തുടരെ നല്‍കുന്ന ജാമ്യവും വൈകുന്ന നീതിയും; ഗൗരി ലങ്കേഷിൻ്റെയും സൗമ്യ വിശ്വനാഥൻ്റെയും കേസുകള്‍ വിരല്‍ ചൂണ്ടുന്നതെന്ത്?

തുടരെ നല്‍കുന്ന ജാമ്യവും വൈകുന്ന നീതിയും; ഗൗരി ലങ്കേഷിൻ്റെയും സൗമ്യ വിശ്വനാഥൻ്റെയും കേസുകള്‍ വിരല്‍ ചൂണ്ടുന്നതെന്ത്?

ഇരുകേസുകളുടെയും പശ്ചാത്തലം വ്യത്യസ്തമാണെങ്കിലും കേസ് അന്തിമമാകാതെ തുടരുകയാണ്.

സ്ത്രീ സുരക്ഷയെക്കുറിച്ച് പ്രതിദിനം ചര്‍ച്ചകള്‍ നടക്കുന്ന രാജ്യമാണ് നമ്മുടേത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖ്യ പ്രചാരണ വിഷയങ്ങളില്‍ ഒന്ന് സ്ത്രീ സുരക്ഷയും നാരീശക്തിയുമൊക്കെയാണ്. എന്നാല്‍ ഇന്ത്യയിലെ സത്രീകള്‍ സുരക്ഷിതരാണോ? കഴിഞ്ഞ വര്‍ഷത്തെ ഗുസ്തി താരങ്ങളുടെ സമരവും മണിപ്പൂര്‍ കലാപത്തിനിടെ സ്ത്രീകള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളുമെല്ലാം നമുക്ക് മുന്നില്‍ തുറന്നുകാട്ടുന്നത്‌ അല്ല എന്ന ഉത്തരമാണ്. ബില്‍ക്കിസ് ബാനുവും നിര്‍ഭയയും സൗമ്യയുമെല്ലാം ജീവനോടെയും അല്ലാതെയും നമുക്ക് മുന്നിലുണ്ട്.

ഓരോ തവണ അക്രമങ്ങള്‍ ഉണ്ടാകുമ്പോഴും നിയമം ശക്തമല്ലെന്ന പ്രതികരണങ്ങളാണ് സാധാരണ ജനങ്ങള്‍ നല്‍കുന്നത്. നിയമത്തിന്റെ വഴിയിലൂടെ പല സംഭവങ്ങളിലും നീതി ലഭിക്കുന്നുണ്ടെങ്കിലും പലതും വൈകി വരുന്ന നീതിയാണ്. മാത്രവുമല്ല പ്രതികള്‍ക്ക് അനാവശ്യമായി നല്‍കുന്ന ഇളവുകളിലൂടെയും ആനുകൂല്യങ്ങളിലൂടെയും ഇരകളായവര്‍ക്കു വീണ്ടും വീണ്ടും നീതി നിഷേധിക്കപ്പെടുന്ന അവസ്ഥയുമാണ് ഇന്ന് ലോകത്തെ ഒന്നാം നമ്പര്‍ ജനാധിപത്യ രാജ്യത്ത് നിലനില്‍ക്കുന്നത്. ഒന്നരപ്പതിറ്റാണ്ടിനിടെ രാജ്യത്തെ നടുക്കിയ രണ്ട്‌ മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകത്തെ മുന്‍നിര്‍ത്തി ഇതിനെ വിശകലനം ചെയ്യാം.

