'അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ നിയമനടപടി നേരിടേണ്ടി വരും'; മുഖ്യമന്ത്രി ഭഗവന്ത് മന്നിന് പഞ്ചാബ് ഗവർണറുടെ താക്കീത്

'അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ നിയമനടപടി നേരിടേണ്ടി വരും'; മുഖ്യമന്ത്രി ഭഗവന്ത് മന്നിന് പഞ്ചാബ് ഗവർണറുടെ താക്കീത്

എഎപി സർക്കാരും ഗവർണറും തമ്മിലുള്ള തർക്കങ്ങള്‍ തുടരുന്നതിനിടയിലാണ് പുതിയ മുന്നറിയിപ്പ്

പഞ്ചാബിൽ മുഖ്യമന്ത്രി - ഗവർണർ പോര്. അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ നിയമനടപടി നേരിടേണ്ടി വരുമെന്ന് പഞ്ചാബ് മുഖ്യമന്ത്രിക്ക് ഗവർണറുടെ താക്കീത്. തനിക്കെതിരെ സഭയ്ക്ക് പുറത്ത് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയാൽ ക്രിമിനൽ നടപടി നേരിടേണ്ടി വരുമെന്ന് ഭഗവന്ത് മന്നിന് പഞ്ചാബ് ഗവർണർ ബന്‍വാരിലാല്‍ പുരോഹിത് മുന്നറിയിപ്പ് നല്‍കി. എഎപി സർക്കാരും ഗവർണറും തമ്മിലുള്ള തർക്കങ്ങള്‍ തുടരുന്നതിനിടയിലാണ് ഗവർണറുടെ നീക്കം. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഭഗവന്ത് മന്‍ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതായി ചൂണ്ടിക്കാണിച്ചായിരുന്നു ഗവർണറുടെ ആരോപണം.

മുഖ്യമന്ത്രിക്ക് സഭയിൽ ചില നിയമ പരിരക്ഷകളുണ്ട്. എന്നാല്‍ സഭയ്ക്ക് പുറത്ത് ഇത്തരം പരാമർശങ്ങൾ നടത്തിയാല്‍, മുഖ്യമന്ത്രിക്കെതിരെ ക്രിമിനൽ പരാതി ഫയൽ ചെയ്യും

"നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നെ നിഷ്ക്രിയനെന്ന് വിളിച്ചു, നിരന്തരം കത്തെഴുതുന്നുവെന്ന് പരിഹസിച്ചു. മുഖ്യമന്ത്രിക്ക് സഭയിൽ ചില നിയമ പരിരക്ഷകളുണ്ട്. എനിക്കെതിരെ അദ്ദേഹം പുറത്ത് ഇത്തരം പരാമർശങ്ങൾ നടത്തട്ടെ. അങ്ങനെ വന്നാൽ, അദ്ദേഹത്തിനെതിരെ ക്രിമിനൽ പരാതി ഫയൽ ചെയ്യാനും ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 124 പ്രകാരം കേസെടുക്കാനും ആവശ്യപ്പെടും" - ഗവർണർ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. ഗവർണറെ അപകീർത്തിപ്പെടുത്താൻ ആർക്കും സാധിക്കില്ല. തന്നെ സമ്മർദത്തിലാക്കുകയോ അമിതമായി പ്രകോപിപ്പിക്കുകയോ ചെയ്താൽ ക്രിമിനൽ നടപടികളിലേക്ക് പോകുമെന്നും മുഖ്യമന്ത്രി തന്റെ ഭാഷയെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

'അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ നിയമനടപടി നേരിടേണ്ടി വരും'; മുഖ്യമന്ത്രി ഭഗവന്ത് മന്നിന് പഞ്ചാബ് ഗവർണറുടെ താക്കീത്
ഗ്യാൻവാപി പള്ളിയിലെ ആർക്കിയോളജിക്കൽ സർവെ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കിയേക്കും, റിപ്പോർട്ട് സെപ്റ്റംബർ രണ്ടിനകം

കഴിഞ്ഞ ഒരു വർഷമായി ആം ആദ്മി സർക്കാരും പുരോഹിതും തമ്മിൽ തർക്കം നിലനിൽക്കുകയാണ്. ഭരണപരമായ കാര്യങ്ങളിൽ വിവരങ്ങൾ തേടിയുള്ള തന്റെ ഔദ്യോഗിക ആശയവിനിമയത്തിന് മൻ മറുപടി നൽകിയില്ലെന്ന് ഗവർണർ ആരോപിച്ചു. ജൂണിൽ നടന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ, സംസ്ഥാന സർവകലാശാലകളിലെ ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം ഗവർണരിൽ നിന്ന് എടുത്തുമാറ്റിയിരുന്നു. ഇത് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ ആവശ്യപ്പെടുന്ന ഏത് ഭരണപരമായ വിവരങ്ങളും നൽകാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്ന ഭരണഘടനയുടെ സെക്ഷൻ 167 മൻ ലംഘിച്ചുവെന്നും ബന്‍വാരിലാല്‍ പുരോഹിത് ആരോപിച്ചു. ഈ വ്യവസ്ഥകൾ മാനിക്കണമെന്ന് മാർച്ചിൽ സുപ്രീംകോടതിപോലും സർക്കാരിനോട് നിർദേശിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി പതിനഞ്ചോളം കത്തുകൾ സർക്കാരിന് നൽകിയെങ്കിലും ഒന്നിന് പോലും മറുപടി ലഭിച്ചില്ലെന്നും ഗവർണർ വ്യക്തമാക്കി. സർക്കാർ ഭരണഘടനയ്ക്ക് അനുസൃതമായാണ് ഭരണനിർവഹണം നടത്തേണ്ടതെന്നും അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരമല്ലെന്നും ഗവർണർ ആഞ്ഞടിച്ചു. ഇങ്ങനെ തുടരുകയാണെങ്കിൽ, രാഷ്ട്രപതിയെ സമീപിക്കുമെന്നും ഗവർണർ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in