പ്രതിസന്ധിഘട്ടത്തില്‍ പാര്‍ട്ടിയെ തോളിലേറ്റി; സോണിയയെ തോല്‍പ്പിക്കാത്ത റായ്ബറേലി ഇനി മകള്‍ക്ക്?

പ്രതിസന്ധിഘട്ടത്തില്‍ പാര്‍ട്ടിയെ തോളിലേറ്റി; സോണിയയെ തോല്‍പ്പിക്കാത്ത റായ്ബറേലി ഇനി മകള്‍ക്ക്?

77-ാം വയസില്‍ റായ്ബറേലിയോട് യാത്ര പറയുകയാണ് സോണിയ ഗാന്ധി. ഇനിവരുന്നത് മകള്‍ പ്രിയങ്ക ഗാന്ധിയാകും എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന

വര്‍ഷം 1997, രാജീവ് ഗാന്ധി വധത്തിന് ശേഷം ആറു വര്‍ഷം കഴിഞ്ഞിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സോണിയ ഗാന്ധി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ഒരു പതിറ്റാണ്ടിനിടെ രണ്ടു പ്രധാന നേതാക്കളുടെ കൊലപാതകങ്ങള്‍, തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി, നേതാക്കളുടെ തമ്മിലടി... സംഘര്‍ഷഭരിതമായിരുന്നു അന്നു കോണ്‍ഗ്രസ്. നെഹ്‌റു കുടുംബത്തില്‍ നിന്നൊരാള്‍ അധ്യക്ഷ പദത്തിലെത്തിയാല്‍ മാത്രം, പാര്‍ട്ടി രക്ഷപ്പെടുമെന്ന് ഒരുവിഭാഗം നേതാക്കള്‍ ഉറച്ചുവിശ്വസിച്ചു. വിദേശിയായൊരാളെ അംഗീകരിക്കാനാകില്ലെന്ന നിലപാടില്‍ മറുവിഭാഗം ശക്തമായി നിലയുറപ്പിച്ചു. ഒടുവില്‍, പാര്‍ട്ടി അംഗത്വം സ്വീകരിച്ച് 66 ദിവസത്തിന് ശേഷം, സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ പ്രസിഡന്റായി.

അധ്യക്ഷ സ്ഥാനത്തെത്തിയ ശേഷം സോണിയ പാര്‍ട്ടി പ്രവര്‍ത്തകരോട് ഇങ്ങനെ പറഞ്ഞു;

''നിങ്ങളില്‍ ചിലര്‍ വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നതുപോലെ ഞാന്‍ രക്ഷകയല്ല. നമ്മുടെ പ്രതീക്ഷകളില്‍ നാം യാഥാര്‍ത്ഥ്യ ബോധമുള്ളവരായിരിക്കണം. നമ്മുടെ പാര്‍ട്ടിയുടെ പുനരുജ്ജീവനം നമ്മളില്‍ ഓരോരുത്തരുടെയും ആത്മാര്‍ത്ഥമായ കഠിനാധ്വാനം ഉള്‍ക്കൊള്ളുന്ന ഒരു നീണ്ട പ്രക്രിയയായിരിക്കും''.

സോണിയ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റാകുമ്പോള്‍ മധ്യപ്രദേശ്, ഒഡീഷ, മിസോറം എന്നീ മൂന്നു സംസ്ഥാനങ്ങളില്‍ മാത്രമായിരുന്നു പാര്‍ട്ടിക്ക് ഭരണമുണ്ടായിരുന്നത്. എന്നാല്‍ സ്ഥാനമേറ്റ് ഏഴുവര്‍ഷത്തിനുള്ളില്‍ 2004-ല്‍ കോണ്‍ഗ്രസിനെ ദേശീയ തലത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിക്കുന്നതില്‍ സോണിയയുടെ പങ്ക് വലുതായിരുന്നു. 2004-ലും 2009-ലും പ്രധാനമന്ത്രി സ്ഥാനത്തെത്താന്‍ അവസരമുണ്ടായിട്ടും, മാറിനിന്ന സോണിയ, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് കളമൊഴിയുകയാണ്. ഇനി രാജ്യസഭയാണ് സോണിയ ഗാന്ധിയുടെ തട്ടകം.

