'പാകിസ്താനിൽ ഭീകരത വ്യവസായം'; ബിലാവൽ ഭൂട്ടോ തീവ്രവാദത്തിന്റെ വക്താവെന്നും എസ് ജയശങ്കർ; ഉഭയകക്ഷി ചർച്ച സാധ്യതയും തള്ളി

'പാകിസ്താനിൽ ഭീകരത വ്യവസായം'; ബിലാവൽ ഭൂട്ടോ തീവ്രവാദത്തിന്റെ വക്താവെന്നും എസ് ജയശങ്കർ; ഉഭയകക്ഷി ചർച്ച സാധ്യതയും തള്ളി

തീവ്രവാദത്തിന്റെ സ്‌പോണ്‍സര്‍മാര്‍ക്കൊപ്പം ഇരകള്‍ക്ക് ഇരിക്കാനാകില്ലെന്നും വിദേശകാര്യമന്ത്രി

പാകിസ്താനെതിരെ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. തീവ്രവാദത്തിന്‌റെ സ്‌പോണ്‍സര്‍മാര്‍ക്കൊപ്പം ഇരകള്‍ക്ക് ഇരിക്കാനാകില്ലെന്ന് പറഞ്ഞ ജയശങ്കര്‍, ഇന്ത്യ- പാക് ഉഭയകക്ഷി ചര്‍ച്ചയ്ക്കുള്ള സാധ്യതയും തള്ളി. തീവ്രവാദത്തിന്‌റെ വക്താവായാണ് പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ പെരുമാറുന്നതെന്നും എസ് ജയശങ്കര്‍ കുറ്റപ്പെടുത്തി.

തീവ്രവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പാകിസ്താനെ വിമർശിച്ച വിദേശകാര്യമന്ത്രി എസ് ജയശങ്കർ, പാകിസ്താനിൽ തീവ്രവാദം വ്യവസായമെന്നും കുറ്റപ്പെടുത്തി. അതിന്റെ വക്താവും പ്രൊമോട്ടറുമായാണ് പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ പെരുമാറുന്നത്. ഗോവയിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന്റെ സമാപനത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലായിരുന്നു എസ് ജയശങ്കറിന്റെ പരാമർശം.

ഭീകരവാദത്തിന്റെ ഇരകള്‍ ഭീകരതയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തീവ്രവാദ കുറ്റവാളികളുമായി ഒരുമിച്ച് ഇരിക്കാറില്ല. ഭീകരതയുടെ ഇരകള്‍ സ്വയം പ്രതിരോധിക്കുകയും തീവ്രവാദ പ്രവര്‍ത്തനങ്ങളെ ചെറുക്കുകയും ചെയ്യുന്നു. അവര്‍ അതിനെ നിയമാനുസൃതമാക്കുന്നു, അതാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ഞങ്ങള്‍ ഒരേ ബോട്ടിലാണെന്ന മട്ടില്‍ ഇവിടെ വന്ന് അവര്‍ കപട്യത്തോടെ സംസാരിക്കുന്നു.
എസ് ജയശങ്കർ

''എസ്‌സി‌ഒ അംഗരാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയായാണ് ബിലാവൽ ഭൂട്ടോ സർദാരി ഇന്ത്യയിൽ വന്നത്; അത് ബഹുമുഖ നയതന്ത്രത്തിന്റെ ഭാഗമാണ്, അതിൽ കൂടുതൽ പ്രാധാന്യം ഞങ്ങൾ കാണുന്നില്ല," ജയശങ്കർ പറഞ്ഞു. തീവ്രവാദ പ്രവർത്തനങ്ങൾ മൂലം പാകിസ്താന്റെ വിശ്വാസ്യത അവരുടെ വിദേശനാണയ വിനിമയ നിരക്കിനേക്കാൾ വേഗത്തിൽ ഇടിയുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.

