ബെംഗളൂരുവിൽ കടുത്ത ജലക്ഷാമം, വലഞ്ഞ് നഗരവാസികൾ; ഭൂഗർഭ ജലവിതാനം താഴ്ന്നതും വരൾച്ചയും തിരിച്ചടിയായി

ബെംഗളൂരുവിൽ കടുത്ത ജലക്ഷാമം, വലഞ്ഞ് നഗരവാസികൾ; ഭൂഗർഭ ജലവിതാനം താഴ്ന്നതും വരൾച്ചയും തിരിച്ചടിയായി

ബെംഗളൂരു കോർപറേഷൻ പരിധിയിൽ വരുന്ന കാവേരി ജലം എത്താത്ത ബെംഗളൂരു സൗത്ത് പോലുള്ള മേഖലകളില്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്

കുടിക്കാനും കുളിക്കാനും പാചകത്തിനും വെള്ളമില്ല. വെള്ളം നിറച്ച ടാങ്കർ ലോറികൾക്കായി മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിലാണ് നഗരം. ടാങ്കറുകളെത്തിയാൽ തിക്കും തിരക്കും ബഹളവും. ചിലയിടത്ത് തർക്കം, കശപിശ. ബെംഗളുരുവിന്റെ തെരുവുകളിൽ ഇതൊരു നിത്യകാഴ്ചയായി   മാറുന്ന ലക്ഷണമാണ്. കാവേരി ജലവിതരണ പൈപ്പ് കടന്നുപോകാത്ത മേഖലകളിലാണ് പ്രതിസന്ധി.

ഇവിടങ്ങളിൽ പൊതുജനങ്ങൾ വെള്ളത്തിനായി ആശ്രയിച്ചിരുന്നത് കുഴൽക്കിണറുകളും ടാങ്കർ ലോറികളുമാണ്. ഭൂഗർഭ ജലവിതാനം താഴ്ന്നതോടെ കുഴൽക്കിണറുകളിൽനിന്ന് ലഭിക്കുന്നത്  മലിന ജലമാണ്. ഇത് കുടിക്കാനും പാചകം ചെയ്യാനും പറ്റാത്തതാണ്. കുഴൽക്കിണർ ഉപയോഗശൂന്യമായതോടെ ആളുകൾ കൂട്ടത്തോടെ ഇപ്പോൾ ടാങ്കർ ലോറികളെ ആശ്രയിക്കുകയാണ് . 

ബെംഗളൂരു കോർപറേഷന്റെ (ബിബിഎംപി) പരിധിയിൽ വരുന്ന കാവേരി ജലം എത്താത്ത ബെംഗളൂരു സൗത്ത് പോലുള്ള മേഖലകളിലാണ് കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നത്. മഹാദേവപുര, കെആർ പുര, വൈറ്റ് ഫീൽഡ്, ആർആർ നഗർ, ദാസറഹള്ളി, യെലഹങ്ക എന്നീ ഭാഗങ്ങളിൽ ജലദൗർലഭ്യം രൂക്ഷമാണ്.

ടാങ്കർ ലോറികളിലെത്തിക്കുന്ന വെള്ളം ആശ്രയിച്ചാണ് ഇവിടെ ജീവിതം മുന്നോട്ടുപോകുന്നത്. അവസരം മുതലെടുത്ത് ജലവിതരണ കമ്പനികൾ  നിരക്ക് ഉയർത്തിയതോടെ മാസ സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക്  ഇവരുടെ പോക്കറ്റുകളിൽനിന്ന് ചോരുകയാണ്. 12,000 ലിറ്റർ വെള്ളത്തിനു 1500-3000 രൂപ നൽകേണ്ട ഗതികേടിലാണ് ജനം.

ബെംഗളൂരുവിൽ കടുത്ത ജലക്ഷാമം, വലഞ്ഞ് നഗരവാസികൾ; ഭൂഗർഭ ജലവിതാനം താഴ്ന്നതും വരൾച്ചയും തിരിച്ചടിയായി
രാജ്യസഭ തിരഞ്ഞെടുപ്പ്: എന്‍ഡിഎയുടെ രണ്ടാം സ്ഥാനാര്‍ഥിയിൽ അങ്കലാപ്പിലായി കർണാടക കോണ്‍ഗ്രസ്; എംഎല്‍എമാര്‍ക്ക് 'പൂട്ട്'

ചൊവ്വാഴ്ച രാവിലെ ആറ് മുതൽ ബുധനാഴ്ച രാവിലെ ആറ് വരെ ജലവിതരണം പൂർണമായും മുടങ്ങുമെന്ന അറിയിപ്പാണ്  അധികൃതരിൽനിന്ന് തിങ്കളാഴ്ച  ലഭിച്ചിരിക്കുന്നത്. പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നുവെന്നാണ് വിശദീകരണം. പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികളുളള വീടുകളൊക്കെ ആശങ്കയിലാണ്. 

