അഞ്ച്‌ വർഷത്തിനിടെ 654 ആത്മഹത്യ, അരലക്ഷത്തിലേറെ രാജി! കേന്ദ്ര സായുധ പോലീസ് സേനകളിൽ സംഭവിക്കുന്നത് എന്ത്‌?

അഞ്ച്‌ വർഷത്തിനിടെ 654 ആത്മഹത്യ, അരലക്ഷത്തിലേറെ രാജി! കേന്ദ്ര സായുധ പോലീസ് സേനകളിൽ സംഭവിക്കുന്നത് എന്ത്‌?

ഈ വർഷം മാത്രം 34 സിആർപിഎഫ് ജവാന്മാരാണ് ജീവനൊടുക്കിയത്

കേന്ദ്ര സായുധ പോലീസ് സേനകളിൽ (സിഎപിഎഫ്) ആത്മഹത്യാ നിരക്കും രാജിയും വർധിക്കുന്നതായി റിപ്പോർട്ട്. അഞ്ച് വർഷത്തിനിടയിൽ 654 ജവാന്മാർ ജീവനൊടുക്കിയപ്പോൾ, രാജിവച്ചത് 50,155 പേർ. കടുത്ത മാനസികസമ്മർദം ഉൾപ്പെടെയുള്ളവയാണ് ഈ പ്രവണതയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

2021ലെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്കുകൾ പ്രകാരം ബിരുദധാരികളോ അതിൽ കൂടുതലോ വിദ്യാഭ്യാസമുള്ള യുവാക്കളുടെ ആത്മഹത്യാ നിരക്ക് 8.9 ആണ്. എന്നാൽ നിലവിൽ ജോലി ചെയ്യുന്ന സൈനികരുടെയും 2022 ലെ മൊത്തം ആകെ ആത്മഹത്യാ കണക്കും വിശകലനം ചെയ്യുമ്പോൾ സിഎപിഎഫിലെ ആത്മഹത്യാ നിരക്ക് 13 ആണ്. ഓരോ പതിനായിരം ജനസംഖ്യയിലും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തെയാണ് ആത്മഹത്യാ നിരക്ക് എന്ന് പറയുന്നത്.

കഴിഞ്ഞ മാസം വ്യത്യസ്ത ദിവസങ്ങളിലായി രണ്ടു സിഎപിഎഫ് ഉദ്യോഗസ്ഥരാണ് രാജ്യത്ത് ജീവനൊടുക്കിയത്. സർവീസ് റൈഫിൾ ഉപയോഗിച്ചായിരുന്നു ആത്മഹത്യ. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്‌ജി), സശസ്ത്ര സീമ ബൽ (എസ്എസ്ബി), അസം റൈഫിൾസ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) എന്നിവ ഉൾപ്പെടുന്ന സിഎപിഎഫിൽ ഇത്തരം ആത്മഹത്യകൾ പുതിയതല്ല.

അഞ്ച്‌ വർഷത്തിനിടെ 654 ആത്മഹത്യ, അരലക്ഷത്തിലേറെ രാജി! കേന്ദ്ര സായുധ പോലീസ് സേനകളിൽ സംഭവിക്കുന്നത് എന്ത്‌?
രാജ്യത്ത് ആത്മഹത്യ നിരക്കിൽ മുന്നിൽ പുരുഷന്മാർ; വിവാഹിതരുടെ സ്ഥിതി കൂടുതൽ ആശങ്കാജനകം

വെല്ലുവിളികൾ നിറഞ്ഞ മേഖലകളിലേക്കുള്ള വിന്യാസം, അങ്ങേയറ്റം പ്രതികൂലമായ സാഹചര്യം, കുടുംബത്തിൽനിന്ന് ദീർഘനാൾ വിട്ടുനൽകേണ്ടി വരുന്നത്, ആവശ്യത്തിന് അവധി ലഭിക്കാത്തത് തുടങ്ങിയ കാരണങ്ങൾ കൊണ്ടുള്ള മാനസിക സമ്മർദം ജവാന്മാരുടെ ആത്മഹത്യക്കും രാജിക്കും പിന്നിലെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2018-നും 2022-നും ഇടയിൽ 654 സിഎപിഎഫ് ഉദ്യോഗസ്ഥരാണ് ആത്മഹത്യ ചെയ്തത്. അതായത്, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ശരാശരി ഒരാൾ എങ്കിലും സിഎപിഎഫിൽ ആത്മഹത്യ ചെയ്തിട്ടുണ്ട്.

