ഒന്നും മിണ്ടാതെ അവന്‍; കാണാതായ പന്ത്രണ്ടുകാരന് തുണയായത് ലോക്കറ്റിലെ ക്യൂആര്‍ കോഡ്

ഒന്നും മിണ്ടാതെ അവന്‍; കാണാതായ പന്ത്രണ്ടുകാരന് തുണയായത് ലോക്കറ്റിലെ ക്യൂആര്‍ കോഡ്

കുട്ടിയെ കാണാതായിട്ട് ഏകദേശം എട്ട് മണിക്കൂറിന് ശേഷമാണ് പോലീസ് കണ്ടെത്തിയത്

മുംബൈയിലെ വോർളിയില്‍ കാണാതായ മാനസിക വെല്ലുവിളി നേരിടുന്ന 12 വയസുകാരന്റെ മാതാപിതാക്കളെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത് കുട്ടി ധരിച്ചിരുന്ന മാലയിലെ ലോക്കറ്റിലുണ്ടായിരുന്ന ക്യുആർ കോഡ്. കാണാതായതിന് ഏകദേശം എട്ട് മണിക്കൂറിന് ശേഷം കൊളാബയില്‍ നിന്നായിരുന്നു കുട്ടിയെ പോലീസിന് ലഭിച്ചത്. ചോദ്യങ്ങളോട് പ്രതികരിക്കാതിരുന്നതോടെ കുട്ടിയുടെ കൈവശമുണ്ടായിരുന്ന വസ്തുക്കളില്‍ നിന്ന് സൂചന തേടേണ്ടി വന്നെന്നും ഇതാണ് ക്യുആർ കോഡിലേക്ക് നയിച്ചതെന്നും കൊളാബ പോലീസ് പറഞ്ഞു.

"രക്ഷിതാവില്ലാതെ ഡോ. ഷമ പ്രസാദ് മുഖർജി ചൗക്കിന് സമീപം ഒരു കുട്ടിയെ കണ്ടെത്തിയതായാണ് ഞങ്ങള്‍ക്ക് വിവരം ലഭിച്ചത്. പിന്നാലെ തന്നെ ഒരു ടീമിനെ അങ്ങോട്ടയക്കുകയും കുട്ടിയെ പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയും ചെയ്യുകയായിരുന്നു," കൊളാബ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉദ്യോഗസ്ഥർ കുട്ടിയുടെ പക്കല്‍ നിന്ന് മാതാപിതാക്കളുടെ വിവരങ്ങള്‍ തേടാനുള്ള തീവ്രശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു.

ഒന്നും മിണ്ടാതെ അവന്‍; കാണാതായ പന്ത്രണ്ടുകാരന് തുണയായത് ലോക്കറ്റിലെ ക്യൂആര്‍ കോഡ്
'അതായിരുന്നു എന്റെ വലതു കണ്ണ് അവസാനമായി കണ്ട കാഴ്ച'; അക്രമിയെ മുഖാമുഖം കണ്ട നിമിഷം ഓര്‍ത്തെടുത്ത് സല്‍മാന്‍ റുഷ്ദി

കുട്ടി ഒന്നും സംസാരിക്കാതിരുന്നതോടെയാണ് എന്തെങ്കിലും സൂചന ലഭിക്കുന്നതിനുവേണ്ടി ദേഹപരിശോധന നടത്തിയതും ലോക്കറ്റിലെ ക്യുആർ കോഡ് കണ്ടെത്തിയതും. ക്യൂആർ കോഡ് സ്കാന്‍ ചെയ്തതോടെ പ്രൊജക്ട് ചേതന (projectchetna.in) എന്ന എന്‍ജിഒയുടെ വിവരങ്ങളായിരുന്നു പോലീസിന് ലഭിച്ചത്. തുടർന്ന് എന്‍ജിഒയുമായി ബന്ധപ്പെടുകയും ലോഗിന്‍ വിവരങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു. ശേഷമാണ് കുട്ടിയുടെ മാതാപിതാക്കളുടേയും കുടുംബാംഗങ്ങളുടേയും വിവരങ്ങള്‍ ലഭിച്ചത്. കുട്ടിയെ രാത്രി 11 മണിയോടെയാണ് കൊളാബ പോലീസ് മാതാപിതാക്കള്‍ക്ക് കൈമാറിയത്.

പ്രത്യേക പരിഗണന ലഭിക്കേണ്ട കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു എന്‍ജിഒയാണ് പ്രോജക്ട് ചേതന എന്ന് സ്ഥാപകനായ അക്ഷയ് റിഡ്‌ലാന്‍ പറഞ്ഞു. കുട്ടികള്‍ക്ക് സ്വയം ആശയവിനിമയം നടത്താന്‍ സാധിക്കാതെ വരുമ്പോള്‍ മാതാപിതാക്കളുമായി ബന്ധപ്പെടുന്നതിന് ഇത് സഹായിക്കുമെന്നും അക്ഷയ് കൂട്ടിച്ചേർത്തു. 2023 സെപ്തംബറിലാണ് എന്‍ജിഒ ആരംഭിച്ചത്. ഇതിനോടകം തന്നെ 5,500 ലോക്കറ്റുകളും പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്കും മുതിർന്നവർക്കും നല്‍കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in