ബലാത്സംഗ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രം നടത്താം, അനുമതി നൽകി സുപ്രീംകോടതി; ഗുജറാത്ത് ഹൈക്കോടതിക്ക് രൂക്ഷവിമർശനം

ബലാത്സംഗ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രം നടത്താം, അനുമതി നൽകി സുപ്രീംകോടതി; ഗുജറാത്ത് ഹൈക്കോടതിക്ക് രൂക്ഷവിമർശനം

ഗുജറാത്ത് ഹൈക്കോടതിയിൽ എന്താണ് നടക്കുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു

ഗുജറാത്തില്‍ ബലാത്സംഗത്തിന് ഇരയായ അതിജീവിതയ്ക്ക് ഗര്‍ഭഛിത്രത്തിന് അനുമതി നല്‍കി സുപ്രീംകോടതി. 27 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാനാണ് അനുമതി. ഗർഭാവസ്ഥ സംബന്ധിച്ച പുതിയ മെഡിക്കൽ റിപ്പോർട്ട് പ്രകാരമാണ് ജസ്റ്റിസുമാരായ ബിവി നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയത്. അതേസമയം, അതിജീവിയുടെ ഹർജിയിൽ ഇളവ് നൽകാൻ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ഗുജറാത്ത് ഹൈക്കോടതിയിൽ എന്താണ് നടക്കുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു.

ബലാത്സംഗ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രം നടത്താം, അനുമതി നൽകി സുപ്രീംകോടതി; ഗുജറാത്ത് ഹൈക്കോടതിക്ക് രൂക്ഷവിമർശനം
'വിലയേറിയ സമയം പാഴാക്കി' : അതിജീവിതയുടെ ഗർഭഛിദ്രാനുമതി വൈകിച്ച ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

28 ആഴ്ചകൾ പിന്നിട്ട തന്റെ ഗർഭം അവസാനിപ്പിക്കണമെന്ന യുവതിയുടെ ഹർജിയിൽ വാദം കേൾക്കാൻ ശനിയാഴ്ച സുപ്രീം കോടതി പ്രത്യേക സിറ്റിങ് നടത്തിയിരുന്നു. വാദം കേൾക്കുന്നതിനിടെ, ജസ്റ്റിസുമാരായ ബി വി നാഗരത്‌നയും ഉജ്ജൽ ഭുയാനും അടങ്ങുന്ന ബെഞ്ച് ഗുജറാത്ത് ഹൈക്കോടതി കേസ് കൈകാര്യം ചെയ്യുന്നത് മോശമായ രീതിയിലാണെന്ന് വിമർശിച്ചിരുന്നു. മെഡിക്കൽ ബോർഡിന്റെ അനുകൂല റിപ്പോർട്ട് കിട്ടിയിട്ടും ഗർഭഛിദ്രവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കാൻ ഗുജറാത്ത് ഹൈക്കോടതി 12 ദിവസം വൈകിയെന്ന കാരണത്താലാണ് സുപ്രീം കോടതി വിമർശനം ഉന്നയിച്ചത്. ഗര്‍ഭഛിദ്രത്തിന് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ച പെണ്‍കുട്ടിയുടെ വിലപ്പെട്ട സമയം പാഴാക്കിയെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ഹ‍ർജി അടിയന്തരമായി പരിഗണിച്ചിട്ടും ഹൈക്കോടതി വാദം കേൾക്കുന്നത് 12 ദിവസത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് ഓഗസ്റ്റ് 17ന് വാദം കേൾക്കുന്നതിനിടെ സിംഗിൾ ബെഞ്ച് ഹർജി തള്ളുകയായിരുന്നു. എന്നാൽ സുപ്രീംകോടതി അപ്പീല്‍ പരിഗണിക്കുമ്പോഴും ഹൈക്കോടതി ഉത്തരവ് അപ്‍ലോഡ് ചെയ്തിരുന്നില്ല.

ഇതിൽ ഗുജറാത്ത് ഹൈക്കോടതി ന്യായീകരണ ഉത്തരവ് ഇറക്കിയതാണ് സുപ്രീംകോടതിയെ രോഷംകൊള്ളിച്ചത്. സുപ്രീംകോടതി ഉത്തരവിനെതിരെ കീഴ്‌ക്കോടതിക്ക് മറ്റൊരു ഉത്തരവ് ഇറക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി ഗുജറാത്ത് ഹൈക്കോടതിയിൽ എന്താണ് നടക്കുന്നതെന്ന് ചോദിച്ചു. ''ഒരു പരമോന്നത് കോടതിയുടെ ഉത്തരവിന് ജഡ്ജിമാർ ഇങ്ങനെയാണോ മറുപടി പറയുക? അത്തരം പ്രവണതകള്‍ അംഗീകരിക്കില്ല''- ജസ്റ്റിസ് നാഗരത്‌ന സർക്കാർ അഭിഭാഷകനോട് പറഞ്ഞു.

ബലാത്സംഗ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രം നടത്താം, അനുമതി നൽകി സുപ്രീംകോടതി; ഗുജറാത്ത് ഹൈക്കോടതിക്ക് രൂക്ഷവിമർശനം
'ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ എങ്ങനെ മോചിപ്പിക്കും'; ഗുജറാത്ത് സർക്കാരിനോട് സുപ്രീംകോടതി

അതേസമയം, ഹൈക്കോടതിക്കും ജഡ്ജിക്കുമെതിരായ വിമര്‍ശനം ഉത്തരവില്‍ ഉള്‍പ്പെടുത്തരുതെന്ന സോളിസിറ്റര്‍ ജനറലിന്റെ അഭ്യർഥന കോടതി അംഗീകരിച്ചു. ഇന്നോ നാളെ രാവിലെ ഒൻപത് മണിക്കുള്ളിലോ ഗർഭഛിദ്രത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കോടതി ഉത്തരവ്. മെഡിക്കല്‍ നടപടികള്‍ക്കുശേഷം കുഞ്ഞിനെ ജീവനോടെ പുറത്ത് എടുക്കേണ്ടി വന്നാൽ ഇന്‍ക്യുബേഷന്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നും ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

logo
The Fourth
www.thefourthnews.in