'ജനാധിപത്യത്തിന്റെ പുനഃസ്ഥാപനം പരമപ്രധാനം'; ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി എന്ന് തിരികെ കൊടുക്കുമെന്ന് സുപ്രീംകോടതി

'ജനാധിപത്യത്തിന്റെ പുനഃസ്ഥാപനം പരമപ്രധാനം'; ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി എന്ന് തിരികെ കൊടുക്കുമെന്ന് സുപ്രീംകോടതി

അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെയുള്ള ഹർജികളിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന ചോദ്യം

ജമ്മുകശ്മീരിന് സംസ്ഥാനപദവി എപ്പോൾ തിരികെ കൊടുക്കുമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി. അനുച്ഛേദം 370 റദ്ദാക്കി ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയെടുത്ത് കളഞ്ഞ കേന്ദ്രസർക്കാർ നടപടിക്കെതിരെയുള്ള ഹർജികളിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന ചോദ്യം. ജനാധിപത്യം പുനഃസ്ഥാപിക്കേണ്ടത് പരമപ്രധാനമെന്നും കോടതി വ്യക്തമാക്കി.

ജമ്മു കശ്മീർ പുനസംഘടന ബിൽ അമിത് ഷാ ലോക്സഭയിൽ അവതരിപ്പിക്കുന്നു
ജമ്മു കശ്മീർ പുനസംഘടന ബിൽ അമിത് ഷാ ലോക്സഭയിൽ അവതരിപ്പിക്കുന്നു

ഭരണഘടനയുടെ 370ാം വകുപ്പ് പ്രകാരം ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്നതും 35 (എ) വകുപ്പ് പ്രകാരം തദ്ദേശീയവാസികള്‍ക്ക് പ്രത്യേക അവകാശം നല്‍കുന്നതും റദ്ദാക്കിയ കേന്ദ്ര നടപടിക്കെതിരായ ഹര്‍ജികളില്‍ 12ാം ദിവസം വാദം കേള്‍ക്കവെയാണ് സുപ്രീംകോടതിയുടെ ചോദ്യം. 2019ൽ 'ജമ്മു കശ്മീർ പുനഃസംഘടന ബിൽ' പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ സംസ്ഥാന പദവി സമയബന്ധിതമായി പുനഃസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ജമ്മു കശ്മീരിന്റെ കേന്ദ്രഭരണ പ്രദേശ പദവി സ്ഥിരമായ ഒന്നല്ലെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിക്കകയും ചെയ്തു. ഇതേ തുടർന്നാണ് കോടതി ചോദ്യം ഉയർത്തിയത്.

സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ആവർത്തിച്ച തുഷാർ മേത്ത ഇക്കാര്യത്തിൽ നിർദേശം തേടുമെന്നും കോടതിയെ അറിയിച്ചു. വാദം നടക്കുന്നതിനിടെ ദേശീയ സുരക്ഷാ പ്രശ്നമുണ്ടെന്നതിനാൽ ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാൻ സർക്കാരിന് കഴിയുമോയെന്ന സുപ്രധാന ചോദ്യവും സുപ്രീംകോടതി ഉന്നയിച്ചു. എന്നാണ് തിരഞ്ഞെടുപ്പ് നടത്താനാകുക എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാബെഞ്ച് ചോദിച്ചു. സംസ്ഥാനപദവി തിരിച്ചുകൊടുക്കാനുള്ള പ്രക്രിയയുടെ നിലവിലെ പുരോഗതി കോടതിയെ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ദേശസുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്ന കാര്യം അംഗീകരിക്കുമ്പോഴും മേഖലയിൽ ജനാധിപത്യം പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

'ജനാധിപത്യത്തിന്റെ പുനഃസ്ഥാപനം പരമപ്രധാനം'; ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി എന്ന് തിരികെ കൊടുക്കുമെന്ന് സുപ്രീംകോടതി
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ: മൂന്ന് വർഷത്തിന് ശേഷം ഹർജികൾ ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയിൽ

ഉച്ചയ്ക്ക് ശേഷം വാദം തുടരുന്നതിനിടെ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തിരികെ നൽകുമെന്ന് സോളിസിറ്റർ ജനറൽ കോടതിയെ ബോധിപ്പിച്ചു. അതേസമയം ലഡാക്കിന്റെ കേന്ദ്രഭരണ പദവി തുടരുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രഭരണ പദവി സ്ഥിരമായ ഒന്നല്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെന്നും കൃത്യമായൊരു സമയപരിധി മറ്റന്നാൾ കോടതിയെ അറിയിക്കാമെന്നും തുഷാർ മേത്ത പറഞ്ഞു. സംസ്ഥാനം രാഷ്ട്രപതി ഭരണത്തിൻ കീഴിലായിരിക്കുകയും നിയമസഭ പിരിച്ചുവിടുകയും ചെയ്തതുപോലെ, ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നത് ഫെഡറലിസത്തിന് അനുസൃതമാണോ എന്ന് കോടതി ഇന്നലെയും കേന്ദ്രത്തോട് ചോദിച്ചിരുന്നു.

logo
The Fourth
www.thefourthnews.in