ബൈജു രവീന്ദ്രനെ പുറത്താക്കാന്‍ വോട്ട് ചെയ്ത് നിക്ഷേപകര്‍; അസാധാരണ ജനറല്‍ ബോഡിയില്‍ നാടകീയ രംഗങ്ങള്‍

ബൈജു രവീന്ദ്രനെ പുറത്താക്കാന്‍ വോട്ട് ചെയ്ത് നിക്ഷേപകര്‍; അസാധാരണ ജനറല്‍ ബോഡിയില്‍ നാടകീയ രംഗങ്ങള്‍

യോഗ തീരുമാനം ബൈജൂസ് തള്ളിക്കളഞ്ഞു. നിക്ഷേപകരുടെ ചെറു വിഭാഗം മാത്രമാണ് പങ്കെടുത്തതെന്നും ഈ പ്രമേയം അസാധുവാണെന്നും ബൈജൂസ് പ്രസ്താവനയില്‍ പറഞ്ഞു

ബൈജൂസ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രനെ കമ്പനിയുടെ സിഇഒ സ്ഥാനത്ത് നിന്ന് നീക്കാന്‍ പ്രമേയം പാസാക്കി നിക്ഷേപകര്‍. ബൈജുവിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നത് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത അസാധാരണ ജനറല്‍ ബോഡി യോഗത്തിലാണ് നിക്ഷേപകര്‍ ബൈജുവിനെ പുറത്താക്കാനായി വോട്ട് ചെയ്തത്. പ്രോസസ് എന്‍വി, പീക് എക്‌സ്‌വി അടക്കമുള്ള പ്രധാന നിക്ഷേപകര്‍ യോഗത്തില്‍ പങ്കെടുത്തു. അതേസമയം, യോഗത്തിന്റെ തീരുമാനം ബൈജൂസ് തള്ളിക്കളഞ്ഞു. യോഗത്തില്‍ നിക്ഷേപകരുടെ ചെറു വിഭാഗം മാത്രമാണ് പങ്കെടുത്തതെന്നും ഈ പ്രമേയം അസാധുവാണെന്നും ബൈജൂസ് പ്രസ്താവനയില്‍ പറഞ്ഞു.

കമ്പനിയുടെ 60 ശതമാനം ഓഹരിയുടമകളും യോഗത്തില്‍ പങ്കെടുത്തു എന്നാണ് വിവരം. അതിനിടെ, ഓഹരിയുടമകളുടെ യോഗം തടസപ്പെടുത്താന്‍ ബൈജൂസിന്റെ ജീവനക്കാര്‍ ശ്രമം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. സൂം മീറ്റിങ്ങിലേക്ക് അനധികൃതമായി കടക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്. അനാവശ്യ ശബ്ദങ്ങള്‍ സൃഷ്ടിച്ചും സാങ്കേതിക പ്രശ്‌നങ്ങളുണ്ടാക്കിയും യോഗം തടസപ്പെടുത്താനായിരുന്നു ശ്രമമെന്നാണ് റിപ്പോര്‍ട്ട്.

ബൈജു രവീന്ദ്രന് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് അസാധാരണ ജനറല്‍ ബോഡി യോഗം വിളിച്ച് അദ്ദേഹത്തെ പുറത്താക്കാനുള്ള ശ്രമം നിക്ഷേപകര്‍ നടത്തിയത്. ബൈജുവിന് എതിരെ ദേശീയ കമ്പനി നിയമ ട്രിബ്യുണലില്‍ (എന്‍സിഎല്‍ടി) ഹര്‍ജി നല്‍കുകയും ചെയ്തു.

ബൈജു രവീന്ദ്രനെ പുറത്താക്കാന്‍ വോട്ട് ചെയ്ത് നിക്ഷേപകര്‍; അസാധാരണ ജനറല്‍ ബോഡിയില്‍ നാടകീയ രംഗങ്ങള്‍
തുടർച്ചയായി തിരിച്ചടികൾ നേരിട്ട് ബൈജൂസ്‌; എന്താണ് കമ്പനിക്കെതിരായ ഇ ഡി ആരോപണങ്ങൾ?

നിക്ഷേപകരില്‍ നാലുപേരാണ് എന്‍സിഎല്‍ടിയുടെ ബെംഗളുരു ബെഞ്ചില്‍ സ്യൂട്ട് നല്‍കിയത്. നിലവിലെ ഓഹരി ഉടമകള്‍ക്ക് കൂടുതല്‍ ഓഹരികള്‍ വിലക്കിഴിവിലോ അല്ലാതെയോ വാങ്ങാനുള്ള ക്ഷണം നല്‍കുന്ന റൈറ്റ്സ് ഇഷ്യൂ ചെയ്യാനുള്ള അവകാശം ബൈജൂസിന്റെ ഇപ്പോഴത്തെ ഉടമകളില്‍നിന്ന് എടുത്തുമാറ്റണമെന്നാണ് ഇവരുടെ ആവശ്യം.

ബൈജൂസില്‍ ഫോറന്‍സിക് ഓഡിറ്റ് നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പതിനാറായിരം കോടി രൂപയുടെ റൈറ്റ്സ് ഓഫര്‍ അസാധുവാക്കണം. നിക്ഷേപകരുടെ അവകാശങ്ങളെ ബാധിക്കുന്ന കോര്‍പ്പറേറ്റ് നടപടികള്‍ കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് ഉത്തരവിടണമെന്നും സ്യൂട്ടില്‍ ആവശ്യപ്പെടുന്നു.

logo
The Fourth
www.thefourthnews.in