'ഞങ്ങളാണ് യഥാര്‍ഥ രാമഭക്തര്‍'; അയോധ്യയില്‍ നിലപാട് മയപ്പെടുത്തി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍

'ഞങ്ങളാണ് യഥാര്‍ഥ രാമഭക്തര്‍'; അയോധ്യയില്‍ നിലപാട് മയപ്പെടുത്തി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍

തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് ബിജെപി ശ്രീരാമനെ ഓർക്കുന്നത്, കർണാടകയിൽ കോൺഗ്രസ് അധികാരം തിരിച്ചു പിടിച്ചതുതന്നെ ശ്രീരാമന്റെ അനുഗ്രഹം കൊണ്ടെന്ന് നേതാക്കൾ

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കുമോ എന്ന സംശയങ്ങൾ ബാക്കി നിൽക്കുമ്പോൾ "ഹിന്ദുക്കളായ ഞങ്ങൾ അയോധ്യയിൽ പോകുന്നതിൽ എന്താണ് തെറ്റ്" എന്ന വിവാദ പ്രസ്താവനയുമായി രംഗത്തെത്തുകയാണ് കോൺഗ്രസിന്റെ കർണാടകയിലെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാർ. ഒരുപടി കൂടി കടന്ന് തങ്ങളാണ് യഥാർഥ രാമഭക്തർ എന്ന പ്രസ്താവനയുമായി കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയും രംഗത്തെത്തി. മുഖ്യമന്ത്രി സിദ്ദരാമയ്യയുൾപ്പെടെയുള്ള നേതാക്കൾ രാമക്ഷേത്രത്തിൽ നിലപാട് മയപ്പെടുത്തിയതോടെയാണ് കൂടുതൽ നേതാക്കൾ സമാനനിലപാടുകളുമായി രംഗത്തെത്തിയത്.

'ഞങ്ങളാണ് യഥാര്‍ഥ രാമഭക്തര്‍'; അയോധ്യയില്‍ നിലപാട് മയപ്പെടുത്തി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍
'രാമനോ, ക്ഷേത്രത്തിനോ എതിരല്ല'; അയോധ്യ വിഷയത്തിൽ കർണാടക കോണ്‍ഗ്രസിൽ ചാഞ്ചാട്ടം, മയപ്പെടുത്തി സിദ്ധരാമയ്യയും പരമേശ്വരയും

അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് വൈകാതെ തീരുമാനം കൈക്കൊള്ളുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അറിയിച്ചു.

"ഞങ്ങളൊക്കെ ഹിന്ദു മത വിശ്വാസികളാണ്. അയോധ്യയിൽ പോയി രാമ ക്ഷേത്ര ഉദ്‌ഘാടന ചടങ്ങിൽ സംബന്ധിക്കുന്നതിൽ എന്താണ് തെറ്റ്? എഐസിസി ഈ വിഷയത്തിൽ ഉടൻ തീരുമാനമെടുക്കും " ഡികെ ശിവകുമാർ ബംഗളുരുവിൽ പറഞ്ഞു.

ഡി കെ ശിവകുമാർ
ഡി കെ ശിവകുമാർ

മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തര മന്ത്രി ജി പരമേശ്വരയും മുസരീസ് ( ദേവസ്വം ) മന്ത്രി രാമലിംഗ റെഡ്ഢിയും രാമക്ഷേത്ര ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് നിലപാട് മയപ്പെടുത്തിയതിനു തൊട്ടുപിറകെയാണ് ശിവകുമാറിന്റെ പ്രസ്താവന. കർണാടക ഉൾപ്പടെ നിരവധി സംസ്ഥാനങ്ങളിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ ഇതേ നിലപാട് ഹൈക്കമാൻഡിനെ അറിയിച്ചതായാണ് സൂചന. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി എന്നിവരെയാണ് രാമക്ഷേത്ര ട്രസ്റ്റ് ഉദ്‌ഘാടന പരിപാടിക്ക് ഔദ്യോഗികമായി ക്ഷണിച്ചിരിക്കുന്നത്.

ക്ഷണം ലഭിച്ചാൽ പോകുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പൊതുവേദിയിൽതന്നെ പ്രഖ്യാപിച്ചിരുന്നു. രാമ ഭക്തനാണ് താനെന്നവകാശപ്പെട്ടായിരുന്നു സിദ്ധരാമയ്യയുടെ പ്രഖ്യാപനം. സമാനനിലപാടാണ് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയും സ്വീകരിച്ചിരിച്ചിരിക്കുന്നത്

"കോൺഗ്രസ് പ്രവർത്തകരാണ് യഥാർഥ രാമ ഭക്തർ, രാമന്റെ പേരും പറഞ്ഞ് മനുഷ്യത്വ രഹിതമായ കാര്യങ്ങൾ ചെയ്യുന്ന വ്യാജ ഭക്തരാണ് ബിജെപിക്കാർ" മധു ബംഗാരപ്പ പറയുന്നു. മറ്റു മതങ്ങളെ മാനിക്കാൻ തയാറാകാത്ത ബിജെപി എന്തിനാണ് ഉത്തമ പുരുഷനായ ശ്രീരാമന്റെ പേര് പറഞ്ഞു ജനങ്ങളെ ഭിന്നിപ്പിക്കുന്നതെന്നും മധു ബംഗാരപ്പ ചോദിക്കുന്നു.

