സുപ്രീംകോടതി
സുപ്രീംകോടതി

സംവരണ സമ്പ്രദായം പുനഃപരിശോധിക്കണം, അനിശ്ചിതമായി തുടരാനാവില്ല: സാമ്പത്തിക സംവരണ കേസില്‍ സുപ്രീംകോടതി പറഞ്ഞത്

3:2 എന്ന അനുപാതത്തിലാണ് ഭേദഗതി സുപ്രീംകോടതി അംഗീകരിച്ചത്

മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം നല്‍കാനുള്ള ഭരണഘടനാഭേദഗതി സുപ്രീംകോടതി ശരിവെച്ചു. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ഇന്ന് വിധി പ്രസ്താവിച്ചത്. 3:2 എന്ന അനുപാതത്തിലാണ് ഭേദഗതി സുപ്രീംകോടതി അംഗീകരിച്ചത്. ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരി, ബേലാ എം ത്രിവേദി, എസ് ബി പര്‍ദിവാല എന്നിവര്‍ സംവരണത്തെ അനുകൂലിച്ചു. അതേസമയം, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് സംവരണത്തെ എതിര്‍ത്തു. ജസ്റ്റിസ് ഭട്ടിന്റെ ഭിന്നവിധിയോട് പൂര്‍ണമായി യോജിക്കുന്നുവെന്നായിരുന്നു ചീഫ് ജസ്റ്റിസ് യു യു ലളിതും വ്യക്തമാക്കിയത്.

സുപ്രീംകോടതി
സാമ്പത്തിക സംവരണം: എന്താണ് 103ാം ഭേദഗതി? സുപ്രിം കോടതി ഉത്തരം തേടുന്ന ചോദ്യങ്ങള്‍ ഏതൊക്കെ?

ജസ്റ്റിസ് ദിനേഷ് മഹേശ്വരി

പരിഗണിച്ചത് മൂന്ന് കാര്യങ്ങളാണ്. സാമ്പത്തിക സംവരണം പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിനുള്ള ഉപകരണമാണോ, സാമ്പത്തിക മാനദണ്ഡം അടിസ്ഥാന ഘടനയെ ലംഘിക്കുന്നുണ്ടോ? ഇഡബ്ല്യുഎസില്‍ നിന്ന് 15 (4) (എസ് സി, എസ് ടി, ഒബിസി) വിഭാഗങ്ങളെ ഒഴിവാക്കുന്നത് തുല്യതാ തത്വം ലംഘിക്കുന്നുണ്ടോ? 50 ശതമാനത്തിനൊപ്പം 10 ശതമാനം അധിക സംവരണം ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നുണ്ടോ? ഈ മൂന്ന് കാര്യങ്ങള്‍ പരിശോധിച്ച ശേഷം, നിഗമനങ്ങള്‍ ഇവയാണ്: എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനം ഉറപ്പാക്കുന്നതിന് സംസ്ഥാനത്തിന്റെ ക്രിയാത്മക പ്രവര്‍ത്തനത്തിനുള്ള ഉപകരണമാണ് സംവരണം. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവരെ ഉള്‍പ്പെടുത്താനുള്ള ഒരു ഉപകരണമല്ല അത്. സാമ്പത്തിക മാനദണ്ഡങ്ങള്‍ മാത്രം അടിസ്ഥാനമായുള്ള സംവരണം ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ഹനിക്കുന്നില്ല. 103ാം ഭേദഗതിക്ക് സാധുതയുണ്ട്.

സുപ്രീംകോടതി
വിയോജിച്ചവർക്കും സാമ്പത്തിക സംവരണത്തോട് എതിർപ്പില്ല, ഭിന്നത എസ് സി, എസ് ടിക്കാരെ ഒഴിവാക്കിയതിൽ മാത്രം

വിധി പ്രസ്താവത്തിലെ പ്രധാന നിരീക്ഷണങ്ങള്‍

ജസ്റ്റിസ് ബേലാ ത്രിവേദി

ജസ്റ്റിസ് ദിനേഷ് മഹേശ്വരിയുടെ അഭിപ്രായങ്ങളോട് യോജിക്കുന്നു. 103-ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നതോ വിവേചനപരമോ അല്ലാത്തതിനാല്‍ തള്ളാനാവില്ല. ഇഡബ്ല്യുഎസ് വിഭാഗത്തിന് ഗുണം ലഭിക്കുന്നതിനായി പാര്‍ലമെന്റ് സ്വീകരിച്ചിട്ടുള്ള ഫലപ്രദമായ നടപടിയായി വേണം ഭേദഗതിയെ കാണാന്‍. ഇഡബ്ല്യുഎസിനെ പ്രത്യേക വിഭാഗമായി പരിഗണിക്കുന്നത് യുക്തിസഹമാണ്. തുല്യരല്ലാത്തവരെ തുല്യരായി കാണുന്നത് ഭരണഘടനയുടെ തുല്യതാ തത്വങ്ങള്‍ക്ക് എതിരാണ്.

