മൂന്നുദിനം, മൂന്ന് സര്‍പ്രൈസുകള്‍; ഹൃദയഭൂമിക്കപ്പുറം ലക്ഷ്യംവച്ച് ബിജെപി

മൂന്നുദിനം, മൂന്ന് സര്‍പ്രൈസുകള്‍; ഹൃദയഭൂമിക്കപ്പുറം ലക്ഷ്യംവച്ച് ബിജെപി

2024ലെ തിരഞ്ഞെടുപ്പിലേക്കുള്ള തന്ത്രങ്ങള്‍ ബിജെപി ഇപ്പോഴേ തുടങ്ങിയിരിക്കുന്നു.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കാഹളമെന്നോണം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഹിന്ദിഹൃദയഭൂമി ബിജെപിയെയാണ് ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയത്. കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഛത്തീസ്ഗഡില്‍പോലും അപ്രതീക്ഷിത മുന്നേറ്റമാണ് സംഘപരിവാര്‍ രാഷ്ട്രീയം കൈവരിച്ചത്. ആ വിജയം നേടി ഒമ്പത് ദിവസം പിന്നിടുമ്പോഴേക്കും ഹൃദയഭൂമിയില്‍ എതിരാളികള്‍ക്ക് 'അമ്പരപ്പുകളുടെ ഹാട്രിക്' തീര്‍ത്താണ് ബിജെപി 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഗെയിംപ്ലാന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

തുടരെ മൂന്നു ദിനങ്ങളിലായി ഒന്നിനു പിറകെ ഒന്നായി മൂന്ന് അപ്രതീക്ഷിത കരുനീക്കങ്ങള്‍... വിഷ്ണു ദേവ് സായിയിലൂടെ ഗോത്രവിഭാഗങ്ങളെ, മോഹന്‍ യാദവിലൂടെ ഒബിസി വിഭാഗങ്ങളെ, ഏറ്റവുമൊടുവില്‍ ഇന്ന് ഭജന്‍ലാല്‍ ശര്‍മയിലൂടെ സവര്‍ണ വിഭാഗങ്ങളെ... 2024-ലെ ഗ്രാന്റ് ഫിനാലെയ്ക്കു മുന്നോടിയായി ജാതി-വര്‍ഗ സന്തുലനം കൃത്യമായി സൂക്ഷിക്കുന്ന ബിജെപിയുടെ മാസ്റ്റര്‍പ്ലാന്‍ എത്രയൊക്കെ അല്ലെന്നു പറഞ്ഞാലും പ്രതിപക്ഷ ഐക്യത്തിന്റെ പ്രതീക്ഷകളെയാണ് തകര്‍ക്കുന്നത്.

ഓരോ സംസ്ഥാനങ്ങളിലേക്കും നോക്കിയാല്‍ ഇതു വ്യക്തമാകും. ഛത്തീസ്ഗഡ് തന്നെ ഉദാഹരണം. ജനസംഖ്യയുടെ 32 ശതമാനവും ഗോത്രവിഭാഗക്കാരായ ആ സംസ്ഥാനത്തിന്റെ ഹൃദയമറിഞ്ഞാണ് ഒരു ഗോത്രവര്‍ഗക്കാരനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി കൊണ്ടുവന്നത്. ഒരു ഒബിസി വിഭാഗക്കാരനെയോ, ഒരു പിന്നാക്ക വിഭാഗക്കാരനെയോ എളുപ്പത്തില്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിക്കാമായിരുന്നു അവര്‍ക്ക്. പരിചയസമ്പത്തും സീനിയോരിറ്റിയുമുള്ള ഒന്നിലധകം നേതാക്കള്‍ ആ വിഭാഗത്തില്‍ നിന്നുണ്ടായിരുന്നു താനും. എന്നാല്‍ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ആദ്യ ഗോത്രവര്‍ഗക്കാരനായ മുഖ്യമന്ത്രിയെ സമ്മാനിക്കാനായിരുന്നു പാര്‍ട്ടി തീരുമാനം. വരുന്ന തിരഞ്ഞെടുപ്പില്‍ ഈ നീക്കത്തെ ആ വിഭാഗം നന്ദിയോടെ സ്മരിക്കുമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല.