തിരഞ്ഞെടുപ്പുകളിലായാലും, പാര്‍ലമെന്റിലായാലും ബിജെപിയും സംഘപരിവാറും ഇത്രയധികം കടന്നാക്രമണം നടത്തിയ ഒരു വനിതാ നേതാവുണ്ടാകുമോ എന്നതില്‍ സംശയമാണ്. രാജീവിനെ വിവാഹം കഴിച്ച് ഇറ്റലിയില്‍ നിന്നെത്തിയ സോണിയയെ, കോണ്‍ഗ്രസുകാരും ബിജെപിക്കാരും ഒരുപോലെ വേട്ടയാടിയിട്ടുണ്ട്. ഭര്‍ത്താവിന്റെ കൊലപാതകത്തിന് ശേഷം, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പോരാട്ട ഭൂമിയിലേക്ക് എടുത്തുചാടേണ്ടിവന്ന സോണിയ ഗാന്ധിക്ക് മുന്നില്‍ പ്രതിസന്ധികളുടെ കൊടുമലകള്‍ തന്നെയുണ്ടായിരുന്നു.

ഹിന്ദി പഠിച്ചും സാരിയിലേക്ക് വേഷം മാറിയും ഇന്ത്യക്കാരിയായി രൂപാന്തരപ്പെട്ട സോണിയ, പതിയെ കോണ്‍ഗ്രസിന്റെ മറുവാക്കില്ലാത്ത നേതാവായി മാറി. മതവും രാഷ്ട്രീയവും ഒത്തിണക്കി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവരെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന ശക്തിപ്പെടുത്താനാണ് താന്‍ രാഷ്ട്രീയത്തിലിറങ്ങിയതെന്ന് എല്ലാ തിരഞ്ഞെടുപ്പ് വേദികളിലും അവര്‍ ആവര്‍ത്തിച്ചു പ്രസംഗിച്ചു. ഇന്ത്യയുടെ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും ഒരുപോലെ ഇറങ്ങിച്ചെന്ന്, താന്‍ 'ഇന്ത്യയുടെ മകള്‍' തന്നെയാണെന്ന്‌ ഉറപ്പിച്ചെടുത്തു. അങ്ങനെ, സോണിയ ഗാന്ധിയെന്ന പേര് ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയില്‍ ഒഴിച്ചുനിര്‍ത്താന്‍ പറ്റാത്തതായി മാറി.

പ്രതിസന്ധിഘട്ടത്തില്‍ പാര്‍ട്ടിയെ തോളിലേറ്റി; സോണിയയെ തോല്‍പ്പിക്കാത്ത റായ്ബറേലി ഇനി മകള്‍ക്ക്?
'വിചാരണക്കോടതിയെ സമീപിക്കാം'; സുപ്രീംകോടതിയുടെ പരിഗണനയിലിരുന്ന ജാമ്യാപേക്ഷ പിൻവലിച്ച് ഉമർ ഖാലിദ്

ഹിന്ദിയറിയില്ലെന്നും ഇന്ത്യക്കാരിയല്ലെന്നും വിമര്‍ശനം കേട്ടിട്ടിടത്തു നിന്ന്, രാഷ്ട്രീയ പ്രസ്താവനകള്‍ക്കായി രാജ്യം കാത്തിരിക്കുന്ന നേതാവായി സോണിയ മാറി. പൊതുവേ സരസമായ പ്രസംഗങ്ങള്‍ നടത്തുന്ന ശൈലിയാണ് അവരുടേത്. എന്നാല്‍, നിര്‍ണായക ഘട്ടങ്ങളില്‍ ബിജെപിയെ കടാന്നക്രമിക്കുന്ന പ്രസംഗങ്ങള്‍ കൊണ്ട് പാര്‍ലമെന്റില്‍ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് സോണിയ. 'പ്രധാനമന്ത്രി നന്ദ്രേ മോദി പ്രസംഗങ്ങളിലും ക്ലാസെടുക്കുന്നതിലും മിടുക്കനാണ്. എന്നാല്‍, പ്രസംഗങ്ങള്‍ക്ക് വയറു നിറയ്ക്കാനും രോഗികളെ സുഖപ്പെടുത്താനുമുള്ള കഴിവില്ല അതിന് അരിയും ഗോതമ്പും അവശ്യമരുന്നുകളും തന്നെ വേണം' എന്ന സോണിയയുടെ 2018-ലെ പാര്‍ലമെന്റിലെ പ്രസംഗം ഇപ്പോഴും ബിജെപി വിരുദ്ധ ചേരി എടുത്തു പ്രയോഗിക്കുന്ന ഒന്നാണ്.

