പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് രാജിവച്ചു

പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് രാജിവച്ചു

ഗവർണർക്കെതിരെ ആം ആദ്മി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു

പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് രാജി പ്രഖ്യാപിച്ചു. പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനവും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിന്റെ അഡ്മിനിസ്ട്രേറ്റർ പദവിയും ബൻവാരിലാൽ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്നാണ് രാജ്ഭവന്‍ പുറത്തുവിട്ട കത്തില്‍ വ്യക്തമാക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കഴിഞ്ഞ ദിവസം പുരോഹിത് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാജി പ്രഖ്യാപിച്ചിരിക്കുന്നത്.

പഞ്ചാബിലെ ആം ആദ്മി സർക്കാരുമായുണ്ടായ തർക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ കുറച്ചുകാലമായി ബൻവാരിലാൽ പുരോഹിത് വിവാദങ്ങളുടെ ഭാഗമായിരുന്നു. ബില്ലുകളിൽ ഒപ്പുവയ്ക്കാത്തതിന്റെ പേരിലും, നിയമസഭാ സമ്മേളനങ്ങളുടെ അജണ്ട അംഗീകരിക്കാതിരുന്നതിന്റെ പേരിലും ഗവർണർക്കെതിരെ ആം ആദ്മി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ശേഷം ഗവർണർക്കെതിരെ സുപ്രീം കോടതി അഭിപ്രായപ്രകടനം നടത്തിയത് വലിയ ചർച്ചകൾക്ക് വഴിവച്ചതിനു ശേഷമാണ് ഇപ്പോൾ പഞ്ചാബ് ഗവർണർ സ്ഥാനം ബന്‍വാരിലാൽ പുരോഹിത് രാജി പ്രഖ്യാപിച്ചിരിക്കുന്നത്.

പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് രാജിവച്ചു
'അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ നിയമനടപടി നേരിടേണ്ടി വരും'; മുഖ്യമന്ത്രി ഭഗവന്ത് മന്നിന് പഞ്ചാബ് ഗവർണറുടെ താക്കീത്

ബില്ലുകളിൽ ഒപ്പുവയ്ക്കാൻ താമസിക്കുന്നതും പ്രത്യേക നിയമസഭാ സമ്മേളനങ്ങൾ നടത്തുന്നതിന് അനുമതി നിഷേധിക്കുന്നതും ഉന്നയിച്ചുകൊണ്ട് പഞ്ചാബ് സർക്കാർ സുപ്രീംകോടതിയെ സമീപിപ്പിച്ചപ്പോൾ ഗവർണർ തീകൊണ്ടാണ് കളിക്കുന്നതെന്നായിരുന്നു കോടതിയുടെ പ്രതികരണം. പഞ്ചാബിൽ സർക്കാരിനും ഗവർണർക്കുമിടയിൽ നടക്കുന്ന തർക്കത്തിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അതൃപ്തി പ്രകടിപ്പിപ്പിച്ചിരുന്നു. ഭരണഘടനാ സ്ഥാപനങ്ങൾ കാലങ്ങളായി തുടരുന്ന കീഴ്വഴക്കങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് പ്രവർത്തിക്കുന്നതെന്ന് കോടതി ഓർമിപ്പിക്കുകയും ചെയ്തിരുന്നു.

മൂന്ന് മണിബില്ലുകൾ സഭയിൽ അവതരിപ്പിക്കാൻ ഗവർണർ അനുമതി നിഷേധിച്ചതിൽ നിന്നാണ് പ്രശ്നങ്ങൾ വഷളായത്. മണി ബില്ലുകൾ അവതരിപ്പിക്കാൻ ഗവർണറുടെ അനുമതി ആവശ്യമാണോ എന്ന ചർച്ച കേരളവും തമിഴ്‌നാടുമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ആരംഭിക്കുന്നത് ഈ സംഭവങ്ങൾക്കു ശേഷമാണ്. സർക്കാർ നൽകുന്ന നിർദേശത്തെ തുടർന്ന് ഇത്തരം ബില്ലുകൾക്ക് ഗവർണർ അനുമതി നൽകേണ്ടതാണെന്നും, തീരുമാനമെടുക്കാതിരിക്കാനുള്ള അവകാശം ഗവർണർക്കില്ല എന്ന് മുൻ ലോക്സഭാ സെക്രട്ടറി ജനറൽ പിഡിടി ആചാരി ഉൾപ്പെടെയുള്ളവർ ആ സമയത്ത് പ്രതികരിച്ചിരുന്നു.

പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് രാജിവച്ചു
'പഞ്ചാബ് കേസിലെ ഉത്തരവ് വായിക്കണം'; ഗവർണർ-സർക്കാർ തർക്കത്തില്‍ കേരള ഗവര്‍ണറോട് സുപ്രീംകോടതി

ഗവണറുമായുള്ള തർക്കത്തെ തുടർന്ന് കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചപ്പോൾ, പഞ്ചാബ് ഗവർണറുടെ കാര്യത്തിൽ കോടതി സ്വീകരിച്ച നിലപാട് പരിശോധിക്കണമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു സുപ്രീംകോടതി. തമിഴ്‌നാടും, പഞ്ചാബും, കേരളവും സർക്കാർ ഗവർണർ പോരിൽ സമവായം കണ്ടെത്താനാകാതെ തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് രാജി പ്രഖ്യാപിക്കുന്നത്

logo
The Fourth
www.thefourthnews.in