ഗൗതം അദാനി
ഗൗതം അദാനി

അദാനിക്ക് ടെൻഡറില്ലാതെ കാറ്റാടി വൈദ്യുതപദ്ധതി: കരാര്‍ ഇന്ത്യയുമായുള്ളതാക്കി മാറ്റണമെന്ന് ശ്രീലങ്ക

2022 മാര്‍ച്ചിലാണ് 40 കോടി ഡോളറോളം ചെലവ് വരുന്ന പദ്ധതിയ്ക്കായി അദാനി ഗ്രൂപ്പ് ശ്രീലങ്കൻ സർക്കാരുമായി കരാറിൽ ഒപ്പുവച്ചത്

500 മെഗാവാട്ടിൻ്റെ കാറ്റാടി വൈദ്യുതപദ്ധതി നടപ്പാക്കാൻ അദാനി ഗ്രൂപ്പിന് ടെൻഡറില്ലാതെ നൽകിയ കരാർ ഇന്ത്യയുമായുള്ളതാക്കി മാറ്റണമെന്ന ആവശ്യവുമായി ശ്രീലങ്ക. അദാനിക്ക് പൊതു ലേലത്തിലൂടെയല്ലാതെ പദ്ധതി നല്‍കിയതിലെ നിയമക്കുരുക്കുകൾ ഒഴിവാക്കാനാണ് ഈ ആവശ്യം. അതേസമയം, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡി (ഇന്ത്യ)നെ ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിനിധിയായി അംഗീകരിച്ചിട്ടുണ്ടോയെന്ന ചോദ്യം ശ്രീലങ്കന്‍ പാർലമെന്റ് അംഗങ്ങളിൽനിന്ന് ഉയര്‍ന്നിട്ടുണ്ട്.

അദാനിയുമായുള്ള കരാർ ഇന്ത്യയുമായുള്ള കരാറാക്കി മാറ്റുന്നതുസംബന്ധിച്ച നിർദേശം ശ്രീലങ്കന്‍ ഈര്‍ജ മന്ത്രി കാഞ്ചന വിജേശേകെര മന്ത്രിസഭയ്ക്കു മുൻപാകെ സമർപ്പിച്ചിട്ടുണ്ട്. പദ്ധതിയെ ഇന്ത്യ-ശ്രീലങ്ക സർക്കാരുകൾ തമ്മിലുള്ള കരാറായി പരിഗണിക്കേണ്ടതിന്റെ കാരണങ്ങൾ വിശദമാക്കുന്നതാണ് ഈ നിർദേശം.

ഗൗതം അദാനി
ആരാണ് അദാനിയെ കുഴപ്പിക്കുന്ന ജോര്‍ജ് സോറോസ്?

രാജ്യത്ത് ഊര്‍ജ പദ്ധതികളില്‍ സ്വകാര്യ നിക്ഷേപം സ്വീകരിക്കുന്നത് മത്സര ലേലത്തിലൂടെയായിരിക്കണമെന്ന് ശ്രീലങ്കൻ വൈദ്യുതി നിയമം വ്യക്തമാക്കുന്നതായി മന്ത്രിസഭാ രേഖ വ്യക്തമാക്കുന്നു.അദാനിയുടെ കാര്യത്തിൽ ഇക്കാര്യം പാലിക്കപ്പെട്ടിട്ടില്ല.

അദാനിക്ക് ലഭിച്ച കരാർ സര്‍ക്കാരുകള്‍ തമ്മിലുള്ള പദ്ധതിയായി മന്ത്രിസഭ അംഗീകരിച്ചാല്‍ ഇത്തരം വ്യവസ്ഥകള്‍ ഒഴിവാക്കാമെന്ന് കാഞ്ചന വിജേശേകെര സമര്‍പ്പിച്ച നിര്‍ദേശത്തില്‍ പറയുന്നതായി ദ സൺഡേ ടൈംസ് റിപ്പോർട്ടിൽ പറയുന്നു.

ശ്രീലങ്കയിലെ വടക്കൻ മാന്നാർ ജില്ലയിൽ കാറ്റാടി വൈദ്യുതപദ്ധതി നടപ്പാക്കാൻ 2022 മാർച്ചിലാണ് അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡി (ഇന്ത്യ)ന് കരാർ ലഭിച്ചത്. തുടക്കം മുതല്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച ഒന്നായിരുന്നു ഈ പദ്ധതി.