പ്രതിസന്ധി രൂക്ഷമായതോടെ കർണാടക സർക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ് നഗരവാസികൾ. നഗരത്തിനു കുടിവെള്ളമെത്തിക്കാനുളള കാവേരി അഞ്ചാം ഘട്ട പദ്ധതി മേയിൽ പൂർത്തിയാകുന്നതോടെ ഈ പ്രദേശങ്ങളിൽ  വെള്ളമെത്തുമെന്നും പ്രശ്നത്തിനു ശാശ്വത  പരിഹാരമാകുമെന്നുമാണ് സർക്കാർ കണക്കുകൂട്ടുന്നത്.

കൂടുതൽ കുഴൽക്കിണറുകൾ കുഴിക്കാൻ എട്ട് കോടി രൂപ അടിയന്തരമായി അനുവദിച്ചതായി ബെംഗളൂരു നഗരവികസന വകുപ്പിന്റെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു. പൊതുവെ വേനൽക്കാലത്തു ഭൂഗർഭ ജലവിതാനത്തിൽ ഏറ്റക്കുറച്ചിൽ സംഭവിക്കാറുണ്ട്. എന്നാൽ അത് ഇത്തവണ പ്രതീക്ഷിച്ചതിലുമെറെയാണെന്നാണ് വിദഗ്ധർ പറയുന്നത്. 500 അടി കൂടി കുഴിച്ചാലേ വെള്ളം കിട്ടൂയെന്ന അവസ്ഥയിലാണ് മിക്ക കുഴൽക്കിണറുകളും. 

ബെംഗളൂരുവിൽ കടുത്ത ജലക്ഷാമം, വലഞ്ഞ് നഗരവാസികൾ; ഭൂഗർഭ ജലവിതാനം താഴ്ന്നതും വരൾച്ചയും തിരിച്ചടിയായി
മണ്ടിയയിൽനിന്ന് പിടിവിടാതെ സുമലത; ബിജെപി ടിക്കറ്റിനായി കാത്തിരിപ്പ്, മണ്ഡലം ജെഡിഎസിന് നല്‍കാന്‍ എന്‍ഡിഎ

കർണാടകയിൽ അനുഭവപ്പെടുന്ന വരൾച്ചയാണ് കാര്യങ്ങൾ ഇത്ര വഷളാക്കിയത്. സംസ്ഥാനത്തെ 200 താലൂക്കുകൾ വരൾച്ചാ ബാധിതമെന്നാണ് സർക്കാർ കേന്ദ്ര സർക്കാരിന് നൽകിയ റിപ്പോർട്ടിലുളളത്. കാവേരി നദീതടങ്ങളിലെ മണ്ടിയ  ഉൾപ്പടെയുള്ള ജില്ലകളി നിന്നാണ് ബെംഗളൂരു നഗരത്തിനു വെള്ളമെത്തേണ്ടത്. ഇവിടെത്തെ സംഭരണികളെല്ലാം ഫെബ്രുവരിയിൽ തന്നെ വറ്റിത്തുടങ്ങിയിരുന്നു.

വേനൽക്കാലം എത്തും മുൻപേ ജലക്ഷാമം ഇത്ര രൂക്ഷമെങ്കിൽ  മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങൾ എങ്ങനെ തള്ളിനീക്കുമെന്നാണ്  നഗരവാസികൾ ചോദിക്കുന്നത്. ഒരു കോടി ജനങ്ങളാണ് ബെംഗളൂരു നഗരത്തിൽ തിങ്ങിപ്പാർക്കുന്നത്. പ്രതിസന്ധി മുന്നിൽ കണ്ട്‌  ജലഉപഭോഗം കുറയ്ക്കാൻ മിക്ക ഫ്ലാറ്റ് അസോസിയേഷനുകളും താമസക്കാരോട് അഭ്യർഥിച്ചിട്ടുണ്ട്. 

അനുദിനം വളരുന്ന നഗരമെന്ന വിശേഷണമുള്ള  ഇന്ത്യയുടെ സിലിക്കൺ വാലി അനുഭവിക്കുന്ന ഈ ജലപ്രതിസന്ധി ഉടൻ പരിഹരിക്കപ്പെട്ടില്ലെങ്കിൽ കർണാടക സർക്കാരിന്റെ  പ്രതിച്ഛായക്ക്  തിരിച്ചടിയാകും. 24 മണിക്കൂറും മുടങ്ങാതെ വെള്ളവും വൈദ്യുതിയുമെന്ന് പരസ്യം ചെയ്തു ക്ഷണിച്ചു കൊണ്ടുവന്ന നിരവധി വിദേശ ബ്രാൻഡുകളും ഐടി കമ്പനികളും  സ്റ്റാർട്ടപ്പ് സംരംഭങ്ങളും കർണാടക സർക്കാരിനെ വിശ്വസിച്ചു നഗരത്തിൽ മുതൽമുടക്കിയിട്ടുണ്ട്. 

logo
The Fourth
www.thefourthnews.in