നിയമ പരിരക്ഷയില്ല; അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടാല്‍ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താ ഉറവിടം വെളിപ്പെടുത്തണം: ഡല്‍ഹി കോടതി

നിയമ പരിരക്ഷയില്ല; അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടാല്‍ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താ ഉറവിടം വെളിപ്പെടുത്തണം: ഡല്‍ഹി കോടതി

ക്രിമിനല്‍ കേസിന്റെ അന്വേഷണത്തിന് വാര്‍ത്താ ഉറവിടം വെളിപ്പെടുത്തല്‍ അനിവാര്യമാണെങ്കില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അക്കാര്യം ആവശ്യപ്പെടാമെന്ന് ഡല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ്

വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്തുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയമപരമായ ഇളവുകളില്ലെന്ന് ഡല്‍ഹി കോടതി. അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താ ഉറവിടം വെളിപ്പെടുത്തണം. പ്രത്യേകിച്ച്, ക്രിമിനല്‍ കേസുകളുടെ അന്വേഷണത്തില്‍ വാര്‍ത്താ ഉറവിടം വെളിപ്പെടുത്തല്‍ അനിവാര്യമാണെങ്കില്‍ അന്വേഷ ഏജന്‍സികള്‍ക്ക് അക്കാര്യങ്ങള്‍ ആവശ്യപ്പെടാമെന്നും ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് അഞ്ജനി മഹാജന്‍ നിരീക്ഷിച്ചു. യുപി മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവിനും കുടുംബത്തിനുമെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷണത്തിന്റെ വിവരങ്ങള്‍ വാര്‍ത്തയായത് സംബന്ധിച്ച് സിബിഐ സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം.

ഐപിസി, സിആര്‍പിസി എന്നിവ പ്രകാരം കേസന്വേഷിക്കുന്ന ഏജന്‍സിയോട് സഹകരിക്കേണ്ട ബാധ്യത പൊതുജനങ്ങള്‍ക്കുണ്ട്. ഇതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മാറിനില്‍ക്കാനാവില്ല.

മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താ ഉറവിടം വെളിപ്പെടുത്തിയില്ല എന്നതിന്റെ പേരില്‍ മാത്രം അന്വേഷണം അവസാനിപ്പിക്കാന്‍ പാടില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. വാര്‍ത്തയുടെ ഉറവിടം അന്വേഷണ ഏജന്‍സികള്‍ക്ക് മുന്‍പാകെ വെളിപ്പെടുത്താതിരിക്കാന്‍ രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയമ പരിരക്ഷയില്ല. ഒരു ക്രിമിനല്‍ കേസിന്റെ അന്വേഷണത്തിന് സഹായമാകുംവിധം വാര്‍ത്താ ഉറവിടം വെളിപ്പെടുത്തല്‍ അനിവാര്യമാണെങ്കില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അക്കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെടാം.

ഐപിസി, സിആര്‍പിസി എന്നിവ പ്രകാരം കേസന്വേഷിക്കുന്ന ഏജന്‍സിയോട് സഹകരിക്കേണ്ട ബാധ്യത പൊതുജനങ്ങള്‍ക്കുണ്ട്. ഇതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മാറിനില്‍ക്കാനാവില്ല. അന്വേഷണ ആവശ്യങ്ങള്‍ക്കായി രേഖകള്‍ ഹാജരാക്കാന്‍ ഒരു വ്യക്തിക്ക് സമന്‍സ് അയയ്ക്കാന്‍, കോടതിക്കോ പോലീസ് ഉദ്യോഗസ്ഥനോ അധികാരം നല്‍കുന്ന സിആര്‍പിസി സെക്ഷന്‍ 91 പ്രകാരം വിവരങ്ങള്‍ തേടാം. വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ വിസമ്മതിച്ചപ്പോള്‍ അന്വേഷണം അവസാനിപ്പിച്ചത് ശരിയായില്ലെന്നും കോടതി കുറ്റപ്പെടുത്തി.

