'ബെഗുസരായി കനയ്യക്ക് കൊടുക്കണം'; നേരിട്ടിറങ്ങി രാഹുല്‍ ഗാന്ധി, തേജസ്വിയില്‍ കണ്ണുനട്ട് സിപിഐ

'ബെഗുസരായി കനയ്യക്ക് കൊടുക്കണം'; നേരിട്ടിറങ്ങി രാഹുല്‍ ഗാന്ധി, തേജസ്വിയില്‍ കണ്ണുനട്ട് സിപിഐ

തേജസ്വി യാദവുമായി കനയ്യ കുമാര്‍ നല്ല ബന്ധത്തിലല്ല.തങ്ങളെ വിട്ട് വിട്ടിറങ്ങിപ്പോയ കനയ്യക്ക് വേണ്ടി പ്രചാരണം നടത്തുന്നത് സാധ്യമല്ലെന്നാണ് സിപിഐ പറയുന്നത്

ഇന്ത്യ മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ബിഹാറില്‍ ആകെയുള്ള 40 സീറ്റുകളില്‍ ഭൂരിഭാഗം സീറ്റുകളും ആര്‍ജെഡിയും ജെഡിയുവും വീതിച്ചെടുക്കാനാണ് ധാരണ. ഇരു ജനതാദള്‍ പാര്‍ട്ടികളും പതിനേഴ് സീറ്റ് വീതം മത്സരിക്കാനാണ് സാധ്യത. നാല് സീറ്റ് കോണ്‍ഗ്രസിനും ബാക്കി രണ്ട് സീറ്റുകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, തങ്ങള്‍ക്ക് അഞ്ച് സീറ്റ് വേണമെന്ന് സിപിഐ (എംഎല്‍) ലിബറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഐ മൂന്നും സിപിഎം നാലും സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സിപിഐ വിട്ട് കോണ്‍ഗ്രസിലെത്തിയ കനയ്യ കുമാര്‍ ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചനയുമുണ്ട്. കഴിഞ്ഞതവണ മത്സരിച്ച സ്വന്തം തട്ടകമായ ബെഗുസരായി തന്നെ വേണം എന്നാണ് കനയ്യയുടെ നിലപാട്. ഈ സീറ്റ് കനയ്യയ്ക്ക് നല്‍കണമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍, ആര്‍ജെഡിയും സിപിഐയും ഇതുവരേയും നിലപാട് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കനയ്യ കുമാര്‍ സിപിഐ സ്ഥാനാര്‍ത്ഥിയായാണ് മണ്ഡലത്തില്‍ ജനവിധി തേടിയത്. ആര്‍ജെഡിയും ബിജെപിയും മത്സര രംഗത്തുണ്ടായിരുന്നു. കനയ്യയ്ക്ക് വേണ്ടി ആര്‍ജെഡി മത്സര രംഗത്തുനിന്ന് പിന്‍മാറണമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നെങ്കിലും തേജസ്വി യാദവ് തയ്യാറായിരുന്നില്ല. ഫലം വന്നപ്പോള്‍ ബിജെപിയുടെ ഗിരിരാജ് സിങ് 4,22,217 വോട്ടിന് വിജയിച്ചു. കനയ്യ രണ്ടാം സ്ഥാനത്തും ആര്‍ജെഡി മൂന്നാം സ്ഥാനത്തുമായി.

കോണ്‍ഗ്രസിന് വിജയ സാധ്യതയുള്ള മണ്ഡലമല്ല ബെഗുസരായി. സിപിഐയ്ക്കും ആര്‍ജെഡിക്കും സ്വാധീനമുള്ള മണ്ഡലം. ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ സിപിഐ ഇവിടെനിന്ന് വിജയിച്ചിട്ടില്ലെങ്കിലും മണ്ഡലത്തിലെ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സിപിഐ വിജയിച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് സീറ്റ് തങ്ങള്‍ക്ക് തന്നെ വേണമെന്ന് സിപിഐ ആവശ്യപ്പെടുന്നത്.

എന്നാലും ഇത്തവണ സീറ്റ് തങ്ങള്‍ക്ക് വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായും ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവുമായും കനയ്യ കുമാറിന് വേണ്ടി രാഹുല്‍ ഗാന്ധി നേരിട്ട് ചര്‍ച്ച നടത്തിയെന്നാണ് ബിഹാര്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, തേജസ്വി യാദവ് ഈ ആവശ്യത്തോട് വിമുഖത പ്രകടിപ്പിക്കുകയായിരുന്നു.