ഈ കാലയളവിൽ ഏറ്റവും കൂടുതൽ ആത്മഹത്യകൾ രേഖപ്പെടുത്തിയിരിക്കുന്നത് സിആർപിഎഫിലാണ്, 230. ബിഎസ്എഫ്- 174, സിഐഎസ്എഫ്- 89, എസ്എസ്ബി-64, ഐടിബിപി-54, അസം റൈഫിൾസ്-43 എന്നിങ്ങനെയാണ് മറ്റ് സേനകളിലെ കണക്ക്. എൻഎസ്ജിയിലാണ് ഏറ്റവും കുറവ്, മൂന്ന് പേർ.

ഈ വർഷം മാത്രം 34 സിആർപിഎഫ് ജവാന്മാരാണ് ആത്മഹത്യ ചെയ്തത്. ഇതിൽ പത്ത് പേർ ഓഗസ്റ്റ് 12 നും സെപ്റ്റംബർ 4 നും ഇടയിലാണ് ആത്മഹത്യ ചെയ്തത്. 2018-ൽ 36 ആത്മഹത്യകളാണ് സിആർപിഎഫിൽ നടന്നത്. 2019-ൽ 40, 2020-ൽ 54, 2021-ൽ 57 എന്നിങ്ങനെയാണ് കണക്കുകൾ. എന്നാൽ 2022-ൽ ഈ കണക്ക് 43 ആയി കുറഞ്ഞു.

കൂട്ടരാജിക്ക് പിന്നിലെ കാരണങ്ങൾ

കേന്ദ്ര സായുധ സേനകളിലെ പ്രധാന പ്രശ്‌നമാണ് വർധിച്ചുവരുന്ന മാനസിക സമ്മർദവും ആവശ്യത്തിന് സ്ഥാനക്കയറ്റമില്ലായ്മയും. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 50,155 സിഎപിഎഫ് ഉദ്യോഗസ്ഥരാണ് മാനസിക സമ്മർദം കാരണം ജോലി ഉപേക്ഷിച്ചത്. വിവിധ തസ്തികകളിൽ നിന്നായി ശരാശരി 27 ഉദ്യോഗസ്ഥരെങ്കിലും ഓരോ ദിവസും രാജിവയ്ക്കുന്നുണ്ട്.

ബിഎസ്എഫിലാണ് ഈ പ്രവണത കൂടുതൽ, 2018 മുതൽ 2022 വരെ അഞ്ച് വർഷത്തിൽ രാജിവച്ചത് 23,553 പേർ. രാജിവയ്ക്കുന്നവരുടെ ഓരോ വർഷവും കൂടി വരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2020 മാത്രമാണ് ഇതിന് അപവാദം. 2018ൽ 4,283, 2019ൽ 4,287, 2020ൽ 3,521, 2021ൽ 5,713, 2022ൽ 5,749 എന്നിങ്ങനെയാണ് സേനയിൽനിന്ന് ഇത്തരത്തിൽ പുറത്തുപോയവരുടെ എണ്ണം.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 13,640 ഉദ്യോഗസ്ഥരാണ് സിആർപിഎഫിൽനിന്ന് രാജിവച്ചത്. 2020-ൽ 1410 പേരാണ് രാജിവച്ചതെങ്കിൽ തുടർന്നുള്ള രണ്ട് വർഷങ്ങളിൽ യഥാക്രമം 3633, 3101 എന്നിങ്ങനെയായിരുന്നു രാജിവച്ചവരുടെ എണ്ണം. സിഐഎസ്എഫിൽനിന്ന് 5,876 പേരും ഐടിബിപിയിൽനിന്ന് 2915 പേരും അഞ്ച് വർഷത്തിനിടെ രാജിവച്ചു.

