കെ സി ആര്‍ എന്തുകൊണ്ട് മോദിക്ക് വെറുക്കപ്പെട്ടവനായി? കൊമ്പുകോര്‍ക്കലിന് പിന്നിലെ രാഷ്ട്രീയമെന്ത്

കെ സി ആര്‍ എന്തുകൊണ്ട് മോദിക്ക് വെറുക്കപ്പെട്ടവനായി? കൊമ്പുകോര്‍ക്കലിന് പിന്നിലെ രാഷ്ട്രീയമെന്ത്

ഏകദേശം ഒന്നര വര്‍ഷത്തോളമായിക്കാണും മോദിയും കെ സി ആറും പുറംതിരിഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട്

തെലങ്കാന മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതി അധ്യക്ഷനുമായ കെ ചന്ദ്രശേഖര്‍ റാവുവിനെ കടന്നാക്രമിച്ചിരിക്കുകയാണ് നിസാമബാദില്‍ ചൊവ്വാഴ്ച നടന്ന ബി ജെ പി റാലിയില്‍ പ്രധാനമന്ത്രി. ബി ആര്‍ എസ്, ടി ആര്‍ എസായിരുന്ന കാലത്ത് ബിജെപിയുമായി നടത്തിയ നീക്കുപോക്കുകളും അന്തപ്പുര രഹസ്യങ്ങളുമൊക്കെ പൊതുവേദിയില്‍ ഇങ്ങനെ പ്രധാനമന്ത്രി പരസ്യമായി വിളിച്ചു പറയുന്നത് എന്തുകൊണ്ടാകും? എന്‍ ഡി എ ചായ്‌വ് കാണിച്ചിരുന്ന കെ ചന്ദ്രശേഖര്‍ റാവു എന്തുകൊണ്ടാണിപ്പോള്‍ മോദിക്ക് വെറുക്കപ്പെട്ടവനായത്?

കെ സി ആര്‍ എന്തുകൊണ്ട് മോദിക്ക് വെറുക്കപ്പെട്ടവനായി? കൊമ്പുകോര്‍ക്കലിന് പിന്നിലെ രാഷ്ട്രീയമെന്ത്
എൻഡിഎയുമായി സഖ്യമുണ്ടാക്കാന്‍ അവർ ആഗ്രഹിച്ചു, ഞാനത് എതിർത്തു; കെ സി ആറിനെതിരെ പ്രധാനമന്ത്രി

തെലങ്കാന രാഷ്ട്ര സമിതി പേരുമാറ്റി ഭാരത് രാഷ്ട്ര സമിതിയാകുകയും കെ ചന്ദ്രശേഖര്‍ റാവുവിന്റെ പാര്‍ലമെന്ററി മോഹം റായലസീമ കടന്ന് ഇന്ദ്രപ്രസ്ഥത്തോളം വളരുകയും ചെയ്തതോടെയാണ് ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യം ഉടലെടുത്തത്. ഏകദേശം ഒന്നര വര്‍ഷത്തോളമായിക്കാണും മോദിയും കെ സി ആറും പുറംതിരിഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട്. പ്രധാനമന്ത്രി പലകുറി തെലങ്കാന സന്ദര്‍ശിച്ചെങ്കിലും ഔദ്യോഗിക പരിപാടികള്‍ക്കൊന്നും മുഖ്യമന്ത്രിയെന്ന നിലയില്‍ കെ ചന്ദ്രശേഖര്‍ റാവു ചിത്രത്തില്‍ ഉണ്ടാകാറില്ല. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനപരിപാടികള്‍ ഉള്‍പ്പടെ പ്രധാനമത്രി പങ്കെടുക്കുന്ന എല്ലാ പരിപാടികളും തെലങ്കാന മുഖ്യമന്ത്രി ബഹിഷ്‌കരിക്കുകയെന്നതാണ് കുറെ നാളായുള്ള പതിവ്. ഹൈദരാബാദില്‍നിന്നുള്ള വന്ദേഭാരത് ട്രെയിനിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങിന് പ്രധാനമന്ത്രി എത്തിയപ്പോഴും കെ സി ആറിന്റെ അഭാവം കൊണ്ട് ചടങ്ങ് ചര്‍ച്ചയായി.

എന്തുകൊണ്ടാണ് കെ സി ആര്‍ തന്നോട് മുഖം തിരിക്കുന്നതെന്ന് വിശദീകരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയ രഹസ്യം പൊതുവേദിയില്‍ പരസ്യമാക്കിയത്. ചന്ദ്രശേഖര്‍ റാവു എന്‍ ഡി എ യില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് നിരവധി തവണ തന്നെ സമീപിച്ചെന്നാണു പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍. മകന്‍ കെ ടി ആറിനെ തെലങ്കാനയുടെ അടുത്ത മുഖ്യമന്ത്രിയാക്കാന്‍ സഹായം അഭ്യര്‍ഥിച്ചെന്നും മോദി അവകാശപ്പെട്ടിട്ടുണ്ട്. പറയുന്ന കാര്യങ്ങള്‍ 100 ശതമാനം സത്യമെന്നു ആണയിട്ടാണു നിസാമാബാദിലെ പാര്‍ട്ടി റാലിയില്‍ മോദി, കെ ചന്ദ്രശേഖര്‍ റാവുവിനെതിരെ രൂക്ഷ വിമര്‍ശം അഴിച്ചുവിട്ടത്. തെലങ്കാന ജനതയെ മുഴുവന്‍ ചതിക്കാനുള്ള കെ സി ആറിന്റെ നീക്കം തടയാനാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയെ എന്‍ ഡി എ മുന്നണിയുടെ ഭാഗമാക്കാതിരുന്നതെന്നും മോദി വിശദീകരിച്ചിട്ടുണ്ട്.

