അഴിമതിയിൽ മുങ്ങിയ താമര, നേതൃപോരാട്ടം തളർത്തുന്ന കോൺഗ്രസ്,
തൂക്കുസഭയിൽ നേട്ടം കാത്ത് ദൾ;  കർ'നാടകം'

അഴിമതിയിൽ മുങ്ങിയ താമര, നേതൃപോരാട്ടം തളർത്തുന്ന കോൺഗ്രസ്, തൂക്കുസഭയിൽ നേട്ടം കാത്ത് ദൾ; കർ'നാടകം'

ശക്തമായ ത്രികോണ മത്സരം, എല്ലാവർക്കും അഭിമാന പോരാട്ടം. ഏതൊക്കെ ഘടകങ്ങളാകും കർണാടകത്തില്‍ ബിജെപിക്കും കോൺഗ്രസിനും ജെഡിഎസിനും വെല്ലുവിളി ആകുന്നതും ഗുണമാകുന്നതും?

കർണാടകത്തില്‍ സംവരണ പ്രശ്നം അപ്രതീക്ഷിത വെല്ലുവിളിയായി ബിജെപിയെ വരിഞ്ഞുമുറുക്കുകയാണ് . പട്ടികജാതി സംവരണത്തിനുള്ളിൽ സംവരണമുണ്ടാക്കിയും മുസ്ലീം ഒബിസി സംവരണം റദ്ദാക്കിയും വോട്ട് ബാങ്കുകളുടെ ഏകീകരണത്തിനു ശ്രമിച്ച് കൈപൊള്ളിയിരിക്കുകയാണ് ബൊമ്മെയ്ക്കും ബിജെപിക്കും. വൊക്കലിഗ-ലിംഗായത്ത് സമുദായങ്ങൾക്ക്‌ സംവരണ ആനുകൂല്യം വർധിപ്പിച്ച് ഹിന്ദു വോട്ടുകളുടെ ധ്രുവീകരണമായിരുന്നു ലക്ഷ്യം. ആ വിഭാഗത്തെ ഒപ്പം കിട്ടുമെന്നായപ്പോൾ കയ്യിൽനിന്നു ചോരുകയാണ് ദളിത് വോട്ടുകൾ. പട്ടികജാതി, മുസ്ലിം വിഭാഗങ്ങൾ സർക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലാണ്. 

40 ശതമാനം കമ്മീഷൻ സർക്കാർ എന്ന ചീത്ത പേര് കേൾപ്പിച്ചാണ്  ബസവരാജ്‌ ബൊമ്മെയുടെ പടിയിറക്കം

ബസവരാജ് ബൊമ്മെ
ബസവരാജ് ബൊമ്മെ

അഴിമതി ആരോപണവും ഭരണവിരുദ്ധ വികാരവും കൂടി ശ്വാസം മുട്ടിക്കുന്നുണ്ട് ബൊമ്മെ സർക്കാരിനെ. എംഎൽഎമാർ ഉൾപ്പടെ സർക്കാർ പദ്ധതികളുടെ കരാർ ലഭിക്കാൻ കോൺട്രാക്ടർമാരിൽനിന്ന് കമ്മീഷൻ പറ്റുന്നുവെന്ന ആരോപണം നേരിടുകയാണ് സർക്കാർ. 40 ശതമാനം കമ്മീഷൻ സർക്കാർ എന്ന ചീത്ത പേര് കേൾപ്പിച്ചാണ്  ബസവരാജ്‌ ബൊമ്മെയുടെ പടിയിറക്കം.

ഉൾപാർട്ടി പോരാണ്  ബിജെപിക്ക് തലവേദനയാകുന്ന മറ്റൊരു കാര്യം. കർണാടകത്തിലെ ഔദ്യോഗിക പക്ഷത്തിന് വലിയ മതിപ്പില്ലാത്ത ബി എസ് യെദ്യൂരപ്പയെ തന്നെ മുന്നിൽ നിർത്തി തിരഞ്ഞെടുപ്പിനെ നേരിടേണ്ട ഗതികേടിലാണ് ബിജെപി. എല്ലാ പ്രതിസന്ധിയിലും ബിജെപിയുടെ തുറുപ്പു ചീട്ട് ഡബിൾ എൻജിൻ സർക്കാർ മാഹാത്മ്യമാണ്. നിരവധി കേന്ദ്ര സർക്കാർ പദ്ധതികളാണ് കർണാടകത്തില്‍ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഉദ്‌ഘാടനം ചെയ്യപ്പെട്ടത്.

