി താരതമ്യപ്പെടുത്തുമ്പോൾ ദരിദ്രർ ഉയർന്ന നികുതി നൽകുന്നുണ്ടെന്നും അവശ്യവസ്തുക്കൾക്കും സേവനങ്ങൾക്കുമായി കൂടുതൽ ചെലവഴിക്കുന്നുണ്ടെന്നും ഓക്സ്ഫാം ഇന്ത്യ സിഇഒ അമിതാഭ് ബെഹാർ പറഞ്ഞു. 15 കോടിയോളം വരുന്ന മൊത്തം നികുതിയുടെ 64 ശതമാനവും ദരിദ്രരിൽ നിന്നാണ് കേന്ദ്രം ഈടാക്കുന്നത്. മധ്യ വർഗത്തിൽ നിന്ന് 33 ശതമാനവും സമ്പന്നരിൽ നിന്ന് വെറും മൂന്ന് ശതമാനവുമാണ് നികുതി ഈടാക്കുന്നത്. സമ്പന്നർക്ക് നികുതി ചുമത്താനും അവർ ന്യായമായ വിഹിതം നൽകുന്നുവെന്ന് ഉറപ്പാക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള അസമത്വങ്ങൾ ഇല്ലാതാക്കുന്നതായി പാരമ്പര്യ സ്വത്തുക്കൾക്ക് നികുതി ഈടാക്കാനും ധനമന്ത്രിയോട് അഭ്യർഥിക്കുന്നതായി അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in