സ്വതന്ത്ര ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഏറ്റവും സമഗ്ര വിധി: മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ

സ്വതന്ത്ര ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഏറ്റവും സമഗ്ര വിധി: മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ

"നീതിന്യായ പ്രക്രിയ സുതാര്യമായിരിക്കണം, അതിൽ ഭരണകൂടത്തിന്റെ അജണ്ടകൾ ഒളിച്ചുകടത്താൻ കഴിയില്ലെന്ന വ്യക്തമായ സന്ദേശമാണ് കോടതി നൽകിയിരിക്കുന്നത്."

ചാനലിന്റെ സംപ്രേഷണ വിലക്ക് നീക്കികൊണ്ടുള്ള സുപ്രീംകോടതി വിധി ചരിത്രപരമെന്ന് മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ. "സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് വരാവുന്ന ഏറ്റവും സമഗ്രമായ വിധിയാണ്. മാധ്യമസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന കേസുകളിൽ പല വിധികളും മുൻപ് വന്നിട്ടുണ്ട്. എന്നാൽ ഇവിടെ ഏറ്റവും പ്രധാനമായി കാണേണ്ടത് കാരണം വെളിപ്പെടുത്താതെ ഒരു മാധ്യമസ്ഥാപനത്തെ നിരോധിക്കുന്ന കേന്ദ്ര സർക്കാർ നടപടിയെ പൂർണമായും റദ്ദ് ചെയ്യുന്ന നടപടിയാണ്," അദ്ദേഹം പറഞ്ഞു.

നീതിന്യായ പ്രക്രിയ സുതാര്യമായിരിക്കണം, അതിൽ ഭരണകൂടത്തിന്റെ അജണ്ടകൾ ഒളിച്ചുകടത്താൻ കഴിയില്ലെന്ന വ്യക്തമായ സന്ദേശമാണ് കോടതി നൽകിയിരിക്കുന്നത്
പ്രമോദ് രാമന്‍
Q

രാജ്യത്ത് മാധ്യമസ്ഥാപനങ്ങൾ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്താണ് ഇത്രയും സുപ്രധാനമായൊരു വിധിയുണ്ടാകുന്നത്. ഇതിനെ എങ്ങനെയാണ് നോക്കികാണുന്നത്?

A

ചാനലിനെ നിരോധിക്കാൻ പലരും ഉന്നയിച്ച കാരണങ്ങൾക്ക് പുറമെ കേന്ദ്ര സർക്കാർ തന്നെ അവരുടെ സത്യവാങമൂലത്തിൽ കോടതിയിൽ സമർപ്പിച്ച കാരണങ്ങൾ സത്യമല്ലെന്ന് കൂടിയാണ് തെളിഞ്ഞിരിക്കുന്നത്. ഒരു ചാനൽ എന്ന നിലയിൽ എന്തൊക്കെയാണ് അതിന്റെ പ്രവർത്തനം, ഏതൊക്കെ നിലയിലാണത് മുന്നോട്ടുപോകുന്നത്, ആരൊക്കെയാണ് അതിനകത്തുള്ളത്, ആര് പിന്തുണ കൊടുക്കുന്നു, എന്തൊക്കെ ഉള്ളടക്കങ്ങൾ അതിൽ കൊടുക്കുന്നു എന്നിങ്ങനെ മീഡിയവണ്ണിന്റെ മുഴുവൻ കാര്യങ്ങളും പരിശോധിക്കപ്പെട്ടു. ഇതെല്ലാം സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി ഞങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും സുതാര്യമായ ചാനലാണ് മീഡിയവൺ. മറ്റൊരു ചാനലിനും അവകാശപ്പെടാനില്ലാത്ത സുതാര്യത ഞങ്ങൾക്ക് ഇതിലൂടെ തെളിയിക്കാൻ കഴിഞ്ഞു. അങ്ങനെയൊരു മുദ്ര സുപ്രീംകോടതി നല്‍കിയതോട് കൂടി അതും ഒരു ചരിത്ര സംഭവമായി മാറിയിരിക്കുകയാണ്.

Q

മാധ്യമസ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും ഉയർത്തിപ്പിടിക്കുന്ന ഇത്രയും സമഗ്രമായ വിധി സുപ്രീംകോടതിയിൽനിന്ന് പ്രതീക്ഷിച്ചിരുന്നോ?

A

സുപ്രീംകോടതിയിൽനിന്ന് സമഗ്രമായ ഒരു വിധി തന്നെ മീഡിയവൺ പ്രതീക്ഷിച്ചിരുന്നു. വിചാരണവേളയിൽ തന്നെ സുപ്രീംകോടതി പറയുന്ന കാര്യങ്ങളിൽനിന്ന് ഇങ്ങനെയൊരു വിധി ഊഹിക്കാമായിരുന്നു. മുദ്രവച്ച കവറുമായി ബന്ധപ്പെട്ട വിശദമായ തീർപ്പ് ഈ വിധിയിൽ ഉണ്ടാകുമെന്ന് കോടതി നേരത്തെ ഒരു ഘട്ടത്തിൽ സൂചിപ്പിച്ചിരുന്നു. പല വിഷയങ്ങളിലും സുപ്രീംകോടതി വാക്കാൽ പറഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു വിധിപ്രസ്താവത്തിലൂടെ പറയുന്നത്. ഒരു തരത്തിൽ ഈ വിഷയത്തിൽ നിയമം സ്ഥാപിക്കുക കൂടിയാണ് സുപ്രീംകോടതി.

മുദ്രവച്ച കവറിലുള്ള നടപടി നിലനിൽക്കുന്നതല്ലെന്നും പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന നിലയ്ക്കുമുള്ള ഒരു തീർപ്പ് കൂടിയാണ് വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ പല നിലയക്കും ചരിത്രപ്രധാനമായ വിധിയാണിത്. രാജ്യത്തിന് ലഭിക്കാവുന്ന ഏറ്റവും നല്ല വിധികൂടിയാണ്. നീതിന്യായ പ്രക്രിയ സുതാര്യമായിരിക്കണം, അതിൽ ഭരണകൂടത്തിന്റെ അജണ്ടകൾ ഒളിച്ചുകടത്താൻ കഴിയില്ലെന്ന വ്യക്തമായ സന്ദേശമാണ് കോടതി നൽകിയിരിക്കുന്നത്.

സ്വതന്ത്ര ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഏറ്റവും സമഗ്ര വിധി: മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ
കേന്ദ്രത്തിന് തിരിച്ചടി, മീഡിയവൺ വിലക്ക് നീക്കി; സീൽഡ് കവർ നടപടിക്കെതിരെ സുപ്രീംകോടതിയുടെ വിമർശനം
Q

മീഡിയവണ്ണിന്റെ എഡിറ്റർ എന്ന നിലയിൽ വിലക്ക് വിഷയത്തിൽ എന്തൊക്കെ തരത്തിലുള്ള വെല്ലുവിളികളാണ് അനുഭവപ്പെട്ടത്?

A

ഇതിൽ വ്യക്തിപരമായ എന്തെങ്കിലും നേട്ടമുള്ളതായി കരുതുന്നില്ല. അതിന് പ്രസക്തിയുമില്ല. ടീമിന്റെ വിജയമാണിത്. ഒരു പ്രതിസന്ധി ഘട്ടമായിരുന്നതുകൊണ്ട് തന്നെ സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതിനെ ഒരു ടീമായിനിന്ന് തരണം ചെയ്യുകയായിരുന്നു.

logo
The Fourth
www.thefourthnews.in