തുടരെ നല്‍കുന്ന ജാമ്യവും വൈകുന്ന നീതിയും; ഗൗരി ലങ്കേഷിൻ്റെയും സൗമ്യ വിശ്വനാഥൻ്റെയും കേസുകള്‍ വിരല്‍ ചൂണ്ടുന്നതെന്ത്?
'നാരീ ശക്തി എവിടെ', പറച്ചില്‍ ഒന്ന് പ്രവൃത്തി മറ്റൊന്ന്; വാഗ്ദാനം മാത്രമാകുന്ന സംവരണം

സൗമ്യ വിശ്വനാഥന്‍

2008-ല്‍ മലയാളിയായ മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ രാജ്യതലസ്ഥാനത്ത്‌ കൊല്ലപ്പെട്ടത് ഏറെ ഞെട്ടലുളവാക്കിയ വാര്‍ത്തയായിരുന്നു. 2008 സെപ്റ്റംബർ 30ന് ഹെഡ്‌ലൈന്‍സ്‌ ടുഡെ ചാനലിലെ മാധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യയെ ഡല്‍ഹിയിലെ വസന്ത്കുഞ്ചിന് സമീപം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആദ്യം അപകടമരണമാണെന്നായിരുന്നു നിഗമനമെങ്കിലും മൃതദേഹ പരിശോധനയില്‍ തലയ്ക്കു വെടിയേറ്റതായി കണ്ടെത്തി.

സൗമ്യ വിശ്വനാഥന്‍
സൗമ്യ വിശ്വനാഥന്‍

2009 മാര്‍ച്ചില്‍ ഡല്‍ഹിയില്‍ കോള്‍ സെന്റര്‍ ജീവനക്കാരിയായ ജിഗിഷ ഘോഷിനെ കൊലപ്പെടുത്തിയ കേസില്‍ രവി കപൂര്‍ അമിത് ശുക്ല എന്നിവര്‍ മറ്റൊരു പോലീസ് സംഘത്തിന്റെ പിടിയിലായി. ഇവരെ ചോദ്യം ചെയ്യുന്നതിനിടെ ഒരു വര്‍ഷം മുമ്പ് സൗമ്യയെ വെടിവച്ചു കൊന്നതും തങ്ങളാണെന്ന് അവര്‍ വെളിപ്പെടുത്തുകയായിരുന്നു. അങ്ങനെ രണ്ട് സ്ത്രീകളുടെ കൊലപാതക കേസില്‍ പ്രതികള്‍ ആരെന്ന ചോദ്യത്തിന്റെ ചുരുളഴിഞ്ഞു.

മാറി വന്ന പ്രോസിക്യൂഷനും വിചാരണ വൈകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായിരുന്നു.

ഓടുന്ന കാറില്‍ നിന്നാണ് സൗമ്യയ്ക്കു നേരെ വെടിയുതിര്‍ത്തതെന്നും കവര്‍ച്ചയായിരുന്നു ലക്ഷ്യമെന്നും പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. അങ്ങനെ കൂട്ടുപ്രതികളായ ബല്‍ജീത് മാലിക്, അജയ് കുമാര്‍, അജയ് സേത്തി എന്നിവരെയും പ്രതിച്ചേര്‍ത്ത് 2010 ഫെബ്രുവരിയില്‍ ഡല്‍ഹി പോലീസ് കുറ്റപത്രം സര്‍പ്പിച്ചു. ആ വര്‍ഷം സെപ്റ്റംബറില്‍ തന്നെ കേസിന്റെ വിചാരണ ആരംഭിച്ചു. അതായത് കൊല നടന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം. പക്ഷേ വാദം പൂര്‍ത്തിയാക്കാനെടുത്തത് ആറു വര്‍ഷവും നാലര മാസവുമാണ്. 2016 ജൂലൈ 19ന് വാദം പൂര്‍ത്തിയായി.

2016-ല്‍ വാദം പൂര്‍ത്തിയായെങ്കിലും കേസിന്റെ നടപടി ക്രമങ്ങള്‍ നീളുകയായിരുന്നു. കേസിന്റെ പല ഘട്ടങ്ങളിലും വലിയ കാലതാമസം സംഭവിച്ചു. മകോക (മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട്-എംസിഒസിഎ) കാരണമുള്ള നിയമപ്രശ്‌നങ്ങളും സാക്ഷികള്‍ക്ക് സമന്‍സ് എത്തിച്ച് നല്‍കിയില്ല, സാക്ഷികള്‍ ഹാജരായില്ല, വ്യത്യസ്ത കോടതികളില്‍ നിന്നും പോലീസ് സ്റ്റേഷനുകളില്‍ നിന്നും ഫോറന്‍സിക് രേഖകള്‍ ലഭിച്ചില്ല തുടങ്ങിയ കാരണങ്ങളാലും വിചാരണ വൈകുകയായിരുന്നു. മാറി വന്ന പ്രോസിക്യൂഷനും വിചാരണ വൈകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായിരുന്നു.

