അതിവേഗ പാതയിൽ ടോൾ പിരിവ് പോലീസ് സംരക്ഷണയിൽ; ബെംഗളൂരു-മൈസൂരു പത്തുവരി പാത സമരമുഖം

അതിവേഗ പാതയിൽ ടോൾ പിരിവ് പോലീസ് സംരക്ഷണയിൽ; ബെംഗളൂരു-മൈസൂരു പത്തുവരി പാത സമരമുഖം

പ്രദേശവാസികളുടെ വാഹനങ്ങൾക്ക് ടോൾ നിരക്കിൽ ലഭിക്കുന്ന ഇളവ് പര്യാപ്തമല്ല എന്ന് വാദം

ഡബിൾ എൻജിൻ സർക്കാരിന്റെ ഏറ്റവും വലിയ ഭരണ നേട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിക്കാട്ടിയ ബെംഗളൂരു - മൈസൂരു അതിവേഗ പാത നിത്യം സമരങ്ങൾക്ക് വേദിയാകുകയാണ്. ബെംഗളൂരു- മൈസൂരു യാത്ര മൂന്നു മണിക്കൂറിൽ നിന്ന് 90 മിനുട്ടാക്കി ചുരുക്കുന്ന അതിവേഗ പാത മാർച്ച് 12ന് ആയിരുന്നു പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തത്. ബിഡദി, രാമനഗര, ചന്നപട്ടണ, മധുർ, മണ്ടിയ എന്നീ പ്രധാന പട്ടണങ്ങളെയും അനുബന്ധ ഗ്രാമങ്ങളെയും ഒഴിവാക്കിയാണ് അതിവേഗ പാത കടന്നു പോകുന്നത്.

അതിവേഗ പാതയിൽ ടോൾ പിരിവ് പോലീസ് സംരക്ഷണയിൽ; ബെംഗളൂരു-മൈസൂരു പത്തുവരി പാത സമരമുഖം
ബെംഗളൂരു - മൈസൂരു അതിവേഗ പാത തുറന്നു; ഉദ്ഘാടന ചടങ്ങ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയാക്കി പ്രധാനമന്ത്രിയുടെ റോഡ് ഷോ

നേരത്തെ ഈ ഭാഗങ്ങളിലൂടെയായിരുന്നു ദേശീയ പാത വഴിയുള്ള മൈസൂരിലേക്കുള്ള പോക്ക്. ദേശീയ പാതയുടെ ഇരു കരകളിലുമായി നിരവധി ഗ്രാമങ്ങളുണ്ട്, പട്ടിന്റെ പട്ടണമായ രാമനഗര, കളിപ്പാട്ട പട്ടണമായ ചന്ന പട്ടണ, പഞ്ചസാര പട്ടണമായ മണ്ടിയ തുടങ്ങിയ ഇടങ്ങളിലേക്കെല്ലാം ഈ ഗ്രാമങ്ങളിലേക്ക് സ്വാഗതമരുളിക്കൊണ്ടുള്ള വലിയ കമാനങ്ങൾ ഉണ്ട്. സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നതായിരുന്നു  ഈ കമാനങ്ങൾ. എന്നാൽ അതിവേഗ പാത വളവുകളും തിരിവുകളും ഒഴിവാക്കി മറ്റൊരു വഴി തിരഞ്ഞെടുത്തതോടെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലായിരിക്കുകയാണ് ഈ പട്ടണങ്ങളും ഗ്രാമങ്ങളും.

രാമനഗരയിലെ കൊക്കൂൺ മാർക്കറ്റ്

പത്തുവരി പാതയിൽ നിന്ന് ഇവിടങ്ങളിലേക്കു കടന്നു ചെല്ലാൻ പാകത്തിന് മതിയായ എക്സിറ്റ് റോഡുകളോ അടിപ്പാതകളോ ഇല്ലെന്നതാണ് പ്രദേശവാസികളുടെ പരാതി. അതുകൊണ്ടു തന്നെ ഗ്രാമങ്ങൾ കാണാനും ഉത്പന്നങ്ങൾ വാങ്ങാനും എത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. സർവീസ് റോഡുകൾ ഉണ്ടെങ്കിലും അവയിലൂടെ സഞ്ചരിച്ചു ഗ്രാമങ്ങളിലേക്ക് എത്താൻ മുമ്പത്തേതിനേക്കാൾ ഇന്ധന ചിലവുണ്ട്. പ്രദേശവാസികൾ മിക്കവരും കർഷകരാണ്. ഇരുചക്ര വാഹനങ്ങളും ട്രക്കുകളും ട്രാക്ടറുകളുമാണ് ഇവർ ഉപയോഗിക്കുന്നത്. ഈ വാഹനങ്ങളുമായി കുറെ അധികം കിലോമീറ്ററുകൾ സഞ്ചരിച്ചാലേ റോഡിന്റെ മറുപുറത്തേക്കു പോകാൻ കഴിയൂ എന്നതാണ് അവസ്ഥ. പ്രദേശവാസികളുടെ വാഹനങ്ങൾക്ക് ടോൾ നിരക്കിൽ ലഭിക്കുന്ന ഇളവ് പര്യാപ്തമല്ല എന്ന വാദവും കർഷകർക്കുണ്ട്.

