പ്രതിപക്ഷ നേതൃസ്ഥാനം വിട്ടുകൊടുക്കില്ലെന്ന് സൂചിപ്പിച്ച് കോൺഗ്രസ്; മൂന്നാം മുന്നണി ബിജെപിയെ സഹായിക്കുമെന്ന് പ്രമേയം

പ്രതിപക്ഷ നേതൃസ്ഥാനം വിട്ടുകൊടുക്കില്ലെന്ന് സൂചിപ്പിച്ച് കോൺഗ്രസ്; മൂന്നാം മുന്നണി ബിജെപിയെ സഹായിക്കുമെന്ന് പ്രമേയം

മൂന്നാം മുന്നണിയെ തളളിയും പ്രതിപക്ഷ നേതൃപദവി തങ്ങൾക്ക് തന്നെയാണെന്ന കാര്യം ഉറപ്പിച്ചും കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയം

ബിജെപിയെ നേരിടാന്‍ മതേതര സോഷ്യലിസ്റ്റ് കക്ഷികളെ യോജിപ്പിച്ചു നിര്‍ത്തണമെന്ന് റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ പ്ലീനറിയില്‍ രാഷ്ട്രീയ പ്രമേയം. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വം പാര്‍ട്ടി ഏറ്റെടുക്കും. രാജ്യത്തിന്റെ എല്ലാ സംവിധാനങ്ങളെയും തകര്‍ത്ത ഭരണമാണ് കഴിഞ്ഞ എട്ടരവര്‍ഷമായി ഉള്ളതെന്നും പാര്‍ട്ടി അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു. രാജ്യത്ത് ഭീതിയും വെറുപ്പും ഭീഷണിപെടുത്തലുമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.

കോണ്‍ഗ്രസ് ആണ് മുഖ്യ പ്രതിപക്ഷ പാര്‍ട്ടി. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തും, പ്രധാന വിഷയങ്ങളോട് പ്രതികരിക്കുന്നതുമായ സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുകയെന്നും രാഷ്ട്രീയ പ്രമേയം വ്യക്തമാക്കി. ബിജെപിക്കെതിരെ സമാന മനസ്‌ക്കരായ എല്ലാവരെയും അടിയന്തരമായി ഏകോപിപ്പിക്കണം എന്നും രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നു. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര ഇപ്പോഴത്തെ ഇരുണ്ട കാലത്തിൽനിന്നും രാജ്യത്തെ മോചിപ്പിക്കുന്നതിലേക്കുള്ള നിർണായക മുന്നേറ്റമാണെന്നും രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടി

പ്രതിപക്ഷ നേതൃസ്ഥാനം വിട്ടുകൊടുക്കില്ലെന്ന് സൂചിപ്പിച്ച് കോൺഗ്രസ്; മൂന്നാം മുന്നണി ബിജെപിയെ സഹായിക്കുമെന്ന് പ്രമേയം
'മുന്നോട്ടുള്ള പാത എളുപ്പമല്ല, പക്ഷേ അന്തിമ വിജയം നമ്മുടേതാകും'; കോണ്‍ഗ്രസ് ജനങ്ങളുടെ ശബ്ദമാകണമെന്ന് സോണിയാ ഗാന്ധി
ആം ആദ്മി, തൃണമുല്‍ കോണ്‍ഗ്രസ്, തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി എന്നീ പാര്‍ട്ടികള്‍ കോണ്‍ഗ്രസിന്റെ നേതൃത്വം അംഗീകരിക്കില്ലെന്ന സൂചന പലതവണ നല്‍കിയതാണ്. മറ്റൊരു മുന്നണി രൂപികരിക്കാനുള്ള നീക്കങ്ങളും ഈ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ മൂന്നാം മുന്നണി വിമര്‍ശനം പ്രസക്തമാകുന്നത്.

രാഷ്ട്രീയ പ്രമേയത്തില്‍ പ്രധാനമായി 58 കാര്യങ്ങളാണ് എടുത്തുപറഞ്ഞിട്ടുള്ളത്. രാഷ്ട്രീയ സംഖ്യമാണ് അതില്‍ പ്രധാനം. കോണ്‍ഗ്രസ് തന്നെ പ്രതിപക്ഷ പാര്‍ട്ടികളെ യോജിപ്പിക്കുന്നതിന് നേതൃത്വം നല്‍കണമെന്ന് പറയുന്ന പ്രമേയം, മൂന്നാം മുന്നണി സംവിധാനത്തെ പാടെ തള്ളികളയുന്നു. ബിജെപിയെ സഹായിക്കാന്‍ മാത്രമാണ് മൂന്നാം മുന്നണിയെ കൊണ്ട് കഴിയുകയെന്ന് പ്രമേയം വിമര്‍ശിച്ചു.