ഛത്തീസ്ഗഡില്‍നിന്ന് മധ്യപ്രദേശിലേക്ക് വന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിരുന്നു ബിജെപിക്ക്. ജാതിസമവാക്യങ്ങളില്‍ ഒരുതരത്തിലുമുള്ള ഏറ്റക്കുറച്ചിലുകള്‍ വരുത്താന്‍ അവര്‍ തയാറായില്ല. സംസ്ഥാനത്തെ ജനസംഖ്യയുടെ 42 ശതമാനം വരുന്ന ഒബിസി വിഭാഗത്തില്‍ നിന്നുള്ള മോഹന്‍ യാദവിനെ മുഖ്യമന്ത്രിയാക്കിയപ്പോള്‍ 15.62 ശതമാനം വരുന്ന ദളിത് വിഭാഗത്തില്‍ നിന്ന് ജഗ്ദീഷ് ദേവ്ദയും 20 ശതമാനം വരുന്ന സവര്‍ണ വിഭാഗത്തില്‍ നിന്ന് രാജേന്ദ്ര ശുക്ലയും ഉപമുഖ്യമന്ത്രിമാരായി.

രാജസ്ഥാനിലും സ്ഥിതി വ്യത്യസ്തമായില്ല. ക്ഷത്രിയ വിഭാഗത്തില്‍ നിന്നുള്ള വസുന്ധര രാജെ സിന്ധ്യയെ ഒതുക്കണമെന്ന തല്‍പര ലക്ഷ്യത്തോടെ തന്നെ കരുക്കള്‍ നീക്കിയ കേന്ദ്ര നേതൃത്വം ക്ഷത്രിയരോഷം തണുപ്പിക്കാന്‍ ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ള ഭജന്‍ലാല്‍ ശര്‍മയെയാണ് മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്തിയത്. കയ്പ് കടിച്ചുപിടിച്ചായാല്‍പ്പോലും വസുന്ധരയ്ക്ക് ഭജന്‍ലാലിന്റെ നോമിനേഷനെ പിന്തുണയ്‌ക്കേണ്ടി വന്നതും അതുകൊണ്ടുതന്നെ.

ഓരോ സംസ്ഥാനത്തെയും രാഷ്ട്രീയ-ഭൂമിശാസ്ത്ര പശ്ചാത്തലത്തെ മുന്‍ നിര്‍ത്തി മുഖ്യമന്ത്രിമാരുടെ തിരഞ്ഞെടുപ്പിലൂടെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരോക്ഷ പ്രചരണം ബിജെപി തുടങ്ങിക്കഴിഞ്ഞിരിക്കുന്നുവെന്ന് പറയാം. ഇതിനെ എങ്ങനെ വെട്ടുമെന്ന തലപുകച്ചിലിലായിരിക്കും പ്രതിപക്ഷ സഖ്യം. എന്നാല്‍ ഒരുമുഴം മുമ്പേ നീട്ടിയെറിഞ്ഞ തന്ത്രം ബിജെപിക്ക് വലിയ മേല്‍കൈയാണ് സമ്മാനിക്കുന്നത്. അത് എങ്ങനെയെന്ന് ഓരോ സംസ്ഥാനത്തെയും ജാതിസമവാക്യങ്ങള്‍ മുന്‍നിര്‍ത്തി പരിശോധിക്കാം.

