രാജസ്ഥാനില്‍ സരസ്വതി ദേവിയെ അപമാനിച്ചെന്നാരോപിച്ച് അധ്യാപിക സസ്‌പെന്‍ഷനിലായ  
സംഭവം: നടപടി ദളിതയായതിനാലെന്ന് ഹേമലത

രാജസ്ഥാനില്‍ സരസ്വതി ദേവിയെ അപമാനിച്ചെന്നാരോപിച്ച് അധ്യാപിക സസ്‌പെന്‍ഷനിലായ സംഭവം: നടപടി ദളിതയായതിനാലെന്ന് ഹേമലത

ജാതീയമായ അവഹേളനം നേരിട്ടുവെന്നും ഹേമലത പറയുന്നു.

സ്‌കൂളില്‍ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് രണ്ട് അധ്യാപകരെ കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഫെബ്രുവരി 23ന് മറ്റൊരു അധ്യാപികയെയും സരസ്വതി ദേവിയെ അപമാനിച്ചുവെന്ന് ആരോപിച്ചും മതവികാരം വ്രണപ്പെടുത്തിയെന്ന പേരിലും സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ താന്‍ ദളിത് വിഭാഗമായതിനാലാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് രാജസ്ഥാനിലെ ബാരണ്‍ ജില്ലയിലെ സര്‍ക്കാര്‍ യുപി സ്‌കൂള്‍ അധ്യാപികയായ ഹേമലത ബൈരവ പറയുന്നു. റിപ്പബ്ലിക് ദിനത്തില്‍ കുറച്ച് പേര്‍ സരസ്വതി ദേവിയെ പൂജിക്കണമെന്ന് ആവശ്യപ്പെടുകയും ജാതീയമായി അവഹേളിക്കുകയുമായിരുന്നുവെന്ന് ഹേമലത ദേശീയ മാധ്യമമായ ദ വയറിനോട് പറഞ്ഞു.

''റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടനാപരമായി ഞാനെന്റെ തൊഴിലുകള്‍ ചെയ്യുകയായിരുന്നു. ഹന്‍സരാജ് സെയ്ന്‍, ഭൂപേന്ദ്ര സെയ്ന്‍ എന്നീ അധ്യാപകര്‍ സരസ്വതിയെ ആരാധിക്കാന്‍ എന്നോട് നിര്‍ബന്ധിച്ചു. കുറച്ച് കഴിഞ്ഞ് അവര്‍ ഗ്രാമത്തിലെ കുറച്ച് പേരുമായി ചേര്‍ന്ന് എന്റെ അടുത്തേക്ക് വന്നു. അവര്‍ ജാതീയമായ പരാമര്‍ശങ്ങള്‍ നടത്തി അപമാനിച്ചു. ഇപ്പോള്‍ ഞാന്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. 600 കിലോമീറ്റര്‍ ദൂരെയുള്ള ബികാനറിലാണ് എന്നോട് റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ അനീതി അംഗീകരിക്കാന്‍ സാധിക്കാത്തത് കൊണ്ടുതന്നെ ഞാന്‍ ബികാനറില്‍ പോകില്ല. പട്ടികജാതി വിഭാഗമായത് കൊണ്ടു മാത്രമാണ് ഞാന്‍ അവഹേളിക്കപ്പെട്ടത്'', ഹേമലത പറഞ്ഞു.

രാജസ്ഥാനില്‍ സരസ്വതി ദേവിയെ അപമാനിച്ചെന്നാരോപിച്ച് അധ്യാപിക സസ്‌പെന്‍ഷനിലായ  
സംഭവം: നടപടി ദളിതയായതിനാലെന്ന് ഹേമലത
രാജസ്ഥാനിൽ മതപരിവർത്തനമാരോപിച്ച് അധ്യാപകർക്ക് സസ്പെൻഷൻ; നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ സമരത്തിൽ

അതേസമയം ഹേമലതയുടെ സസ്‌പെന്‍ഷന്‍ ദളിത് ഗ്രൂപ്പുകള്‍ക്കിടയില്‍ വലിയ തരത്തിലുള്ള പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്. നിരവധി ദളിത് സംഘടനകളാണ് സംസ്ഥാനമൊട്ടാകെ പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്‌കൂളിന് മുന്നില്‍ ധര്‍ണയും നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ദളിത് സംഘടനകള്‍ നടത്തിയ പ്രതിഷേധത്തിനിടയില്‍ പോലീസ് പ്രതിഷേധക്കാരെ മര്‍ദിക്കുകയും പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.

രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രിയും ബിജെപി നേതാവുമായ മദന്‍ ദിലാവറിന്റെ നിര്‍ദേശപ്രകാരമാണ് ഹേമലതയെ സസ്‌പെന്‍ഡ് ചെയ്തതെന്ന ആരോപണമുണ്ട്. ഹേമലത അധ്യാപികയായ സ്‌കൂളിലെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മഹാത്മാഗാന്ധി, സാവിത്രി ഭായ് ഫൂലേ, ബി ആര്‍ അംബേദ്കര്‍ എന്നിവരുടെ ഫോട്ടോകള്‍ക്ക് മുന്നില്‍ ഹേമലത നില്‍ക്കുന്നതും ഒരു കൂട്ടം ആളുകള്‍ അവരോട് കയര്‍ക്കുന്നതുമായിരുന്നു വീഡിയോയുടെ ഉള്ളടക്കം. കുട്ടികളുടെ ദൈവം സരസ്വതിയാണെന്ന് അവര്‍ പറയുമ്പോള്‍ സാവിത്രി ഫൂലെയാണ് കുട്ടികളുടെ ദൈവമെന്ന് ഹേമലത തിരിച്ചു പറയുന്നതും വീഡിയോയില്‍ കാണാം.

രാജസ്ഥാനില്‍ സരസ്വതി ദേവിയെ അപമാനിച്ചെന്നാരോപിച്ച് അധ്യാപിക സസ്‌പെന്‍ഷനിലായ  
സംഭവം: നടപടി ദളിതയായതിനാലെന്ന് ഹേമലത
ഹിമാചലില്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് നോട്ടീസ്; ബജറ്റ് പാസായി, വിക്രമാദിത്യയുടെ രാജി സ്വീകരിക്കില്ലെന്ന് സുഖു

തുടര്‍ന്ന് സരസ്വതിക്ക് പൂജ ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോഴും ഹേമലത അത് എതിര്‍ക്കുകയായിരുന്നു. എന്തുകൊണ്ടാണ് പരിപാടിയില്‍ നിലവിളക്കില്ലാത്തതെന്നും ഹിന്ദു പാരമ്പര്യത്തെക്കുറിച്ച് അറിവില്ലേയെന്നും കൂട്ടത്തിലെ ഒരാള്‍ ഹേമലതയോട് ചോദിക്കുന്നുമുണ്ട്. എന്നാല്‍ ഹിന്ദു എന്നതിന്റെ അര്‍ഥമെന്താണെന്നും ഹിന്ദുവും മുസ്ലീമും സിഖും ക്രിസ്ത്യനുമെല്ലാം തുല്യമാണെന്നും ഹേമലത മറുപടി നല്‍കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബാരണിലെ നാഹര്‍ഗര്‍ പോലീസ് സ്‌റ്റേഷനില്‍ രണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒന്ന് തന്നോട് കയര്‍ത്തയാള്‍ക്കെതിരെ ഹേമലത നല്‍കിയതും മറ്റൊന്ന് മതവികാരം വ്രണപ്പെടുത്തിയെന്ന പേരില്‍ ഹേമലതയ്‌ക്കെതിരെയുള്ളതുമാണ്.

'2024 ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ എന്ന നിലയില്‍ എന്റെ ജോലികള്‍ ചെയ്യുകയായിരുന്നു. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിന്റെ 75-ാം വര്‍ഷത്തെ ആഘോഷങ്ങള്‍ക്കായി സ്‌കൂളില്‍ പരിപാടികള്‍ നടത്തുകയായിരുന്നു. ഹന്‍സ്രാജ് നഗര്‍, രാധേഷ്യം നഗര്‍, ഭാരത് നഗര്‍, കിഷാന്‍ നഗര്‍ തുടങ്ങിയവരും ഹന്‍സ്രാജ് സെയ്ന്‍, ഭൂപേന്ദ്ര സെയ്ന്‍ എന്നീ അധ്യാപകരും പൊതു സ്ഥലത്ത് സരസ്വതി പൂജ നടത്തണമെന്ന് ആവശ്യപ്പെട്ട് എന്നോട് കയര്‍ക്കുകയായിരുന്നു. എസ് സി വിഭാഗത്തില്‍പ്പെടുന്ന വനിതാ ഉദ്യോഗസ്ഥയാണ് ഞാന്‍. ഹന്‍സ്രാജ് നഗര്‍, ഭാരത് നഗര്‍, രാധേഷ്യം നഗര്‍ എന്നിവര്‍ ജാതിപരമായി അധിക്ഷേപിച്ചു. പുറത്ത് വച്ച് കാണാമെന്നും പറഞ്ഞു. ഈ സംഭവത്തിന് ശേഷം ഭയത്തിലാണ് ഞാന്‍' എന്നാണ് ഹേമലതയുടെ പരാതിയിലെ എഫ്‌ഐആറിന്റെ ഉള്ളടക്കം.