രാഹുല്‍ ഗാന്ധിക്കൊപ്പ കനയ്യ കുമാര്‍
രാഹുല്‍ ഗാന്ധിക്കൊപ്പ കനയ്യ കുമാര്‍

കനയ്യ കുമാര്‍ മുന്നണി സ്ഥാനാര്‍ത്ഥിയായി ബെഗുസരായിയില്‍ എത്തുന്നതിനോട് തങ്ങള്‍ക്ക് വിയോജിപ്പുണ്ടെന്ന് സിപിഐ അറിയിച്ചിട്ടുണ്ട്. നിതീഷ് കുമാറുമായും തേജസ്വി യാദവുമായി കഴിഞ്ഞയാഴ്ച നടത്തിയ ചര്‍ച്ചയില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഇക്കാര്യം വ്യക്തമാക്കി.

'ബെഗുസരായി കനയ്യക്ക് കൊടുക്കണം'; നേരിട്ടിറങ്ങി രാഹുല്‍ ഗാന്ധി, തേജസ്വിയില്‍ കണ്ണുനട്ട് സിപിഐ
നടക്കാനുണ്ട്, നയിക്കാനില്ലെന്ന് രാഹുല്‍; നിതീഷിനോട് 'ഇടഞ്ഞ്' മമത, ഇന്ത്യ യോഗത്തില്‍ സംഭവിച്ചത്

തങ്ങളെ വിട്ട് വിട്ടിറങ്ങിപ്പോയ കനയ്യക്ക് വേണ്ടി പ്രചാരണം നടത്തുന്നത് സാധ്യമല്ലെന്നാണ് സിപിഐ പറയുന്നത്. തേജസ്വി യാദവുമായി കനയ്യ കുമാര്‍ നല്ല ബന്ധത്തിലല്ല. ഇതുവരേയും ഇരു നേതാക്കളും തമ്മില്‍ ആശയവിനിമയം നടത്തുകയോ ഒരുമിച്ച് വേദി പങ്കിടുകയോ ചെയ്തിട്ടില്ല. കനയ്യയുടെ നിലപാടുകളോട് തുടക്കം മുതല്‍ മുഖം തിരിച്ചു നില്‍ക്കുന്ന നിലപാടാണ് തേജസ്വി സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യ മുന്നണി രൂപീകരിച്ചതിന് ശേഷം പട്‌നയില്‍ വെച്ചുനടന്ന പൊതു പരിപാടിയില്‍ തേജസ്വിയും കനയ്യയും ഒരുമിച്ച് പങ്കെടുക്കേണ്ടതായിരന്നു. ആദ്യം എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് തേജസ്വി ഈ പരിപാടിയില്‍ നിന്ന് പിന്‍മാറി. ഇത് കനയ്യയുമായുള്ള വിരോധത്തെ തുടര്‍ന്നാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ജെഎന്‍യു പ്രക്ഷോഭത്തിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച കനയ്യ കുമാര്‍, സിപിഐയുടെ പ്രധാന മുഖമായി ചുരുങ്ങിയ കാലം കൊണ്ടുമാറിയിരുന്നു. എന്നാല്‍, ബിഹാര്‍ പാര്‍ട്ടി ഘടകവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് 2020-ല്‍ കനയ്യ പാര്‍ട്ടിവിട്ടു. കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യയെ ദേശീയ സെക്രട്ടറി സ്ഥാനം നല്‍കിയാണ് രാഹുല്‍ കൂടെക്കൂട്ടിയത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ രാഹുലിനൊപ്പം നടന്ന കനയ്യ കുമാര്‍, ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ വിശ്വസ്തനായി മാറിയിട്ടുണ്ട്. കനയ്യയെ ഡല്‍ഹി പിസിസി അധ്യക്ഷനായി നിയമിച്ചേക്കുമെന്ന സൂചനകള്‍ നേരത്തെ കോണ്‍ഗ്രസ് നല്‍കിയിരുന്നു. എന്നാല്‍, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ അദ്ദേഹത്തെ കളത്തിലിറക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത്. ഈ നീക്കത്തെ എന്തുവിലകൊടുത്തും ചെറുക്കുമെന്ന വാശിയിലാണ് സിപിഐ. തേജസ്വി യാദവിന് കനയ്യയോടുള്ള എതിര്‍പ്പിലാണ് സിപിഐയുടെ 'പ്രതീക്ഷ'.

logo
The Fourth
www.thefourthnews.in