സംവരണത്തിന്റെ സമയപരിധിയെക്കുറിച്ചും ഞാന്‍ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. സംവരണ നയത്തിന് ഒരു സമയപരിധി ഉണ്ടായിരിക്കണമെന്ന് ഭരണഘടനാ ശില്‍പികള്‍ വിഭാവനം ചെയ്തിരുന്നു. എന്നാല്‍, സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിന് ശേഷവും അത് നേടാനായിട്ടില്ല. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍, സമൂഹത്തിന്റെ വിശാല താല്‍പര്യം കണക്കിലെടുത്ത് സംവരണ സമ്പ്രദായം പുനഃപരിശോധിക്കേണ്ടതുണ്ട്. ഭരണഘടനാ ശില്‍പികള്‍ വിഭാവനം ചെയ്ത സമയപരിധിയില്‍ പാര്‍ലമെന്റിലും നിയമസഭകളിലും എസ്സി/എസ്ടി പ്രാതിനിധ്യം അവസാനിക്കേണ്ടിയിരുന്നതാണ്. പാര്‍ലമെന്റിലെ ആംഗ്ലോ ഇന്ത്യന്‍ സംവരണം അവസാനിച്ചു. അതുപോലെ സംവരണത്തിനും ഒരു സമയപരിധി ഉണ്ടായിരിക്കണം.

സുപ്രീംകോടതി
സാമ്പത്തിക സംവരണത്തിന് അംഗീകാരം, എസ് സി, എസ് ടി വിഭാഗങ്ങളെ മാറ്റിനിർത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് രണ്ട് ജഡ്ജിമാർ

ജസ്റ്റിസ് എസ് ബി പര്‍ദിവാല

ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരിയോടും ബെല്ലാ ത്രിവേദിയോടും യോജിക്കുന്നു. എന്നാല്‍ 103ാം ഭേദഗതിയെ ശരിവെക്കുമ്പോള്‍ തന്നെ സംവരണം ഒരു ലക്ഷ്യമല്ല മാര്‍ഗമാണെന്നാണ് അഭിപ്രായം. അത് നിക്ഷിപ്ത താല്‍പ്പര്യമായി മാറാന്‍ അനുവദിക്കരുത്. സംവരണം അനിശ്ചിത കാലത്തേക്ക് തുടരരുത്. അങ്ങനെയായാല്‍ അത് നിക്ഷിപ്ത താല്‍പ്പര്യമായി മാറും. എല്ലാത്തിനുമൊടുവില്‍ ഭേദഗതി ശരിവയ്ക്കുന്നു.

ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്

നമ്മുടെ ഭരണഘടന ഒഴിവാക്കല്‍ അനുവദിക്കുന്നില്ല, ഈ ഭേദഗതി സാമൂഹിക നീതിയുടെ ഘടനയെയും അതുവഴി അടിസ്ഥാന ഘടനയെയും ദുര്‍ബലപ്പെടുത്തുന്നു. സാമൂഹിക-പിന്നാക്ക വിഭാഗത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്ക് എങ്ങനെയെങ്കിലും മികച്ച സ്ഥാനമുണ്ടാകുമെന്ന് വിശ്വസിക്കാന്‍ ഭേദഗതി നമ്മെ വ്യാമോഹിപ്പിക്കുകയാണ്. 16(1), (4) എന്നിവ സമത്വ തത്വത്തിന്റെ രണ്ട് മുഖങ്ങളാണ്. അതിനാല്‍, സാമുഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവരെ ഒഴിവാക്കുന്ന സ്വഭാവം തെറ്റാണ്. ആനുകൂല്യങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നതിനെ ഒരിക്കലും സൗജന്യ പാസായി മനസിലാക്കരുത്. അത് നഷ്ടപരിഹാരം നല്‍കാനുള്ള ഒരു സംവിധാനം മാത്രമാണ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ ദരിദ്രരെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍നിന്ന് ഒഴിവാക്കിക്കൊണ്ട്, ഭരണഘടനാപരമായി നിരോധിക്കപ്പെട്ട വിവേചനങ്ങളാണ് പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം ഒഴിവാക്കല്‍ സമത്വ തത്വത്തിന്റെ കാതലിനാണ് മുറിവേല്‍പ്പിക്കുന്നത്. 50 ശതമാനത്തിനൊപ്പം 10 ശതമാനം അധിക സംവരണം എന്നത് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നതാണ്. അത് സമൂഹത്തെ പല വിഭാഗമാക്കും. സമത്വത്തിനുള്ള അവകാശം സംവരണത്തിനുള്ള അവകാശമായി മാറും.

സാഹോദര്യ തത്വം ആഴത്തില്‍ ഉള്‍ച്ചേര്‍ന്നതാണ്. എല്ലാവരും ഒരേ സ്വാഭാവിക പ്രക്രിയയിലൂടെയാണ് കടന്നുപോകുന്നത്. എല്ലാ ഭിന്നാഭിപ്രായങ്ങള്‍ക്കും മേലെ മനുഷ്യരെ ഉണര്‍ത്തുന്നതാണ് സാഹോദര്യം. ഇതെല്ലാം പരിഗണിച്ചുള്ളതാണ് എന്റെ നിരീക്ഷണം. സാമ്പത്തിക മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സംവരണം ഭരണഘടനയുടെ ലംഘനമല്ല. എന്നാല്‍, എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങളെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍നിന്ന് ഒഴിവാക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ഹനിക്കുന്നതാണ്. അതിനാല്‍, 103-ാം ഭേദഗതിയിലെ സെക്ഷന്‍ രണ്ടും മൂന്നും ഭരണഘടനാ വിരുദ്ധവും അടിസ്ഥാന ഘടനയുടെ ലംഘനവുമായതിനാല്‍ റദ്ദാക്കുന്നു.

ചീഫ് ജസ്റ്റിസ് യു യു ലളിത്

ജസ്റ്റിസ് ഭട്ടിന്റെ നിരീക്ഷണങ്ങളോട് പൂര്‍ണമായും യോജിക്കുന്നു.

logo
The Fourth
www.thefourthnews.in