'ഞങ്ങളാണ് യഥാര്‍ഥ രാമഭക്തര്‍'; അയോധ്യയില്‍ നിലപാട് മയപ്പെടുത്തി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍
അയോധ്യ രാമക്ഷേത്രം: പ്രതിഷ്ഠാച്ചടങ്ങിൽ സോണിയ ഗാന്ധി പങ്കെടുത്തേക്കും

തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് ബിജെപി ശ്രീരാമനെ ഓർക്കുന്നതെന്നും കർണാടകയിൽ കോൺഗ്രസ് അധികാരം തിരിച്ചു പിടിച്ചത് തന്നെ ശ്രീരാമന്റെ അനുഗ്രഹം കൊണ്ടാണെന്നും ബിജെപിക്ക് അവരുടെ അധികാര മോഹത്തിന് തിരിച്ചടി കിട്ടുമെന്നും മധു ബംഗാരപ്പ കൂട്ടിച്ചേർക്കുന്നു.

മുസ്‌റായി ( ദേവസ്വം ബോർഡിനു സമാനം) വകുപ്പിന് കീഴിൽ വരുന്ന സംസ്ഥാനത്തെ 38000 ക്ഷേത്രങ്ങളിൽ ജനുവരി 22 ന് വിശേഷ പൂജ നടത്താൻ വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഢി നേരത്തെതന്നെ നിർദേശം നൽകിയിരുന്നു. രാമക്ഷേത പ്രതിഷ്ഠ അയോധ്യയിൽ നടക്കുന്ന സമയത്ത് ഇവിടെ മഹാ മംഗളാരതിപൂജ ചെയ്യാനാണ് മന്ത്രി നിർദേശിച്ചത്. കർണാടകയിലെ കോൺഗ്രസ്‌ നേതാക്കൾക്ക് അവസാനം വെളിവുണ്ടായി എന്നായിരുന്നു ഇതിനെ അഭിനന്ദിച്ചു കൊണ്ട് കേന്ദ്രമന്ത്രി പ്രൽഹാദ്‌ ജോഷിയുടെ പ്രതികരണം .

മധു ബംഗാരപ്പ
മധു ബംഗാരപ്പ

കോൺഗ്രസ് നേതാക്കളെല്ലാം ഹൈന്ദവ വിരുദ്ധരാണെന്നും രാമക്ഷേത്രത്തിന് എതിരാണെന്നുമുള്ള ബിജെപി പ്രചാരണത്തിന്റെ മുനയൊടിക്കലാണ് കർണാടകയിലെ നേതാക്കളുടെ ഉദ്ദേശ്യം. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തുണ്ടായ ബജ്‌രംഗ്‌ ബാലി വിവാദം നേരിട്ടതിന് സമാനമായ രീതിയിലാണ് കോൺഗ്രസ് രാമക്ഷേത്ര വിഷയവും നേരിടുന്നത്. ഹനുമാനെ രാഷ്ട്രീയ ആയുധമാക്കിയുള്ള ബിജെപി പ്രചാരണം വോട്ടർമാർ ഏറ്റുപിടിച്ചില്ല എന്നതിനു തെളിവായിരുന്നു തിരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ കനത്ത പരാജയം. യഥാർഥ ഹനുമാൻ ഭക്തർ തങ്ങളാണെന്ന് അവകാശപ്പെട്ടും ഹനുമാൻ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയുമായിരുന്നു ബിജെപിയുടെ തന്ത്രത്തെ അന്ന് കർണാടക കോൺഗ്രസ് പ്രതിരോധിച്ചത്. എന്നാൽ ഇത്തരത്തിൽ രാമക്ഷേത്ര വിഷയവും നേരിടുന്നത് കർണാടകയ്ക്കു പുറത്ത് കോൺഗ്രസിനെ എങ്ങനെ ബാധിക്കുമെന്നത് ഏറെ പ്രധനപ്പെട്ടതാണ്.

രാമക്ഷേത്ര പ്രതിഷ്ഠയിൽ പങ്കെടുക്കാതിരിക്കാൻ 'ഇന്ത്യ' സഖ്യത്തിലെ തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളിൽ നിന്ന് കോൺഗ്രസിനുമേൽ സമ്മർദമുണ്ട്. അതിനെ കണ്ടില്ലെന്നു നടിച്ച് ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് തയാറായാൽ, ഇന്ത്യ സഖ്യത്തെ അത് സാരമായിതന്നെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. രാമക്ഷേത്രത്തിനനുകൂലമായി കർണാടകയിൽ നിന്നുൾപ്പെടെയുള്ള പ്രധാന നേതാക്കൾ രംഗത്തെത്തിയതോടെ കോൺഗ്രസ് ഹൈക്കമാൻഡ് ഇനി എന്ത് തീരുമാനം സ്വീകരിക്കുമെന്നാണ് അറിയേണ്ടത്.

logo
The Fourth
www.thefourthnews.in