1999-ല്‍, സോണിയ ഗാന്ധി ആദ്യമായി തിരഞ്ഞെടുപ്പ് കളരിയിലിറങ്ങി. രണ്ടു മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് തങ്ങളുടെ പുതിയ സാരഥിക്ക് വേണ്ടി മാറ്റിവച്ചിരുന്നത്. പാര്‍ട്ടിയുടെ ഉരുക്കു കോട്ടകളായിരുന്ന കര്‍ണാടകയിലെ ബെല്ലാരിയും ഉത്തര്‍പ്രദേശിലെ അമേഠിയും. രാജീവ് ഗാന്ധിയുടെ തട്ടകമായിരുന്നു അമേഠി. രണ്ടിടത്തും ജയം, എന്നാല്‍ 56,000 വോട്ടിന് വിജയിച്ച ബെല്ലാരി ഒഴിവാക്കി സോണിയ രാജീവിന്റെ ഓര്‍മകളുറങ്ങുന്ന അമേഠിയില്‍ കാലുറപ്പിച്ചു നിന്നു.

2004-ലും അമേഠിയില്‍ നിന്ന് ലോക്‌സഭയിലെത്തി. 2004-ല്‍ മകന്‍ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് വേണ്ടി അമേഠി വിട്ട സോണിയ, റായ്ബറേലിയിലേക്ക് ചുവടുമാറി. ഇന്ദിര ഗാന്ധിയെ മറക്കാത്ത റായ്ബറേലിക്കാര്‍, സോണിയ ഗാന്ധിയേയും സ്വീകരിച്ചു. 2019-ല്‍ അമേഠിയില്‍ രാഹുല്‍ വീഴുകയും യുപിയിലെ മറ്റെല്ലായിടത്തും കോണ്‍ഗ്രസ് തകര്‍ന്നടിയുകയും ചെയ്തിട്ടും റായ്ബറേലി സോണിയയെ കൈവിട്ടില്ല. റായ്ബറേലിയില്‍ ഒരിക്കലും 55 ശതമാനത്തിന് താഴേപ്പോയിട്ടില്ല സോണിയയുടെ വോട്ടിങ് ശതമാനം.

ആ റായ്ബറേലിയോട് തന്റെ എഴുപത്തിയേഴാം വയസില്‍ യാത്ര പറയുകയാണ് സോണിയ. ഇനിവരുന്നത് മകള്‍ പ്രിയങ്ക ഗാന്ധിയാകും എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സോണിയയെപ്പോലെ തന്നെ റായ്ബറേലിക്കാര്‍ക്ക് സുപരിചിതയാണ് പ്രിയങ്കയും. അമ്മയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു പ്രിയങ്ക. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായതിന് ശേഷം, പ്രിയങ്ക നിരന്തരം റായ്ബറേലി സന്ദര്‍ശിക്കുന്നുമുണ്ട്.

പ്രതിസന്ധിഘട്ടത്തില്‍ പാര്‍ട്ടിയെ തോളിലേറ്റി; സോണിയയെ തോല്‍പ്പിക്കാത്ത റായ്ബറേലി ഇനി മകള്‍ക്ക്?
ചലച്ചിത്ര പുരസ്‌കാരങ്ങളിലും പേരുമാറ്റം; ഇന്ദിരാ ഗാന്ധിയെയും നര്‍ഗീസ് ദത്തിനെയും 'വെട്ടി'

സോണിയ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ 'വിശ്രമവേള'യായേക്കും ഈ രാജ്യസഭ അംഗത്വം. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ 'സൂപ്പര്‍ പ്രധാനമന്ത്രിയായിരുന്നു' സോണിയയെന്നും ഇഷ്ടക്കാരെ മാത്രം സംരക്ഷിക്കുന്ന അവരുടെ നിലപാടാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് കാരണമെന്നും തുടങ്ങി വിമര്‍ശനങ്ങള്‍ അനവധിയാണ്. എന്നിരുന്നാലും, അവിചാരിതമായി രാഷ്ട്രീയത്തിലെത്തി, രാജ്യത്തെ ഏറ്റവും പഴക്കംചെന്ന രാഷ്ട്രീയ പാര്‍ട്ടിയെ പ്രതിസന്ധി ഘട്ടത്തില്‍ നയിച്ച നേതാവ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറുമ്പോള്‍, ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിന്റെ ഒരു കാലഘട്ടം കൂടി അവസാനിക്കുകയാണ്.

logo
The Fourth
www.thefourthnews.in