രാജസ്ഥാനില്‍ സരസ്വതി ദേവിയെ അപമാനിച്ചെന്നാരോപിച്ച് അധ്യാപിക സസ്‌പെന്‍ഷനിലായ  
സംഭവം: നടപടി ദളിതയായതിനാലെന്ന് ഹേമലത
മരിച്ചിട്ടും തീരാത്ത പിണക്കം; പ്രതിമയുടെ രൂപത്തില്‍ സുഖുവിനെ വിരട്ടുന്ന വീര്‍ഭദ്ര സിങ്

ഭരണഘടനയുടെ അനുച്ഛേദം 28ല്‍ സരസ്വതി പൂജയെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള തന്റെ മൗലികാവകാശമാണ് പൊതുമധ്യത്തില്‍ ലംഘിക്കപ്പെട്ടിരിക്കുന്നതെന്നും സ്ത്രീകളുടെ അന്തസ് ഹനിക്കപ്പെട്ടിരിക്കുന്നുവെന്നും അവര്‍ പറയുന്നു. പരാതിയില്‍ ഐപിസി 506, 504 വകുപ്പുകള്‍ പ്രകാരവും പട്ടികജാതി പട്ടികവകുപ്പ് നിയമം പ്രകാരവുമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം ഐപിസി 153 എ (വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക), 295 എ (ഏതെങ്കിലും മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് അവരുടെ മതവികാരത്തെ പ്രകോപിപ്പിക്കാനുള്ള ബോധപൂര്‍വമായ പ്രവൃത്തികള്‍) എന്നീ വകുപ്പുകള്‍ ചേര്‍ത്ത് ഹേമതലയ്‌ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

റിപ്പബ്ലിക് ദിനത്തിലെ സംഭവം നടന്നതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പറഞ്ഞ് ഒരാഴ്ചക്കുള്ളിലായിരുന്നു ഹേമലതയുടെ സസ്‌പെന്‍ഷന്‍. സ്‌കൂളില്‍ സരസ്വതിക്ക് എന്ത് പങ്കാണുള്ളതെന്ന് പറഞ്ഞ വ്യക്തിയെ സസ്‌പെന്‍ഡ് ചെയ്തുവെന്ന് അദ്ദേഹം ഒരു പൊതു യോഗത്തില്‍ പറയുകയും ചെയ്തു. എന്നാല്‍ പൊതുയിടത്ത് തന്റെ സസ്‌പെന്‍ഷനെക്കുറിച്ച് മന്ത്രി പറഞ്ഞതിനെയും ഹേമലത വിമര്‍ശിക്കുന്നു. ''ഒരു പൊതു വേദിയില്‍ വച്ച് എന്നെ ഭീഷണിപ്പെടുത്തിയത് ശരിയാണോ? ഞാന്‍ ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും ഇതുവരെ ഒരു അറസ്റ്റും ഉണ്ടായിട്ടില്ല. പക്ഷേ ഞാന്‍ സസ്‌പെന്‍ഷനിലായി. ദളിത് കുട്ടികള്‍ ഉപദ്രവം നേരിടുന്ന സ്‌കൂളുകളില്‍ ചിലര്‍ നിരന്തരം ജാതീയത പ്രദര്‍ശിപ്പിക്കുന്നു.

സാവിത്രി ഫൂലെ കുട്ടികള്‍ക്ക് വേണ്ടി സ്‌കൂള്‍ തുറന്നു. അവര്‍ക്ക് മുമ്പ് എത്ര സ്ത്രീകള്‍ വിദ്യ നേടിയിട്ടുണ്ട്? മതപരമായ വിശ്വാസങ്ങള്‍ വ്യക്തിപരമാണ്. ഭരണഘടനയിലും സ്‌കൂള്‍ പോലുള്ള സ്ഥലങ്ങളിലും മതപരമായ വിശ്വാസങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല. എങ്ങനെയാണ് ഒരു മന്ത്രിക്ക് ഒരു പൊതു ഇടത്തില്‍ വച്ച് എന്നെ സസ്‌പെന്‍ഡ് ചെയ്തുവെന്ന് പറയാന്‍ സാധിക്കുക. ഇത് സ്ത്രീകളോടുള്ള ബഹുമാനത്തിന്റെ പ്രശ്‌നം കൂടിയാണ്. ഏത് സ്ഥലത്ത് നിന്നും സസ്‌പെന്‍ഷന്‍ പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ ജോലിക്കാരല്ല. ഭരണഘടനയുടെ പരിധിയില്‍ നിന്നാണ് ഞാനെന്റെ ജോലികള്‍ ചെയ്യുന്നത്. എനിക്ക് നീതി വേണം, പ്രതികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണം'', അവര്‍ കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in