അഞ്ച്‌ വർഷത്തിനിടെ 654 ആത്മഹത്യ, അരലക്ഷത്തിലേറെ രാജി! കേന്ദ്ര സായുധ പോലീസ് സേനകളിൽ സംഭവിക്കുന്നത് എന്ത്‌?
സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് രണ്ട് സൈനികര്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

ഇന്ത്യയിലെ ഏറ്റവും വലിയ അർധസൈനിക സേനയായ സിആർപിഎഫിന്റെ പ്രധാന ദൗത്യം നക്സൽ മേഖലകളിലാണ്. ക്രമസമാധാന സംരക്ഷണത്തിനായി ജമ്മു കശ്മീരിലും ഇവരെ വൻതോതിൽ വിന്യസിച്ചിട്ടുണ്ട്. എന്നാൽ പല സംസ്ഥാന പോലീസ് സേനകൾക്കും ആവശ്യത്തിനുള്ള അംഗബലമില്ലാത്തതിനാൽ മിക്കപ്പോഴും സിആർപിഎഫിനെയാണ് അടിയന്തിര ഘട്ടങ്ങളിൽ വിളിക്കുന്നത്.

മഹാരാഷ്ട്രയിലെ ഗണേശ ചതുർത്ഥി, ഒഡിഷയിലെ രഥയാത്ര തുടങ്ങിയ മേളകളിലും ഉത്സവങ്ങളിലും ക്രമസമാധാന സംരക്ഷണത്തിനായി സിആർപിഎഫ് ഉദ്യോഗസ്ഥരെ വിന്യസിക്കാറുണ്ട്. ഇത്തരത്തിൽ പൊടുന്നനെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള വിന്യാസം സേനാംഗങ്ങളെ മാനസികമായി തളർത്തുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലിന് (ഡിഐജി) മുകളിലുള്ള റാങ്കുകൾ ഇന്ത്യൻ പോലീസ് സർവീസിലെയും (ഐ‌പി‌എസ്) ഇന്ത്യൻ ആർമിയിലെയും ഉദ്യോഗസ്ഥർക്ക് സംവരണം ചെയ്തിട്ടുള്ളതിനാൽ ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയും അടയുകയാണ്

കഠിനമായ ജോലി സാഹചര്യങ്ങൾ മാത്രമല്ല സേവനത്തിന് അനുസരിച്ച് സ്ഥാനക്കയറ്റം ലഭിക്കാത്തതും മാനസിക സമ്മർദ്ദം വർധിക്കാനും ആത്മഹത്യയിലേയ്ക്ക് എത്തിക്കാനും കാരണമായിട്ടുണ്ട്. ചില ജവാന്മാർക്ക് നീണ്ട പത്തു വർഷത്തോളം ഒരേ തസ്തികയിൽ സേവനമനുഷ്ഠിക്കേണ്ടി വന്നിട്ടുണ്ട്.

ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലിന് (ഡിഐജി) മുകളിലുള്ള റാങ്കുകൾ ഇന്ത്യൻ പോലീസ് സർവീസിലെയും (ഐ‌പി‌എസ്) ഇന്ത്യൻ ആർമിയിലെയും ഉദ്യോഗസ്ഥർക്ക് സംവരണം ചെയ്തിട്ടുള്ളതിനാൽ ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയും അടയുകയാണ്.

അർധസൈനിക വിഭാഗത്തിന് പെൻഷൻ പദ്ധതിയാണ് മറ്റൊരു പ്രധാന പ്രശ്നം. സിഎപിഎഫ് ജവാന്മാർക്ക് പുതിയ പെൻഷൻ പദ്ധതി (എൻപിഎസ്)യാണ് ബാധകമെങ്കിൽ സായുധ സേനാംഗങ്ങൾക്ക് പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) പ്രകാരമാണ് പെൻഷൻ ലഭിക്കുന്നത്.

ആഭ്യന്തര കാര്യങ്ങളെക്കുറിച്ചുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി 2021-ൽ സിഎപിഎഫ് ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കൃത്യമായ അവധികളും വിശ്രമവും അനുവദിക്കണമെന്ന നിരീക്ഷണം ഉന്നയിച്ചിരുന്നു. സി‌എ‌പി‌എഫ് ഉദ്യോഗസ്ഥർക്ക് അവധി നീട്ടി നൽകുന്നതിനുള്ള സാധ്യത പരിഗണിക്കുന്നതിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായും കമ്മിറ്റി ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in