അഴിമതിയിൽ മുങ്ങിയ താമര, നേതൃപോരാട്ടം തളർത്തുന്ന കോൺഗ്രസ്,
തൂക്കുസഭയിൽ നേട്ടം കാത്ത് ദൾ;  കർ'നാടകം'
കര്‍ണാടകത്തിൽ വോട്ടെടുപ്പ് മെയ് 10 ന്; വോട്ടെണ്ണല്‍ 13 ന്
ഡി കെ ശിവകുമാര്‍
ഡി കെ ശിവകുമാര്‍

മുഖ്യമന്ത്രി പദവി തർക്കമുൾപ്പെടെ ഉൾപ്പോര് രൂക്ഷമാണ് കോൺഗ്രസിലും. മുഖ്യമന്ത്രി പദവിക്കായി മുതിർന്ന നേതാക്കളായ ഡി കെ ശിവകുമാറും സിദ്ധരാമയ്യയും പോർമുഖം തുറന്നിട്ട് മാസങ്ങളായി. നേതാക്കളുടെ പോക്ക് കണ്ട് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഹൈക്കമാൻഡ് നീക്കം. ബിജെപിക്ക് ഒപ്പത്തിനൊപ്പം എന്ന പ്രതീതി ജനിപ്പിച്ചാണ് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം.

സംവരണ പ്രശ്നത്തിൽ ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്ന  ഒബിസി - എസ്‌ സി വോട്ടുകളുറപ്പിക്കുകയാണ് കോൺഗ്രസ്

ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കലാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ വെല്ലുവിളി. ലിംഗായത്ത്-വൊക്കലിഗ വോട്ടുകൾ ചോരാതെ കാക്കണം, മുസ്‌ലിം വോട്ട് ബാങ്കിൽ എസ്‌ഡിപിഐയും മജ്‌ലിസെ (AIIMA) പാർട്ടിയും വിള്ളൽ വീഴ്ത്താതെ നോക്കണം, കടമ്പകൾ ഏറെയുണ്ട് കോൺഗ്രസ് പാർട്ടിക്ക്. സംവരണ പ്രശ്നം ഒട്ടും പ്രതീക്ഷിക്കാതെ വീണുകിട്ടിയ അവസരമാണ് കോൺഗ്രസിന്. സംവരണ പ്രശ്നത്തിൽ ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്ന  ഒബിസി - എസ്‌ സി വോട്ടുകളുറപ്പിക്കുകയാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ നൽകിയ ആകർഷകങ്ങളായ തിരഞ്ഞടുപ്പ് വാഗ്‌ദാനങ്ങളും വോട്ടായി മാറുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് പാർട്ടി.

ദേവഗൗഡ, എച്ച് ഡി കുമാരസ്വാമി
ദേവഗൗഡ, എച്ച് ഡി കുമാരസ്വാമി

ആറു മാസം മുൻപേ തിരഞ്ഞെടുപ്പ് കളത്തിലുണ്ട് ജനതാ ദൾ എസ്. ആർക്കും ഭൂരിപക്ഷം കിട്ടാത്ത തൂക്കുസഭയാണ് വരുന്നതെങ്കിൽ കിങ് മേക്കർ ആകാനും ആവശ്യമെങ്കിൽ കിങ് ആകാനുമൊക്കെയുള്ള തയ്യാറെടുപ്പിലാണ് ഈ പ്രാദേശിക പാർട്ടി. പരമാവധി സീറ്റുകൾ നേടി വിലപേശൽ ശക്തി കൂട്ടാനാണ് നീക്കം. മൈസൂർ കർണാടകയ്ക്ക് പുറത്തേക്ക് വളരാത്ത ഒരു ബോൺസായി മരമാണ് കന്നഡിഗരെ സംബന്ധിച്ചിടത്തോളം ഈ പാർട്ടി. പാർട്ടിയെ കരകയറ്റാൻ എച്ച് ഡി ദേവഗൗഡ അനാരോഗ്യം മറന്നും കളത്തിലുണ്ട്. പാർട്ടിയിലെ മക്കൾ പോരാണ്‌ ഗൗഡ പരിവാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഗൗഡ കുടുംബത്തിൽനിന്ന് അര ഡസൻ ആളുകൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ്.

അഴിമതിയിൽ മുങ്ങിയ താമര, നേതൃപോരാട്ടം തളർത്തുന്ന കോൺഗ്രസ്,
തൂക്കുസഭയിൽ നേട്ടം കാത്ത് ദൾ;  കർ'നാടകം'
കര്‍ണാടക വീണ്ടും തിരഞ്ഞെടുപ്പ് പോരിന്; താമര വാഴുമോ കൊഴിയുമോ ?

ബിജെപിക്കും കോൺഗ്രസിനും പുറമെ ഇത്തവണ ആം ആദ്മി പാർട്ടിയും മജ്‌ലിസെ പാർട്ടിയും എസ്‌ഡിപിഐയും ശ്രീരാമ സേനയും കർണാടകയില്‍ പോരിനിറങ്ങുന്നുണ്ട്. ആരും ഇതുവരെ തിരഞ്ഞെടുപ്പ് സഖ്യത്തിൽ ഏർപ്പെട്ടിട്ടില്ല. 5.21 ലക്ഷം വോട്ടർമാരാണ് ഇവരുടെ വിധി കുറിക്കുക.

logo
The Fourth
www.thefourthnews.in