തുടരെ നല്‍കുന്ന ജാമ്യവും വൈകുന്ന നീതിയും; ഗൗരി ലങ്കേഷിൻ്റെയും സൗമ്യ വിശ്വനാഥൻ്റെയും കേസുകള്‍ വിരല്‍ ചൂണ്ടുന്നതെന്ത്?
ഒന്നരപ്പതിറ്റാണ്ടിനിപ്പുറം നീതി; സൗമ്യ വിശ്വനാഥൻ കേസിന്റെ നാൾവഴി

അവസാനം കുറ്റപത്രം സമര്‍പ്പിച്ച് 13 വര്‍ഷങ്ങള്‍ക്ക് ശേഷം 2023 നവംബര്‍ 26ന് ഡല്‍ഹി സാകേത് കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും മകോക പ്രകാരം നാല് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും അഞ്ചാം പ്രതിക്ക് മൂന്ന് വര്‍ഷത്തെ തടവും വിധിക്കുകയായിരുന്നു. ഒന്നു മുതല്‍ നാലുവരെയുള്ള പ്രതികളായ രവി കപൂറും, അമിത് ശുക്ലയും, അജയ് കുമാറും, ബല്‍ജീത് മാലിക്കും കവര്‍ച്ച നടത്തുക എന്ന ഉദ്ദേശത്തോടെ സൗമ്യ വിശ്വനാഥിനെ കൊലപ്പെടുത്തുകയായിരുന്നെന്നും അതേസമയം അഞ്ചാം പ്രതി അജയ് സേത്തിക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്നും ഗൂഢാലോചനയുള്‍പ്പെടെ മറ്റു കാര്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തി.

എന്നാല്‍ വിധി വന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ശിക്ഷാ വിധിയിലെ പ്രതികളുടെ അപ്പീല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിലനില്‍ക്കെ തന്നെ ഹൈക്കോടതി അവര്‍ക്ക് ജാമ്യം നല്‍കുകയും ചെയ്തു. നാല് പ്രതികളുടെ ശിക്ഷ മരവിപ്പിക്കുകയും അപ്പീല്‍ പരിഗണിക്കുന്നതു വരെ ജാമ്യമെന്ന വിചിത്ര വിധിയായിരുന്നു ഹൈക്കോടതിയുടേത്. സൗമ്യയുടെ മാതാപിതാക്കള്‍ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. നിലവില്‍ ഈ കേസ് സുപ്രീം കോടതി പരിഗണനയിലാണ്.

ഗൗരി ലങ്കേഷ്

കവര്‍ച്ചയ്ക്കിടയില്‍ നടന്ന കൊലപാതകമായിരുന്നു സൗമ്യയുടേതെങ്കില്‍ കൃത്യമായ അജണ്ടയോട് കൂടി ആസൂത്രണത്തോടെ നടത്തിയ കൊലപാതകമായിരുന്നു ഗൗരി ലങ്കേഷിന്റേത്. 2017സെപ്തംബര്‍ 5ന് ജോലി കഴിഞ്ഞ് മടങ്ങിയ ഗൗരിയെ രാജരാജേശ്വരി നഗറിലെ വീടിനു മുമ്പില്‍വെച്ചാണ് വര്‍ഗീയ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. രണ്ട് വെടിയുണ്ടകള്‍ അവരുടെ നെഞ്ചിലും മറ്റൊന്ന് പിന്‍വശത്തും തുളഞ്ഞുകയറി.