മൂന്നുദിനം, മൂന്ന് സര്‍പ്രൈസുകള്‍; ഹൃദയഭൂമിക്കപ്പുറം ലക്ഷ്യംവച്ച് ബിജെപി
മോദി പ്രഭാവത്തിലെ ഹിന്ദി ഹൃദയഭൂമി; ബിജെപി വിജയക്കൊടി പാറിച്ചതിങ്ങനെ

ഛത്തീസ്ഗഡ്

32 ശതമാനം ഗോത്രവര്‍ഗക്കാര്‍ അധിവസിക്കുന്ന ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയായി ഗോത്ര വര്‍ഗക്കാരനായ വിഷ്ണു ദേവ് സായിയെയാണ് നിയോഗിച്ചത്. സംസ്ഥാനത്തെ ഗോത്ര മേഖലയായ സുര്‍ഗുജയിലും ബസ്റ്റാറിലും 26ല്‍ 22 സീറ്റുകള്‍ ബിജെപി നേടിയിട്ടുണ്ട്. ഇത് ഗോത്ര മേഖലയില്‍ ബിജെപിക്ക് വളര്‍ന്നുവരുന്ന സ്വാധീനം വ്യക്തമാക്കുന്നു. ഗോത്ര മേഖലയെ പിടിച്ചെടുക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങള്‍ അവിടെ വിജയിച്ചുവെന്ന് വേണം കരുതാന്‍. ഛത്തീസ്ഗഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടിറങ്ങിയാണ് പ്രചാരണം നടത്തിയത്. സംസ്ഥാനത്തിന്റെ ഗോത്ര പൈതൃകത്തെ വാഴ്ത്തുക, ഗോത്ര സമൂഹത്തെ സേവിക്കാന്‍ ജനിച്ചവനാണ് താനെന്ന് സ്വയം പ്രഖ്യാപിക്കുക തുടങ്ങിയവയായിരുന്നു മോദിയുടെ പ്രചരണ തന്ത്രങ്ങള്‍. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രചരണങ്ങള്‍ കൂടുതലും.

ഛത്തീസ്ഗഡുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പരിതസ്ഥിതിയും ഈ പശ്ചാത്തലത്തില്‍ പരിശോധിക്കണം. അതിര്‍ത്തി പങ്കിടുന്ന ആറ് സംസ്ഥാനങ്ങളില്‍ മധ്യപ്രദേശും ജാര്‍ഖണ്ഡും ഉള്‍പ്പെടുന്നു. ഈ രണ്ട് സംസ്ഥാനങ്ങളിലുമായി യഥാക്രമം 22, 26 ശതമാനമാണ് ഗോത്ര വര്‍ഗക്കാരുള്ളത്. മറ്റൊരു അതിര്‍ത്തി സംസ്ഥാനമായ ഒഡീഷയിലാകട്ടെ 23 ശതമാനം ഗോത്ര വര്‍ഗക്കാരും.

അതുകൊണ്ട് തന്നെ ഛത്തീസ്ഗഡിലെ ഗോത്ര വോട്ടുകള്‍ക്കും അവര്‍ക്ക് നല്‍കുന്ന പരിഗണനകള്‍ക്കും വലിയ വിലയുണ്ട്. ഛത്തീസ്ഗഡില്‍ വിഷ്ണുവിനെ മുഖ്യമന്ത്രിയാക്കിയതിലൂടെ അതിര്‍ത്തി സംസ്ഥാനങ്ങള്‍ കൂടിയാണ് ബിജെപി ലക്ഷ്യം വയ്‌ക്കുന്നത്. കാരണം ഈ നാല് സംസ്ഥാനങ്ങളിലും കൂടി 75 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഇതില്‍ 20 എണ്ണം ഗോത്ര വര്‍ഗക്കാര്‍ക്ക് സംവരണം ചെയ്തതാണ്. അതുകൊണ്ട് തന്നെ ഈ 75 ലോക്‌സഭാ സീറ്റുകളും പിടിക്കാനുള്ള ഒരു വഴി ഇതിനോടകം തുറന്നിടുകയായിരുന്നു ബിജെപി.

