ഇലക്ടറല്‍ ബോണ്ട്: രേഖകൾ സമർപ്പിക്കാൻ ജൂൺ 30 വരെ സമയം ചോദിച്ച് എസ്ബിഐ, ഹർജി ഇന്ന് പരിഗണിക്കും

ഇലക്ടറല്‍ ബോണ്ട്: രേഖകൾ സമർപ്പിക്കാൻ ജൂൺ 30 വരെ സമയം ചോദിച്ച് എസ്ബിഐ, ഹർജി ഇന്ന് പരിഗണിക്കും

എസ്ബിഐയുടെ ഹര്‍ജിക്കെതിരേ സിപിഎം നൽകിയ കോടതിയലക്ഷ്യ ഹർജിയും ഇന്ന് പരിഗണിക്കും

ഇലക്ടറല്‍ ബോണ്ട് കേസില്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിന് സാവകാശം ചോദിച്ച് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. രാഷ്ട്രീയ പാർട്ടികൾ പണമായി മാറ്റിയ ഇലക്ടറല്‍ ബോണ്ടുകളുടെ വിശദവിവരങ്ങൾ പുറത്തുവിടാൻ ജൂൺ 30 സമയം നൽകണമെന്നാവശ്യപ്പെട്ടാണ് എസ്ബിഐ സുപ്രീം കോടതിയെ സമീപിച്ചത്. എസ്ബിഐയുടെ ഹര്‍ജിക്കെതിരേ സിപിഎം നൽകിയ കോടതിയലക്ഷ്യ ഹർജിയും ഇന്ന് പരിഗണിക്കും.

ഇലക്ടറല്‍ ബോണ്ട്: രേഖകൾ സമർപ്പിക്കാൻ ജൂൺ 30 വരെ സമയം ചോദിച്ച് എസ്ബിഐ, ഹർജി ഇന്ന് പരിഗണിക്കും
ഇലക്ടറല്‍ ബോണ്ട്: എസ്ബിഐയ്‌ക്കെതിരേ സിപിഎം, സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി

ഇലക്ടറല്‍ ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ സംഭാവനകളുടെ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാൻ എസ്ബിഐയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. വിശദാംശങ്ങൾ സമർപ്പിക്കാൻ മാർച്ച് ആറ് വരെയാണ് കോടതി സമയം അനുവദിച്ചിരുന്നത്. ഈ സമയം അവസാനിച്ച സാഹചര്യത്തിലാണ് ജൂൺ 30 വരെ സമയം കൂട്ടി ചോദിച്ച് എസ്ബിഐ സുപ്രീം കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

ഒരുപാട് രേഖകൾ പരിശോധിച്ച് മാത്രമേ വിവരങ്ങൾ ശേഖരിക്കാനാവൂയെന്നും ഇത് ക്രോഡീകരിച്ച് സമർപ്പിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നും കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. എസ്ബിഐ നല്‍കുന്ന വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച് 13-ന് മുമ്പ് പ്രസിദ്ധീകരിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

എസ്ബിഐയുടെ വാദങ്ങൾ കേന്ദ്ര സര്‍ക്കാരുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ ആരോപണം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇലക്ടറല്‍ ബോണ്ടുകളുടെ വിവരങ്ങള്‍ പുറത്തുവരുന്നത് ബിജെപിക്ക് തിരിച്ചടിയാകുമെന്നും അതുകൊണ്ട് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് എസ്ബിഐ സമയം നീട്ടിച്ചോദിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.

പിന്നാലെയാണ് എസ്‌ബിഐക്കെതിരെ കോടതിയലക്ഷ്യ കേസുമായി ഇലക്ടറല്‍ ബോണ്ട് കേസിലെ ഹര്‍ജിക്കാരായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് മുന്നോട്ട് പോയത്. മാർച്ച് ആറിനകം വിശദാംശങ്ങൾ സമർപ്പിക്കണമെന്ന കോടതി ഉത്തരവ് മനഃപൂര്‍വം ലംഘിച്ചുവെന്നും അത് കോടതിയലക്ഷ്യമാണെന്നും ഇവർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. എസ്ബിഐക്കൊപ്പം കേന്ദ്രസർക്കാരിനെയും ഹർജിയിൽ കക്ഷി ചേർത്തിട്ടുണ്ട്. ശേഷം സിപിഎമ്മും സമാനനീക്കവുമായി കോടതിയെ സമീപിക്കുകയായിരുന്നു.

ഇലക്ടറല്‍ ബോണ്ട്: രേഖകൾ സമർപ്പിക്കാൻ ജൂൺ 30 വരെ സമയം ചോദിച്ച് എസ്ബിഐ, ഹർജി ഇന്ന് പരിഗണിക്കും
ഇലക്ടറല്‍ ബോണ്ട്: പണം തിരിച്ചുപിടിക്കണമെന്ന് സിപിഎം, ബിജെപിക്ക് ലഭിച്ച 5200 കോടി എന്ത് ചെയ്തെന്ന് കോണ്‍ഗ്രസ്

രാഷ്ട്രീയ പാർട്ടികൾക്ക് കോർപറേറ്റുകളിൽനിന്ന് ഉൾപ്പെടെ സംഭാവന സ്വീകരിക്കാൻ കഴിയുന്ന കേന്ദ്രസർക്കാരിന്റെ ഇലക്ടറൽ ബോണ്ട് പദ്ധതി ഫെബ്രുവരി 15ന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഭരണഘടനാ വിരുദ്ധമെന്നാണ് കോടതി ഇതിനെ വിശേഷിപ്പിച്ചത്. ഇലക്ടറൽ ബോണ്ടുകൾ ജനങ്ങളുടെ വിവരാവകാശത്തെയും തുല്യത ഉറപ്പുനൽകുന്ന ഭരണഘടനയുടെ 14-ാം അനുച്ഛേദത്തെയും ലംഘിക്കുന്നു. ഭരണഘടന അനുശാസിക്കുന്ന സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് എന്ന തത്വത്തെയും ലംഘിക്കുന്നുവെന്നും കോടതി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in