ഖത്തർ തടവിലാക്കിയ  ഇന്ത്യന്‍ മുന്‍ നാവികസേന ഉദ്യോഗസ്ഥർക്ക് മോചനം; എട്ടില്‍ ഏഴ് പേരും നാട്ടില്‍ തിരിച്ചെത്തി

ഖത്തർ തടവിലാക്കിയ ഇന്ത്യന്‍ മുന്‍ നാവികസേന ഉദ്യോഗസ്ഥർക്ക് മോചനം; എട്ടില്‍ ഏഴ് പേരും നാട്ടില്‍ തിരിച്ചെത്തി

ഖത്തറിന്റെ നടപടിയെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു

ഖത്തറില്‍ തടവില്‍ കഴിഞ്ഞിരുന്ന എട്ട് ഇന്ത്യന്‍ മുന്‍ നാവികസേന ഉദ്യോഗസ്ഥർക്ക് മോചനം. ചാരവൃത്തി ആരോപിച്ച് നേരത്തെ വധശിക്ഷയായിരുന്നു എട്ടുപേർക്കും വിധിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയുടെ ഇടപെടലിനെ തുടർന്ന് ജയില്‍ശിക്ഷയായി കുറയ്ക്കുകയായിരുന്നു. എട്ടില്‍ ഏഴ് പേരും ഇന്ത്യയില്‍ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. മോചിതരായവരിൽ മലയാളിയായ തിരുവനന്തപുരം സ്വദേശി രാഗേഷ് ഗോപകുമാറും ഉണ്ട്.

ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍മാരായ പൂര്‍ണേന്ദു തിവാരി, സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത എന്നിവരാണ് മോചിതരായ മറ്റുള്ളവർ.

"ദഹ്റ ഗ്ലോബല്‍ കമ്പനിയിലെ ജോലി ചെയ്യവെ അറസ്റ്റിലായ ഇന്ത്യന്‍ മുന്‍ നാവിക ഉദ്യോഗസ്ഥരുടെ മോചനം കേന്ദ്ര സർക്കാർ സ്വാഗതം ചെയ്യുന്നു. ഉദ്യോഗസ്ഥർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള അനുമതി നല്‍കിയ ഖത്തർ അമീറിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു," പ്രസ്താവനയില്‍ കേന്ദ്രം വ്യക്തമാക്കി.

"സുരക്ഷിതരായി ഇന്ത്യയിലെത്തിയതില്‍ സന്തോഷമുണ്ട്. നരേന്ദ്ര മോദിയോട് നന്ദി പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, അദ്ദേഹത്തിന്റെ വ്യക്തിപരമായ ഇടപെടലാണ് മോചനത്തിലേക്ക് വഴിവെച്ചത്," ഇന്ത്യയിലെത്തിയ ഒരു ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമമായ എന്‍ഡിടിവിയോട് പറഞ്ഞു.

ഖത്തർ തടവിലാക്കിയ  ഇന്ത്യന്‍ മുന്‍ നാവികസേന ഉദ്യോഗസ്ഥർക്ക് മോചനം; എട്ടില്‍ ഏഴ് പേരും നാട്ടില്‍ തിരിച്ചെത്തി
എട്ട് മുൻ ഇന്ത്യന്‍ നാവികർക്ക് ഖത്തർ വധശിക്ഷ വിധിച്ചത് എന്തിന്? എന്താണ് അൽ ദഹ്‌റ കേസ്?

2022 ഓഗസ്റ്റ് 30ന് രാത്രിയാണ് എട്ടുപേരെയും ഖത്തര്‍ രഹസ്യാന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തത്. ഖത്തര്‍ നാവികസേനയ്ക്ക് പരിശീലനം നല്‍കുന്നതിനായി കരാറില്‍ ഏര്‍പ്പെട്ട ദഹ്റ ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ഭാഗമായാണ് ഇവര്‍ ദോഹയിലെത്തിയത്. അൽ ദഹ്‌റ കമ്പനി പൂട്ടി മറ്റ് 75 ജീവനക്കാരെ ഖത്തർ തിരിച്ചയച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇറ്റലിയിൽനിന്ന് അത്യാധുനിക അന്തർവാഹിനികൾ വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യ നീക്കങ്ങളുടെ വിവരങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്നതാണ് എട്ടുപേർക്കെതിരായ കുറ്റമെന്നാണ് വിവിധ ഇന്ത്യൻ, അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോർട്ടുകള്‍.

ഇറ്റലിയില്‍നിന്ന് അത്യാധുനിക അന്തര്‍വാഹിനികള്‍ വാങ്ങാന്‍ ഖത്തര്‍ രഹസ്യനീക്കം നടത്തിയിരുന്നു. ഇറ്റലിയുമായി ചേർന്നാണ് ഖത്തർ അന്തർവാഹിനി നിർമാണം നടത്തിയിരുന്നത്. ശത്രുരാജ്യങ്ങളുടെ റഡാറിൽ പെടാതെ മറഞ്ഞ് സഞ്ചരിക്കാന്‍ കഴിയുന്ന ഈ കപ്പലുകളുടെ വിശദാംശങ്ങള്‍ അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയയെന്നാണ് ആരോപണം. ഈ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആൻഡ് കണ്‍സള്‍ട്ടിങ് സര്‍വിസസ് ഖത്തർ നാവികസേനയുമായി ചേർന്ന് പ്രവർത്തിച്ചിരുന്നത്.

logo
The Fourth
www.thefourthnews.in