ഗൗരി ലങ്കേഷ്
ഗൗരി ലങ്കേഷ്

ഒരു വര്‍ഷം കൊണ്ട് തന്നെ പ്രത്യേക അന്വേഷണ സംഘം കേസിലെ 17 പ്രതികളെയും പിടികൂടി. എന്നാല്‍ കൊലപാതകം നടന്ന് ഏഴ് വര്‍ഷം പിന്നിട്ടിട്ടും കേസിന്റെ വിചാരണ അവസാനിച്ചിട്ടില്ല. ഇതുവരെ ആകെ സാക്ഷികളുടെ 17 ശതമാനം പേരെ മാത്രമാണ് വിസ്തരിച്ചത്. കേസുമായി ബന്ധപ്പെട്ട് പല കോടതികളിലായി നിരവധി അപ്പീലുകളാണ് കെട്ടിക്കിടക്കുന്നത്.

പ്രതികളിലൊരാളായ മോഹന്‍ നായക് കഴിഞ്ഞ വര്‍ഷം നല്‍കിയ ജാമ്യാപേക്ഷയാണ് അതിലൊന്ന്. മോഹന്‍ നായക് കൂട്ടുപ്രതികളിലൊരാളാണെങ്കിലും കര്‍ണാടക കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈംസ് ആക്ട് (കെസിഒസിഎ) ചുമത്തിയത് തെറ്റാണെന്നും അതുകൊണ്ട് ജാമ്യത്തിന് താന്‍ അര്‍ഹനാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം. നേരത്തെ കെസിഒസിഎയിലെ അപാകത ചൂണ്ടിക്കാണിച്ച് 2021ല്‍ കര്‍ണാടക ഹൈക്കോടതി മോഹന്‍ നായകിന് ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ അതേ വര്‍ഷം തന്നെ സുപ്രീം കോടതി റദ്ദാക്കി. എന്നാല്‍ പുതിയ അപ്പീലും പരിഗണിച്ച് കര്‍ണാടക ഹൈക്കോടതി മോഹന്‍ നായകിന് വീണ്ടും ജാമ്യം നല്‍കി. വിചാരണ ഉടന്‍ അവസാനിക്കാന്‍ സാധ്യതയില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികള്‍ക്ക് തുടരെ നല്‍കുന്ന ജാമ്യവും കേസിന്റെ കാലതാമസവും ഇരു കൊലപാതകള്‍ക്കും പൊതുവായുള്ള സാമ്യതയാണ്.

ജാമ്യ ഉത്തരവുകള്‍ വേഗത്തിലാക്കുന്ന സന്ദര്‍ഭങ്ങള്‍

ഈ രണ്ട് കേസുകളിലെയും ലക്ഷ്യം വ്യത്യസ്തമാണെങ്കിലും ഇരു കേസുകളിലും സമാനമായ ചില ഘടകങ്ങളുണ്ട്. ഇവര്‍ രണ്ടുപേരും ആസൂത്രിത കൊലപാതകത്തിന്റെ ഇരകളാണ്, ഇരുവരും രാത്രിയുടെ മറവില്‍ കൊല്ലപ്പെട്ട സ്ത്രീകളാണ്. മാത്രവുമല്ല പ്രതികള്‍ക്ക് തുടരെ നല്‍കുന്ന ജാമ്യവും കേസിന്റെ കാലതാമസവും ഇരു കൊലപാതകള്‍ക്കും പൊതുവായുള്ള സാമ്യതയാണ്.

ആവര്‍ത്തിക്കുന്ന ജാമ്യാപേക്ഷയും അതിന്റെ വെല്ലുവിളികളും കേസിന്റെ വിചാരണ നീട്ടുകയും ഇരു ഭാഗങ്ങള്‍ക്കും ബുദ്ധിമുട്ടുകളും സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിക്കുന്നു. ഒരു ക്രിമിനല്‍ വിചാരണയ്‌ക്കെടുക്കുന്ന സമയം ഇന്ത്യന്‍ നിയമത്തില്‍ വ്യക്തമാക്കുന്നില്ല. എന്നാല്‍ വിചാരണയുടെ ഓരോ ഘട്ടങ്ങള്‍ക്കും സമയപരിധി നിര്‍ദേശിക്കുന്നുണ്ട്. ഉദാഹരണമായി സിആര്‍പിസി അനുച്ഛേദം 167(2)(എ)(i) പ്രകാരം വധശിക്ഷയോ ജീവപര്യന്തമോ അല്ലെങ്കില്‍ 10 വര്‍ഷത്തെ തടവോ ശിക്ഷയായി വരുന്ന കേസുകളില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതിക്ക് ജാമ്യം നേടുന്നതിന് അര്‍ഹതയുണ്ട്.