ശ്രീലങ്ക സാമ്പത്തികമായി തകര്‍ന്ന സാഹചര്യത്തില്‍ അന്നത്തെ പ്രസിഡന്റ് ഗോതബയ രജപക്‌സ ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ടപോഴായിരുന്നു ഊര്‍ജ പദ്ധതിയുമായി അദാനി മുന്നോട്ടുവരുന്നത്. ശ്രീലങ്കയുടെ ഉറ്റസഹായിയായിരുന്ന ചൈനയെ പോലും പിന്തള്ളിയാണ് പദ്ധതി അദാനി സ്വന്തമാക്കിയത്.

ഗൗതം അദാനി
വീണ്ടും കടുത്ത ആരോപണങ്ങള്‍; കുത്തനെ ഇടിഞ്ഞ് അദാനി ഓഹരികള്‍, 35,600 കോടി നഷ്ടം

ഗോതബയ രജപക്‌സയെ നേരിട്ടുകണ്ട് ആറ് മാസത്തിനുശേഷം മാര്‍ച്ച് 2022ല്‍ അദാനി കരാറില്‍ ഒപ്പുവയ്ക്കുകയായിരുന്നു. ശ്രീലങ്കയിൽ രണ്ട് കാറ്റാടിപ്പാടങ്ങൾ അദാനി സ്ഥാപിക്കുമെന്ന് ബോർഡ് ഓഫ് ഇൻവെസ്റ്മെന്റ് അന്ന് അറിയിച്ചിരുന്നു. കാറ്റാടിപ്പാടങ്ങൾക്കായി 442 മില്യൺ ഡോളറാണ് അദാനി ഗ്രൂപ്പ് നിക്ഷേപിക്കുന്നത്. 2025ഓടെവൈദ്യുതി ഉൽപാദിപ്പിക്കാനാവുന്ന വിധത്തിലാണ് പദ്ധതി വിഭാനം ചെയ്തിരിക്കുന്നത്.  2024 ഡിസംബറോടെ പദ്ധതി കമ്മിഷൻ ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീലങ്കയും വ്യക്തമാക്കിയിരുന്നു.

ഗൗതം അദാനി
രഹസ്യ നിക്ഷേപം, നിഴൽ കമ്പനികൾ, ഓഹരിവിലയിൽ കൃത്രിമം; ആരോപണ നിഴലിൽ അദാനി

അദാനിക്ക് കരാർ ലഭിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സെയ്ക്കുമേൽ സമ്മർദം ചെലുത്തിയതായി ആരോപണമുയർന്നിരുന്നു. സിലോൺ ഇലക്ട്രിസിറ്റി ബോർഡ് (സിഇബി) ചെയർമാൻ എംഎംസി ഫെർഡിനാൻഡോയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. പദ്ധതി അദാനിക്ക് നൽകാൻ മോദി സംഭാഷണമധ്യേ ആവശ്യപ്പെട്ടുവെന്ന് പ്രസിഡന്റ് പറഞ്ഞുവെന്നായിരുന്നു ഫെർഡിനാൻഡോ കഴിഞ്ഞവർഷം ജൂണിൽ കമ്മിറ്റി ഓണ്‍ പബ്ലിക് എന്റര്‍പ്രൈസിന്റെ വിചാരണയില്‍ നടത്തിയ വെളിപ്പെടുത്തൽ.

2021നവംബറിൽ നടന്ന ഒരു യോഗത്തിന് ശേഷം തന്നെ പ്രസിഡന്റ് ഗോതബയ വിളിക്കുകയും കാറ്റാടി വൈദ്യുതപദ്ധതി കരാര്‍ അദാനി ഗ്രൂപ്പിന് തന്നെ ലഭിക്കണമെന്നാണ് അതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്നും പറഞ്ഞതായി ഫെര്‍ഡിനാന്‍ഡോ വ്യക്തമാക്കി. എന്നാല്‍ മൂന്ന് ദിവസത്തിനുശേഷം ഫെര്‍ഡിനാന്‍ഡോ ഈ പ്രസ്താവന പിന്‍വലിക്കുകയും സിഇബിയില്‍നിന്ന് രാജിവയ്ക്കുകയുമായിരുന്നു.

logo
The Fourth
www.thefourthnews.in