പ്രമേയത്തിലെ മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍

കോണ്‍ഗ്രസിന്റെ മുന്നോട്ട് പോക്ക് സമാനഹൃദയരായ മതേതര ശക്തികളെ കൂട്ടി യോജിപ്പിക്കുന്നതിലൂടെ ആയിരിക്കും. പാര്‍ട്ടിയ്ക്ക് യോജിക്കാന്‍ പറ്റുന്ന പ്രാദേശിക പാര്‍ട്ടികളെയും സംഘടിപ്പിക്കണം. പൊതുസമ്മതിയുള്ള പ്രത്യയശാസ്ത്ര അടിത്തറയില്‍ നിന്ന് കൊണ്ട് ബിജെപിയ്ക്കും എന്‍ഡിഎയ്ക്കുമെതിരെ അടിയന്തരമായി പ്രതിപക്ഷ ഐക്യം രൂപപ്പെടണം. ഏറ്റവും പ്രധാനപ്പെട്ട പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസാണ്. ഉത്തരവാദപ്പെട്ട പ്രതിപക്ഷമാണ് കോണ്‍ഗ്രസ്. പ്രാദേശിക വിഷയങ്ങളില്‍ ഊന്നിനിന്നുള്ള പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.

2024 ലേക്കുള്ള മാര്‍ഗനിര്‍ദ്ദേശക രേഖ കോണ്‍ഗ്രസ് തയ്യാറാക്കും. ഇതില്‍ ദാരിദ്രനിര്‍മ്മാര്‍ജ്ജനം, പണപ്പെരുപ്പം, സ്ത്രീ ശാക്തികരണം, രാഷ്ട്ര സുരക്ഷ എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടുത്തും.

അധികാരത്തില്‍ തിരിച്ചെത്തിയാല്‍ വിദ്വേഷ പ്രചാരണങ്ങള്‍ തടയുന്നതിന് നടപടികള്‍ സ്വീകരിക്കും. ബിജെപി കൂറുമാറ്റ നിരോധന നിയമത്തെ അട്ടിമറിക്കുന്നു. ഭരണഘടന ഭേദഗതിയിലുടെ കൂറുമാറ്റം ശക്തമായി തടയും.

കഴിഞ്ഞ എട്ടര വര്‍ഷത്തിനിടെ ഉണ്ടായതുപോലുള്ള അപകടകരമായ ഭരണം രാജ്യം ഇതുവരെ കണ്ടില്ല. ഭീതിയും വെറുപ്പും ഭീഷണിപ്പെടുത്തലുമാണ് ഇപ്പോള്‍ നടക്കുന്നത്. ദേശീയ മൂല്യങ്ങളെ ബിജെപി തകര്‍ക്കുകയാണ്. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലൂടെയും പിന്നീട് വിവിധ സര്‍ക്കാരുകളും ഉണ്ടാക്കിയെടുത്തതെല്ലാം ബിജെപി നശിപ്പിക്കുകയാണ് എന്നും പ്രമേയം ചുണ്ടിക്കാട്ടുന്നു.

ബ്രീട്ടീഷുകാരോട് ഐക്യപ്പെട്ട് ഗാന്ധിജിയെ എതിര്‍ത്തവരാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിനും കാരണക്കാര്‍. അവരുടെ പിന്‍മുറക്കാരാണ് രാജ്യം ഭരിക്കുന്നത്. ഗാന്ധിയുടെ പാരമ്പര്യം ഇല്ലാതാക്കാനാണ് അവരുടെ ശ്രമം. എല്ലാ സംവിധാനങ്ങളെയും തകര്‍ത്തവര്‍ നീതിന്യായ സംവിധാനത്തിനെതിരെ നിരന്തരം ആക്രമണം നടത്തുകയാണ്. വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ടുള്ള വിദദ്ഗര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ പരിഗണിക്കും. ഇക്കാര്യത്തില്‍ പരമാവധി വിദഗ്ദരുടെ അഭിപ്രായം സ്വരൂപിക്കും.

logo
The Fourth
www.thefourthnews.in