ജയറാം രമേശ്
ജയറാം രമേശ്

രാജീവ് വധക്കേസ് പ്രതികളുടെ മോചനം; സോണിയയോട് വിയോജിച്ച് കോൺഗ്രസ്,വിധി ദൗർഭാഗ്യകരം

അറസ്റ്റിലായപ്പോൾ ഗർഭിണിയായിരുന്ന നളിനിയോട് ദയ കാണിക്കണമെന്ന് സോണിയാ ഗാന്ധി കോടതിയോട് ആവശ്യപ്പെട്ടിരുന്നു

മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ട ആറ് പ്രതികളെയും വിട്ടയയ്ക്കാനുള്ള സുപ്രീംകോടതി തീരുമാനത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്. ഇക്കാര്യത്തിൽ സോണിയാ ഗാന്ധിയോട് വിയോജിപ്പുണ്ടെന്നും കോൺ​ഗ്രസ് നേതാക്കൾ പ്രതികരിച്ചു. ''ഈ കേസിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് തന്നെയാണ് കോൺ​ഗ്രസിനും. സോണിയാ ഗാന്ധിയുടെ നിലപാടിനോട് പാർട്ടി ഒരിക്കലും യോജിക്കുന്നില്ല. യോജിച്ചിട്ടുമില്ല. വർഷങ്ങൾക്ക് മുൻപ് ഇക്കാര്യം പാ‌ർട്ടി വ്യക്തമാക്കിയതാണ്''- കോൺഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്വി പറഞ്ഞു.

മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഇടപെടലിനെ തുടർന്നാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നളിനിയുടെ ശിക്ഷ 2000ൽ അന്നത്തെ രാഷ്ട്രപതി കെ ആർ നാരായണൻ ജീവപര്യന്തമായി കുറച്ചത്. അറസ്റ്റിലായപ്പോൾ ഗർഭിണിയായിരുന്ന നളിനിയോട് ദയ കാണിക്കണമെന്ന് സോണിയാ ഗാന്ധി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

കോടതിയുടെ തീരുമാനം ദൗർഭാഗ്യകരമെന്ന് പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശും പ്രതികരിച്ചു. പ്രതികളെ മോചിപ്പിക്കാനുള്ള തീരുമാനം തികച്ചും അസ്വീകാര്യവും തെറ്റായതുമാണ്. രാജ്യത്തിന്റെ പൊതുവികാരം മനസിലാക്കാതെയാണ് കോടതിയുടെ തീരുമാനമെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.

വധശിക്ഷ കുറച്ചതിന് പിന്നാലെ മോചനത്തിനായി നളിനി നിരവധി തവണ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. 31 വർഷത്തിലധികമായി ജയിൽവാസമനുഭവിക്കുന്ന നളിനി മോചനമാവശ്യപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

41 പ്രതികളുണ്ടായിരുന്ന കേസിൽ 26 പേർക്കും ടാഡ കോടതി 1998ൽ വധശിക്ഷ വിധിക്കുകയായിരുന്നു. 1999ൽ 19പേരെ കുറ്റവിമുക്തരാക്കുകയും മുരുകൻ, ശാന്തൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. പിന്നീട് സോണിയാ ഗാന്ധിയുടെ ഇടപെടലിൽ നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു. 2014ൽ ബാക്കി മൂന്ന് പേരുടെ വധശിക്ഷ കൂടി ജീവപര്യന്തമായി ഇളവ് ചെയ്തു. തുടർന്ന് ജയലളിതയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇവരടക്കം ഏഴുപ്രതികളെയും വിട്ടയയ്ക്കാനുള്ള ഉത്തരവിറക്കി. എന്നാൽ നടപടിക്രമങ്ങളിലെ പിഴവ് ചൂണ്ടിക്കാട്ടി അടുത്ത ദിവസം തന്നെ ഇത് സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനെ 30 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ മെയിൽ ജയിൽ മോചിതനാക്കിയിരുന്നു.

ജയറാം രമേശ്
രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

2017ൽ മോചനം ആവശ്യപ്പെട്ട് നളിനി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. 26 വർഷമായി ശിക്ഷ അനുഭവിക്കുന്നുവെന്നും കാലാവധി കഴിഞ്ഞിട്ടും മോചിപ്പിക്കാത്തത് വിവേചനമാണെന്നും യുഎന്നിൽ സമർപ്പിച്ച നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. മറ്റ് പ്രതികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ തനിക്ക് ലഭിക്കുന്നില്ലെന്നും നളിനി പറഞ്ഞിരുന്നു.

നളിനി ശ്രീഹരൻ, ആർ പി രവിചന്ദ്രൻ, ശാന്തൻ, മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരുൾപ്പെടെ ആറ് പ്രതികളെ വിട്ടയയ്ക്കാനാണ് സുപ്രീംകോടതി ഉത്തരവ്. മോചിപ്പിക്കപ്പെട്ട ആറ് പേരിൽ റോബർട്ട് പയസ്, ജയകുമാർ, മുരുകൻ എന്നിവർ ശ്രീലങ്കൻ പൗരന്മാരാണ്.

logo
The Fourth
www.thefourthnews.in