'രാമക്ഷേത്രത്തില്‍ വിശ്വാസമുള്ളവർക്ക് പോകാം'; മയപ്പെടുത്തിയും ബിജെപിയെ പഴിച്ചും ഖാർഗെ

'രാമക്ഷേത്രത്തില്‍ വിശ്വാസമുള്ളവർക്ക് പോകാം'; മയപ്പെടുത്തിയും ബിജെപിയെ പഴിച്ചും ഖാർഗെ

സോണിയ ഗാന്ധി, ഖാർഗെ, അധിർ രഞ്ജന്‍ ചൗധരി തുടങ്ങിയ നേതാക്കള്‍ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിക്കുന്നതായി കഴിഞ്ഞ ദിവസം പ്രസ്താവനയിലൂടെയാണ് കോണ്‍ഗ്രസ് അറിയിച്ചത്

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കില്ലെന്ന തീരുമാനത്തിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ ബിജെപിയുടെ ഗുഢാലോചന മാത്രമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ. രാഷ്ട്രീയ ലാഭം മുന്നില്‍ക്കണ്ടുള്ള ബിജെപി-ആർഎസ്എസ് പരിപാടിയെയാണ് ബഹിഷ്കരിക്കുന്നതെന്ന് നേരത്തെ തന്നെ വിശദീകരിച്ചിട്ടുള്ളതാണെന്നും ഖാർഗെ ചൂണ്ടിക്കാണിച്ചു. കോണ്‍ഗ്രസിനെ ഹിന്ദു വിരുദ്ധരെന്ന് ചിത്രീകരിച്ചുകൊണ്ടുള്ള ബിജെപി വ്യാഖ്യാനങ്ങള്‍ക്ക് പിന്നാലെയാണ് ഖാർഗെയുടെ പ്രതികരണം.

സോണിയ ഗാന്ധി, ഖാർഗെ, അധിർ രഞ്ജന്‍ ചൗധരി തുടങ്ങിയ നേതാക്കള്‍ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിക്കുന്നതായി കഴിഞ്ഞ ദിവസം പ്രസ്താവനയിലൂടെയാണ് കോണ്‍ഗ്രസ് അറിയിച്ചത്. കോണ്‍ഗ്രസിനെ ക്ഷണിക്കേണ്ടതില്ലെന്നായിരുന്നു അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞത്. രാഹുല്‍ ഗാന്ധി 2005ല്‍ കാബൂളിലെ ബാബർ ശവകുടീരം സന്ദർശിക്കുന്ന ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസിന്റെ വെറുപ്പ് ഹിന്ദുക്കളോട് മാത്രമാണെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.

'രാമക്ഷേത്രത്തില്‍ വിശ്വാസമുള്ളവർക്ക് പോകാം'; മയപ്പെടുത്തിയും ബിജെപിയെ പഴിച്ചും ഖാർഗെ
രാജീവ് മുതല്‍ രാഹുല്‍ വരെ; അയോധ്യയില്‍ നിലപാടുകള്‍ മാറ്റിക്കളിക്കുന്ന കോണ്‍ഗ്രസ്‌

രാമനെ എതിർക്കുന്നത് കോണ്‍ഗ്രസിന്റെ പാരമ്പര്യമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള വീഡിയോയും ഇന്ന് ബിജെപി പുറത്തുവിട്ടിരുന്നു. പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയ ശങ്കരാചാര്യർമാരെ എന്തുകൊണ്ടാണ് ബിജെപി വിമർശിക്കാത്തതെന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുചോദ്യം. വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടിനോട് പാർട്ടിക്കുള്ളില്‍ തന്നെ എതിർപ്പുയരുന്നുണ്ട്. ഈ സാഹചര്യം തണുപ്പിക്കാനുള്ള നീക്കങ്ങളും പാർട്ടിയില്‍ നിന്നുണ്ടാകുന്നുണ്ട്.

ഉത്തർ പ്രദേശ് കോണ്‍ഗ്രസ് നേതാക്കള്‍ 15-ാം തീയതി രാമക്ഷേത്രം സന്ദർശിക്കുമെന്ന് ഇതിനോടകം തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു.

"ആദ്യത്തെ ചോദ്യം, ആരെങ്കിലും ക്ഷണിച്ചിട്ടാണോ ഒരാള്‍ ക്ഷേത്രത്തില്‍ പോകേണ്ടത്. ക്ഷേത്രമാകട്ടെ പള്ളിയാകട്ടെ, ക്ഷണത്തിനായി നമ്മള്‍ കാത്തിരിക്കുമോ. ഏത് തീയതിയില്‍ ഏത് വിഭാഗം ആളുകളൊക്കെ പോകണമെന്ന് ആരാണ് തീരുമാനിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയാണോ അത് തീരുമാനിക്കേണ്ടത്. തീയതി തീരുമാനിച്ചിരിക്കുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ്," കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു.

logo
The Fourth
www.thefourthnews.in