മധ്യപ്രദേശ്

മധ്യപ്രദേശില്‍ 'ഡബിള്‍' ലക്ഷ്യമാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. ജനസംഖ്യയുടെ 42 ശതമാനം വരുന്ന ഒബിസി വിഭാഗത്തിനു പിന്നല്‍ രണ്ടാമതുള്ളത് 21.9 ശതമാനം വരുന്ന ഗോത്രവിഭാഗമാണ്. 20 ശതമാനം വരുന്ന ബ്രാഹ്മണ വിഭാഗമാണ് മൂന്നാം സ്ഥാനത്ത്. ഈ മൂന്നു വിഭാഗങ്ങളെയും ഒരുപോലെ പരിഗണിക്കുന്ന രീതിയാണ് പാര്‍ട്ടി അവലംബിച്ചത്.

സംസ്ഥാനത്ത് എസ്ടി വിഭാഗത്തിനായി സംവരണം ചെയ്തിരുന്ന 47 സീറ്റുകളില്‍ 24 സീറ്റും ജയിച്ചത് ബിജെപിയാണ്. അതിന് പ്രത്യുപകാരം ചെയ്തത് ഉപമുഖ്യമന്ത്രിയായി ആ വിഭാഗത്തില്‍ നിന്നുള്ള ജഗ്ദീഷ് ദേവ്ഡയെ നിയമിച്ചുകൊണ്ടാണ്. 20 ശതമാനം വരുന്ന ഉന്നത ജാതിക്കാരെ സംതൃപ്തിപ്പെടുത്താന്‍ വേണ്ടി രാജേന്ദ്ര ശുക്ലയെയും ഉപമുഖ്യമന്ത്രിയായി നിയമിച്ചു. മുഖ്യമന്ത്രിയായി ഒബിസി വിഭാഗത്തില്‍ നിന്നുള്ള മോഹന്‍ യാദവും എത്തിയതോടെ സംസ്ഥാനത്ത് സ്വാധീനമുള്ള മൂന്നു പ്രധാനവിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ അവര്‍ക്കായി.

ഇത് മധ്യപ്രദേശ് മാത്രം ലക്ഷ്യമിട്ടുള്ള നീക്കമല്ലയെന്നതാണ് ഏറെ ശ്രദ്ധേയം. ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതല്‍ എംപിമാരെ അയക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശും ബിഹാറും കൂടി ലക്ഷ്യമിട്ടാണ് അവര്‍ ഇപ്പോള്‍ ചൂണ്ടയിട്ടിരിക്കുന്നത്. മോഹന്‍ യാദവും ജഗ്ദീഷ് ദേവ്ദയും ആ ചൂണ്ടകളിലെ ഇരകളാണ്. എങ്ങനെയെന്നല്ലേ?

ബിഹാറിലെയും യുപിയിലെയും ഏറ്റവും വലിയ ഒബിസി സാമുദായിക ശക്തിയാണ് യാദവ വിഭാഗം. ബിഹാറില്‍ അവര്‍ 14 ശതമാനവും യുപിയില്‍ 10 ശതമാനവും വരും. മധ്യപ്രദേശിലെ മുഖ്യമന്ത്രി സ്ഥാനത്തുള്ള യാദവ മുഖം ബിഹാറിലും യുപിയിലുമുള്ള യാദവര്‍ക്കുള്ള സന്ദേശമാണ്. തങ്ങളെ കാര്യമായി പരിഗണിക്കുന്ന പാര്‍ട്ടിയെന്ന ലേബല്‍ ഈ വിഭാഗങ്ങള്‍ക്കിടയില്‍ എത്തിക്കുക വഴി യുപിയില്‍ അഖിലേഷ് യാദവ് നയിക്കുന്ന സമാജ്‌വാദിപാര്‍ട്ടിയെയും ബിഹാറില്‍ തേജസ്വി യാദവ് നയിക്കുന്ന ആര്‍ജെഡിയെയും പത്മവ്യൂഹത്തിലാക്കാന്‍ ഇപ്പോഴേ ബിജെപിക്ക് കഴിഞ്ഞു. 2024-ല്‍ ഈ രണ്ട് സംസ്ഥാനങ്ങളും ബിജെപി തൂത്തുവാരുകയാണെങ്കില്‍ നരേന്ദ്ര മോദിയുടെ മൂന്നാമൂഴം തടയുകയെന്നത്‌ പ്രതിപക്ഷത്തിന് വളരെ ശ്രമകരമായിരിക്കും.