അതിവേഗ പാതയിൽ ടോൾ പിരിവ് പോലീസ് സംരക്ഷണയിൽ; ബെംഗളൂരു-മൈസൂരു പത്തുവരി പാത സമരമുഖം
സമയം പകുതിയായി കുറയും, കേരളത്തിനും നേട്ടം, ബെംഗളൂരു-മൈസൂർ പത്തുവരി പാത കൊണ്ടുള്ള ഗുണങ്ങൾ ഇങ്ങനെ..

ബെംഗളൂരു മുതൽ നിദാഘട്ട വരെയുള്ള ഭാഗത്തേക്കുള്ള യാത്രയ്ക്ക് ശേഷഗിരി ഹള്ളി ടോൾ പ്ലാസയിലാണ്‌ ടോൾ പിരിവ്. ടോൾ പ്ലാസ അടിച്ചു തകർക്കുമെന്ന ഭീഷണി മുഴക്കി പ്രദേശ വാസികൾ ചൊവ്വാഴ്ച  സംഘടിച്ചു. ഇവർക്ക് പിന്തുണയുമായി കോൺഗ്രസും കന്നഡ സാംസ്‌കാരിക സംഘടനയായ കന്നഡ രക്ഷണ വേദികയും എത്തിയതോടെ ടോൾ പ്ലാസ പരിസരം സംഘർഷ ഭരിതമായി. പ്രതിഷേധക്കാരിൽ ടോൾ പ്ലാസയുടെ കവാടത്തിനു കേടുപാടുകൾ വരുത്തി, പ്രതിഷേധക്കാരെ   മുഴുവൻ അറസ്റ്റ് ചെയ്തു നീക്കിയ ശേഷം പോലീസ് സംരക്ഷണത്തിലാണ് ഇപ്പോൾ ടോൾ പിരിവു നടക്കുന്നത്. അതിവേഗ പാതയുടെ  നിർമാണ ഘട്ടത്തിൽ തന്നെ അടിപ്പാതകളും സർവീസ് റോഡുകളും വേണമെന്ന ആവശ്യം പ്രദേശത്തുകാർ ഉന്നയിച്ചിരുന്നു. പണി പൂർത്തിയാകുമ്പോൾ എല്ലാം ശരിയാകുമെന്ന ഉറപ്പായിരുന്നു കർണാടക സർക്കാർ ഇവർക്ക് നൽകിയത്. ഉദ്‌ഘാടനത്തിനു മുൻപും നിരവധി തവണ കർഷകരുടെ നേതൃത്വത്തിൽ ഉപരോധ സമരങ്ങൾ അതിവേഗ പാതയിൽ അരങ്ങേറിയിരുന്നു. ലാത്തി വീശി കർഷകരെ വിരട്ടി ഓടിക്കുകയാണ് അധികൃതർ ചെയ്തത്.

ജെഡിഎസിന്റേയും കോൺഗ്രസിന്റെയും സ്വാധീന മേഖലയാണ് അതിവേഗ പാത കടന്നു പോകുന്ന ഓൾഡ് മൈസൂർ മേഖല. വൊക്കലിഗ സമുദായക്കാരായ കർഷകരാണ് ഈ പ്രദേശത്തെ വോട്ടർമാരിൽ ഭൂരിപക്ഷവും. കേന്ദ്രത്തിലും കർണാടകയിലുമുള്ള ബിജെപി സർക്കാരുകളുടെ ഏറ്റവും വലിയ ഭരണ നേട്ടമായി അതിവേഗപാതയെ ഉയർത്തിക്കാട്ടി പ്രദേശത്ത് മേൽവിലാസമുണ്ടാക്കാനാണ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി ശ്രമിക്കുന്നത്. എന്നാൽ പ്രദേശവാസികൾ തന്നെ അതിവേഗ പാതയ്ക്കെതിരെ സമരമുഖത്തിറങ്ങിയതോടെ വെട്ടിലാകുകയാണ് പാർട്ടി. 

logo
The Fourth
www.thefourthnews.in