ജി20യുമായോ ശ്രീനഗറുമായോ പാകിസ്താന് യാതൊരു ബന്ധവുമില്ല. ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. കശ്മീരുമായി ബന്ധപ്പെട്ട് ഒറ്റ വിഷയം മാത്രമാണ് ചർച്ചചെയ്യാനുള്ളത്. പാക് അധീന കശ്മീരിനെ അനധികൃത കൈയേറ്റം പാകിസ്താൻ എന്നവസാനിപ്പിക്കും എന്നതാണത്. - ജയശങ്കർ വിശദീകരിച്ചു. ജമ്മു കശ്മീരിലെ രജോരിയിൽ വനത്തിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനുള്ള ഓപ്പറേഷനിൽ അഞ്ച് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട ദിവസം തന്നെയാണ് ജയശങ്കറിന്റെ പരാമർശം എന്നതും ശ്രദ്ധേയമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം പകിസ്താൻ ബന്ധമുള്ള സംഘടന ഏറ്റെടുത്തിരുന്നു.

12 വര്‍ഷത്തിനുശേഷമാണ് ഒരു പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. എസ് ജയശങ്കറിന്റെ ക്ഷണപ്രകാരമാണ് ബിലാവൽ എസ് സി ഒ കൗണ്‍സിലിനെത്തിയത്. ഗോവയിലെത്തിയ ബിലാവലിനെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി ജെ പി സിങ്ങാണ് വിമാനത്താവളത്തിലെത്തി സ്വീകരിച്ചത്. സൗഹൃദ രാജ്യങ്ങളുമായുള്ള ക്രിയാത്മക ചര്‍ച്ചയ്ക്കായി താന്‍ കാത്തിരിക്കുകയായിരുന്നെന്നും കൗണ്‍സിലില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ബിലാവൽ പറഞ്ഞിരുന്നു.

'പാകിസ്താനിൽ ഭീകരത വ്യവസായം'; ബിലാവൽ ഭൂട്ടോ തീവ്രവാദത്തിന്റെ വക്താവെന്നും എസ് ജയശങ്കർ; ഉഭയകക്ഷി ചർച്ച സാധ്യതയും തള്ളി
ഹസ്തദാനം ഇല്ല, നമസ്‌കാരം മാത്രം; ചർച്ചയായി ബിലാവൽ ഭൂട്ടോയെ എസ് ജയശങ്കര്‍ സ്വീകരിച്ച രീതി

അനുച്ഛേദം 370 റദ്ദാക്കിയ നടപടി ഇന്ത്യ പുനഃപരിശോധിച്ചില്ലെങ്കിൽ ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കാൻ പാകിസ്താൻ തയ്യാറല്ലെന്ന് പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സര്‍ദാരി വ്യക്തമാക്കിയിരുന്നു. എസ്‌സിഒ യോഗത്തിൽ ഇരു വിദേശകാര്യ മന്ത്രിമാരും ഉഭയകക്ഷി ചർച്ച നടത്തിയില്ല. നേരത്തെ ഇന്ത്യയിലെത്തിയ ഭൂട്ടോയെ ജയശങ്കര്‍ സ്വീകരിച്ച രീതി ചർച്ചയായിരുന്നു. ശേഷം തീവ്രവാദം വച്ച് പൊറുപ്പിക്കില്ലെന്നും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ടിങ് നൽകുന്നത് അവസാനിപ്പിക്കണമെന്നും യോഗത്തിൽ ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പാകിസ്താനെതിരെ ശക്തമായ ഭാഷയിൽ ഇന്ത്യ പ്രതികരിച്ചത്. അനുച്ഛേദം 370 മായി ബന്ധപ്പെട്ട ചോദ്യത്തിന് അപ്രിയമെങ്കിലും യാഥാർഥ്യത്തെ ഉൾക്കൊള്ളൂ എന്നായിരുന്നു എസ് ജയശങ്കറിന്റെ മറുപടി

logo
The Fourth
www.thefourthnews.in