മുലായത്തെ കേസില്‍ കുടുക്കിയതാണെന്ന വാദം സിബിഐ സമ്മതിച്ചേക്കും, പൊതു താത്പര്യ ഹര്‍ജി സിബിഐ പരിഗണിച്ചില്ല എന്നിങ്ങനെയായിരുന്നു വാദം കേള്‍ക്കുന്നതിന്റെ തൊട്ടുതലേന്ന് പുറത്തുവന്ന വാര്‍ത്തകളുടെ ഉള്ളടക്കം.

മുലായത്തിനും കുടുംബാംഗങ്ങള്‍ക്കുമെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ 2007ല്‍ സുപ്രീംകോടതി സിബിഐയോട് നിര്‍ദേശിച്ചിരുന്നു. അതനുസരിച്ച് നടന്ന അന്വേഷണത്തിനൊടുവില്‍ 2009 ഫെബ്രുവരി ഒന്‍പതിന് സുപ്രീംകോടതിയില്‍ വാദം കേള്‍ക്കാനിരിക്കെ, സിബിഐ സമര്‍പ്പിച്ച രഹസ്യ രേഖകള്‍ സംബന്ധിച്ച് ചില പത്രങ്ങളും ചാനലുകളും വാര്‍ത്ത പുറത്തുവിട്ടു. മുലായത്തെ കേസില്‍ കുടുക്കിയതാണെന്ന വാദം സിബിഐ സമ്മതിച്ചേക്കും, പൊതു താത്പര്യ ഹര്‍ജി സിബിഐ പരിഗണിച്ചില്ല എന്നിങ്ങനെയായിരുന്നു വാദം കേള്‍ക്കുന്നതിന്റെ തൊട്ടുതലേന്ന് പുറത്തുവന്ന വാര്‍ത്തകളുടെ ഉള്ളടക്കം. ടൈംസ് ഓഫ് ഇന്ത്യ, സ്റ്റാര്‍ ന്യൂസ്, സിഎന്‍എന്‍-ഐബിഎന്‍ എന്നിവരാണ് വാര്‍ത്ത പുറത്തുവിട്ടത്.

നിയമ പരിരക്ഷയില്ല; അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടാല്‍ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താ ഉറവിടം വെളിപ്പെടുത്തണം: ഡല്‍ഹി കോടതി
20 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 1668 മാധ്യമപ്രവര്‍ത്തകര്‍

കോടതിയില്‍ സമര്‍പ്പിച്ച രഹസ്യരേഖകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ പരാതിയുമായി സിബിഐ രംഗത്തെത്തി. വ്യാജ വാര്‍ത്ത സൃഷ്ടിച്ചുകൊണ്ട് ഏജന്‍സിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കാന്‍ ശ്രമിച്ച, പേരറിയാത്ത ഏതാനും പേര്‍ക്കെതിരെയായിരുന്നു പരാതി. ഇവര്‍ ക്രിമിനല്‍ ഗൂഢാലോചനയില്‍ ഏര്‍പ്പെടുകയും വ്യാജരേഖ ചമച്ച് വ്യാജവാര്‍ത്തയായി പ്രചരിപ്പിച്ചെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വാര്‍ത്തകളുടെ നിജസ്ഥിതി അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടത്.

എന്നാല്‍, വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ വിസമ്മതിച്ചതിനാല്‍ അന്വേഷണം അവസാനിപ്പിച്ചതായി അറിയിച്ചുകൊണ്ട് സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. അതേസമയം, വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ സിബിഐയ്ക്ക് വീഴ്ച സംഭവിച്ചെന്നായിരുന്നു കോടതിയുടെ അഭിപ്രായം. അന്വേഷണം പൂര്‍ത്തിയാക്കി സപ്ലിമെന്ററി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. മാര്‍ച്ച് 24 വരെ സമയം അനുവദിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in