സുപ്രീം കോടതി
സുപ്രീം കോടതി

'ഒരാളെ സംരക്ഷിക്കാന്‍ ഭരണകൂടം എന്തിന് താല്‍പര്യം കാണിക്കണം?' സന്ദേശ്ഖാലി കേസില്‍ സുപ്രീംകോടതി

'ഒരാളെ സംരക്ഷിക്കാന്‍ ഭരണകൂടം എന്തിന് താല്‍പര്യം കാണിക്കണം?' ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു

സന്ദേശ്ഖാലിയിലെ ഭൂമി കൈയേറ്റവും ലൈംഗികാതിക്രമവും സംബന്ധിച്ച ആരോപണങ്ങളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിനെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളി സുപ്രീംകോടതി. 'ഒരാളെ സംരക്ഷിക്കാന്‍ ഭരണകൂടം എന്തിന് താല്‍പര്യം കാണിക്കണം?' ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. സുപ്രീംകോടതി ഈ ചോദ്യം ചോദിച്ചതിനുശേഷം വിഷയം മാറ്റിവെയ്ക്കുന്നതായി സംസ്ഥാനത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.

ഏപ്രില്‍ 10ലെ കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

ഏപ്രില്‍ 29ന് ഹര്‍ജി പരിഗണിക്കവേ, 'ചില സ്വകാര്യ വ്യക്തികളുടെ താല്‍പര്യം സംരക്ഷിക്കാന്‍' സംസ്ഥാനം എന്തിനാണ് ഹര്‍ജിക്കാരനായി വരേണ്ടതെന്ന് സുപ്രീംകോടതി പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് ചോദിച്ചിരുന്നു. കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവ് പോലീസ് സേനയടക്കം മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെയും മനോവീര്യം തകര്‍ത്തെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു.

സുപ്രീം കോടതി
'ജാമ്യത്തിലുള്ള പ്രതിയുടെ ലൊക്കേഷന്‍ പോലീസ് നിരീക്ഷിക്കരുത്;' അത്തരം വ്യവസ്ഥകൾ സ്വകാര്യതാ ലംഘനമെന്ന് സുപ്രീംകോടതി

സന്ദേശ്ഖാലിയില്‍ എന്‍ഫോഴ്‌സ്‌മെന്‌റ് ഡയരക്ടറേറ്റ്(ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് സിബിഐ ഇതിനകം അന്വേഷിക്കുന്നുണ്ട്. ജനുവരി അഞ്ചിന് നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയ കല്‍ക്കട്ട ഹൈക്കോടതി റവന്യൂ രേഖകളും ആരോപണ വിധേയമായ ഭൂമിയുടെ ഭൗതികപരിശോധനയും നടത്തിയ ശേഷം, കൃഷിഭൂമി മത്സ്യകൃഷിക്കുവേണ്ടി അനധികൃതമായി ജലസ്രോതസുകളാക്കി മാറ്റിയ സംഭവത്തില്‍ സമഗ്രമായ റി്‌പ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബിഐയോട് ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലി ഗ്രാമത്തില്‍ ഭൂമി കൈയേറ്റത്തിന് ഇരയായവര്‍ക്ക് പരാതി നല്‍കുന്നതിനായി sandeshkhali@cbi.gov.in എന്ന പ്രത്യേക ഇമെയില്‍ ഐഡി സിബിഐ ഉണ്ടാക്കിയിരുന്നു.

ഷാജഹാൻ ഷെയ്ഖിന്റെ വീട്ടിൽ പരിശോധന നടത്താനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ തൃണമൂൽ പാർട്ടി പ്രവർത്തകർ ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് സന്ദേശ്ഖാലിയിലെ സംഭവങ്ങൾ ഓരോന്നായി വെളിച്ചത്ത് വരുന്നത്. സ്ഥലം പിടിച്ചെടുക്കുന്നതിനെ എതിർത്ത സന്ദേശ്ഖാലിയിലെ സ്ത്രീകളെ ശാരീരികമായി ആക്രമിക്കുകയും, ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്‌തെന്ന് പരാതികൾ ഉയർന്നു. തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖാണ് ഈ അക്രമങ്ങൾക്ക് നേതൃത്വം നൽകിയതെന്നും സ്ത്രീകൾ ആരോപിച്ചിരുന്നു. ഫെബ്രുവരി ആദ്യവാരത്തിലാണ് തൃണമൂല്‍ നേതാക്കള്‍ക്കെതിരെ സന്ദേശ്ഖാലിയില്‍ സ്ത്രീകള്‍ തെരുവിലിറങ്ങി പ്രതിഷേധം ആരംഭിക്കുന്നത്. 55 ദിവസത്തിന് ശേഷമാണ് ഒളിവിലായിരുന്ന ഷാജഹാന്‍ ഷെയ്ഖിനെ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തത്.

logo
The Fourth
www.thefourthnews.in