കെ സി ആര്‍ എന്തുകൊണ്ട് മോദിക്ക് വെറുക്കപ്പെട്ടവനായി? കൊമ്പുകോര്‍ക്കലിന് പിന്നിലെ രാഷ്ട്രീയമെന്ത്
വികസന പദ്ധതികളുടെ ഉദ്‌ഘാടനവുമായി പ്രധാനമന്ത്രി തെലങ്കാനയിൽ; മോദിയെ ബഹിഷ്‌കരിച്ച് വീണ്ടും കെ സി ആർ

2020 ല്‍ നടന്ന ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ തൂക്കുസഭ വന്നതോടെയായിരുന്ന് എന്‍ഡിഎ ബാന്ധവത്തിന് കെ സി ആര്‍ നീക്കം നടത്തിയതെന്നാണ് നരേന്ദ്ര മോദി പറയുന്നത്. 150 ല്‍ 56 സീറ്റുകള്‍ മാത്രം നേടിയ ടിആര്‍എസിനെ സംബന്ധിച്ചിടത്തോളം ഭരണംപിടിക്കല്‍ അഭിമാന പ്രശ്‌നമായിരുന്നു. അവസാനം അവര്‍ അസദുദീന്‍ ഉവൈസിയുടെ മജ്ലിസെ പാര്‍ട്ടിയുമായി ചേര്‍ന്നു കോര്‍പറേഷന്‍ പിടിച്ചു. വെറും നാലു സീറ്റില്‍നിന്ന് 46 സീറ്റ് വെട്ടിപ്പിടിച്ച ആ തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായിരുന്നു . കോര്‍പറേഷന്‍ പിടിച്ചിട്ടും ആര്‍ത്തി അടങ്ങാത്ത കെ സി ആര്‍ മകന്റെ കാര്യം പറഞ്ഞ് വീണ്ടും സമീപിച്ചു. ഇതോടെ രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ കുറിച്ച് കെ സി ആറിനെ ഓര്‍മിപ്പിച്ചെന്നും താങ്കള്‍ രാജാവാണെന്ന് ധരിക്കരുതെന്ന് ഉപദേശിച്ച് വിട്ടെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.

''ഞാന്‍ പറഞ്ഞു, കെ സി ആര്‍ ഇതാണ് ജനാധിപത്യം, കെ ടിആറിന് എല്ലാം നല്‍കാന്‍ നിങ്ങള്‍ ആരാണ്? നിങ്ങള്‍ രാജാവാണോ?' അതിനുശേഷം അദ്ദേഹം ഒരിക്കലും എന്റെ മുന്നില്‍ വന്നിട്ടില്ല, എന്നെ അഭിമുഖീകരിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. ഒരു അഴിമതിക്കാരനും എന്റെ അടുത്ത് ഇരിക്കാന്‍ കഴിയില്ല.''

മോദി തെലങ്കാനയില്‍ കാലുകുത്തുമ്പോഴൊക്കെ ബഹിഷ്‌കരിച്ചും കര്‍ഷകരെ സംഘടിപ്പിച്ചു കേന്ദ്രത്തിനെതിരെ സമരം ചെയ്തും മകള്‍ കെ കവിതക്കെതിരെയുള്ള അഴിമതി കേസില്‍ കേന്ദ്ര ഏജന്‍സികളെ വിമര്‍ശിച്ചും സദാ ദേശീയ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍പ്പാണ് കെ ചന്ദ്രശേഖര്‍ റാവു.

പ്രധാനമന്ത്രിയെ ഇന്ത്യ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ദുര്‍ബലനെന്ന് ആക്ഷേപിക്കുകയും ബി ജെ പിയെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിക്കുകയും ചെയ്ത് കഴിഞ്ഞ ജുലൈയില്‍ വിവാദം ക്ഷണിച്ചു വരുത്തിയിരുന്നു കെസിആര്‍ .

നിസാമാബാദില്‍ പ്രധാനമന്ത്രി നടത്തിയ പ്രത്യാക്രമണത്തിനെതിരെ മകന്‍ കെ ടി ആര്‍ രംഗത്തുവന്നെങ്കിലും കെ സി ആറിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും നേരെയുള്ള ഏറ്റവും മൂര്‍ച്ഛയുള്ള ആയുധമാണ് മോദി പ്രയോഗിച്ചതെന്ന് നിസംശയം പറയാം. കെ ചന്ദ്രശേഖര്‍ റാവുവിന്റെ കുടുംബ വാഴ്ചയും അഴിമതി നിറഞ്ഞ ഭരണവും തുറന്നുകാട്ടി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാനാണ് മോദി തെലങ്കാന ബി ജെ പിയോട് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഈ വര്‍ഷം ഡിസംബറില്‍ കെ സി ആര്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കും. 2014 ജൂണ്‍ രണ്ടിന് രൂപീകൃതമായ തെലങ്കാനയിലെ ആദ്യ മുഖ്യമന്ത്രിയായ കെ സി ആര്‍ മൂന്നാമതും ഭരണം പ്രതീക്ഷിക്കുകയാണ്. കഴിഞ്ഞ തവണ 119ല്‍ 88 സീറ്റുകള്‍ നേടിയായിരുന്നു ടി ആര്‍ എസ് തുടര്‍ഭരണം നേടിയത്. സംസ്ഥാന രാഷ്ട്രീയത്തില്‍ ബിജെപി കണ്ണുവച്ച് തുടങ്ങിയ സാഹചര്യത്തില്‍ തൂത്തുവാരിയുള്ള ജയം പ്രതീക്ഷിക്കാന്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ട് ഭാരത് രാഷ്ട്ര സമിതിക്ക്.

logo
The Fourth
www.thefourthnews.in