തുടരെ നല്‍കുന്ന ജാമ്യവും വൈകുന്ന നീതിയും; ഗൗരി ലങ്കേഷിൻ്റെയും സൗമ്യ വിശ്വനാഥൻ്റെയും കേസുകള്‍ വിരല്‍ ചൂണ്ടുന്നതെന്ത്?
ഗൗരി ലങ്കേഷ് - നീതിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് അഞ്ചാണ്ട്

എന്നാല്‍ എണ്ണമറ്റ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നതിലൂടെ വിചാരണത്തടവുകാരെ കാലാവധിയെക്കാള്‍ കൂടുതല്‍ കാലം ജയിലില്‍ കഴിയാന്‍ നിര്‍ബന്ധിതരാക്കുകയാണ്. ഇവിടെ ഗൗരി ലങ്കേഷിന്റെയും സൗമ്യ വിശ്വനാഥിന്റെയും കുറ്റപത്രം നിശ്ചിത സമയക്രമത്തിന് ശേഷമാണ് സമര്‍പ്പിച്ചത്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകള്‍

പൊതുവേ ഇന്ത്യന്‍ ജയിലുകളില്‍ വിചാരണതടവുകാര്‍ വര്‍ധിക്കുമ്പോഴോ പ്രതികളുടെ നിഷ്‌കളങ്കതയോ കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നത്. എന്നാല്‍ സൗമ്യയുടെ കേസില്‍ പ്രതികള്‍ നിരന്തരം കുറ്റം ചെയ്യുന്നവരാണെന്ന് കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ട്. ഗൗരി ലങ്കേഷിന്റെ കേസിലാകട്ടെ മോഹന്‍ നായകിന് രാഷ്ട്രീയപ്രേരിത ഗ്രൂപ്പുകളുമായി ബന്ധമുണ്ടന്നതില്‍ യാതൊരു സംശയവുമില്ല. എന്നിട്ടും ഇരു കേസിലെ പ്രതികള്‍ക്കും ജാമ്യം ലഭിക്കുകയാണ്. ജാമ്യാപേക്ഷയിലെ ഈ ചാഞ്ചാട്ടം കേസിന്റെ വിധികളെയും ബാധിക്കുകയാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്ന് പറഞ്ഞാണ് സൗമ്യയുടെ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യം കോടതി തള്ളിക്കളഞ്ഞത്. എന്നാല്‍ കേസുകള്‍ വൈകുന്നതിന്റെ കാരണങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായിട്ടേ പരിഗണിക്കാന്‍ സാധിക്കുകയുള്ളു.

അതിനും ചില ഉദാഹരണങ്ങള്‍ കോടതികള്‍ക്ക് മുന്നിലുണ്ട്. എല്ലാ കേസുകളിലും കോടതികള്‍ ജാമ്യാപേക്ഷയുടെ കാര്യത്തില്‍ ഇത്രയും ഉദാസീനത കാണിക്കാറില്ല. ഉദാഹരണമായി ഉമര്‍ഖാലിദിന്റെ ജാമ്യാപേക്ഷ 13 തവണ മാറ്റിവക്കുകയും പല തവണ തള്ളിക്കളയുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ മൂന്ന് വര്‍ഷമായി അദ്ദേഹം ജയിലിനുള്ളില്‍ കഴിയുകയാണ്. ക്രിമിനല്‍ വിചാരണകള്‍ ഇരുവിഭാഗത്തിനും നീതിയുക്തമാക്കുന്നതിന് ജാമ്യം സംബന്ധിച്ച ഒരു ക്രോഡീകരിച്ച നിയമത്തിന്റെ ആവശ്യകതയുണ്ടെന്നും ഈ രണ്ട് കേസുകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.

logo
The Fourth
www.thefourthnews.in