'വിഭാഗീയ തീരുമാനം'; ബലിപെരുന്നാൾ ദിനം പ്രവൃത്തിദിനമാക്കിയ ഡൽഹി സർവകലാശാല തീരുമാനത്തിനെതിരെ അധ്യാപകർ

'വിഭാഗീയ തീരുമാനം'; ബലിപെരുന്നാൾ ദിനം പ്രവൃത്തിദിനമാക്കിയ ഡൽഹി സർവകലാശാല തീരുമാനത്തിനെതിരെ അധ്യാപകർ

വിഭാഗീയ സമീപനത്തോടെയുള്ള ഡി യു വിജ്ഞാപനം പിൻവലിക്കണമെന്ന് അധ്യാപക സംഘടനായ ഡെമോക്രാറ്റിക്‌ ഫെഡറേഷൻ ഓഫ് ടീച്ചേഴ്സ് ആവശ്യപ്പെട്ടു

ബലി പെരുന്നാൾ ദിനം പ്രവൃത്തിദിനമാക്കിയ ഡൽഹി സർവകലാശാല (ഡി യു) തീരുമാനത്തിനെതിരെ അധ്യാപക സംഘടനകളുടെ പ്രതിഷേധം. മുസ്ലിം വിഭാഗത്തിന്റെ പ്രധാന ആഘോഷങ്ങളിൽ ഒന്നായ ബലി പെരുന്നാൾ ദിനമായ ജൂൺ 29ന് പൊതു അവധി ആണെന്നിരിക്കെയാണ് ഡി യുവിന്റെ നടപടി. അതേസമയം പെരുന്നാൾ ആഘോഷിക്കണമെന്നുള്ളവർക്ക് ഓഫീസിൽ ഹാജരാകാതിരിക്കാനുള്ള അവസരം സർവകലാശാല നൽകിയിട്ടുണ്ട്.

മൂന്ന് കെട്ടിടങ്ങൾക്ക് തറക്കല്ലിടാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 30 ന് സർവകലാശയിലെത്തുന്നുണ്ട്. ഇതിന് മുന്നോടിയായാണ് ബലി പെരുന്നാൾ ദിനത്തിലെ അവധി ഒഴിവാക്കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾക്കുവേണ്ടിയാണ് ബലി പെരുന്നാൾ ദിനം പ്രവൃത്തി ദിനമാക്കിയിരിക്കുന്നതെന്നാണ് ഡി യു പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നത്.

ഡി യുവിന്റെ തീരുമാനത്തിനെതിരെ ഒരു കൂട്ടം അധ്യാപകർ രംഗത്തെത്തി. വിഭാഗീയ ചിന്താഗതിയും സംവേദനക്ഷമതക്കുറവുമാണ് പുതിയ വിജ്ഞാപനത്തിന് പിന്നിലെന്നും ഒരു സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് സർവകലാശാല അധികൃതർ നടത്തുന്നതെന്നും അവർ ആരോപിച്ചു.ബലിപെരുന്നാൾ ദിനം പ്രവൃത്തി ദിനമാക്കിക്കൊണ്ടുള്ള വിജ്ഞാപനം പിൻവലിക്കണമെന്ന് ഡെമോക്രാറ്റിക്‌ ഫെഡറേഷൻ ഓഫ് ടീച്ചേഴ്സ് ആവശ്യപ്പെട്ടു.

"ഇന്ത്യൻ ഗസറ്റിൽ വിജ്ഞാപനം ചെയ്ത നിർബന്ധിത അവധിയാണ് ജൂൺ 29. മുസ്ലിം സമുദായത്തിലെ അംഗങ്ങൾ ഈദ് അല്‍ ആദ ആഘോഷിക്കുന്നു. മറ്റ് സമുദായാംഗങ്ങളും ബലി പെരുന്നാൾ ആഘോഷത്തിൽ പങ്കുചേരാറുണ്ട്. ഗസറ്റഡ് അവധിദിനങ്ങളുടെ പട്ടിക 2023-ന് മുൻപുതന്നെ സർവകലാശാലയ്ക്ക് അറിയാമായിരുന്നു. ഒരു സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമം, അതിന്റെ വിഭാഗീയ ചിന്താഗതി, സംവേദനക്ഷമത ഇല്ലായ്‌മ എന്നിവ എതിർക്കേണ്ടതും അപലപിക്കേണ്ടതുമാണ്. ഒരു അടിയന്തിര സാഹചര്യമോ ദുരന്തമോ ഉണ്ടായിട്ടില്ലെന്നിരിക്കെയുള്ള ഈ അനഭിലഷണീയമായ വിജ്ഞാപനം സർവകലാശാല ഭരണസമിതി പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നു," ഡെമോക്രാറ്റിക്‌ ഫെഡറേഷൻ ഓഫ് ടീച്ചേഴ്സ് പ്രസ്താവനയിൽ പറയുന്നു.

'വിഭാഗീയ തീരുമാനം'; ബലിപെരുന്നാൾ ദിനം പ്രവൃത്തിദിനമാക്കിയ ഡൽഹി സർവകലാശാല തീരുമാനത്തിനെതിരെ അധ്യാപകർ
കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്; തഹസിൽദാറുടെ വീട്ടിൽ നിന്ന് പണവും സ്വർണവും പിടിച്ചെടുത്തു

പെരുന്നാൾ ആഘോഷിക്കേണ്ടവർക്ക് മാത്രം അവധിയെടുക്കാമെന്ന് പറയുന്നതിനെ വിഭാഗീയമെന്ന മാത്രമേ പറയാനാകുവെന്ന് സംഘടന സെക്രട്ടറി ആഭാ ദേവ് ഹബീബ് പ്രതികരിച്ചു. രാജ്യത്തെ അന്തരീക്ഷം കൂടി കണക്കിലെടുത്ത് വേണം കാര്യങ്ങൾ പരിശോധിക്കാൻ. മതേതര- ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെങ്കിൽ കുറച്ചുകൂടി ശ്രദ്ധാലുവായേ തീരുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിജ്ഞാപനത്തിൽ കുറ്റപ്പെടുത്താൻ പാകത്തിന് ഒന്നുമില്ലെന്ന് സർവകലാശാല രജിസ്ട്രാർ വികാസ് ഗുപ്ത പറഞ്ഞു. ആവശ്യങ്ങൾക്കനുസരിച്ചാണ് ജൂൺ 29-ന് സർവകലാശാല പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചത്. ഗസറ്റിൽ അവധിയാണെന്നതിന് അർഥം പ്രവർത്തിക്കാൻ പാടില്ല എന്നതല്ല. ഈ ഉത്തരവ് സർവകലാശാലയ്ക്ക് മാത്രം ബാധകമാണ്, കോളേജുകൾക്കല്ല. അതുകൊണ്ട് തന്നെ അധ്യാപകർ പ്രശ്നമുണ്ടാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in