ചന്ദ്രബാബു നായിഡു എൻഡിഎയിലേക്ക്? ബിജെപിയുടെ 'മിഷൻ സൗത്തി'ല്‍ ഇനി ആന്ധ്രയും തെലങ്കാനയും

ചന്ദ്രബാബു നായിഡു എൻഡിഎയിലേക്ക്? ബിജെപിയുടെ 'മിഷൻ സൗത്തി'ല്‍ ഇനി ആന്ധ്രയും തെലങ്കാനയും

ഈ വർഷം അവസാനം തെലങ്കാനയിലും അടുത്ത വർഷമാദ്യം ആന്ധ്രാപ്രദേശിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും

ഇടവേളയ്ക്ക് ശേഷം ബിജെപിയുമായി കൈകോര്‍ക്കാനൊരുങ്ങി തെലുങ്കു ദേശം പാര്‍ട്ടി. കര്‍ണാടകയിലേറ്റ തിരിച്ചടിക്ക് പിന്നാലെ ദക്ഷിണേന്ത്യയില്‍ വേറുറപ്പിക്കാന്‍ പാടുപെടുന്ന ബിജെപി ടിഡിപിയിലൂടെ പുതുജീവന്‍ പ്രതീക്ഷിക്കുകയാണ്. ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു ബിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചയാണ് അഭ്യൂഹങ്ങള്‍ ശക്തമാക്കിയത്.

ശനിയാഴ്ച രാത്രിയിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തിയത്. അമിത് ഷായുടെ ഔദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും പങ്കെടുത്തു. 50 മിനുറ്റോളം നീണ്ട ചര്‍ച്ചയെ കുറിച്ച് ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. എന്നാല്‍ ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും സഖ്യ സാധ്യത തുറക്കുകയാണെന്നാണ് വിലയിരുത്തല്‍.

ചന്ദ്രബാബു നായിഡു ഡൽഹിയിലെത്തി അമിത് ഷായെയും ജെ പി നദ്ദയെയും കണ്ടു

2014 മുതല്‍ എന്‍ഡിഎയുടെ ഭാഗമായിരുന്ന ടിഡിപി, 2018 ലാണ് ബിജെപിയുമായി അകലുന്നത്. ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്ന ആവശ്യം അംഗീകരിക്കാത്ത പശ്ചാത്തലത്തിലായിരുന്നു വേര്‍പിരിയല്‍. പിന്നാലെ കോണ്‍ഗ്രസുമായി ബന്ധം മെച്ചപ്പെടുത്തുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ പ്രചാരണത്തില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു.

സഖ്യംവിട്ടതിന് ശേഷം ആദ്യമായാണ് അമിത് ഷായുമായി ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തുന്നത്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ചന്ദ്രബാബു നായിഡു സന്ദര്‍ശിക്കും. പവന്‍ കല്യാണിന്‌റെ നേതൃത്വത്തിലുള്ള ജനസേന പാര്‍ട്ടി ആന്ധ്രാപ്രദേശില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ്. വൈഎസ്ആര്‍ കോണ്‍ഗ്രസിനെതിരെ സംസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം വേണമെന്ന ആവശ്യം പവന്‍ കല്യാണ്‍ നേരത്തെ മുന്നോട്ടുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടിഡിപി- ബിജെപി ചര്‍ച്ചകള്‍.

ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്ന ആവശ്യം തള്ളിയതോടെ 2018 മാർച്ചിലാണ് ടിഡിപി എൻഡിഎ വിടുന്നത്

ആന്ധ്രാപ്രദേശില്‍ മുഖ്യ പ്രതിപക്ഷമായ ടിഡിപിക്ക് തെലങ്കാനയിലും സ്വാധീനമുണ്ട്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ശക്തമായി വിമര്‍ശിച്ച നായിഡുവിനെ കൂടെ ചേര്‍ക്കുന്നതില്‍ സംസ്ഥാന ബിജെപി ഘടകത്തിന് എിര്‍പ്പുണ്ടെന്നാണ് സൂചന. എന്നാല്‍ ദക്ഷിണേന്ത്യയില്‍ അധികാരത്തിലിരുന്ന ഏക സംസ്ഥാനമായ കര്‍ണാടക കൂടി കൈവിട്ടതോടെ ബിജെപി ദേശീയ നേതൃത്വം ചന്ദ്രബാബു നായിഡുവില്‍ പ്രതീക്ഷവയ്ക്കുകയാണ്. ഈ വര്‍ഷം നടക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ടിഡിപിയെ മുന്നണിയിലെത്തിക്കാനാണ് ആലോചന. സഖ്യത്തിലില്ലെങ്കിലും പോര്‍ട് ബ്ലെയർ മുനിസിപ്പല്‍ തിരഞ്ഞെടപ്പില്‍ ഇരുപാര്‍ട്ടികളും ഒരുമിച്ചാണ് മത്സരിച്ചത്.

ചന്ദ്രബാബു നായിഡു എൻഡിഎയിലേക്ക്? ബിജെപിയുടെ 'മിഷൻ സൗത്തി'ല്‍ ഇനി ആന്ധ്രയും തെലങ്കാനയും
കർണാടക സത്യപ്രതിജ്ഞ പ്രതിപക്ഷ സംഗമവേദിയാക്കാൻ കോൺഗ്രസ്; ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് ക്ഷണം; പിണറായിയും കെജ്രിവാളുമില്ല

അമിത് ഷാ ജൂണ്‍ എട്ടിന് വിശാഖപട്ടണത്തും നദ്ദ ജൂണ്‍ 10 ന് തിരുപ്പതിയിലും പൊതു പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. തെലങ്കാനാ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ അടുത്ത വര്‍ഷമാദ്യമാണ് ആന്ധ്രാപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.

logo
The Fourth
www.thefourthnews.in