മൂന്നുദിനം, മൂന്ന് സര്‍പ്രൈസുകള്‍; ഹൃദയഭൂമിക്കപ്പുറം ലക്ഷ്യംവച്ച് ബിജെപി
കോണ്‍ഗ്രസിന് 'ഹൃദയ'പൂര്‍വം റ്റാറ്റാ ബൈ ബൈ; മൂന്നിടത്തും മിന്നിത്തിളങ്ങി താമര, തെലങ്കാന മാത്രം 'കൈ'യടക്കി

രാജസ്ഥാന്‍

അധികാരം പിടിച്ച മൂന്നു സംസ്ഥാനങ്ങളിലേക്കും ഏറ്റവും വലിയ സര്‍പ്രൈസ് ബിജെപി കാത്തുവച്ചത് രാജസ്ഥാനിലാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചര്‍ച്ചകളില്‍ ഒന്നില്‍പ്പോലും പേരുവന്നിട്ടില്ലാത്ത ഒരാളെ, ഇന്നലെ രാവിലെ ചേര്‍ന്ന തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ യോഗത്തിനു തൊട്ടുമുമ്പുള്ള ഫോട്ടോസെഷനില്‍ പിന്നില്‍ മൂന്നാം നിരയില്‍ മാത്രം സ്ഥാനമുണ്ടായിരുന്ന ഒരാളെ സംസ്ഥാനത്തിന്റെ അധികാര കസേരയിലേക്ക് എത്തിച്ചതിലൂടെ എതിരാളികളെ മാത്രമല്ല സ്വന്തം അണികളെക്കൂടിയാണ് ബിജെപി അമ്പരപ്പിച്ചത്.

വസുന്ധര രാജെ സിന്ധ്യ- രണ്ടു പതിറ്റാണ്ടിലേറെയായി രാജസ്ഥാനില്‍ ബിജെപിയുടെ മുഖമായിരുന്ന അവരെ മുഖ്യമന്ത്രിയാക്കിയാല്‍ സംസ്ഥാനത്തെ പ്രമുഖ വിഭാഗങ്ങളിലൊന്നായ രജപുത്രരെ ഒപ്പം നിര്‍ത്താനാകുമായിരുന്നു, മാത്രമല്ല സംസ്ഥാനത്ത് ഒരു വനിതാ മുഖ്യമന്ത്രിയെയും ലഭിച്ചേനെ. എന്നാല്‍ 2024 മാത്രം ലക്ഷ്യംവച്ചുള്ള നീക്കത്തില്‍ ഭജന്‍ലാല്‍ എന്ന പുതുമുഖത്തെ ഒന്നും കാണാതെയല്ല ബിജെപി ഇറക്കിയത്.

ബ്രാഹ്മണ വിഭാഗക്കാരനായ ഭജന്‍ലാലിന്റെ പേര് പുറത്തുവന്നപ്പോള്‍ ആദ്യം ഏവര്‍ക്കും ആശ്ചര്യമായിരുന്നു. കാരണം രാജസ്ഥാനില്‍ ബ്രാഹ്മണ വിഭാഗം അത്രകണ്ട് രാഷ്ട്രീയ സ്വാധീനമുള്ളതല്ല. എന്നാല്‍ രജപുത്രര്‍ക്കും സംസ്ഥാനത്തെ സ്വാധീന വിഭാഗമായ ജാട്ടുകള്‍ക്കും പ്രതിപത്തിയും ബഹുമാനവുമുള്ളവരാണ് ബ്രാഹ്മണ വിഭാഗം. അതിനേക്കാള്‍ ബിജെപിയെ ഭജന്‍ലാലിലേക്ക് എത്തിച്ചത് രാജസ്ഥാന്റെ പടിഞ്ഞാറന്‍, വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ താല്‍പര്യം കൂടിയാണ്.

രാജസ്ഥാന്റെ വടക്ക്കിഴക്കന്‍ അതിര്‍ത്തി പങ്കിടുന്ന യുപിയില്‍ 10 ശതമാനമാണ് ബ്രാഹ്മണ വിഭാഗം. ജനറല്‍ വിഭാഗത്തിലെ ഏറ്റവും വലിയ വോട്ട് ബാങ്കാണ് യുപിയില്‍ അവര്‍. മറ്റൊരു അയല്‍ സംസ്ഥാനമായ ഹരിയാനയില്‍ ഇതിലും വലിയ സ്വാധീനമുണ്ട് ബ്രാഹ്മണ വിഭാഗത്തിന്. ഹരിയാനയില്‍ 12 ശതമാനമാണ് അവര്‍. മറ്റ് രണ്ട് അയല്‍ സംസ്ഥാനങ്ങളായ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും അഞ്ച് ശതമാനം വീതമുണ്ട്.

ഈ നാലു സംസ്ഥാനങ്ങളിലും രാജസ്ഥാനിലുമായി 155 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഇതില്‍ 114 എണ്ണം ജനറല്‍ സീറ്റുകളാണ്. ബ്രാഹ്മണ വിഭാഗം പാര്‍ട്ടിയുടെ വോട്ട് ബാങ്ക് അല്ലെങ്കിലും നൂറിനുമേലുള്ള ഈ ജനറല്‍ സീറ്റുകളുടെ എണ്ണം ബിജെപിക്ക് ഒഴിവാക്കാനാകുന്നതല്ല. അതുകൊണ്ടുതന്നെയാണ് രാജസ്ഥാനില്‍ ബ്രാഹ്മണ വിഭാഗത്തെ ചേര്‍ത്തുപിടിക്കാന്‍ അവര്‍ തയാറായതും. ജയ്പൂര്‍ രാജകുടുംബത്തില്‍ നിന്നുള്ള ദിയാ കുമാരിയെ ഉപമുഖ്യമന്ത്രിയാക്കി രജപുത്രരെയും മറ്റൊരു ഉപമുഖ്യമന്ത്രി പ്രേംചന്ദ് ബൈറവയിലൂടെ ദളിത് വിഭാഗത്തെയും ഒപ്പനിര്‍ത്തുക വഴി തങ്ങളുടെ വോട്ട്ബാങ്ക് വിഭാഗത്തെ പിണക്കാതിരിക്കാനും ബിജെപിക്കായി.

ഇന്ത്യ മുന്നണിക്ക് തടുക്കാനാകുമോ

സംസ്ഥാനങ്ങളെയും അതിര്‍ത്തി പ്രദേശങ്ങളെയും പഠിച്ച് മനസിലാക്കിയാണ് ബിജെപി ഇത്തവണ മുഖ്യമന്ത്രിമാരെ കളത്തിലിറക്കിയിരിക്കുന്നത്. ഈ തന്ത്രത്തെ നിലവില്‍ പ്രതിരോധിക്കാന്‍ 'ഇന്ത്യ' മുന്നണിക്ക് സാധിക്കുമോയെന്നാണ് മതേതര ഇന്ത്യ ഉറ്റുനോക്കുന്നത്. നേരത്തെ 'ഇന്ത്യ' മുന്നണിയുടെ ഏറ്റവും വലിയ പ്രചരണായുധം ജാതി സെന്‍സസ് ആയിരുന്നു. എന്നാല്‍ ജാതി സെന്‍സസിനെ മുന്നോട്ട് കൊണ്ടുപോകാനോ ജനങ്ങളിലേക്കെത്തിക്കാനോ സാധിച്ചില്ല. കൂടാതെ ഐക്യമില്ലായ്മയും, സീറ്റ് വിഭജനം അടക്കമുള്ള പ്രശ്‌നങ്ങളും നിലനില്‍ക്കുന്നയിടത്തോളം ബിജെപിയുടെ കപട ഗോത്ര സ്‌നേഹത്തെ പൊളിച്ച് കൊടുക്കാനും സാധിക്കില്ല.

logo
The Fourth
www.thefourthnews.in